ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവയ്പു മൂലവും മറ്റൊരു കപ്പല്‍ ബോട്ടില്‍ ഇടിച്ചതു മൂലവും മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ട സംഭവങ്ങള്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നു. സര്‍ക്കാര്‍ സ്വീകരിച്ച ഓരോ നിലപാടുകളും വിവാദം സൃഷ്ടിക്കുന്നവയായിരുന്നു.
രണ്ടാഴ്ചയ്ക്കിടയിലുണ്ടായ രണ്ടു പ്രശ്‌നങ്ങളിലും സര്‍ക്കാരിന്റെ കഴിവുകേട് പരക്കെ വിമര്‍ശിക്കപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിനുശേഷം കടല്‍സുരക്ഷ ശക്തിപ്പെടുത്തിയതായി കേന്ദ്രപ്രതിരോധ മന്ത്രി എ കെ ആന്റണി പലതവണ അവകാശപ്പെട്ടതാണ്. നേവി, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോര്‍സ്‌മെന്റ്, പുതിയ കോസ്റ്റല്‍ പോലീസ് എല്ലാം സുസജ്ജം.
പക്ഷേ, രണ്ട് ദുരന്തങ്ങളിലും മരണപ്പെട്ടവരേയും പരിക്കേറ്റവരേയും മണിക്കൂറുകള്‍ക്കുശേഷം കരയിലെത്തിച്ചത് മത്സ്യത്തൊഴിലാളികളാണ്. അതും അവരുടെ മത്സ്യബന്ധന ബോട്ടുകളില്‍. സര്‍ക്കാര്‍ സുരക്ഷാ ബോട്ട് മന്ത്രി ഷിബുബേബിജോണ്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ചലിച്ചില്ല. എണ്ണ ഇല്ല സാറേ.. എന്ന് മറുപടി ലഭിച്ചതായി അദ്ദേഹം ചാനല്‍ചര്‍ച്ചയില്‍ വിലപിക്കുന്നത് കണ്ടു. ഭീകരാക്രമണത്തിനുശേഷം വാങ്ങിയ ഏറ്റവും ആധുനികരീതിയിലുള്ള ഇന്റര്‍സെപ്ടര്‍ ബോട്ടുകള്‍ മൂന്നെണ്ണം തൃക്കുന്നപ്പുഴയില്‍ വിശ്രമിക്കുന്നു. മൃതശരീരത്തോടുപോലും അനാദരവ് പ്രകടിപ്പിക്കുന്ന സര്‍ക്കാര്‍ ഉള്ളപ്പോള്‍ മത്സ്യബന്ധന ബോട്ടുകളിലെങ്കിലും അത് കരയിലെത്തിക്കാതെ തൊഴിലാളികള്‍ മറ്റെന്തു ചെയ്യും?
ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവയ്പ്പിനുശഷം ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളും ഏകോപനവും സര്‍ക്കാരിന് ബോധ്യപ്പെട്ടുവെന്നാണ് ജനങ്ങള്‍ കരുതിയത്. കൂടെ കേന്ദ്ര പ്രതിരോധ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കടുത്ത പ്രഖ്യാപനങ്ങളും കൂടിയായപ്പോള്‍ കടല്‍സുരക്ഷ ഉറപ്പായി. ഫെബ്രുവരി 29 ന് അര്‍ധരാത്രിക്കുശേഷം കപ്പല്‍ ഇടിച്ചു ബോട്ട് തകര്‍ന്നപ്പോഴാണ് സര്‍ക്കാരിന്റെ കഴിവുകേട് വീണ്ടും തെളിഞ്ഞത്. മത്സ്യബന്ധനബോട്ടിലാണ് സേവ്യര്‍ എന്ന തൊഴിലാളിയെ മറ്റു തൊഴിലാളികള്‍ രക്ഷിച്ച് കരയിലെത്തിച്ചത്. കടലില്‍ ഒന്നര മണിക്കൂര്‍ യാത്രയ്ക്കിടയില്‍ ആ തൊഴിലാളി മരിച്ചു. കൃത്യസമയത്ത് ഒരു രക്ഷാബോട്ട് എത്തിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നെങ്കില്‍ സേവ്യര്‍ രക്ഷപെടുമായിരുന്നു.
ആദ്യ ദുരന്തത്തിനുശേഷം വന്നതിനേക്കാള്‍ ഇരട്ടി പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടാകുന്നുണ്ട്. ഫലമുണ്ടാകില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവയ്പ്പിനുശേഷം സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലാണ്.
ഇറ്റാലിയന്‍ സംഘം പൊലീസ് അകമ്പടിയോടെ തീരദേശമാകെ സഞ്ചരിച്ച് അവര്‍ക്ക് അനുകൂലമായ രേഖകള്‍ തയ്യാറാക്കുകയാണ്. കേരളത്തിന്റെ തീരദേശം ഇന്ത്യയുടെ അതിര്‍ത്തിയാണ്. മറ്റൊരു രാജ്യം അതിര്‍ത്തിയില്‍ നടത്തുന്ന ചാരപ്രവര്‍ത്തനമായി ഇത് കരുതണം. കേന്ദ്രമന്ത്രി കെ വി തോമസ്സ് വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളിയുടെ വീട്ടിലെത്തി സാമ്പത്തിക സഹായം നല്‍കി. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ പേരിലാണ് ഈ സഹായം നല്‍കിയത്. കപ്പല്‍ ബോട്ടില്‍ ഇടിച്ചതുമൂലം മരിച്ച മറ്റ് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് എന്തുകൊണ്ട് കെ വി തോമസ്സ് ധനസഹായം നല്‍കിയില്ല ?
കപ്പലിന്റെ പൂര്‍ണ്ണനിയന്ത്രണം ക്യാപ്റ്റനിലാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമാണ് മറ്റെല്ലാവരും പാലിക്കേണ്ടത് എന്നിരിക്കെ കപ്പിത്താന്‍ ഈ കേസ്സില്‍ പ്രതിയായില്ല എന്നത് ദുരൂഹതകളുയര്‍ത്തുന്ന പ്രശ്‌നമാണ്. വെടിവെയ്പിനു മുമ്പോ, അതിനു ശേഷമോ, ക്യാപ്റ്റന്‍ ഈ വിവരം മാരി ടൈം അതോറിട്ടിയെ അറിയിച്ചില്ല. വെടിവെയ്പിനു ശേഷം വേഗതകൂട്ടി ഗതി മാറ്റി യാത്ര തുടര്‍ന്നു. കപ്പല്‍ നിര്‍ത്തിയത് കോസ്റ്റ് ഗാര്‍ഡ് നിര്‍ബന്ധിച്ചതിനു ശേഷം മാത്രമാണ്.
തുടക്കം മുതല്‍ ഇറ്റലി അന്താരാഷ്ട്ര തലത്തില്‍ കുപ്രചരണം നടത്തിയിരുന്നു. ബൈനോക്കുലര്‍ വഴി നോക്കിയപ്പോള്‍ ബോട്ടില്‍ സായുധരായ കടല്‍ക്കൊള്ളക്കാരെ കണ്ടുവെന്നും തുടര്‍ന്നാണ് വെടിവച്ചതെന്നും പ്രചരിപ്പിച്ചത് ഇറ്റാലിയന്‍ എംബസ്സിയാണ്. അന്താരാഷ്ട്രനിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് വെടിവച്ചതെന്ന ഇറ്റാലിയന്‍ സ്ഥാനപതിയുടെ പ്രസ്താവനയും ഇതിന്റെ ഭാഗമാണ്. മുംബൈ ഭീകരാക്രമണത്തിനുശേഷം കോസ്റ്റ് ഗാര്‍ഡും നേവിയും വളരെ ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്ന നമ്മുടെ കടലിലാണ് ഈ ദുരന്തം ഉണ്ടായത്. ഇന്ത്യയുടെ പരമാധികാര പ്രദേശമായ തനത് സാമ്പത്തിക മേഖലകളില്‍ (ഇ ഇ സെഡ് എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണ്‍) വച്ചാണ് ഈ അക്രമണം. എന്നാല്‍ ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ഭാഗമല്ല എന്ന കള്ളപ്രചരണം നടത്തിയാണ് ഇറ്റലി വിചാരണയെ എതിര്‍ക്കുന്നത്.
സമുദ്രാതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കിയത് 1982 ലെ യൂണൈറ്റഡ് നേഷന്‍സ് കണ്‍വന്‍ഷന്‍ ഓഫ് ദി ലോ ഓഫ് ദി സി ആണ്. ഇതിന്‍പ്രകാരം തീരത്തുനിന്നും 12 നോട്ടിക്കല്‍ മൈല്‍ (1 നോട്ടിക്കല്‍ മൈല്‍ 1.782 കി. മീറ്റര്‍) ടെറിട്ടോറിയല്‍ മേഖലയില്‍, അവിടെനിന്നും 12 നോട്ടിക്കല്‍ മൈല്‍ സമീപ സമുദ്ര പ്രദേശമായും തരംതിരിക്കുന്നു. തീരത്തുനിന്നും 200 നോട്ടിക്കല്‍ മൈല്‍ (370 കി.മീറ്റര്‍) വരെയുള്ള കടല്‍ഭാഗം ഓരോ കടല്‍ത്തീര രാജ്യങ്ങളുടെയും തനത് സാമ്പത്തിക മേഖലയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതിനു പുറമേയുള്ള കടല്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.
ഒരു രാജ്യത്തിന് അവകാശപ്പെട്ട കടലിലൂടെ മറ്റു രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് നിയമാനുസൃതമായി നിരുപദ്രവ രീതിയില്‍ സഞ്ചരിക്കാം. അപ്പോഴെല്ലാം സമീപ രാജ്യത്തിന്റെ തനതു നിയമങ്ങള്‍ കൂടി പാലിച്ചായിരിക്കണം യാത്ര. 1958 ലെ ജനീവാ കണ്‍വന്‍ഷന്‍ ഓണ്‍ ലോ ഓഫ് ദി സീ അനുസരിച്ച് മറ്റു രാജ്യങ്ങളുടെ കടല്‍പ്രദേശങ്ങളിലൂടെ ഗതാഗതം നടത്തുന്നതിനും കപ്പല്‍ നിര്‍ത്തുന്നതിനും നങ്കൂരമിടുന്നതിനും അവകാശമുണ്ട്. എന്നാല്‍ ആ രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കുന്നതിനോ, സമാധാനമോ, സുരക്ഷിതത്വമോ തകര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കുവാനോ പാടില്ലെന്ന വ്യവസ്ഥയുണ്ട്.
1982 ല്‍ ഐക്യരാഷ്ട്രസഭാ കണ്‍വന്‍ഷന്‍ അംഗീകരിച്ച ഇതു സംബന്ധിച്ച വ്യവസ്ഥകളില്‍ ചരക്ക് ഗതാഗത വേളയില്‍ കടല്‍ക്കൊള്ളക്കാരെ നേരിടുന്നതിനുള്ള നിബന്ധനകളും പരാമര്‍ശിക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന യാതൊരു പ്രവൃത്തിയും ഇന്നസെന്റ് പാസ്സേജ് വേളയില്‍ ഉണ്ടാകുവാന്‍ പാടില്ലെന്ന് കര്‍ശന വ്യവസ്ഥകളുണ്ട്. മൂന്നാമത് യു എന്‍ കടല്‍ നിയമ കണ്‍വന്‍ഷന്‍ തീരുമാനങ്ങള്‍ പരിഗണിച്ചാണ് 1976 ല്‍ ഇന്ത്യന്‍ കടല്‍ മേഖലാ നിയമം പാസ്സാക്കിയത്. ഇതിന്‍പ്രകാരം കരയില്‍ നിന്ന് 370 കി മീ (200 നോട്ടിക്കല്‍ മൈല്‍) വരെയുള്ള കടലിന്റെയും കടല്‍ സമ്പത്തിന്റെയും സമ്പൂര്‍ണ്ണാവകാശം ഇന്ത്യയ്ക്കുള്ളതാണ്.
ആദ്യ ദുരന്തത്തില്‍ തന്നെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു. എഫ് ഐ ആറിലുള്ള ഗുരുതരമായ പിശകും കേസ്സ് നടത്തിപ്പിലുണ്ടായ വീഴ്ചയും ഇതിനുള്ള തെളിവാണ്. ദുരന്തമുണ്ടായി 20 ദിവസങ്ങള്‍ക്ക് ശേഷമാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുവാന്‍ നിശ്ചയിച്ചത്.
ആദ്യ ദുരന്തത്തിനുശേഷം സര്‍ക്കാര്‍ സ്വീകരിച്ച നിസംഗതയാണ് രണ്ടാമത്തെ ദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിലും പ്രതിഫലിച്ചത്. ഫെബ്രുവരി 29 ന് രാത്രി 12.50 നു ശേഷമാണ് കപ്പല്‍ ബോട്ടിനെ ഇടിച്ച് തകര്‍ത്തത്. ചരക്ക് കപ്പലിന്റെ വേഗത മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈലാണ്. ആലപ്പുഴ നിന്നും തിരുവനന്തപുരത്തേക്ക് നീങ്ങിയ കപ്പലിനെ ഒരു മണിക്കൂറിനുള്ളില്‍ കോസ്റ്റ് ഗാര്‍ഡിന് പിടികൂടാമായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ദക്ഷിണമേഖലാ ആസ്ഥാനം തിരുവനന്തപുരത്താണ്. കൊലയാളി കപ്പല്‍ തിരുവനന്തപുരം വിട്ടുകഴിഞ്ഞിട്ടും കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ ആരംഭിച്ചില്ല, അവര്‍ ഉറക്കത്തിലായിരുന്നു. കൊളമ്പോയില്‍ നിന്നും ചെന്നൈയിലെത്തുന്നതിനേക്കാള്‍ നേരത്തേ കപ്പലിനെ കൊച്ചിയിലെത്തിക്കാം എന്നിരിക്കെ കൊലയാളി കപ്പല്‍ ചെന്നൈയിലെത്തിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതിനു പിന്നിലും ഉന്നത സമ്മര്‍ദ്ദമാണെന്ന് വാര്‍ത്തകളുണ്ട്.
രണ്ടാമത്തെ ദുരന്തമുണ്ടായി ദിവസങ്ങള്‍ക്കു ശേഷമാണ് നേവി തിരച്ചില്‍ ആരംഭിച്ചത്. ഈ അവഗണനയും അനാസ്ഥയും നിലനില്‍ക്കുമ്പോഴും ജീവിക്കുന്നതിന് വീണ്ടും കടലിനെ ലക്ഷ്യമാക്കി മത്സ്യത്തൊഴിലാളികള്‍ പ്രയാണം തുടരുകയാണ്. അവരുടെ ജീവന്‍ സംരക്ഷിക്കുന്നതിനും ഉണ്ടായ ദുരന്തങ്ങളില്‍ നീതി ലഭിക്കുന്നതിനും വേണ്ടി താഴെപ്പറയുന്ന നടപടികളാണ് സ്വീകരിക്കേണ്ടത്.
1. ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണില്‍ (ഇ ഇ ഇസഡ്) മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനാവകാശം സംരക്ഷിക്കുവാനുമുള്ള നിയമനിര്‍മ്മാണം നടത്തണം.
2. ഇന്ത്യയിലെ 50 ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗതമായ അവകാശങ്ങള്‍ നിയമംമൂലം സംരക്ഷിക്കണം.
3. തൊഴില്‍ മേഖല പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ മരണമടയുന്നത് മത്സ്യമേഖലയിലാണ്. കേരളത്തിന്റേത് ശരാശരി 56 മരണങ്ങളാണ്. തന്മൂലം അനാഥമാകുന്ന കുടുംബങ്ങള്‍ക്ക് നിയമംമൂലം സംരക്ഷണം നല്‍കണം.
4. കപ്പല്‍മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നഷ്ടപരിഹാരം നല്‍കണം.
5. ദുരന്തത്തിന് ഉത്തരവാദികളായ ക്യാപ്റ്റന്‍മാരെ കൊലകുറ്റംചുമത്തി അറസ്റ്റ് ചെയ്യണം.
6. കേരളത്തിന്റെ തീരക്കടലും, ആഴക്കടലും ( 200 നോട്ടിക്കല്‍ മൈല്‍) പ്രത്യേക മത്സ്യബന്ധന മേഖലയായി പ്രഖ്യാപിക്കണം.
7. ബോട്ടുകള്‍ക്കും പരിക്ക് പറ്റിയവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം.
8. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കണം.
9. പിന്നിട്ട പത്ത് വര്‍ഷം കപ്പല്‍മൂലം കടലില്‍ ഉണ്ടായ അപകടങ്ങളെകുറിച്ച് പഠിക്കുന്നതിന് ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കണം.
10. കടല്‍ സുരക്ഷ സേനകളില്‍ പരിശീലനം സിദ്ധിച്ച മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തണം.
11. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണം.
12. ഇന്ത്യന്‍ മഹാസമുദ്രത്തെ യുദ്ധമേഖലയായി പ്രഖ്യാപിച്ച ഇന്‍ഷ്വറന്‍സ് ഭീമന്‍മാരുടെ ജോയിന്റ് വാര്‍ കമ്മറ്റി തീരുമാനം റദ്ദാക്കുവാന്‍ പ്രധാനമന്ത്രി ഇടപെടണം.
*
ടി.ജെ.ആഞ്ചലോസ് ജനയുഗം 10 മാര്‍ച്ച് 2012
Sunday, March 11, 2012
Subscribe to:
Post Comments (Atom)
1 comment:
ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവയ്പു മൂലവും മറ്റൊരു കപ്പല്‍ ബോട്ടില്‍ ഇടിച്ചതു മൂലവും മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ട സംഭവങ്ങള്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നു. സര്‍ക്കാര്‍ സ്വീകരിച്ച ഓരോ നിലപാടുകളും വിവാദം സൃഷ്ടിക്കുന്നവയായിരുന്നു.
രണ്ടാഴ്ചയ്ക്കിടയിലുണ്ടായ രണ്ടു പ്രശ്‌നങ്ങളിലും സര്‍ക്കാരിന്റെ കഴിവുകേട് പരക്കെ വിമര്‍ശിക്കപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിനുശേഷം കടല്‍സുരക്ഷ ശക്തിപ്പെടുത്തിയതായി കേന്ദ്രപ്രതിരോധ മന്ത്രി എ കെ ആന്റണി പലതവണ അവകാശപ്പെട്ടതാണ്. നേവി, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോര്‍സ്‌മെന്റ്, പുതിയ കോസ്റ്റല്‍ പോലീസ് എല്ലാം സുസജ്ജം.
Post a Comment