Saturday, March 24, 2012

ആ സ്മരണ ഒരാഹ്വാനമാണ്

ഈ മഹാവിയോഗം നല്‍കുന്ന ദുഃഖം കടിച്ചമര്‍ത്തി ഞങ്ങള്‍ പ്രതിജ്ഞ പുതുക്കുകയാണ്. വിപ്ലവകേരളത്തിന്റെ പ്രിയപുത്രനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ സഖാവ് സി കെ ചന്ദ്രപ്പന്റെ നിര്യാണം കേരളത്തിന്റെ പൊതുജീവതത്തിനുണ്ടാക്കുന്ന നഷ്ടം അത്രമേല്‍ വലുതാണ്. ചന്ദ്രപ്പന്‍ അവസാനശ്വാസം വരെയും ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ആശയങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വേണ്ടി പതറാതെ മുന്നോട്ടുപോകുമെന്ന പ്രതിജ്ഞയാണ് അദ്ദേഹത്തിന്റെ പ്രസ്ഥാനവും സഖാക്കളും സുഹൃത്തുക്കളും ഇപ്പോള്‍ കുറിച്ചിടുന്നത്. നന്മ നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ വിപ്ലവകാരി എങ്ങനെ ജീവിക്കണമെന്ന് ചന്ദ്രപ്പന്‍ കേരളത്തെ പഠിപ്പിച്ചത് സ്വന്തം ജീവിതം കൊണ്ടുതന്നെയാണ്. ഇടതുപക്ഷദര്‍ശനത്തിന്റെ പ്രകാശനാളങ്ങളെ നെഞ്ചേറ്റാന്‍ അണിനിരക്കുന്ന പുത്തന്‍ തലമുറയ്ക്ക് ആ ജീവിതപാഠങ്ങള്‍ കരുത്തുപകരും.

കേരളത്തിന്റെ മുഖം ചുവപ്പിച്ച വയലാര്‍-പുന്നപ്ര സമരത്തിന്റെ വീരപൈതൃകമാണ് ജീവിതകാലം മുഴുവന്‍ സി കെ ചന്ദ്രപ്പന്‍ ഉയര്‍ത്തിപ്പിടിച്ചത്. 'വയലാര്‍ സ്റ്റാലിന്‍' എന്നറിയപ്പെട്ട സി കെ കുമാരപ്പണിക്കരുടെ പുത്രനായ അദ്ദേഹം നന്നേ ചെറുപ്പത്തില്‍ വിദ്യാര്‍ഥിഫെഡറേഷന്‍ പ്രവര്‍ത്തനത്തിലേക്കു കടന്നുവന്നു. തുടര്‍ന്ന് അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്റേയും അഖിലേന്ത്യാ യുവജന ഫെഡറേഷന്റേയും ദേശീയ നേതൃനിരകളില്‍ രണ്ടു ദശാബ്ദക്കാലം അദ്ദേഹം നിറഞ്ഞുനിന്നു. സര്‍ഗചൈതന്യവും സമരവീര്യവും തുളുമ്പുന്ന യുവജനപ്രസ്ഥാനം കെട്ടിപ്പടുത്ത അനുഭവസമ്പത്തോടെയാണ് അഖിലേന്ത്യാ കിസാന്‍ സഭയുടെ സംസ്ഥാന പ്രസിഡന്റായും തുടര്‍ന്ന് അഖിലേന്ത്യാ പ്രസിഡന്റായും ചന്ദ്രപ്പന്‍ പ്രവര്‍ത്തിച്ചത്.

1971ല്‍ തലശേരിയില്‍ നിന്ന് ലോക്‌സഭാംഗമായ അദ്ദേഹം തുടര്‍ന്ന് കണ്ണൂര്‍ (1977), തൃശൂര്‍ (2004) മണ്ഡലങ്ങളെ പ്രതിനിധീകരിച്ചും ലോക്‌സഭയിലെത്തി. ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട എക്കാലത്തേയും മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു സി കെ ചന്ദ്രപ്പന്‍. 1991ല്‍ കേരള നിയമസഭാംഗം ആയപ്പോഴും അദ്ദേഹത്തിന്റേത് ഈടുറ്റ പ്രവര്‍ത്തനമായിരുന്നു. ജനാഭിലാഷങ്ങളുടേയും പോരാട്ടങ്ങളുടേയും പ്രതിഫലനവേദിയായി നിയമനിര്‍മാണസഭകളെ മാറ്റിയെടുക്കുന്നതില്‍ കലാപരമായ ഒരുതരം സാമര്‍ഥ്യമുണ്ടായിരുന്നു ചന്ദ്രപ്പന്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സെക്രേട്ടറിയറ്റ് അംഗമായിരിക്കെയാണ് 2010 നവംബറില്‍ സി കെ ചന്ദ്രപ്പന്‍ സി പി ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. സങ്കീര്‍ണമായ ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇടതുപക്ഷത്തിനു നിറവേറ്റാനുള്ള ചരിത്രപരമായ പങ്കിനെക്കുറിച്ചും അദ്ദേഹത്തിന് സുവ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ആഴമേറിയ മാര്‍ക്‌സിസ്റ്റ് വിശകലനപാടവത്തോടെയാണ് ചന്ദ്രപ്പന്‍ ഇടതുപക്ഷ മുന്നേറ്റത്തിന്റെ കേരള അനുഭവങ്ങള്‍ വിലയിരുത്തിയത്. കൂടുതല്‍ കരുത്തുറ്റ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവശ്യമാണെന്നും അതിന് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും ആ കമ്മ്യൂണിസ്റ്റ് നേതാവ് വിശ്വസിച്ചു. ഇടതുപക്ഷ ഐക്യത്തിന്റെ കാതല്‍ സി പി ഐ-സി പി എം ബന്ധങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള പരിശ്രമത്തേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വതന്ത്രവ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള പരിശ്രമത്തേയും വേറിട്ടതായി ചന്ദ്രപ്പന്‍ കണ്ടില്ല. ഈ മഹത്തായ രാഷ്ട്രീയ അന്വേഷണത്തില്‍ പരസ്പര ആദരവ് നിറഞ്ഞ സംവാദങ്ങളുടെ സാംഗത്യത്തെക്കുറിച്ചും അദ്ദേഹത്തിന് നിലപാടുണ്ടായിരുന്നു. സത്യം തേടിയുള്ള യാത്രയില്‍ പരസ്പരം മാനിച്ചുകൊണ്ടുള്ള അത്തരം സംവാദം വിപ്ലവപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുമെന്ന് ചന്ദ്രപ്പന്‍ ആത്മാര്‍ഥമായി വിശ്വസിച്ചു.

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രപാഠങ്ങളും സാര്‍വദേശീയ രാഷ്ട്രീയത്തിലെ ആനുകാലിക സംഭവഗതികളും ഹൃദിസ്ഥമാക്കുന്നതില്‍ ചന്ദ്രപ്പന്‍ കാണിച്ച ശുഷ്‌കാന്തി അദ്ദേഹത്തിന്റെ നേതൃപാടവത്തിനു മാറ്റുകൂട്ടിയ ഘടകമാണ്.

ആഗോളവത്കരണത്തിന്റെ പ്രതിസന്ധികള്‍ മറനീക്കി പുറത്തുവരുന്ന സാഹചര്യങ്ങളില്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ പ്രസക്തി ലോകമാകെ വളരുകയാണെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടു മാത്രമേ വലതുപക്ഷത്തിനെതിരായ ബഹുമുഖ പോരാട്ടങ്ങളില്‍ ഇടതുപക്ഷത്തിന് വിജയിക്കാന്‍ കഴിയൂവെന്ന് ചന്ദ്രപ്പന്‍ സദാ ഓര്‍മപ്പെടുത്തി. വിപ്ലവത്തിന്റെ പ്രത്യയ ശാസ്ത്രം കറയറ്റ ജീവിതത്തിന്റെ തത്വശാസ്ത്രം കൂടിയാണെന്ന് ആ വിപ്ലവകാരിക്ക് ഉറപ്പായിരുന്നു.

രോഗം മൂര്‍ച്ചിച്ച് ബോധം മറയുംവരെയും പ്രസ്ഥാനവും രാജ്യവും ജനങ്ങളും എന്ന ചിന്തയാണ് സി കെ ചന്ദ്രപ്പനെ നയിച്ചത്. 'ജനയുഗം' പത്രം നീതിബോധത്തിന്റേയും വിപ്ലവമൂല്യങ്ങളുടേയും പടവാളായി ജനങ്ങള്‍ക്കൊപ്പമുണ്ടാകണമെന്ന് ഞങ്ങളുടെ ചീഫ് എഡിറ്റര്‍ എന്നും ഞങ്ങളോടു പറഞ്ഞു. ഇല്ലായ്മകള്‍ക്കു മുന്നില്‍ പതറിപ്പോകാതെ ജനങ്ങളുടെ പത്രമായി 'ജനയുഗ'ത്തെ വളര്‍ത്തുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമായിരുന്നു. ആ ലക്ഷ്യങ്ങളിലേക്ക് വളരാന്‍ ഞങ്ങള്‍ സര്‍വകഴിവും സമര്‍പ്പിക്കും.

കേരള രാഷ്ട്രീയത്തിന്റെ വികാസപഥങ്ങളിലെല്ലാം കാലം സി കെ ചന്ദ്രപ്പനെ ഓര്‍ക്കും. നേരും നന്മയുമാണ് മാറ്റത്തിന്റെ രാഷ്ട്രീയത്തിന്റെ ഹൃദയമെന്ന് വാക്കിലും പ്രവൃത്തിയിലും തെളിയിച്ച ആ വലിയ മനുഷ്യന്റെ ഓര്‍മ തന്നെ ഒരാഹ്വാനമാണ്. ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിതമായിരിക്കണം രാഷ്ട്രീയപ്രവര്‍ത്തനമെന്ന ആഹ്വാനമാണത്. അത് നെഞ്ചില്‍ കുറിച്ചുവച്ചുകൊണ്ട് ആ വിപ്ലവകാരിയുടെ സ്മരണയ്ക്കു മുമ്പില്‍ നമുക്കു ചെങ്കൊടി താഴ്ത്തിപ്പിടിക്കുക.

ധാര്‍മികതയുടെയും പൊതുജീവിത വിശുദ്ധിയുടെയും ധീരയോദ്ധാവ്

കമ്മ്യൂണിസ്റ്റ് ധാര്‍മികതയുടെയും പൊതുജീവിത വിശുദ്ധിയുടെയും ധീര യോദ്ധാവായിരുന്ന സി കെ ചന്ദ്രപ്പന്‍ വിട പറഞ്ഞു. സി പി ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് അല്‍പ്പനാളുകള്‍ക്കകമുള്ള സഖാവിന്റെ വേര്‍പാട് ഞങ്ങള്‍ക്ക് തീരാനഷ്ടമാണ്. വ്യക്തിജീവിതത്തിലെ ലാളിത്യവും പൊതുജീവിതത്തിലെ സുതാര്യതയും കൊണ്ട് പാര്‍ട്ടിയുടെ അന്തസ്സും യശസും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സഖാവ് നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്.

വയലാര്‍ സ്റ്റാലിന്‍ എന്ന് അറിയപ്പെട്ടിരുന്ന വിപ്ലവ പോരാളി സി കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി 1935 നവംബറില്‍ ജനിച്ച സി കെ ചന്ദ്രപ്പന്‍ പിതാവിന്റെ വിപ്ലവ പാതകള്‍ പിന്തുടര്‍ന്നത് സ്വാഭാവികം മാത്രം. അന്തരിച്ച രാജപ്പന്‍, കൃഷ്ണപ്പന്‍ ഇപ്പോള്‍ വയലാറിലെ കുടുംബ വീടായ കുന്തിരിശ്ശേരില്‍ വീട്ടില്‍ താമസിക്കുന്ന വേലപ്പന്‍, ലക്ഷ്മിക്കുട്ടി എന്നിവരാണ് സഹോദരങ്ങള്‍.

വിദ്യാര്‍ഥിയായിരിക്കെ എ ഐ എസ് എസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ ജീവിതത്തിലേയ്ക്ക് വരുന്നത്. 1950 കളില്‍ എ ഐ എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ്, അറുപതുകളില്‍ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി, എഴുപതുകളില്‍ എ ഐ വൈ എഫ് അഖിലേന്ത്യാ സെക്രട്ടറി എന്നീ നിലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പോരാട്ടങ്ങളും അവിസ്മരണീയമാണ്. ഗോവ വിമോചന സമരത്തിലേയ്ക്ക് സ്വയം അര്‍പ്പിച്ചു പോരാടാന്‍ പോയ ചന്ദ്രപ്പന്‍ സഖാവിലെ ഊര്‍ജ്ജസ്വലമായ കമ്യൂണിസ്റ്റ് പാരമ്പര്യമാണ് വ്യക്തമാക്കുന്നത്. വാരിക്കുന്തവുമേന്തി, ചീറിവരുന്ന വെടിയുണ്ടകള്‍ക്കു നേരെ വിരിമാറു കാട്ടിയ ധീരപോരാളി കുാരപ്പണിക്കരുടെ മകന് അങ്ങിനയേ ചെയ്യാന്‍ കഴിയൂ.

1971ല്‍ സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ അനൗദ്യോഗിക ബില്ലുകള്‍ അവതരിപ്പിച്ച് രാജ്യത്തെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ചന്ദ്രപ്പന്‍ തന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനം പൂര്‍ണമായും വിനിയോഗിച്ചു. 18 വയസ്സില്‍ വോട്ടവകാശം, തൊഴില്‍ അല്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം ഈ മുദ്രാവാക്യങ്ങള്‍ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ പുറത്ത് ഉന്നയിച്ച് പോരാടിയപ്പോള്‍ ലോകസഭയ്ക്കകത്ത് ചന്ദ്രപ്പന്‍ ബില്ലവതരിപ്പിച്ച് പോരാടുകയായിരുന്നു. 1971 ല്‍ തലശ്ശേരിയില്‍ നിന്നും 1977 ല്‍ കണ്ണൂരില്‍ നിന്നും 2004 തൃശൂരില്‍ നിന്നും ലോകസഭയിലേയ്ക്കും 1991 ല്‍ ചേര്‍ത്തല നിന്ന് നിയമസഭയിലേയ്ക്കും സഖാവ് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള സംസ്ഥാന നിയമസഭയുടേയും ലോകസഭയുടേയും ബഹുമതി ലഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി (ന്യൂയോര്‍ക്ക്) അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ സമ്മേളനം (റോം) ലോകയുവജന ഫെഡറേഷന്‍ സമ്മേളനങ്ങള്‍ തുടങ്ങി നിര്‍ണായകമായ പല അന്താരാഷ്ട്രവേദികളിലും ചന്ദ്രപ്പന്റെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്.
കേരളത്തിലെ യുവജനവിദ്യാര്‍ഥി പ്രസ്ഥാനത്തിന് 60 കളിലും 70 കളിലും ചന്ദ്രപ്പന്‍ നല്‍കിയ ഊര്‍ജവും നേതൃത്വപരമായ പങ്കും അവിസ്മരണീയമാണ്.

ഏറ്റവുമൊടുവില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് ദിശാബോധം നല്‍കാന്‍, തുറന്ന സംവാദനത്തിലൂടെ ആരോഗ്യപരമായ ആശയവിനിമയത്തിലൂടെ ചന്ദ്രപ്പന്‍ തുടങ്ങിവെച്ച ദൗത്യം പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കുവേണ്ടിയും ഇടതുപക്ഷ ബഹുജന അടിത്തറ വിപുലമാക്കുന്നതിനുവേണ്ടിയും സഖാവ് തുടങ്ങിവെച്ച പോരാട്ടം നെഞ്ചോടേറ്റി വിജയം കാണുംവരെ പോരാടുമെന്ന ദൃഢപ്രതിജ്ഞ എടുക്കലാണ് സഖാവിനോട് കാണിക്കാനുള്ള ഏറ്റവും വലിയ ആദരവ്.

പോരാട്ടങ്ങളിലെല്ലാം ഒപ്പം നിന്ന സഖാവിന്റെ പ്രിയതമ ബുലു റോയ് ചൗധരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിയുറച്ച പ്രവര്ത്തകയും മഹിളാ നേതാവുമാണ്.

വരാനിരിക്കുന്ന പുതിയ ശക്തമായ സമരങ്ങള്‍ക്ക് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ചുമതല പാതിവഴിയ്ക്ക് ഇറക്കിവച്ചാണ് സഖാവ് വിട പറഞ്ഞിരിക്കുന്നത്. സഖാവിന്റെ കൈകളില്‍ നിന്നും ഞങ്ങളാ സമരപതാക ഏറ്റുവാങ്ങുന്നു.

ഉയരങ്ങളില്‍ ഉയരങ്ങളില്‍ ഞങ്ങളീ ചെങ്കൊടി പാറിക്കും. ലാല്‍ സലാം സഖാവേ ലാല്‍സലാം.

*
ജനയുഗം 23 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈ മഹാവിയോഗം നല്‍കുന്ന ദുഃഖം കടിച്ചമര്‍ത്തി ഞങ്ങള്‍ പ്രതിജ്ഞ പുതുക്കുകയാണ്. വിപ്ലവകേരളത്തിന്റെ പ്രിയപുത്രനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ സഖാവ് സി കെ ചന്ദ്രപ്പന്റെ നിര്യാണം കേരളത്തിന്റെ പൊതുജീവതത്തിനുണ്ടാക്കുന്ന നഷ്ടം അത്രമേല്‍ വലുതാണ്. ചന്ദ്രപ്പന്‍ അവസാനശ്വാസം വരെയും ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ആശയങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വേണ്ടി പതറാതെ മുന്നോട്ടുപോകുമെന്ന പ്രതിജ്ഞയാണ് അദ്ദേഹത്തിന്റെ പ്രസ്ഥാനവും സഖാക്കളും സുഹൃത്തുക്കളും ഇപ്പോള്‍ കുറിച്ചിടുന്നത്. നന്മ നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ വിപ്ലവകാരി എങ്ങനെ ജീവിക്കണമെന്ന് ചന്ദ്രപ്പന്‍ കേരളത്തെ പഠിപ്പിച്ചത് സ്വന്തം ജീവിതം കൊണ്ടുതന്നെയാണ്. ഇടതുപക്ഷദര്‍ശനത്തിന്റെ പ്രകാശനാളങ്ങളെ നെഞ്ചേറ്റാന്‍ അണിനിരക്കുന്ന പുത്തന്‍ തലമുറയ്ക്ക് ആ ജീവിതപാഠങ്ങള്‍ കരുത്തുപകരും.