Saturday, March 17, 2012

ഭക്ഷ്യസുരക്ഷാ ബില്‍- ആശങ്കകളുയര്‍ത്തുന്ന അപാകതകള്‍

കേന്ദ്ര യു പി എ ഭരണകൂടം കൊട്ടും കുരവയുമായി പ്രഖ്യാപിച്ചിരിക്കുന്ന ഭക്ഷ്യസുരക്ഷാ ബില്‍ ഒറ്റനോട്ടത്തില്‍ തന്നെ ഭക്ഷ്യസുരക്ഷ അര്‍ഹിക്കുന്നവര്‍ക്കാര്‍ക്കും അതിന്റെ ഗുണഫലം ലഭിക്കാനിടയില്ലെന്നു തോന്നിക്കുന്ന വിധമാണ്. ഭക്ഷ്യകാര്യ സ്റ്റേറ്റ് മന്ത്രി പ്രൊഫ കെ വി തോമസ് കേരള സന്ദര്‍ശന വേളയിലെല്ലാം ഉയര്‍ത്തിക്കാട്ടിയിരുന്നത് ഈ ബില്‍ ഒരു ചരിത്ര നേട്ടമാണെന്നാണ്. നിര്‍ദ്ദിഷ്ടബില്ലില്‍ ഉള്‍പ്പെടുത്താത്ത ഒന്നും തന്നെയില്ലെന്നതാണ് രസകരമായ വസ്തുത. ദാരിദ്ര്യ രേഖയ്ക്കു താഴെയുളളവര്‍ക്കെല്ലാം ഭക്ഷ്യധാന്യങ്ങള്‍ സപ്ലൈ ചെയ്യുക, ഭക്ഷ്യധാന്യങ്ങള്‍ക്കു നല്‍കേണ്ട വില, പട്ടിണിക്കാര്‍ക്കുളള ഭക്ഷണ വിതരണം, സംഭരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കല്‍, ഭക്ഷ്യോല്പാദന വര്‍ധനവു ലക്ഷ്യമാക്കിയുളള നിക്ഷേപം ഉയര്‍ത്തല്‍ എന്നിങ്ങനെ പോകുന്നു ലിസ്റ്റിലെ വ്യവസ്ഥകള്‍. ഭക്ഷ്യസുരക്ഷ സംബന്ധമായ ആശങ്കകള്‍ക്കെല്ലാം പരിഹാരമാകും എന്ന മിഥ്യാധാരണ പരത്താന്‍ തീര്‍ത്തും പര്യാപ്തമാകുന്ന വ്യവസ്ഥകളെല്ലാം ബില്ലിലുണ്ട്. എന്നാല്‍, ഇതുമാത്രം മതിയാകുമോ?

ഭക്ഷ്യസുരക്ഷക്കാവശ്യമായ എല്ലാം ഈ രേഖയില്‍ കാണുന്നുണ്ടെങ്കില്‍ തന്നേയും, ഇത്തരം ബൃഹത്തായൊരു പദ്ധതി ഏതു വിധേന ദേശീയതലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നതിനെപ്പറ്റിയുളള വിശദാംശങ്ങള്‍ ബില്ലില്‍ കാണുന്നുമില്ല. ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ മാത്രമാണ് ബില്ലിന്റെ യഥാര്‍ഥ രൂപം, അതിന്റെ എല്ലാ വിധ അപര്യാപ്തതകളോടും കൂടി തിരിച്ചറിയാന്‍ കഴിയുക. ചുരുക്കത്തില്‍, ഭക്ഷ്യസുരക്ഷാ ബില്‍ ഇന്ത്യയിലെ ഭക്ഷ്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും.
ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന പൊതുവിതരണ സംവിധാനം അഴിമതിയില്‍ മുങ്ങിക്കുളിച്ചു കിടക്കുന്നതിന്റെ ഫലമാണ് ഭക്ഷ്യപ്രതിസന്ധി എന്ന ധാരണ തീര്‍ത്തും ശരിയല്ല. ഏതായാലും ബില്ലിലെ പൊതുസമീപനത്തിലൂടെ വെളിവാക്കപ്പെടുന്നത് ബില്ലിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കപ്പെടുന്നതോടെ, അഴിമതി ഇല്ലാതാക്കും, ഭക്ഷ്യസുരക്ഷയും യാഥാര്‍ഥ്യമാകും എന്നതാണ്. ഈ നിഗമനമാണ് തിരുത്തപ്പെടേണ്ടത്. പൊതുവിതരണസംവിധാനം (പി ഡി എസ്) എന്നത് ഒറ്റപ്പെട്ട ഒന്നല്ല എന്ന് ആദ്യം മനസ്സിലാക്കണം. ഈ സംവിധാനം ബൃഹത്തായൊരു പൊതുസംഭരണ സംവിധാനത്തിന്റെ ഭാഗം മാത്രമാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ മുന്‍കൂട്ടി നിജപ്പെടുത്തിയ വിലകള്‍ നല്‍കി കര്‍ഷകരില്‍ നിന്ന് അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങുകയും അതിലും കുറഞ്ഞ വിലയ്ക്ക് ന്യായവില ഷോപ്പുകള്‍ വഴി സബ്‌സിഡി സഹായം നല്‍കി ഭക്ഷ്യധാന്യങ്ങള്‍ വിറ്റഴിക്കുകയുമാണ് പൊതുവിതരണ സംവിധാനത്തിലൂടെ ചെയ്തുവരുന്നത്. സംഭരിക്കപ്പെട്ട ധാന്യങ്ങള്‍ ഏറെക്കുറെ മുഴുവനായും വിറ്റഴിക്കാന്‍ കഴിഞ്ഞിടത്തോളം കാലം ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തില്‍ താളപ്പിഴയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, പി ഡി എസ് ലേക്കുളള പ്രവാഹം കുറയാന്‍ തുടങ്ങിയതോടെ, സര്‍ക്കാരിന്റെ കൈവശം അവശേഷിച്ച വന്‍തോതിലുളള ധാന്യശേഖരം ഒരു ബാധ്യതയായി മാറുകയായിരുന്നു. വേണ്ടത്ര ഗോഡൗണ്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ താല്‍പര്യം പ്രകടമാക്കാതിരുന്നതിനാല്‍, പണം മുന്‍കൂര്‍ നല്‍കി വാങ്ങിയ ധാന്യങ്ങള്‍ സൂക്ഷിക്കുന്നതും സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചു. ഇവക്കെല്ലാം സബ്‌സിഡിയും അനുവദിക്കാതെ സാധ്യമല്ലല്ലോ. അങ്ങനെ സബ്‌സിഡി ഭാരവും ഉയര്‍ന്നു. സ്വാഭാവികമായ പി ഡി എസ് ശൃംഖലയ്ക്ക് വേണ്ടാതെവന്ന ഭക്ഷ്യശേഖരം എലികള്‍ക്കുളള തീറ്റയായി മാറുന്ന സാഹചര്യവുമുണ്ടായി. പാതയോരങ്ങളില്‍ സൂക്ഷിച്ചിരുന്ന ധാന്യങ്ങളില്‍ വലിയൊരു ഭാഗം നശിച്ചുപോവുകയും ചെയ്തു. ഒരു ഘട്ടത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് 60,000 കോടി രൂപ വില വരുന്ന ഭക്ഷ്യധാന്യങ്ങള്‍ ഈ വിധത്തിലെല്ലാം നശിക്കുകയുണ്ടായി എന്നാണ്.

ഭക്ഷ്യസുരക്ഷാ ബില്‍ നിയമമാക്കുന്നതിനു മുമ്പുതന്നെ മുകളില്‍ സൂചിപ്പിച്ച ശക്തമായ വെല്ലുവിളി ഏറ്റെടുക്കാന്‍ കേന്ദ്രഭരണകൂടം സന്നദ്ധമായേ തീരൂ. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട താങ്ങുവിലയും, ഉപഭോക്താക്കള്‍ക്ക് അവരുടെ വരുമാനത്തിനിണങ്ങുന്ന സബ്‌സിഡിയും നല്‍കാന്‍ സര്‍ക്കാര്‍ സുസജ്ജമായിരിക്കണം. അതോടൊപ്പം സംഭരിക്കുന്ന ധാന്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കാനും സര്‍ക്കാര്‍ സംവിധാനമൊരുക്കണം. തത്വത്തില്‍ പറയുന്ന മുഴുവന്‍ പ്രയോഗത്തില്‍ കൊണ്ടുവരാതെ വീണ്‍വാക്കായി അവശേഷിച്ചാല്‍, ഭക്ഷ്യസുരക്ഷാ നിയമം വെറും കടലാസ് നിയമം മാത്രമായിരിക്കും. ഇത്തരം പ്രശ്‌നങ്ങളൊന്നും അര്‍ഹിക്കുന്ന ഗൗരവത്തോടെ ബില്ലില്‍ പരാമര്‍ശിക്കപ്പെട്ടിട്ടു പോലുമില്ല.
കര്‍ഷകര്‍ക്ക് കൃഷിയിലുളള സജീവശ്രദ്ധയും, താല്‍പര്യവും സംരക്ഷിക്കാന്‍ സഹായകമായ നാലു മുഖ്യ നടപടികള്‍ ബില്ലില്‍ സൂചിപ്പിച്ചിരിക്കുന്ന നിലക്ക് സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാരും ഭക്ഷ്യ മന്ത്രാലയവും മുന്നിട്ടിറങ്ങിയേ തീരൂ. ഇതിലൊന്ന് ചെറുകിട, നാമമാത്ര കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ്. രണ്ട്, കൃഷിയില്‍ നിക്ഷേപം വര്‍ധിപ്പിക്കുക., മൂന്ന് ഉല്‍പന്നങ്ങള്‍ക്ക ആദായകരമായ വില ലഭ്യമാക്കുക, നാല് ഭൂമിയും ജലവും ഭക്ഷ്യോല്പാദനത്തിനല്ലാത്ത ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന പ്രവണത കര്‍ശനമായി നിരോധിക്കുക. ഇതില്‍ നാലാമത്തേത് ആവര്‍ത്തിച്ച് ഉന്നയിക്കപ്പെടുന്നൊരു കാര്യമാണെങ്കിലും, ഭൂമാഫിയയുടെയും, റിയല്‍ എസ്റ്റേറ്റ് ലോബിയുടെയും ശക്തമായ സമ്മര്‍ദ്ദം മൂലം ഇത് നടക്കാറില്ലെന്നു മാത്രം. ഇതൊഴികെയുളള നടപടികള്‍ സത്വരമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ പോലും ഭക്ഷ്യോല്പാദനവും, സംഭരണവും മെച്ചപ്പെടുത്താന്‍ കഴിയും. അതേസമയം, വര്‍ധിത ഉല്പാദനം പി ഡി എസ് വഴി വിതരണം നടത്താനുളള രാഷ്ട്രീയ ഇച്ഛാശക്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ വിറ്റഴിക്കപ്പെടാതെ അവശേഷിക്കുന്ന ഭക്ഷ്യധാന്യ ശേഖരം വര്‍ധിക്കുന്നതിലേക്കായിരിക്കും കാര്യങ്ങള്‍ ചെന്നെത്തുക. അതിന്റെ ഫലമെന്തായിരിക്കുമെന്ന് ആവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ.

പി ഡി എസ് വഴിയുളള ധാന്യവിതരണം വര്‍ധിക്കാന്‍ സഹായകമായ നിരവധി സാഹചര്യങ്ങള്‍ ബില്‍ നിയമമാക്കപ്പെടുന്നതോടെ ഉണ്ടാകുമെന്നാണ് ബില്ലിനെ ശക്തമായി പിന്‍തുണക്കുന്നവര്‍ വാദിക്കുന്നത്. താണ വിലനിലവാരം, കമ്മ്യൂണിറ്റി പാചകശാലകള്‍, പട്ടിണിക്കാര്‍ക്കായി പ്രതേ്യക പരിഗണന തുടങ്ങിയ വ്യവസ്ഥകളാണ് തങ്ങളുടെ വാദഗതിക്കാധാരമായി ഇക്കൂട്ടര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അതേസമയം, പി ഡി എസിനെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കണമെങ്കില്‍, ഈ സംവിധാനം കൂടുതല്‍ വ്യാപകമാക്കുകയും വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യണം. ഭക്ഷേ്യാല്പന്നങ്ങള്‍ക്കു പുറമെ, ഭക്ഷ്യ എണ്ണകള്‍, പയറ് വര്‍ഗ്ഗങ്ങള്‍, പരിപ്പ്, പഴം-പച്ചക്കറി വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ മറ്റു ഉപഭോഗവസ്തുക്കളും മുട്ട, ഇറച്ചി തുടങ്ങിയവയും പി ഡി എസിന്റെ ഭാഗമാക്കണം. കേന്ദ്ര ഭരണകൂടം ഇതിനൊന്നും തയ്യാറാകുമെന്നു കരുതേണ്ടതില്ല. മാത്രമല്ല, ചില്ലറ വില്പന മേഖലയെ മൊത്തത്തില്‍ വിദേശിയ സ്വകാര്യ കുത്തകകള്‍ക്ക് എഴുതികൊടുക്കാന്‍ കോപ്പു കൂട്ടി മുന്നോട്ടു പോകുന്നൊരു ഭരണകൂടമാണ് ഇന്ത്യയിലേതെന്ന് നാം വിസ്മരിക്കയുമരുത്.

ചെറുകിടവ്യാപാര മേഖലയാകെ സ്വകാര്യവല്‍ക്കരിക്കപ്പെടുന്നൊരു സാഹചര്യം നിലവിലിരിക്കേ ഭക്ഷ്യധാന്യ സംഭരണം ശക്തവും വ്യാപകവുമാക്കാനുളള സാധ്യതകളും വിരളമായിരിക്കും. അങ്ങനെ വന്നാല്‍, വിറ്റഴിക്കപ്പെടാത്ത ശേഖരം കുറയുകയും ചെയ്യുമല്ലോ. ഇത്തരം താല്പര്യങ്ങള്‍ കണക്കിലെടുത്തിട്ടായിരിക്കണം ഭക്ഷ്യസുരക്ഷാ ബില്‍ സംഭരണത്തെപ്പറ്റി ഗ്യാരന്റിയൊന്നും നല്കാതിരിക്കുന്നത്. മിനിമം താങ്ങുവിലക്ക് ഭക്ഷ്യസംഭരണം നടത്തുമെന്ന് ഒരൊഴുക്കന്‍ മട്ടില്‍ പറയുക മാത്രമാണ് ബില്ലിലൂടെ സര്‍ക്കാര്‍ ചെയ്തിട്ടുളളത്. എത്രമാത്രം സംഭരിക്കുമെന്ന് പരോക്ഷമായിപ്പോലും സൂചിപ്പിക്കുന്നില്ല. പി ഡി എസ് ന് വേണ്ടത്ര സംഭരണം നടത്താനുളള സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നതു തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അങ്ങനെ വന്നാല്‍ കുഴപ്പത്തിലാവുക കര്‍ഷകരായിരിക്കും. ആദായകരമായ വിലക്ക് സംഭരണം സാധാരണ തോതില്‍ നടക്കുമെന്ന പ്രതീക്ഷയോടെയാണ് ഭക്ഷേ്യാല്പാദനം നടന്നിരിക്കുക. സംഭരണത്തില്‍ കുറവ് വരുന്ന മുറക്ക് ഭക്ഷേ്യാല്പന്ന ശേഖരം വിറ്റഴിക്കപ്പെടാതെ കുമിഞ്ഞുകൂടുകയും ചെയ്യും. ഇതിന്റെ സൂക്ഷിപ്പിനുളള സൗകര്യങ്ങളോ, സാമ്പത്തിക ശേഷിയോ, കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുകയുമില്ല. സ്റ്റോക്ക് വര്‍ധിക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. വിപണി വിലനിലവാരം കുത്തനെ ഇടിയുക എന്നതായിരിക്കും ആദ്യം നേരിടേണ്ടി വരുന്ന ദുരന്തം. അടുത്ത വര്‍ഷം വിളവെടുപ്പ് വെട്ടിക്കുറക്കാനായിരിക്കും കര്‍ഷകര്‍ സ്വാഭാവികമായെടുക്കുന്ന തീരുമാനം. ഇതേതുടര്‍ന്ന് ഭക്ഷ്യധാന്യ ക്ഷാമമുണ്ടാവുകയും, വിപണിവില കുതിച്ചുയരുകയും ചെയ്യും. കാര്‍ഷികോല്പാദനത്തിലുണ്ടാകുന്ന ഇത്തരം ചാക്രിക മാറ്റങ്ങള്‍ ഭക്ഷ്യ സുരക്ഷിതത്വത്തെ തുരങ്കം വെക്കുകയായിരിക്കും ചെയ്യുക എന്ന് ഉറപ്പാണല്ലോ.

വിപണി വില ഉയര്‍ന്നിരിക്കുന്ന സമയത്താണ് സംഭരണം നടത്തുന്നതെങ്കില്‍ സംഭരണചെലവ് കൂടുമെന്നത് സ്വാഭാവികവുമാണ്. ഇതനുസരിച്ച് സബ്‌സിഡി ചെലവും വര്‍ധിക്കും. പി ഡി എസ് വഴി വിതരണവും, വില്പനയും നടത്തുന്ന, ഉല്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ സര്‍ക്കാരിനു മേല്‍ കടുത്ത സമ്മര്‍ദ്ദവുമുണ്ടാകും. ഈ സമ്മര്‍ദ്ദത്തിനു വഴങ്ങുകയാണെങ്കില്‍, ഭക്ഷ്യ സുരക്ഷയുടെ ഗുണമേന്മയും കുറയാനിടയാകും.

ഇത്തരം സാഹചര്യങ്ങളിലാണ് സബ്‌സിഡിയോടു കൂടിയ ഉല്പന്നങ്ങള്‍ക്കു പകരം ഗുണഭോക്താക്കള്‍ക്കു നേരിട്ട് പണം നല്കുകയെന്ന ബില്ലിലെ വ്യവസ്ഥ തികച്ചും ആശങ്കാകുലമായ സാധ്യതകള്‍ ഉളവാക്കുന്നത്. വിപണി വില താണ നിലവാരത്തിലായിരിക്കുമ്പോള്‍, സബ്‌സിഡിക്കു തുല്യമായ പണം എത്രയായിരിക്കുമെന്ന് തിട്ടപ്പെടുത്താനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. സാമ്പത്തിക ബാധ്യത അത്രക്ക് കുറയ്ക്കാനും കഴിയും. എന്നാല്‍, പണപ്പെരുപ്പം രൂക്ഷമാകുന്ന സമയത്ത് ബുദ്ധിമുട്ടിലാവുക പാവപ്പെട്ട ഉപഭോക്താക്കളായിരിക്കും. പഴയതോതില്‍ ചരക്കുകള്‍ വാങ്ങണമെങ്കില്‍ കൂടുതല്‍ പണം കൊടുക്കേണ്ടിവരും. താണ വിലനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കൈവശം വന്നുചേര്‍ന്നിരിക്കുന്ന പണം പുതിയ സാഹചര്യത്തില്‍ അപര്യാപ്തമായിരിക്കും.

ചുരുക്കത്തില്‍, ഭക്ഷ്യസുരക്ഷാ ബില്‍ വിഭാവനം ചെയ്യുന്ന വ്യവസ്ഥകള്‍ കര്‍ഷകര്‍ക്കും, ദരിദ്രജനവിഭാഗങ്ങള്‍ അടക്കമുളള ഉപഭോക്താക്കള്‍ക്കും സുരക്ഷ നല്‍കാന്‍ സഹായകമാവില്ല. ഇരുവിഭാഗങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയായിരിക്കും സൃഷ്ടിക്കുക. കര്‍ഷകആത്മഹത്യകള്‍ തുടര്‍ക്കഥയായി രൂപാന്തരപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഇന്ത്യയിലെ ഭരണകൂടവും, ഭരണനേതൃത്വവും വഹിക്കുന്ന രാഷ്ട്രീയ കക്ഷികളും കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ നയരൂപീകരണം നടത്തേണ്ടത് അനിവാര്യതയായിരിക്കുന്നു.

*
പ്രഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേന്ദ്ര യു പി എ ഭരണകൂടം കൊട്ടും കുരവയുമായി പ്രഖ്യാപിച്ചിരിക്കുന്ന ഭക്ഷ്യസുരക്ഷാ ബില്‍ ഒറ്റനോട്ടത്തില്‍ തന്നെ ഭക്ഷ്യസുരക്ഷ അര്‍ഹിക്കുന്നവര്‍ക്കാര്‍ക്കും അതിന്റെ ഗുണഫലം ലഭിക്കാനിടയില്ലെന്നു തോന്നിക്കുന്ന വിധമാണ്. ഭക്ഷ്യകാര്യ സ്റ്റേറ്റ് മന്ത്രി പ്രൊഫ കെ വി തോമസ് കേരള സന്ദര്‍ശന വേളയിലെല്ലാം ഉയര്‍ത്തിക്കാട്ടിയിരുന്നത് ഈ ബില്‍ ഒരു ചരിത്ര നേട്ടമാണെന്നാണ്. നിര്‍ദ്ദിഷ്ടബില്ലില്‍ ഉള്‍പ്പെടുത്താത്ത ഒന്നും തന്നെയില്ലെന്നതാണ് രസകരമായ വസ്തുത. ദാരിദ്ര്യ രേഖയ്ക്കു താഴെയുളളവര്‍ക്കെല്ലാം ഭക്ഷ്യധാന്യങ്ങള്‍ സപ്ലൈ ചെയ്യുക, ഭക്ഷ്യധാന്യങ്ങള്‍ക്കു നല്‍കേണ്ട വില, പട്ടിണിക്കാര്‍ക്കുളള ഭക്ഷണ വിതരണം, സംഭരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കല്‍, ഭക്ഷ്യോല്പാദന വര്‍ധനവു ലക്ഷ്യമാക്കിയുളള നിക്ഷേപം ഉയര്‍ത്തല്‍ എന്നിങ്ങനെ പോകുന്നു ലിസ്റ്റിലെ വ്യവസ്ഥകള്‍. ഭക്ഷ്യസുരക്ഷ സംബന്ധമായ ആശങ്കകള്‍ക്കെല്ലാം പരിഹാരമാകും എന്ന മിഥ്യാധാരണ പരത്താന്‍ തീര്‍ത്തും പര്യാപ്തമാകുന്ന വ്യവസ്ഥകളെല്ലാം ബില്ലിലുണ്ട്. എന്നാല്‍, ഇതുമാത്രം മതിയാകുമോ?