Friday, March 16, 2012

മാര്‍ക്‌സ് എങ്ങനെ മാര്‍ക്‌സിസ്റ്റായി?

ലോകത്തിലെ ഒന്നാമത്തെ സോഷ്യലിസ്റ്റ് രാജ്യമായ സോവിയറ്റ് യൂണിയനില്‍ സ്റ്റാലിനിസം നടത്തിയ പൈശാചിക കൃത്യങ്ങള്‍, മാവോയുടെ ബാലിശമായ വൈകൃതങ്ങള്‍, മാര്‍ക്‌സിസത്തിന്റെ പേരില്‍ നടത്തപ്പെട്ടിട്ടുള്ള നിരവധി അപലപനീയങ്ങളും മനുഷ്യദ്രോഹപരവുമായ പ്രവര്‍ത്തനങ്ങള്‍, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും വിവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലുമുണ്ടായിട്ടുള്ള പിളര്‍പ്പ് - ഇതൊക്കെയുണ്ടായിട്ടുകൂടി മാര്‍ക്‌സിന്റെ സ്വാധീനശക്തി വര്‍ധിച്ചുവരുന്നതെന്തുകൊണ്ടാണ്?

എന്താണതിനുകാരണം? എപ്പോഴും മാറിക്കൊണ്ടിരിക്കുന്നവയും നൈമിഷികങ്ങളുമായ പ്രകൃതിയിലേയും സമൂഹത്തിലേയും പ്രതിഭാസങ്ങള്‍ക്കു പിന്നില്‍ മാറ്റമില്ലാത്തതും സ്ഥായിയുമായ എന്തെങ്കിലും ഉണ്ടോ? വ്യത്യസ്ത രാജ്യങ്ങളിലെ തത്വചിന്തകന്മാരും മനുഷ്യസ്‌നേഹികളും വിവിധ കാലഘട്ടങ്ങളില്‍ ഇതേ ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ഉന്നയിക്കുകയും അവയ്ക്ക് ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കാറല്‍ ഹെയിന്റിച്ച് മാര്‍ക്‌സ് ഇത്തരം ചിന്തകന്മാരിലൊരാള്‍ മാത്രമായിരുന്നു.

ചരിത്രത്തിലെ ഒരു പരിവര്‍ത്തനഘട്ടത്തിലാണ് മാര്‍ക്‌സും തന്റെ ജീവിതം ആരംഭിച്ചത്. 1818 ല്‍ പ്രഷ്യയിലെ റയിന്‍പ്രവിശ്യയിലെ ഒരു ചെറിയ പട്ടണമായ ട്രെയറില്‍ അദ്ദേഹം ഭൂജാതനായ സമയത്ത്, ലോകം 1789 ന്റെ പൊട്ടിത്തെറികളില്‍ നിന്നു മോചനം പ്രാപിച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നില്ല. സാമൂഹ്യവും രാഷ്ട്രീയവുമായ ഒരു കൊഴമറിച്ചിലിന്റെ കാലമായിരുന്നു അത്. മാര്‍ക്‌സ് തന്റെ ശൈശവകാലം കഴിച്ചുകൂട്ടിയതും പ്രാഥമിക വിദ്യാഭ്യാസം നേടിയതും ലിബറല്‍ ബുദ്ധിജീവികളുടെ പാരമ്പര്യത്തിലാണ്. രാജവാഴ്ചക്കു അനുകൂലിയെങ്കിലും ഒരു സ്വാതന്ത്ര്യ ചിന്തകനും മനുഷ്യസ്‌നേഹിയുമായ ഒരു ഇടത്തരം അഭിഭാഷകനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. 1835 ല്‍ തന്റെ പതിനേഴാമത്തെ വയസ്സില്‍ ട്രെയറിലുള്ള ഫ്രെഡറിക് വില്ല്യം വിദ്യാലത്തില്‍ പഠിക്കുമ്പോള്‍ മാര്‍ക്‌സ് '' ഒരു തൊഴില്‍ തിരഞ്ഞെടുക്കുന്നതിനെപ്പറ്റിയുള്ള ഒരു ചെറുപ്പക്കാരന്റെ ചിന്തകള്‍'' എന്ന ഒരു പ്രബന്ധം തയ്യാറാക്കുകയുണ്ടായി.
വിദ്യാലയത്തിലെ പഠനം പൂര്‍ത്തിയാക്കിയശേഷം മാര്‍ക്‌സ് നിയമം പഠിക്കാന്‍വേണ്ടി 1835 ആഗസ്റ്റില്‍ ബോണിലേയ്ക്കുപോയി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം ബര്‍ലിനിലേക്കു പോയി. നിയമം ഉപേക്ഷിച്ച് തത്വശാസ്ത്രവും ചരിത്രവും പഠിക്കാന്‍. 1836 ല്‍ ഉന്നതവിദ്യാഭ്യാസത്തിനായി മാര്‍ക്‌സ് ബര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിച്ചപ്പോള്‍ പ്രൊഫസ്സര്‍ ഹെഗലിന്റെ പാണ്ഡിത്യം നിറഞ്ഞ പ്രഭാഷണങ്ങളുടെ അലകള്‍ അധ്യാപകന്മാരുടേയും വിദ്യാര്‍ഥികളുടേയും മനസ്സില്‍ പുതുമനശിക്കാതെ നിലനില്‍ക്കുന്നുണ്ടായിരുന്നു. മാര്‍ക്‌സ് ഒരു പുസ്തകപ്പുഴുവായിട്ടാണ് തന്റെ ബര്‍ലിന്‍ ജീവിതം ആരംഭിച്ചത്. 1837 ല്‍ അച്ഛന്നെഴുതിയ ഒരു കത്തില്‍ അദ്ദേഹം തന്റെ പുസ്തകവായനയെപ്പറ്റി ഇങ്ങനെ വിശദീകരിച്ചു: ''വായിക്കുന്ന പുസ്തകങ്ങളില്‍ നിന്നു ചില ഭാഗങ്ങള്‍ കുറിച്ചെടുക്കുകയെന്ന ഒരു ശീലം ഞാന്‍ സമ്പാദിച്ചിട്ടുണ്ട്. അങ്ങനെ അപ്പപ്പോളായി വായിച്ചുതീര്‍ത്ത ലെസ്സിംഗിന്റെ ''ലാവോക്കൂണ്‍'', സോള്‍ഗെറുടെ ''ഏര്‍വിന്‍'', വില്‍കെല്‍മാന്റെ ''കലയുടെ ചരിത്രം'', ലൂസന്റെ ''ജര്‍മ്മന്‍ ചരിത്രം'' തുടങ്ങിയ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ ഞാന്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. ടാസിറ്റസ് ഓവിസിന്റെ ''ട്രിസ്റ്റിയ''യില്‍ നിന്നു ''ജര്‍മ്മാനിയ'' എന്ന ഭാഗം ഞാന്‍ തര്‍ജ്ജിമ ചെയ്യുകയുമുണ്ടായി.

തുറന്ന വിമര്‍ശനങ്ങള്‍കൊണ്ടും സൗഹൃദപൂര്‍വമായ ഉപദേശങ്ങള്‍ കൊണ്ടും മാര്‍ക്‌സിനെ എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ പിതാവ് 1838 ല്‍ മാര്‍ക്‌സിനു കഷ്ടിച്ചു 20 വയസ്സുമാത്രം പ്രായമായപ്പോള്‍ പെട്ടെന്നന്തരിച്ചു. അതോടെ മാര്‍ക്‌സ് സ്വന്തം ഭാവിയെക്കുറിച്ചു ചിന്തിക്കുവാന്‍ തുടങ്ങി. പഠിത്തം കൂടുതല്‍ ഗൗരവമായി കരുതി: സ്വന്തം ആദര്‍ശങ്ങളില്‍ കൂടുതല്‍ മുറുകെപ്പിടിച്ചു. മനുഷ്യ സ്‌നേഹപരമായ ഇത്തരം ആശയങ്ങള്‍ മാര്‍ക്‌സിന്റെയും അദ്ദേഹത്തിന്റെ ആജീവനാന്ത സുഹൃത്തായ ഏംഗല്‍സിന്റെയും മേല്‍ വമ്പിച്ച സ്വാധീനം ചെലുത്തി. തത്വജ്ഞാനപരമായ ഈ സൂക്ഷ്മദര്‍ശിത്വത്തിന്റെ ഫലമായിട്ടാണ് മാര്‍ക്‌സ് മനുഷ്യന്റെ ജീവിത പരിതസ്ഥിതികളെപ്പറ്റിയും യഥാര്‍ഥമായ സാമൂഹ്യസാമ്പത്തികോപാധികളെപ്പറ്റിയുമുള്ള പഠനത്തിലേക്ക് തിരിഞ്ഞത്.

1841 ല്‍ ഡെമോക്രൈറ്റിസിന്റെയും എപ്പിക്യൂറസിന്റെയും തത്വശാസ്ത്രസംഹിതകള്‍ തമ്മിലുളള വ്യത്യാസം എന്ന വിഷയത്തെപ്പറ്റി തയ്യാറാക്കിയ പ്രബന്ധത്തിന് ജേനാ സര്‍വകലാശാലയില്‍ നിന്നു ഡോക്ടര്‍ ബിരുദം നേടിയശേഷം മാര്‍ക്‌സ് 'റെനിഷ് സീറ്റംഗ്' എന്ന ആനുകാലിക പ്രസിദ്ധീകരണത്തിനു കനമുള്ള ലേഖനങ്ങള്‍ എഴുതുവാന്‍ തുടങ്ങി, 1842 ഒക്‌ടോബറില്‍ അദ്ദേഹം അതിന്റെ പത്രാധിപരായി നിയമിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യത്തെ രാഷ്ട്രീയലേഖനം പത്രസ്വാതന്ത്ര്യത്തെപ്പറ്റിയായിരുന്നു. ചില സാഹിത്യകാരന്മാരുടെ അടിമ മനോഭാവത്തെ വിമര്‍ശിച്ചു കൊണ്ടദ്ദേഹമെഴുതി. ''ജീവിക്കാനും എഴുതാനും വേണ്ടി ഒരു എഴുത്തുകാരന്‍ തീര്‍ച്ചയായും പണം സമ്പാദിക്കണം. എന്നാല്‍ ആ പണം സമ്പാദിക്കാന്‍വേണ്ടി അയാള്‍ ജീവിക്കുകയും എഴുതുകയും ചെയ്തു കൂടാത്തതാണ്''. 1843 മാര്‍ച്ച് മാസത്തില്‍ പത്രം അടിച്ചമര്‍ത്തപ്പെട്ടു.

1845 ജനുവരിയില്‍ അപകടം പിടിച്ച ഒരു വിപ്ലവകാരിയെന്ന നിലയില്‍ മാര്‍ക്‌സ് പാരീസില്‍ നിന്നും നാടുകടത്തപ്പെട്ടു. പാരീസില്‍ നിന്നും അദ്ദേഹം ബ്രസ്സല്‍സ്സിലേക്കു പോയി. അവിടെ അദ്ദേഹം 'നീതിമാന്‍മാരുടെ സമാജം (ലീഗ് ഓഫ് ജസ്റ്റ്)' എന്ന സംഘടനയില്‍ അംഗമാകാന്‍ ക്ഷണിക്കപ്പെട്ടു. ഈ സംഘടനയാണ് പിന്നീട് കമ്മ്യൂണിസ്റ്റ് ലീഗായി പേരുമാറിയത്. കമ്മ്യൂണിസ്റ്റ് ലീഗിന്റെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധപ്പെടുത്തിയത് അധികാരികളെ കോപാകുലരാക്കി. മാര്‍ക്‌സ് ബെല്‍ജിയത്തില്‍ നിന്നും ബഹിഷ്‌ക്കരിക്കപ്പെട്ടു. വീണ്ടും അദ്ദേഹം പാരീസിലേക്ക് പോയി. അവിടുന്ന് കൊളോണിലേക്കും. കൊളോണില്‍ അദ്ദേഹം 'ന്യൂറെയ്‌നിഷ് സീറ്റംഗ്' എന്ന പുതിയൊരു പത്രത്തിന്റെ പത്രാധിപത്യം ഏറ്റെടുത്തു. എന്നാല്‍ അധികം കഴിയുന്നതിനു മുമ്പുതന്നെ മാര്‍ക്‌സ് അറസ്റ്റ് ചെയ്യപ്പെടുകുയം രാജ്യദ്രോഹത്തിനു വിചാരണ ചെയ്തു ജര്‍മ്മനിയില്‍ നിന്ന് നാടുകടത്തപ്പെടുകയും ചെയ്തു. ഇങ്ങനെ ഒരു രാജ്യത്തില്‍ നിന്നും മറ്റൊന്നിലേക്ക് വേട്ടയാടി ഒടിക്കപ്പെട്ട മാര്‍ക്‌സും കുടുംബവും അവസാനം 1848 ആഗസ്റ്റ് മാസത്തില്‍ ലണ്ടനില്‍ പാര്‍പ്പുറപ്പിച്ചു. 1883 ല്‍ ചരമമടയുന്നതുവരെ അവിടെ താമസിച്ചുകൊണ്ട് അദ്ദേഹം തന്റെ വിപ്ലവപരവും ശാസ്ത്രീയവുമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

1844 ലാണ് മാര്‍ക്‌സ്, പിന്നീടദ്ദേഹത്തിന്റെ ആയുഷ്‌ക്കാല സുഹൃത്തും വിപ്ലവപ്രവര്‍ത്തനങ്ങളിലും ശാസ്ത്രീയ പ്രവര്‍ത്തനങ്ങളിലും സന്തതസഹചാരിയുമായിത്തീര്‍ന്ന ഫെഡറിക് ഏംഗല്‍സിനെ നേരിട്ടുകണ്ടത്. അധപതിച്ചു ചവിട്ടിയമര്‍ക്കപ്പെട്ട മനുഷ്യത്വം നഷ്ടപ്പെട്ട നിസ്സഹായനായ ദുരയും ആര്‍ത്തിയും പിടിപെട്ട ഒരു ജന്തുവായി തീര്‍ന്നിരിക്കുന്നു മനുഷ്യന്‍ എന്നവര്‍ കണ്ടു. അങ്ങനെ മനുഷ്യനെ അധപതിച്ചിരിക്കുന്ന തള്ളിക്കളയപ്പെട്ട വെറുക്കപ്പെട്ടവനാകുന്ന അടിമത്തത്തിനു നിര്‍ബന്ധിക്കുന്ന എല്ലാ പരിതസ്ഥിതികളെയും നിഷ്‌കാസനം ചെയ്യുക എന്നതിന്റെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ആവശ്യത്തെ അവര്‍ അംഗീകരിച്ചു. ഈ ആവശ്യത്തില്‍ നിന്നാണ് തീവ്രമായ സത്യാന്വേഷണത്തിലൂടെ മനുഷ്യസ്വാതന്ത്ര്യത്തിനു വഴിതെളിച്ച മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങള്‍ രൂപംകൊണ്ടത്. 'തൊഴിലാളിവര്‍ഗ സര്‍വാധിപത്യ'ത്തില്‍കൂടി തൊഴിലാളി വര്‍ഗത്തെ ഭരണാധികാരവര്‍ഗമായി ഉയര്‍ത്തുക എന്നതില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല മാര്‍ക്‌സിന്റെ ലക്ഷ്യം. മനുഷ്യന്റെ വ്യക്തിത്വത്തെ അങ്ങേയറ്റം വളര്‍ത്തുന്ന വര്‍ഗങ്ങളോ ജാതികളോ ഭരണകൂടമോ ഉദ്യോഗസ്ഥമേധാവിത്വമോ ഒന്നുമില്ലാത്ത യഥാര്‍ഥ മനുഷ്യനാക്കി മാറ്റാന്‍ വേണ്ടിയാണ് കഠിനമായ യാതനകളെ നേരിട്ടുകൊണ്ട് അദ്ദേഹം പ്രവര്‍ത്തിച്ചത്. മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം ''മനുഷ്യന് ഏറ്റവും പ്രിയപ്പെട്ടത് മനുഷ്യനാണ്''.

*
കെ ദാമോദരന്‍ ജനയുഗം 14 മാര്‍ച്ച് 2012

No comments: