Tuesday, March 13, 2012

ഇവരെയും മനുഷ്യരായി കാണണം

നിറഞ്ഞ പ്രതീക്ഷയോടെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. അവരെ സംബന്ധിച്ചിടത്തോളം കേരളം മിനി ഗള്‍ഫ് തന്നെ. സ്ഥിര ജോലി, മോശമല്ലാത്ത വേതനം, സ്വന്തം നാട്ടില്‍ സ്വപ്നം കാണാന്‍ കഴിയാത്ത ജീവിത ചുറ്റുപാട്- നിത്യവും കൂടുതല്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതിന് പ്രത്യേക കാരണം ചികയേണ്ടതില്ല. എന്നാല്‍ , സ്വപ്നംകാണുന്നതുപോലുള്ള പളപളപ്പിലേക്കല്ല ബഹുഭൂരിപക്ഷം അന്യസംസ്ഥാന തൊഴിലാളികളും എത്തിപ്പെടുന്നത് എന്നതാണ് യാഥാര്‍ഥ്യം. മഴയെന്നോ രാത്രിയെന്നോ വെയിലെന്നോ നോക്കാതെ പതിനെട്ട് മണിക്കൂര്‍വരെ ജോലി. പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും സൗകര്യമില്ലാത്ത വൃത്തിഹീനമായ താമസസൗകര്യം. തൊഴില്‍ ഉടമകളുടെയും ഇടത്തട്ടുകാരുടെയും കൊടുംചൂഷണവും പീഡനവും- അതിദയനീയമാണ് ഇവരുടെ ജീവിതം. സാമൂഹ്യമായി ഏറെ പിന്നിലാണ് ഈ തൊഴിലാളികള്‍ . പ്രത്യേകിച്ച് ഒഡീഷ, ഛത്തീസ്ഗഢ്, ബിഹാര്‍ , യുപി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ . നിരക്ഷരത, ഭാഷാപരമായ പ്രശ്നങ്ങള്‍ , തൊഴിലാളികളില്‍ അവശ്യംവേണ്ട അവബോധത്തിന്റെ കുറവ്, തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത എന്നിവയെല്ലാം പ്രശ്നം കൂടുതല്‍ ദയനീയമാക്കുന്നു. തീര്‍ത്തും അടിമസമാനമായ ജീവിതംനയിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇന്ന് കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും.

സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ട്രേഡ് യൂണിയനുകളുമെല്ലാം മനസ്സുവച്ചാല്‍ മാത്രമേ ഈ നിലയ്ക്ക് മാറ്റം വരുത്താന്‍ കഴിയൂ. അന്യസംസ്ഥാന തൊഴിലാളികളെ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. അതോടൊപ്പം തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നല്‍കണം. ഒരു പ്രത്യേക ഏജന്‍സിയെ നിയോഗിച്ച് കേരളത്തില്‍ നിലവിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും ജീവിത നിലവാരവുമടക്കമുള്ള മറ്റു വിശദാംശങ്ങളും കണ്ടെത്താനുള്ള സര്‍വേയാണ് ആദ്യം വേണ്ടത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സ്ത്രീ തൊഴിലാളികളെ ഒരു കാരണവശാലും എട്ട് മണിക്കൂറിലധികം ജോലി ചെയ്യാന്‍ അനുവദിക്കരുത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേകമായി മെഡിക്കല്‍ കാര്‍ഡുകള്‍ സംഘടിപ്പിക്കണം. വൃത്തിയുള്ള താമസസ്ഥലവും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യവും ഉറപ്പുവരുത്തണം. തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് ഡേ കെയര്‍ സൗകര്യവും വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യവും ഏര്‍പ്പെടുത്തണം. തൊഴില്‍ ഉടമകളും മധ്യവര്‍ത്തികളും തൊഴില്‍നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം.

അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ഇന്‍ഷ്വര്‍ ചെയ്യാനും രോഗം പിടിപെടുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ മതിയായ വൈദ്യസഹായം ലഭ്യമാക്കാനും നടപടി സ്വീകരിക്കണം. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ജോലിസ്ഥലത്തോടനുബന്ധിച്ച് പ്രത്യേക വിശ്രമസ്ഥലങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിയമപരമായി തൊഴിലുടമകളെ നിഷ്കര്‍ഷിക്കണം. തൊഴില്‍ നിയമങ്ങളെക്കുറിച്ചും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും അറിവ് പകരുന്നതിന് തൊഴില്‍വകുപ്പ് മുന്‍കൈ എടുത്ത് വ്യത്യസ്ത ഭാഷകളില്‍ പ്രസിദ്ധീകരണങ്ങള്‍ ഇറക്കണം. ബാലവേല ചെയ്യിക്കുകയോ അതിനു കൂട്ടുനില്‍ക്കുകയോ ചെയ്യുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. ചെറിയ മുറികള്‍ വാടകയ്ക്ക് നല്‍കി കൊള്ളവാടക ഈടാക്കുന്നത് പരിശോധിച്ച് പരിഹാരം കണ്ടെത്തണം. സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്റ് അധികാരികളുടെയും ശ്രദ്ധയും പരിഗണനയും ഈ ആവശ്യങ്ങള്‍ക്ക് അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ട്.

*
അരക്കന്‍ ബാലന്‍ (കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 13 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...