പിറവത്ത് വ്യാഴാഴ്ച വൈകിട്ട് ശബ്ദപ്രചാരണം അവസാനിക്കും. പിറവത്തിന്റെ ഫലം ഭരണത്തിനെതിരായ വിധിയെഴുത്താകുമെന്ന് മൂന്നാഴ്ചയിലധികമായി ഇവിടെ ക്യാമ്പ് ചെയ്ത് എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു. കൊട്ടിക്കലാശമായി 12 പഞ്ചായത്തിലും മൂന്നുദിവസം റാലികളാണ് എല്‍ഡിഎഫ് സംഘടിപ്പിച്ചത്. പ്രചാരണം നയിച്ചത് പിണറായി വിജയന്‍ , കോടിയേരി ബാലകൃഷ്ണന്‍ , വി എസ് അച്യുതാനന്ദന്‍ , ഇ പി ജയരാജന്‍ , സി ദിവാകരന്‍ , എന്‍ കെ പ്രേമചന്ദ്രന്‍ , മാത്യു ടി തോമസ് തുടങ്ങിയവര്‍ . ബുധനാഴ്ച വൈകിട്ട് ഇടയ്ക്കാട്ട് വയലിലെ റാലി ഉദ്ഘാടനംചെയ്ത് പുറത്തുവന്നപ്പോഴാണ് പിണറായി അവസാനഘട്ട വിലയിരുത്തല്‍ നടത്തി വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ഭരണവിരുദ്ധവികാരം പിറവത്ത് പ്രകടമാണ്. എന്നാല്‍ , യുഡിഎഫിലും കോണ്‍ഗ്രസിലും ചരിത്രത്തില്‍ കാണാത്ത ഐക്യമുണ്ടായതിനാല്‍ നല്ലതോതില്‍ ജയിക്കുമെന്നാണ് ചൊവ്വാഴ്ച ആറിടങ്ങളില്‍ പ്രസംഗിച്ച കേന്ദ്രമന്ത്രി എ കെ ആന്റണി പറഞ്ഞത്. ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റോഡ്ഷോ ആയിരുന്നു. യുഡിഎഫിലെയും കോണ്‍ഗ്രസിലെയും ഐക്യത്തെപ്പറ്റിയുള്ള വായ്ത്താരികള്‍ക്കപ്പുറം പുകയുന്ന അഗ്നിപര്‍വതങ്ങളുണ്ട്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തന്റെ വണ്‍മാന്‍ഷോയില്‍ ഒതുക്കുന്ന കൗശലമാണ് ഉമ്മന്‍ചാണ്ടി ഇവിടെയും കാട്ടിയത്. അന്തരിച്ച ടി എം ജേക്കബ്ബിന് മുന്‍കാലങ്ങളില്‍ മത്സരിക്കാന്‍ പിറവം കിട്ടിയത് കേരള കോണ്‍ഗ്രസ് നേതാവെന്ന നിലയിലാണ്. എന്നാല്‍ , കേരള കോണ്‍ഗ്രസിന്റെ ഇന്നത്തെ തലതൊട്ടപ്പനായ കെ എം മാണിയെപ്പോലും പിറവത്ത് ഒതുക്കി. ജേക്കബ്ബിന്റെ മകന്‍ അനൂപ് ജേക്കബ്ബിന്റെ ചിത്രത്തിനൊപ്പം ഉമ്മന്‍ചാണ്ടിയുടെയും മറ്റും കട്ടൗട്ടുകളുണ്ടെങ്കിലും മാണിയുടെ ചിത്രമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ചാണ്ടിപക്ഷക്കാര്‍ വേണ്ടനിലയില്‍ സഹകരിച്ചില്ലെന്നും ഇപ്പോള്‍ അങ്ങനെയാകില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ഏകാധിപത്യപോക്കില്‍ അതൃപ്തരാണ് രമേശ് ചെന്നിത്തലയുടെ വിശാല "ഐ" ഗ്രൂപ്പ്.
ശനിയാഴ്ച വോട്ടെടുപ്പിലേക്ക് നീങ്ങുന്നതിനിടയില്‍ ദേശീയ-സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പല പ്രതിഭാസങ്ങളും സമ്മതിദായകരുടെ ഹിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാകും. നെയ്യാറ്റിന്‍കര എംഎല്‍എയെ കാലുമാറ്റി രാജിവയ്പിച്ച് ഭരണത്തിന് ഉറപ്പുവരുത്താന്‍ ഉമ്മന്‍ചാണ്ടി കാട്ടിയ വഴിവിട്ട രാഷ്ട്രീയകൗശലം അവസാനഘട്ടത്തിലും ചര്‍ച്ചയാണ്. തൃപ്പൂണിത്തുറയ്ക്കു സമീപം കരിങ്ങാച്ചിറമുതല്‍ കൂത്താട്ടുകുളംവരെയുള്ള 12 പഞ്ചായത്ത് ഉള്‍ക്കൊള്ളുന്ന ഈ മണ്ഡലത്തെ ഇളക്കിമറിക്കുന്ന പ്രചാരണങ്ങള്‍ക്കാണ് ഇരുമുന്നണികളുടെയും തലയെടുപ്പുള്ള നേതാക്കളടക്കം അണിനിരന്ന് നേതൃത്വം നല്‍കിയത്. ബിജെപിയും പ്രചാരണരംഗത്ത് സജീവമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലുമാറ്റ രാഷ്ട്രീയത്തെ ബിജെപി നേതാവ് ഒ രാജഗോപാലും നിശിതമായി വിമര്‍ശിച്ചിരുന്നു. ജനസമ്മതിയുള്ള നേതാവായ എം ജെ ജേക്കബ്ബിനെ അവതരിപ്പിച്ച് എല്‍ഡിഎഫ് പ്രചാരണരംഗത്ത് വലിയ മുന്നേറ്റമാണ് നടത്തിയത്. ബിജെപിയുടെ രാജഗോപാലും മത്സരരംഗത്തുണ്ട്. 1119 വോട്ടിന്റെ വ്യത്യാസത്തില്‍ ലഭിച്ച മൂന്ന് സീറ്റിന്റെ ബലത്തിലാണ് യുഡിഎഫിന് 2011 മെയില്‍ അധികാരം ലഭിച്ചത്. 157 വോട്ട് അധികംനേടി ടി എം ജേക്കബ് ജയിച്ച പിറവം യുഡിഎഫിന്റെ കള്ളിയിലായി. എന്നാല്‍ , 1,83,000 സമ്മതിദായകര്‍ ചൂണ്ടുവിരലില്‍ മഷിപുരട്ടുന്ന മാര്‍ച്ച് 17 കേരളരാഷ്ട്രീയത്തില്‍ വഴിത്തിരിവ് കുറിക്കുന്നതാകുമെന്ന ചിന്തയ്ക്ക് അടിസ്ഥാനമുണ്ടെന്നാണ് മണ്ഡലത്തിന്റെ ഹൃദയതാളം വ്യക്തമാക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്ഥിരതയും അസ്ഥിരതയും പിറവത്തെ ജനവിധിയുമായി ബന്ധപ്പെട്ടതല്ല. ഈ ഫലമെന്തായാലും സര്‍ക്കാരിന് ഭരിക്കാനുള്ള അംഗബലം ഇല്ലാതാക്കില്ല. യുഡിഎഫ് ജയിച്ചാല്‍ 2011 മെയിലെ ജനവിധിയുടെ അന്തരീക്ഷം തുടരും. എന്നാല്‍ , എല്‍ഡിഎഫ് ജയിച്ചാല്‍ ഇടതുപക്ഷത്തിന് അനുകൂലമായ ശാക്തികബലാബലത്തിലേക്ക് കേരളരാഷ്ട്രീയം മാറും. സംസ്ഥാനത്തെ 54-ാമത്തെ ഉപതെരഞ്ഞെടുപ്പാണ് ഇത്. രാഷ്ട്രീയസാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണെന്നും എം ജെ ജേക്കബ് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. എംഎല്‍എയെ വിലയ്ക്കെടുത്ത് കാലുമാറ്റിയതടക്കമുള്ള സംഭവങ്ങള്‍ യുഡിഎഫിനെതിരായ വിധിയെഴുത്തിന് കരുത്തുപകരുന്നതാണെന്ന് ജയരാജന്‍ വ്യക്തമാക്കി. എന്നാല്‍ , നല്ല ഭൂരിപക്ഷത്തില്‍ അനൂപ് ജേക്കബ് ജയിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത്. കഴിഞ്ഞ കുറെനാളുകളായി പിറവത്ത് യുഡിഎഫില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ വോട്ട് പൂര്‍ണമായി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടാതെ വന്നിട്ടുണ്ട്. അതിന് മാറ്റമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. 1977മുതല്‍ നടന്ന എട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നുതവണ പിറവത്ത് എല്‍ഡിഎഫ് ജയിച്ചു. നിര്‍ണായകവേളകളില്‍ എല്‍ഡിഎഫിനൊപ്പംനിന്ന സവിശേഷതയാണ് ഈ മണ്ഡലത്തിനുള്ളത്. പിറവത്തെ വോട്ടര്‍ക്കു മുന്നില്‍ സംസ്ഥാനരാഷ്ട്രീയം മാത്രമല്ല ദേശീയരാഷ്ട്രീയവും പച്ചപിടിച്ചുനില്‍ക്കുകയാണ്. അഴിമതി, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും ദേശീയമായി വിചാരണനേരിടുകയാണ്. അതിന്റെ ജനവികാരം യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയില്‍ തെളിഞ്ഞു. പത്തുമാസത്തെ ഉമ്മന്‍ചാണ്ടിഭരണം മാറ്റുരയ്ക്കുകയാണ് ഇവിടെ. ഇത്തരമൊരു ഹിതപരിശോധനയില്‍ പിന്തള്ളപ്പെടുന്നുവെന്ന് ബോധ്യമായതോടെയാണ് നിസ്സാരകാര്യങ്ങളെ പൊലിപ്പിച്ച് മുഖ്യവിഷയമാക്കി അവതരിപ്പിക്കാന്‍ യുഡിഎഫും അനുകൂല മാധ്യമങ്ങളും പരിശ്രമിക്കുന്നത്.
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ ഒരു നാടന്‍ഭാഷാപ്രയോഗത്തെ സ്ത്രീവിരുദ്ധതയെന്ന് ദുര്‍വ്യാഖ്യാനിച്ച് ആശയക്കുഴപ്പമുണ്ടാക്കാനുള്ള പരിശ്രമം പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും തുടരുകയാണ്. കേരളം അംഗീകരിക്കുന്ന കമ്യൂണിസ്റ്റ്നേതാവ് എണ്‍പത്തെട്ടുകാരനായ വി എസിനെതിരെ നെറികെട്ട വിശേഷണം നടത്തിയ ഗണേശ്കുമാറിനെയും പി സി ജോര്‍ജിനെയും ഇരുവശത്തും നിര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി യുഡിഎഫ് പ്രചാരണത്തെ നയിക്കുന്നതെന്നത് അവരുടെ സദാചാരമുഖം വെളിവാക്കുന്നു. കാര്‍ഷിക-മലയോര മേഖലയായ പിറവത്ത് നല്ലൊരുപങ്ക് ആളുകള്‍ കൃഷിയെ ആശ്രയിക്കുന്നവരാണ്. അതുകൊണ്ടുതന്നെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ കര്‍ഷകആത്മഹത്യ ഇല്ലാതായതും പത്തുമാസത്തെ യുഡിഎഫ് ഭരണത്തില്‍ 47 കര്‍ഷകര്‍ ആത്മാഹുതിചെയ്തതും വോട്ടറുടെ മനസ്സിനെ സ്വാധീനിക്കുന്നതാണ്. മുല്ലപ്പെരിയാര്‍ ദുരന്തം സംഭവിച്ചാല്‍ വെള്ളത്തിനടിയിലാകുന്ന പ്രദേശത്തില്‍ ഈ നാടും ഉള്‍പ്പെടും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളതാല്‍പ്പര്യം അടിയറവയ്ക്കുകയും ഭരണമുന്നണിക്കുള്ളില്‍ പലതട്ടുകള്‍ രൂപംകൊള്ളുകയും ചെയ്യുന്നതാണ് ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ സവിശേഷത. ഇതേപ്പറ്റിയും പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും മണ്ഡലത്തില്‍ സജീവചര്‍ച്ചയായി. പിറവം കഴിഞ്ഞാല്‍ കേരളം പവര്‍കട്ടിലേക്ക് പോകുകയാണ്. ഇങ്ങനെ കേരളത്തെ ഇരുട്ടിലാക്കുകയും സമാധാനജീവിതം തകര്‍ക്കുകയും ചെയ്യുന്ന ഒരു ഭരണത്തിന് അംഗീകാരം നല്‍കാമോയെന്ന ചോദ്യമാണ് ഉയരുക. പരാജിതഭരണത്തിന്റെ പാപഭാരത്തില്‍നിന്ന് ജനവിധിയെ മാറ്റിമറിക്കാന്‍ ജാതിമത സംഘടനകളെയും മതത്തെയും പണത്തെയും അധികാരത്തെയും നഗ്നമായി യുഡിഎഫ് ഉപയോഗിക്കുന്നുണ്ട്. മതത്തെ രാഷ്ട്രീയത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നത് യുഡിഎഫിന് എത്രമാത്രം വിനയാകുമെന്നത് ഇവിടത്തെ ജനവിധി ബോധ്യപ്പെടുത്തും. യുഡിഎഫ് പ്രചാരണത്തിന്റെ പ്രധാന ചുമതല എക്സൈസ് മന്ത്രി കെ ബാബുവിനായിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന കുടുംബയോഗങ്ങള്‍ക്കുശേഷം പാരിതോഷിക പായ്ക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. ഇതറിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്, യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ടോര്‍ച്ചിനുപകരം കുപ്പിയാക്കുന്നതായിരുന്നു ഉചിതം എന്നാണ്.
വോട്ടര്‍മാരില്‍ 40 ശതമാനത്തിലധികം ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരാണ്. ഇടതുപക്ഷത്തിന് അനുകൂലമായ ചിന്ത ന്യൂനപക്ഷവിഭാഗങ്ങളില്‍ വേരുറച്ചിട്ടുണ്ട്. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്രപ്രദര്‍ശനത്തില്‍ ഇടംപിടിച്ച യേശുക്രിസ്തുവിന്റെ ചിത്രത്തെ ആസ്പദമാക്കി യുഡിഎഫ് നേതാക്കള്‍ ആദ്യഘട്ടത്തില്‍ നടത്തിയ പ്രചാരണം തങ്ങള്‍ക്കെതിരെ തിരിയുന്നുവെന്ന് ബോധ്യപ്പെട്ടതിനാല്‍ അതുമായി മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിയാതെവന്നു. ആറ്റുകാല്‍ പൊങ്കാലയിട്ട ഭക്തരായ സ്ത്രീകള്‍ക്കെതിരെ ഉമ്മന്‍ചാണ്ടിയുടെ പൊലീസ് കേസെടുത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും മണ്ഡലത്തില്‍ ചര്‍ച്ചയാണ്. എ കെ ആന്റണിയും വയലാര്‍ രവിയും ഉള്‍പ്പെടെ നാല് കേന്ദ്രമന്ത്രിമാര്‍ , മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ 19 മന്ത്രിമാര്‍ - ഇങ്ങനെ മന്ത്രിപ്പടയുടെ അധികാരഹുങ്കിലാണ് യുഡിഎഫ് പ്രചാരണം. ഭരണയന്ത്രത്തെ നഗ്നമായി ദുരുപയോഗപ്പെടുത്തുന്നു. പണം വെള്ളംപോലെ ഒഴുക്കുന്നുമുണ്ട്. എന്നാല്‍ , ഇതിനെ തുറന്നുകാട്ടി ചിട്ടയായ മുന്നേറ്റത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും. എല്ലാ ഘടകകക്ഷികളുടെയും നേതാക്കളും മുന്‍മന്ത്രിമാരുമെല്ലാം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നു. പിറവമെന്ന മലയോരമണ്ണിന്റെ ഹൃദയതാളം ഇടതുപക്ഷത്തിനായി തുടിക്കുന്നുവെന്നാണ് മണ്ഡലത്തിന്റെ അവസാനചലനങ്ങള്‍ വ്യക്തമാക്കുന്നത്.
*
ആര്‍ എസ് ബാബു ദേശാഭിമാനി 15 മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
1 comment:
പിറവത്ത് വ്യാഴാഴ്ച വൈകിട്ട് ശബ്ദപ്രചാരണം അവസാനിക്കും. പിറവത്തിന്റെ ഫലം ഭരണത്തിനെതിരായ വിധിയെഴുത്താകുമെന്ന് മൂന്നാഴ്ചയിലധികമായി ഇവിടെ ക്യാമ്പ് ചെയ്ത് എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു. കൊട്ടിക്കലാശമായി 12 പഞ്ചായത്തിലും മൂന്നുദിവസം റാലികളാണ് എല്‍ഡിഎഫ് സംഘടിപ്പിച്ചത്. പ്രചാരണം നയിച്ചത് പിണറായി വിജയന്‍ , കോടിയേരി ബാലകൃഷ്ണന്‍ , വി എസ് അച്യുതാനന്ദന്‍ , ഇ പി ജയരാജന്‍ , സി ദിവാകരന്‍ , എന്‍ കെ പ്രേമചന്ദ്രന്‍ , മാത്യു ടി തോമസ് തുടങ്ങിയവര്‍ . ബുധനാഴ്ച വൈകിട്ട് ഇടയ്ക്കാട്ട് വയലിലെ റാലി ഉദ്ഘാടനംചെയ്ത് പുറത്തുവന്നപ്പോഴാണ് പിണറായി അവസാനഘട്ട വിലയിരുത്തല്‍ നടത്തി വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
Post a Comment