Sunday, March 11, 2012

ഇതിഹാസത്തിന് ജന്മംനല്‍കിയ ഏലംകുളം മന

അന്തരീക്ഷത്തില്‍ വേദമന്ത്രങ്ങളുടെ ധ്വനി, പരിചരിക്കാന്‍ നൂറുകണക്കിന് വാല്യക്കാര്‍ . ആചാരങ്ങളുടെ പെരുമഴയില്‍ നാലുകെട്ട്. ഒരുകാലത്ത് ഈ മുറ്റം ഇങ്ങനെയൊക്കെയാണ്. എന്നാല്‍ ഒരു ഇതിഹാസം പിറന്നതോടെ ഏലംകുളം മനയുടെ ചിത്രം മാറി. വള്ളുവനാടിന്റെ ആസ്ഥാനമായി അറിയപ്പെട്ട പെരിന്തല്‍മണ്ണയില്‍ നിന്ന് പട്ടാമ്പി റോഡില്‍ ഏഴു കിലോമീറ്റര്‍ അകലെ ഏലംകുളം പഞ്ചായത്ത് ഓഫീസിനു സമീപമാണ് ഇന്നും പ്രൗഢി നഷ്ടപ്പെടാത്ത തറവാട്. കേരളത്തെ മാറ്റിമറിച്ച ഇ എം എസ് എന്ന വിപ്ലവ പ്രതിഭക്ക് ജന്മം നല്‍കിയ മന ഇന്ന് കേരള ചരിത്രത്തിന്റെ ഭാഗം.

ഏലംകുളം മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും വിഷ്ണുദത്തയുടെയും നാലാമത്തെ മകനായി 1909 ജൂണ്‍ 13 നാണ് ഇഎംഎസ് എന്ന് ലോകമാകെ അറിയപ്പെട്ട ശങ്കരന്‍ ജനിച്ചത്. പഴയ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പെരിന്തല്‍മണ്ണ താലൂക്ക് ഇപ്പോള്‍ മലപ്പുറം ജില്ലയുടെ ഭാഗം. ഇന്ന് മനയിലുള്ളത് ഇ എം എസിന്റെ മൂത്ത സഹോദരന്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മക്കളായ ബ്രഹ്മദത്തനും നാരായണനും കുടുംബവും. ചരിത്രത്തിനു മുന്നേ നടന്ന മഹാന്റെ സ്മരണ തുടിച്ചുനില്‍ക്കുന്ന മന കാണാന്‍ ഇന്നും നിരവധി പേരെത്തുന്നു. ഏലംകുളം മനയില്‍ വര്‍ഷം അമ്പതിനായിരം പറ നെല്ല് പാട്ടമായി ലഭിച്ചിരുന്നു. നാലാമത്തെ തമ്പുരാന്‍ എന്നര്‍ഥം വരുന്ന"നാലാമ്പ്രാന്‍" എന്നാണ് ശങ്കരനെ വിളിച്ചിരുന്നത്.
ആചാരാനുഷ്ഠാനങ്ങളുടെയും മൂഢവിശ്വാസങ്ങളുടെയും കരിമ്പടത്തിനുള്ളിലായിരുന്നു മന. ഇല്ലത്ത് പ്രസവം പാടില്ലെന്ന് ഭഗവതിയുടെ ഉപദേശമുണ്ടെന്ന വിശ്വാസത്തില്‍ അന്തര്‍ജനങ്ങള്‍ പ്രസവിക്കാന്‍ പടിക്കലെ വാര്യത്താണ് പോവുക. ബന്ധുക്കള്‍ "കുഞ്ചു" എന്ന് വിളിച്ചിരുന്ന ശങ്കരന്‍ പിറന്നതും വാര്യത്ത്. വിഷ്ണുദത്തയുടെ രണ്ടുമക്കള്‍ ജനിച്ച് അധികം കഴിയും മുമ്പേ മരിച്ചു. പിന്നീട് പിറന്ന പരമേശ്വരനും പൂര്‍ണ ആരോഗ്യവാനായിരുന്നില്ല. രണ്ട് ആണ്‍തരികള്‍ ഒരേസമയം മനയില്‍ വാഴില്ലെന്ന വിശ്വാസം ദേശത്തെ ഉത്കണ്ഠയിലാക്കി. ഈ ഭയം നിലനില്‍ക്കുമ്പോഴാണ് ശങ്കരന്റെ ജനനം.

ചെറുപ്പത്തില്‍ കുഞ്ചു അനാരോഗ്യത്തിന്റെ പിടിയിലായിരുന്നു. ഒന്നര വയസ്സുള്ളപ്പോള്‍ മരണവുമായി മുഖാമുഖം. ഗ്രഹണിയായിരുന്നു തുടക്കം. നാലുവയസ്സ് കഴിഞ്ഞപ്പോള്‍ വിക്കിന്റെ ലക്ഷണം. വൈദ്യന്മാരെ വിളിച്ചുവരുത്തി ചികിത്സ. ഒന്നും ഫലിച്ചില്ല. മനുഷ്യരേക്കാള്‍ ദൈവങ്ങള്‍ കൂടുതലുള്ള നാലുകെട്ടില്‍ എവിടെയും ഉഗ്ര ശക്തിസ്വരൂപിണികളായ ദേവികള്‍ . വടക്ക് ഭഗവതി ക്ഷേത്രം, മാളികയില്‍ ഭഗവതി, കുന്തിപ്പുഴയോരത്ത് ശ്രീരാമന്‍ , കിഴക്ക് ശിവന്‍ . മനയില്‍ രണ്ടിടത്തായി ഊട്ടുപുര. വേദങ്ങളും ഉപനിഷത്തും സംസ്കൃതവും ഹൃദിസ്ഥമാക്കി ആ ബാലന്‍ വളര്‍ന്നു. നാലാമ്പ്രാന്‍ മിടുക്കനെന്ന് എല്ലാവരും പറഞ്ഞു. നോക്കെത്താ ദൂരം കൃഷി സ്വന്തമായുള്ള ഇല്ലത്തുനിന്ന് പൂണൂലും വേദമന്ത്രങ്ങളും ഉപേക്ഷിച്ച് ശങ്കരന്‍ ഇറങ്ങി നടന്നു. ഒരു തുണ്ടു ഭൂമി സ്വന്തമായില്ലാത്ത, ഇരുകാലി മൃഗങ്ങളായി അടിമസമാനമായ ജീവിതം നയിക്കുന്നവര്‍ക്കിടയിലേക്ക്. അവര്‍ അദ്ദേഹത്തെ സ്നേഹത്തോടെ, ആദരവോടെ ഇഎംഎസ് എന്നു വിളിച്ചു. അദ്ദേഹത്തിന്റെ ശബ്ദം അവരുടെ പ്രിയപ്പെട്ടതായി. അതെ, ആ ശബ്ദം ഇന്നും നിലയ്ക്കാതെ മുഴങ്ങുന്നു. അനാചാരങ്ങള്‍ക്കെതിരായ ഗര്‍ജനമായി; അടിച്ചമര്‍ത്തപ്പെട്ടവന്റെ രോഷമായി. ഇന്നത്തെ കേരളത്തിന്റെ പുരോഗതിയുടെ വിളക്കായി അണയാതെ നാം കാക്കുന്ന ആ ഓര്‍മകള്‍ ഏലംകുളം മനയില്‍ മാത്രമല്ല, ഓരോ മലയാളിയുടെ മനസ്സിലും കത്തുന്നു.

*
വേണു കെ ആലത്തൂര്‍ ദേശാഭിമാനി ०९ മാര്‍ച്ച് २०१२

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അന്തരീക്ഷത്തില്‍ വേദമന്ത്രങ്ങളുടെ ധ്വനി, പരിചരിക്കാന്‍ നൂറുകണക്കിന് വാല്യക്കാര്‍ . ആചാരങ്ങളുടെ പെരുമഴയില്‍ നാലുകെട്ട്. ഒരുകാലത്ത് ഈ മുറ്റം ഇങ്ങനെയൊക്കെയാണ്. എന്നാല്‍ ഒരു ഇതിഹാസം പിറന്നതോടെ ഏലംകുളം മനയുടെ ചിത്രം മാറി. വള്ളുവനാടിന്റെ ആസ്ഥാനമായി അറിയപ്പെട്ട പെരിന്തല്‍മണ്ണയില്‍ നിന്ന് പട്ടാമ്പി റോഡില്‍ ഏഴു കിലോമീറ്റര്‍ അകലെ ഏലംകുളം പഞ്ചായത്ത് ഓഫീസിനു സമീപമാണ് ഇന്നും പ്രൗഢി നഷ്ടപ്പെടാത്ത തറവാട്. കേരളത്തെ മാറ്റിമറിച്ച ഇ എം എസ് എന്ന വിപ്ലവ പ്രതിഭക്ക് ജന്മം നല്‍കിയ മന ഇന്ന് കേരള ചരിത്രത്തിന്റെ ഭാഗം.