ഇന്ന് ഗ്രീസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, സമകാലീന ലോകമുതലാളിത്തത്തിന്റെ കൂടുതല്‍ അഗാധമായ കുഴപ്പത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഈ കുഴപ്പത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന്, ഒരു സമ്പദ്വ്യവസ്ഥ എന്ന നിലയിലുള്ള മുതലാളിത്തത്തിന്റെ ചില അടിസ്ഥാന സവിശേഷതകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്. മുതലാളിത്തത്തിന്‍കീഴില്‍ , ആസ്തികളുടെ സിംഹഭാഗവും, പ്രത്യക്ഷത്തില്‍ ഭൗതിക ആസ്തികളുടെ രൂപത്തിലല്ല കൈവശംവെയ്ക്കപ്പെടുന്നത്; മറിച്ച് ഭൗതിക ആസ്തികളുടെ മേലുള്ള അര്‍ഹതയുടെ (ക്ലെയിം) രൂപത്തില്‍ പരോക്ഷമായിട്ടാണ്; അതായത് പണത്തിന്റെയും ധനആസ്തികളുടെയും രൂപത്തില്‍ . പരോക്ഷമായ ഈ അര്‍ഹതകള്‍ക്ക് (ക്ലെയിം) പല രൂപങ്ങളുണ്ട്; അഥവാ പല "അടുക്കു"കളുണ്ട്. അതായത് ഒരു ഫാക്ടറിയോ കെട്ടിടമോ പോലെയുള്ള ഭൗതിക ആസ്തികളുടെ മേല്‍ ആസ്തിയുടമക്കുള്ള അര്‍ഹതപോലെയുള്ള അവകാശം അഥവാ അര്‍ഹത. ഇത്തരം എല്ലാ അര്‍ഹതകള്‍ക്കും പണത്തിന്റെ അടിസ്ഥാനത്തിലുള്ള മൂല്യങ്ങളുമുണ്ട്. ചരക്കുകളുടെ ലോകത്തെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ (ചരക്കാണ് ആത്യന്തികമായി പ്രധാനപ്പെട്ട കാര്യം) ഈ അര്‍ഹതകളുടെ മൂല്യങ്ങളും മാറിയേയ്ക്കാവുന്നതാണ്. ഒന്നുകില്‍ അങ്ങനെ സംഭവിക്കുന്നത്, ചരക്കുകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പണത്തിന്റെ മൂല്യം മാറ്റമില്ലാതെ നിലനില്‍ക്കുമ്പോഴും, പണത്തെ മുന്‍നിര്‍ത്തിയുള്ള അവയുടെ (അര്‍ഹതകളുടെ) മൂല്യങ്ങള്‍ മാറുന്നതുകൊണ്ടാവാം ("കുമിളകള്‍" ഉണ്ടാകുന്നതിലും തകരുന്നതിലും അതാണ് സംഭവിക്കുന്നത്); അഥവാ ചരക്കുകളുടെ ലോകത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പണത്തിന്റെ മൂല്യം തന്നെ മാറുന്നതുകൊണ്ടുമാവാം അങ്ങനെ സംഭവിക്കുന്നത്.
കുമിളകളും അവയുടെ തകര്‍ച്ചയും ചില പ്രത്യേക തരം അര്‍ഹതകളെ ബാധിക്കുന്നതുകൊണ്ട് (ഉദാഹരണത്തിന് ഡോട് കോം കുമിളയും പാര്‍പ്പിടകുമിളയും) ചരക്കുകളെ മുന്‍നിര്‍ത്തിയുള്ള പണത്തിന്റെ മൂല്യത്തിന്റെ തകര്‍ച്ചയാണ്, എല്ലാ അര്‍ഹതകളുടെയും ചരക്കുമൂല്യത്തെ ബാധിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഗൗരവമായിട്ടുള്ളത് അതാണ്. അത്തരം തകര്‍ച്ചകളെ തടഞ്ഞുനിര്‍ത്തുന്നതെങ്ങ നെയാണ്? അതായത് ചരക്കുകളെ മുന്‍നിര്‍ത്തിയുള്ള പണത്തിന്റെ മൂല്യം നിലനിര്‍ത്തുന്നതെങ്ങനെയാണ്? ഒരു രാജ്യത്തിനുള്ളില്‍ ചരക്കുകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പണത്തിന്റെ മൂല്യം ഗവണ്‍മെന്‍റിന്റെ തീട്ടൂരങ്ങള്‍ക്കനുസരിച്ചാണ് നിലനിര്‍ത്തപ്പെടുന്നത് എന്ന് കരുതുന്നത് അബദ്ധമാണ്. സ്വയമേവ ഏറെക്കുറെ വിലയില്ലാത്ത കടലാസ് തുണ്ടുകള്‍ക്ക് ഗവണ്‍മെന്റിന്റെ അംഗീകാരമുണ്ട് എന്നതിനാല്‍ ചരക്കുകളെ മുന്‍നിര്‍ത്തിക്കൊണ്ട് ആ കടലാസ് തുണ്ടുകള്‍ക്ക് വിലയുണ്ട് എന്ന് കരുതുന്നത് അബദ്ധമാണ്. (ഗവണ്‍മെന്‍റ് നികുതി പിരിക്കുന്നത് ഈ കടലാസ് തുണ്ടുകളിലൂടെയാണല്ലോ). ഇക്കാര്യം മനസ്സിലാക്കുന്നതിന്, പണത്തിന്റെ ചരക്ക് മൂല്യത്തിന്റെ തകര്‍ച്ചയോടൊപ്പം ഉണ്ടാകുന്ന അത്യധികം ഉയര്‍ന്ന നാണയപ്പെരുപ്പത്തിന്റെ സ്ഥിതിയൊന്നു വിഭാവനം ചെയ്താല്‍ മതി. അത്തരമൊരു അവസ്ഥയുണ്ടാകുമ്പോള്‍ പണമോ പണത്തിന്റെ പേരിലുള്ള (ഫിനാന്‍ഷ്യല്‍) ആസ്തികളോ കയ്യില്‍വെയ്ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കാന്‍ ഗവണ്‍മെന്റിന്റെ ഒരു തീട്ടൂരംകൊണ്ടും കഴിയുകയില്ല. അതിനാല്‍ അത്തരം സ്ഥിതിഗതികള്‍ ഉയര്‍ന്നുവരുന്നതിനെ തടയുന്ന "മറ്റെന്തോ ഒന്ന്" ഉണ്ടായിരിക്കണം - അത്, ആ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തില്‍ അന്തര്‍ലീനമായിത്തന്നെ ഉള്ളതുമായിരിക്കണം.
ഒരു നിശ്ചിത കാലയളവില്‍ പണ വേതനം, മാതൃകാപരമാംവിധത്തില്‍ സ്ഥിരമായി നിലനിര്‍ത്തപ്പെടുന്നു, ഇനി അഥവാ അത് മാറുന്നുവെങ്കില്‍ത്തന്നെ, ആ മാറ്റം കാലംകൊണ്ട്, പതുക്കെ മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന വസ്തുതയിലാണ്, അത് നിലനില്‍ക്കുന്നത്. ഏതൊരു സമ്പദ്വ്യവസ്ഥയിലും പണത്തിന്റെ മൂല്യം യഥാര്‍ത്ഥത്തില്‍ നിലനിര്‍ത്തപ്പെടുന്നത് ഈ വസ്തുതയാലാണ് - അതായത് ഒരു നിര്‍ണായകമായ ചരക്കിന്റെ മൂല്യംകൊണ്ട്. അതായത് അതിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ശക്തി നിശ്ചയിക്കപ്പെടുന്നത്. മുതലാളിത്തത്തിന്‍കീഴില്‍ പൂര്‍ണമായ തൊഴില്‍ അസാധ്യമാണ് തൊഴില്‍സേനയുടെ ഒരു കരുതല്‍ശേഖരത്തെ നിലനിര്‍ത്തിക്കൊണ്ടാണ് ഇത് സാധിക്കുന്നത്. ട്രേഡ് യൂണിയനുകളെ ദുര്‍ബലപ്പെടുത്തുക എന്നതാണ് കരുതല്‍ തൊഴില്‍സേനയുടെ ദൗത്യം. വിലക്കയറ്റം ഉണ്ടാകുന്ന അവസരത്തില്‍പ്പോലും പണവേതന വര്‍ധന നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതി അതുമൂലം സംജാതമാകുന്നു.
പല കാരണങ്ങളാല്‍ മുതലാളിത്തത്തിന്‍കീഴില്‍ പൂര്‍ണമായ തോതിലുള്ള തൊഴില്‍ അസാധ്യമാണ് - അവയില്‍ ഒരു പ്രധാനപ്പെട്ട കാരണം ഇതാണ്: അതായത് മുതലാളിത്തത്തിന്‍കീഴില്‍ പൂര്‍ണമായ തൊഴില്‍ എന്നത്, പണത്തിന്റെ സംഭരണമൂല്യത്തിന്റെ പങ്കുമായി യോജിച്ചു പോകുന്നതല്ല. എന്നാല്‍ , പണവേതനം (അതായത് തൊഴില്‍ശക്തിയുടെ മൂല്യം) ഓരോ രാജ്യത്തിനുള്ളിലും പിടിച്ചുനില്‍ക്കുന്നതുകൊണ്ടു മാത്രമായില്ല.ഒരു പ്രത്യേക രാജ്യത്തിലെ തൊഴില്‍ശക്തി ഉപയോഗിച്ചുകൊണ്ട് ചരക്കുകള്‍ ഉല്‍പാദിപ്പിക്കുന്നുവെന്നിരിയ്ക്കട്ടെ. ആ ചരക്കുകള്‍ , ആ രാജ്യത്ത് നിലനില്‍ക്കുന്ന പണവേതനംകൊണ്ട് (നിലവിലുള്ള വിനിമയ നിരക്കില്‍ ഡോളറിന്റെ അടിസ്ഥാനത്തില്‍) വാങ്ങാമെങ്കിലും അവ വാങ്ങാന്‍ ആരുമില്ലെന്നും ഇരിയ്ക്കട്ടെ. അങ്ങനെ വരുമ്പോള്‍ ആ രാജ്യത്തിലെ ആസ്തിയുടെ മേല്‍ ഫിനാന്‍ഷ്യല്‍ അര്‍ഹത കൈവശംവെച്ചുകൊണ്ടിരിക്കുന്നവര്‍ അസ്വസ്ഥരായിത്തീരും. ആ രാജ്യത്ത് ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ചരക്കുകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള അവരുടെ അര്‍ഹതകളുടെ മൂല്യം സ്ഥിരമായി നില്‍ക്കുമെങ്കിലും, ആ ചരക്കുകള്‍ വില്‍ക്കാന്‍ കഴിയില്ലെങ്കില്‍ , അവയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ വലിയ വിലയൊന്നും കാണുകയില്ല. വില്‍ക്കാന്‍ കഴിയാത്ത, പണമാക്കി മാറ്റാന്‍ കഴിയാത്ത ചരക്കുകള്‍ക്ക് പണത്തിന്റെ പ്രാതിനിധ്യം വഹിയ്ക്കാനും കഴിയുകയില്ല. അതിനാല്‍ ഓരോ രാജ്യത്തെയും പണവേതനത്തിന് അവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയണമെന്ന് മാത്രമല്ല അന്നന്നു നിലവിലുള്ള വിനിമയനിരക്കിന്റെ അടിസ്ഥാനത്തില്‍ ആ രാജ്യം അന്താരാഷ്ട്രതലത്തില്‍ മല്‍സരക്ഷമമായിത്തീരുമ്പോള്‍ അതിനു പിടിച്ചുനില്‍ക്കാനും കഴിയണം. ആ പ്രത്യേക രാജ്യത്തില്‍ ഫിനാന്‍ഷ്യല്‍ അര്‍ഹതകള്‍ കൈവശംവെയ്ക്കുന്നവര്‍ , തങ്ങളുടെ അര്‍ഹതകള്‍ കൈവശം തന്നെ വെയ്ക്കാന്‍ നിര്‍ബന്ധിതരായിത്തീരുമ്പോള്‍ കാര്യം ഇങ്ങനെ ആയി കൊള്ളണമെന്നില്ല. (അവര്‍ക്ക് മുന്നിലുള്ള ഒരേയൊരു ബദല്‍ മാര്‍ഗം ചരക്കുകള്‍ കൈവശംവെയ്ക്കുക എന്നതാണ്). എന്നാല്‍ ആ രാജ്യത്തില്‍ കൈവശംവെയ്ക്കുന്ന അര്‍ഹതകള്‍ , അവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തെ അര്‍ഹതകളാക്കി മാറ്റാന്‍ കഴിയുകയാണെങ്കില്‍ , അതായത് ഫിനാന്‍സിന് വിവിധ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി ചലിക്കുവാന്‍ കഴിയത്തക്കവിധത്തില്‍ ഫിനാന്‍സിന്റെ ആഗോളവല്‍ക്കരണം നടന്നിട്ടുണ്ടെങ്കില്‍ , ഏതെങ്കിലും രാജ്യത്തെ പണവേതനം പിടിച്ചു നില്‍ക്കുന്നതായിരുന്നാല്‍ മാത്രം പോര, നിലവിലുള്ള വിനിമയനിരക്കിന് ആനുപാതികമായി അതിനൊരു പ്രത്യേക നിലവാരം ഉണ്ടായിരിക്കുകയും വേണം.
അതെന്തായാലും, "അന്താരാഷ്ട്ര തലത്തിലെ മല്‍സരക്ഷമത" എന്നതിന് വലിയ അര്‍ഥമൊന്നുമില്ല എന്ന് ഒട്ടൊന്ന് ആലോചിച്ചാല്‍ മനസ്സിലാവും. ഏതെങ്കിലും വസ്തുനിഷ്ഠ മാനദണ്ഡം അനുസരിച്ച് ഒരു രാജ്യത്തിന് "അന്താരാഷ്ട്ര തലത്തില്‍ മല്‍സരക്ഷമത" കൈവരിയ്ക്കാന്‍ കഴിഞ്ഞേയ്ക്കാം; എന്നിരിയ്ക്കിലും പല കാരണങ്ങളാലും അതിന്റെ ചരക്കുകള്‍ അന്താരാഷ്ട്ര തലത്തില്‍ വിറ്റഴിയ്ക്കപ്പെടുന്നില്ല എന്നും വരാം - ആ ചരക്കുകളോടുള്ള മുന്‍വിധി തൊട്ട് അവയെക്കുറിച്ച് വേണ്ടത്ര അറിവില്ലായ്മവരെയുള്ള നിരവധി കാരണങ്ങള്‍ അതിനുണ്ടാവാം. അതിനാല്‍ ഒരു പ്രത്യേക രാജ്യത്ത് ഫിനാന്‍ഷ്യല്‍ അര്‍ഹതകള്‍ കൈവശം വെയ്ക്കുന്നതിന് ആസ്തി കൈവശം വെയ്ക്കുന്നവര്‍ തേടുന്ന ഒരേയൊരു സൂചകം, ആ രാജ്യം സ്ഥിരമായി അടവുശിഷ്ട പ്രതിസന്ധി നേരിടുന്നുണ്ടോ എന്നതാണ്. അവ അങ്ങനെ നേരിടുന്നുണ്ടെങ്കില്‍ , ആ രാജ്യത്തെ പണവേതനം മെച്ചപ്പെട്ടതാണെങ്കില്‍ത്തന്നെയും, അവര്‍ മറ്റെങ്ങോട്ടെങ്കിലും നീങ്ങുന്നതായിരിക്കും; മറിച്ച് ആ രാജ്യം അടവുശിഷ്ട പ്രതിസന്ധി നേരിടുന്നില്ലെങ്കില്‍ , അവര്‍ അവിടെത്തന്നെ നില്‍ക്കുകയും ചെയ്യും.
എന്നാല്‍ ഒരു രാജ്യം അടവുശിഷ്ട പ്രതിസന്ധിയെ നേരിടുന്നുണ്ടോ എന്നത്, അതിന്റെ പ്രവര്‍ത്തനത്തെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതല്ല. അത് വളരെ നിര്‍ണായകമായ രീതിയില്‍ , ആഗോളചോദന അവസ്ഥയേയും ആശ്രയിച്ചുനില്‍ക്കുന്നു. മൊത്തത്തിലുള്ള ആഗോളചോദനത്തില്‍ ഇടിവ് സംഭവിക്കുന്നതിന്നര്‍ഥം, ചില രാജ്യങ്ങളുടെ ഉല്‍പന്നങ്ങളുടെ കാര്യത്തിലുള്ള ആഗോളചോദനം കുറയുന്നുവെന്നാണ്. ആ രാജ്യങ്ങളുടെ അന്താരാഷ്ട്ര മല്‍സരക്ഷമതയുമായി ഇതിന് ബന്ധമൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല എന്നിട്ടും അവ അടവുശിഷ്ട പ്രതിസന്ധി നേരിടുന്നുണ്ടെന്ന് വരാം. ഉദാഹരണത്തിന് ആഗോളചോദനം കുറയ്ക്കത്തക്കവിധത്തില്‍ അമേരിക്കന്‍ ഗവണ്‍മെന്‍റ് അതിന്റെ ചെലവ് വെട്ടിക്കുറയ്ക്കുന്നുവെന്നിരിയ്ക്കട്ടെ. അതിന്റെ ഫലമായി ചില അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് അവരുടെ ജോലിയും വരുമാനവും നഷ്ടപ്പെട്ടുവെന്നുമിരിയ്ക്കട്ടെ. ഗ്രീസിലെ അക്രോ പോലീസ് സന്ദര്‍ശിക്കുന്നതിനുവേണ്ടിയാണ് എല്ലാ വര്‍ഷവും അവരുടെ വരുമാനം ഉപയോഗിയ്ക്കപ്പെടുന്നതെങ്കില്‍ , അവരുടെ വരുമാന നഷ്ടം കൊണ്ട് ഗ്രീസിലെ അടവുശിഷ്ട പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കുകയാണ് ചെയ്യുക. എന്നാല്‍ ഗ്രീസിന്റെ ഭാഗത്തുള്ള അന്താരാഷ്ട്ര മല്‍സരക്ഷമതാ നഷ്ടവുമായി ഇതിന് യാതൊരു ബന്ധവുമില്ല താനും. അതിനാല്‍ ഒരു രാഷ്ട്രത്തിന്റെ അടവുശിഷ്ട പ്രതിസന്ധിയെ നിശ്ചയിക്കുന്നത് മല്‍സരക്ഷമത മാത്രമാണെന്ന നിഗമനം മുഖ്യധാരാ സാമ്പത്തിക സിദ്ധാന്തത്തില്‍ അടങ്ങിയിട്ടുള്ളതാണ്, മൊത്തം ചോദനത്തെ സംബന്ധിച്ച പ്രശ്നമൊന്നും ഒരിയ്ക്കലും ഉണ്ടായിട്ടില്ല എന്നു തീര്‍ത്തും അബദ്ധജടിലമായ നിഗമനത്തിലാണ് അത് എത്തിച്ചേരുന്നത്. അതിനാല്‍ ഗ്രീസില്‍ , ആസ്തിയുടമകള്‍ക്ക് തുടര്‍ന്നും അര്‍ഹതകള്‍ കൈവശം വെയ്ക്കുന്നതിന്, അതായത് ധന ആസ്തികള്‍ പുറത്തേയ്ക്ക് ഒഴകിപ്പോകുന്നത് തടയുന്നതിന്, ഗ്രീക്ക് സമ്പദ്വ്യവസ്ഥയിലെ മൊത്തം ചോദനം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം എന്നാണ് വാദിയ്ക്കപ്പെടുന്നത്. അങ്ങനെ ചെയ്താല്‍ ഗ്രീസിന്റെ ഇറക്കുമതി ചെലവ് കുറയും; ഗ്രീസിന്റെ അടവുശിഷ്ട നില മെച്ചപ്പെടുകയു ചെയ്യും. എന്നാല്‍ ഗ്രീസിന്റെ ഉല്‍പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ ചോദനം കുറഞ്ഞതുകൊണ്ട് അല്ലെങ്കില്‍ത്തന്നെ വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗ്രീക്കുജനതയുടെമേല്‍ , ഇത് മുമ്പെന്നത്തേക്കാളും കൂടുതല്‍ ഭാരം (കൂടുതല്‍ വലിയ അളവിലുള്ള തൊഴിലില്ലായ്മയുടെയും വെട്ടിക്കുറയ്ക്കപ്പെട്ട ഉപഭോഗത്തിന്റെയും രൂപത്തിലുള്ള ഭാരം) കയറ്റിവെയ്ക്കുക മാത്രമല്ല ചെയ്യുക; ആഗോളചോദനത്തിലുണ്ടായ തകര്‍ച്ചയെ അത് കൂടുതല്‍ രൂക്ഷമാക്കുകയും ആഗോള സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയും ചെയ്യും.
അധ്വാനിക്കുന്ന ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു ഈ ഉദാഹരണത്തില്‍ , ഗ്രീസിന്റെ മുന്നില്‍ മറ്റ് രണ്ട് ബദല്‍ മാര്‍ഗങ്ങള്‍ കൂടി ലഭ്യമാണ്. വിനിമയ നിരക്കുകളില്‍ മാറ്റം വരുത്താതെത്തന്നെ ഗ്രീസിനുള്ളിലെ പണവേതനം കുറയ്ക്കുക എന്നതാണ് ഒന്നാമത്തെ മാര്‍ഗം. അത് മറ്റ് രാജ്യങ്ങളിലെ വിലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രീസിലെ വിലകള്‍ കുറയ്ക്കുന്നതിന് ഇടയാക്കും; അതുവഴി ഗ്രീസിന്റെ അടവുശിഷ്ട നില മെച്ചപ്പെട്ടുവെന്നും വരും. എന്നാല്‍ അത്തരമൊരവസ്ഥയില്‍ ഗ്രീസിലെ വിലയിടിച്ചില്‍ , പണവേതനത്തിലെ കുറവിനേക്കാള്‍ കുറവായിരിക്കും. അതിനാല്‍ അതിന്റെ ഫലമായി ഗ്രീസിലെ അധ്വാനിക്കുന്ന ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം, നാം നേരത്തെ ചര്‍ച്ച ചെയ്ത അതേ വിധത്തിലുള്ളതു തന്നെയായിരിക്കും. ഗ്രീസിന്റെ മുന്നിലുള്ള മറ്റൊരു ബദല്‍ , വിനിമയനിരക്കിന്റെ മൂല്യശോഷണമാണ്. (എന്നാല്‍ ഗ്രീസിന്റെ മൂര്‍ത്തമായ സാഹചര്യത്തില്‍ അത് സാധ്യമല്ല. ആ രാഷ്ട്രം യൂറോ സോണില്‍ അംഗമായതുകൊണ്ട് സ്വന്തമായി നാണയമില്ലല്ലോ). ഏതൊരു വിനിമയനിരക്ക് മൂല്യശോഷണവും ഫലപ്രദമാകണമെങ്കില്‍ , അതിനോടൊപ്പം കൂലിവിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തുകയും വേണം. (കാരണം പല സാധനങ്ങളും ഇറക്കുമതി ചെയ്യേണ്ടിവരും. വിദേശ വിനിമയ വില ഉയരുന്നതിനനുസരിച്ച് അവയുടെ ആഭ്യന്തര നാണയത്തിലുള്ള വിലയും വര്‍ധിക്കും. മുതലാളിമാരാകട്ടെ, നിശ്ചിതമായ ലാഭവിഹിതം ലഭിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യും. അതിനാല്‍ വിദേശവിനിമയ നിരക്ക് വര്‍ധിക്കുന്ന അതേ തോതില്‍ കൂലി വര്‍ധിക്കാതിരിക്കുന്നുവെങ്കിലേ, അസ്സല്‍ കയറ്റുമതി വര്‍ധിക്കുകയുള്ളൂ) ഇതിനൊക്കെ പുറമെ, ലോകത്തിലെ മൊത്തം ഡിമാന്‍റ് പ്രകടമായി കുറയുന്ന അവസരത്തില്‍ , ഗ്രീസ് മാത്രമല്ല, മറ്റ് നിരവധി രാജ്യങ്ങളും ഗ്രീസിന്റെ ഇതേ ദയനീയമായ അവസ്ഥയില്‍ എത്തിച്ചേരും. അതിനാല്‍ വിദേശ വിനിമയ മൂല്യശോഷണം, അനിവാര്യമായും ഇതേപോലെയുള്ള അവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളുടെ എതിര്‍പ്പിനെ ക്ഷണിച്ചുവരുത്തും. അവയും തിരിച്ചടിയ്ക്കും. എന്നു മാത്രമല്ല, ആഗോളചോദനത്തില്‍ കുറവുണ്ടായിട്ടും അടവുശിഷ്ട കണക്കില്‍ മിച്ചമുള്ള രാജ്യങ്ങള്‍ക്കും ഒട്ടൊക്കെ തൊഴിലില്ലായ്മയേയും മാന്ദ്യത്തേയും നേരിടേണ്ടിവരും. അവയും സ്വന്തം വിപണി നഷ്ടപ്പെടുത്തുന്നതിനുപകരം തിരിച്ചടിക്കുന്ന കളിയില്‍ ചേരും. ചുരുക്കത്തില്‍ "അയല്‍ക്കാരനെ ഇരപ്പാളിയാക്കുന്ന" തരത്തിലുള്ള വിനിമയനിരക്ക് മൂല്യശോഷണം ആഗോളമാന്ദ്യത്തിന്റെ നടുവിലാണ് ഏറ്റെടുക്കുന്നതെങ്കില്‍ , അനിവാര്യമായും എടുത്തുപറയത്തക്ക രീതിയിലുള്ള തിരിച്ചടിയെ ക്ഷണിച്ചുവരുത്തും.
അതിനാല്‍ ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത് ഇതാണ്: മൂലധന (പ്രത്യേകിച്ചും ധനമൂലധനം)ത്തിന് ആഗോളതലത്തില്‍ ചലിയ്ക്കാന്‍ സ്വാതന്ത്ര്യമുള്ള ലോകത്തില്‍ , ആഗോളചോദനത്തില്‍ തുടക്കത്തില്‍ എന്തെങ്കിലും ഇടിവുസംഭവിക്കുന്നുവെങ്കില്‍ അത് "ചെലവുചുരുക്കല്‍" നടപടികള്‍ എന്നു പറയപ്പെടുന്ന (ആഭ്യന്തര ഉപഭോഗം വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടികള്‍) നടപടികള്‍ കെട്ടിയേല്‍പിക്കപ്പെടുന്നതിലൂടെ വളരെയേറെ വിപുലീകരിയ്ക്കപ്പെടുന്നു. കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ കെട്ടിയേല്‍പിക്കപ്പെടുന്ന ഗ്രീസില്‍ ഇതാണ് യഥാര്‍ത്ഥത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അതെന്തായാലും, ചെലവുചുരുക്കല്‍ നടപടികള്‍ കെട്ടിയേല്‍പിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാണിയ്ക്കേണ്ടതുണ്ട്.
ഒന്നാമത് "സാമ്പത്തിക സ്ഥിതി മോശ"മാകുമ്പോള്‍ മാത്രം കെട്ടിയേല്‍പിക്കപ്പെടുന്ന "ബുദ്ധിശൂന്യമായ" നയമായിട്ടാണ് അത് പലപ്പോഴും വീക്ഷിയ്ക്കപ്പെടുന്നത്. എന്നാല്‍ അത് ശരിയല്ല. ഫിനാന്‍സ് മൂലധനത്തിന്റെ താല്‍പര്യപ്രകാരമുള്ള തീട്ടൂരങ്ങള്‍ അനുസരിച്ചാണ് അത് നടപ്പാക്കപ്പെടുന്നത്. ഏതൊരു "ചെലവുചുരുക്കല്‍" നടപടിയും അധ്വാനിക്കുന്ന ജനങ്ങളുടെ സ്ഥിതി വഷളാക്കുന്ന നടപടിയും, നിലവിലുള്ള വ്യവസ്ഥയുടെ നിലനില്‍പ്പ് സാധ്യതയെത്തന്നെ അട്ടിമറിക്കുന്നതാണ്; അതിനാല്‍ ഏതൊരു മൂലധനത്തിന്റെയും "ദീര്‍ഘകാല താല്‍പര്യങ്ങളെ" സംബന്ധിച്ചിടത്തോളം അത് യോജിച്ചതല്ല. എന്നാല്‍ മുതലാളിത്തം ഒരു ആസൂത്രിത സമ്പദ്വ്യവസ്ഥയല്ല, മറിച്ച് സ്വയമേവ വളര്‍ന്നുവരുന്ന വ്യവസ്ഥയാണ് എന്നതിനാല്‍ , മൂലധനത്തിന്റെ പരിഗണനയില്‍ സാധാരണ നിലയില്‍ "ദീര്‍ഘകാല താല്‍പര്യങ്ങള്‍" കടന്നുവരാറില്ല. (മറിച്ചാണെങ്കില്‍ ലോകത്തില്‍ മഹായുദ്ധങ്ങള്‍ ഉണ്ടാകുമായിരുന്നില്ലല്ലോ). രണ്ടാമത്തെ കാര്യം കുറച്ചു കൂടി സാങ്കേതികമായതാണ്. ഗ്രീസിന് സ്വന്തമായി ഒരു കേന്ദ്ര ബാങ്ക് ഉണ്ടായിരുന്നുവെങ്കില്‍ , ഗവണ്‍മെന്‍റിന് അതില്‍നിന്ന് വായ്പയെടുക്കാമായിരുന്നു (പണം അച്ചടിയ്ക്കുന്നതിലൂടെ). അങ്ങിനെ വന്നാല്‍ വിദേശ ബാങ്കുകള്‍ക്ക് ഗ്രീക്ക് ഗവണ്‍മെന്‍റ് കടപ്പെടുന്ന പ്രശ്നം മുഴുവനും ഒഴിവാക്കാന്‍ കഴിയുമായിരുന്നു, ചെലവുചുരുക്കല്‍ നടപടികള്‍ കെട്ടിയേല്‍പിയ്ക്കേണ്ട ആവശ്യമേ ഉണ്ടാകുമായിരുന്നില്ല എന്നാണ് വാദിയ്ക്കപ്പെടുന്നത്. എന്നാല്‍ ഇതും ശരിയല്ല.
ലോകമാന്ദ്യത്തിന്റെ ഫലമായി ഉണ്ടാകുന്ന വിനിമയശിഷ്ട പ്രശ്നത്തില്‍നിന്നാണ് ഗ്രീസിന്റെ (അതുപോലെ മറ്റ് പല രാജ്യങ്ങളുടെയും) വായ്പയുടെ പ്രശ്നം ഉണ്ടാകുന്നത്. ഗ്രീക്ക് ഗവണ്‍മെന്‍റ് കടം വാങ്ങിയത് വിദേശ ബാങ്കുകളില്‍ നിന്നായിരുന്നില്ല, തങ്ങളുടെ കേന്ദ്ര ബാങ്കില്‍ നിന്നായിരുന്നുവെങ്കില്‍ത്തന്നെ, ഗവണ്‍മെന്റിന്റെ വിനിമയ ശിഷ്ടത്തിലെ കമ്മി നികത്തുന്നതിനായി ഗവണ്‍മെന്‍റിന് വിദേശത്തുനിന്ന് വായ്പയെടുക്കേണ്ടി വരുമായിരുന്നു. ഇറക്കുമതി കുറയുന്ന പശ്ചാത്തലത്തില്‍ ഗവണ്‍മെന്റിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാതെ നിലനിര്‍ത്തിക്കൊണ്ട് ആഭ്യന്തര പ്രവര്‍ത്തനത്തിന്റെ നിലവാരം ഉയര്‍ത്തി നിര്‍ത്തേണ്ടിവരുന്നതുകൊണ്ടാണ് ഇങ്ങനെ വിനിമയശിഷ്ടത്തില്‍ കമ്മി ഉണ്ടാകുന്നത്. അതിനാല്‍ ഗവണ്‍മെന്‍റ് അതിന്റെ കമ്മി നോട്ട് അച്ചടിച്ചിറക്കിക്കൊണ്ട് നേരിട്ടിരുന്നുവെങ്കില്‍ത്തന്നെയും ഇതേ വായ്പാ പ്രശ്നം തന്നെ ഗവണ്‍മെന്‍റിന് നേരിടേണ്ടി വരുമായിരുന്നു. (അവസാനിക്കുന്നില്ല)
*
പ്രഭാത് പട്നായിക് ചിന്ത വാരിക 16 മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
1 comment:
ഇന്ന് ഗ്രീസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, സമകാലീന ലോകമുതലാളിത്തത്തിന്റെ കൂടുതല്‍ അഗാധമായ കുഴപ്പത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഈ കുഴപ്പത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന്, ഒരു സമ്പദ്വ്യവസ്ഥ എന്ന നിലയിലുള്ള മുതലാളിത്തത്തിന്റെ ചില അടിസ്ഥാന സവിശേഷതകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്. മുതലാളിത്തത്തിന്‍കീഴില്‍ , ആസ്തികളുടെ സിംഹഭാഗവും, പ്രത്യക്ഷത്തില്‍ ഭൗതിക ആസ്തികളുടെ രൂപത്തിലല്ല കൈവശംവെയ്ക്കപ്പെടുന്നത്; മറിച്ച് ഭൗതിക ആസ്തികളുടെ മേലുള്ള അര്‍ഹതയുടെ (ക്ലെയിം) രൂപത്തില്‍ പരോക്ഷമായിട്ടാണ്; അതായത് പണത്തിന്റെയും ധനആസ്തികളുടെയും രൂപത്തില്‍ . പരോക്ഷമായ ഈ അര്‍ഹതകള്‍ക്ക് (ക്ലെയിം) പല രൂപങ്ങളുണ്ട്; അഥവാ പല "അടുക്കു"കളുണ്ട്. അതായത് ഒരു ഫാക്ടറിയോ കെട്ടിടമോ പോലെയുള്ള ഭൗതിക ആസ്തികളുടെ മേല്‍ ആസ്തിയുടമക്കുള്ള അര്‍ഹതപോലെയുള്ള അവകാശം അഥവാ അര്‍ഹത. ഇത്തരം എല്ലാ അര്‍ഹതകള്‍ക്കും പണത്തിന്റെ അടിസ്ഥാനത്തിലുള്ള മൂല്യങ്ങളുമുണ്ട്. ചരക്കുകളുടെ ലോകത്തെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ (ചരക്കാണ് ആത്യന്തികമായി പ്രധാനപ്പെട്ട കാര്യം) ഈ അര്‍ഹതകളുടെ മൂല്യങ്ങളും മാറിയേയ്ക്കാവുന്നതാണ്. ഒന്നുകില്‍ അങ്ങനെ സംഭവിക്കുന്നത്, ചരക്കുകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പണത്തിന്റെ മൂല്യം മാറ്റമില്ലാതെ നിലനില്‍ക്കുമ്പോഴും, പണത്തെ മുന്‍നിര്‍ത്തിയുള്ള അവയുടെ (അര്‍ഹതകളുടെ) മൂല്യങ്ങള്‍ മാറുന്നതുകൊണ്ടാവാം ("കുമിളകള്‍" ഉണ്ടാകുന്നതിലും തകരുന്നതിലും അതാണ് സംഭവിക്കുന്നത്); അഥവാ ചരക്കുകളുടെ ലോകത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പണത്തിന്റെ മൂല്യം തന്നെ മാറുന്നതുകൊണ്ടുമാവാം അങ്ങനെ സംഭവിക്കുന്നത്.
Post a Comment