Sunday, March 11, 2012

കോണ്‍ഗ്രസ് പരാജയം: സാമ്പത്തിക നയത്തില്‍ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല

വിജയിച്ചാലും പരാജയപ്പെട്ടാലും ഓരോ തിരഞ്ഞെടുപ്പും ഞങ്ങള്‍ക്ക് പാഠമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പരാജയത്തെ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുശേഷം സോണിയാഗാന്ധി നടത്തിയ പത്രസമ്മേളനത്തിലാണ് അത്തരം ഒരു വിലയിരുത്തലിന് അവര്‍ മുതിര്‍ന്നത്. വിലക്കയറ്റവും നാണ്യപ്പെരുപ്പവും തിരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണമായി അംഗീകരിക്കാന്‍ അവര്‍ സന്നദ്ധത കാണിച്ചു. തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് തല്‍സ്ഥാനം വിട്ടൊഴിയുന്നതിനെപ്പറ്റി ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് 'ആ പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന' ഖണ്ഡിതമായ മറുപടിയാണ് സോണിയ നല്‍കിയത്. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പ്രതികരണം നല്‍കുന്ന സന്ദേശം 1. തിരഞ്ഞെടുപ്പുനടന്ന അഞ്ചില്‍ നാലു സംസ്ഥാനങ്ങളിലെ പരാജയത്തില്‍നിന്നും പാഠം ഉള്‍ക്കൊള്ളുമെന്ന് അവര്‍ പറയുന്നെങ്കിലും ജനങ്ങള്‍ക്ക് പ്രതീക്ഷനല്‍കുന്ന ഏതെങ്കിലും പാഠം ഉള്‍ക്കൊണ്ടതായി വ്യക്തമല്ല. 2. നാണ്യപ്പെരുപ്പവും വിലക്കയറ്റവും തിരഞ്ഞെടുപ്പില്‍ വിനയായെന്ന തിരിച്ചറിവ് എന്ത് മാറ്റത്തിന് വഴിതെളിക്കുമെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല. 3. കോണ്‍ഗ്രസിന്റെ പരാജയത്തിനു വഴിതെളിച്ച സാമ്പത്തിക നയങ്ങള്‍ക്ക് നേതൃത്വംനല്‍കുന്ന ഡോ മന്‍മോഹന്‍സിംഗ് തല്‍സ്ഥാനത്ത് തുടരും. അതായത് ജനവിരുദ്ധ ഉദാരീകരണ സാമ്പത്തിക നയത്തില്‍ യാതൊരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല.

സോണിയാഗാന്ധിയുടെ പ്രതികരണത്തിലെ കാതലായ ഭാഗം നാണ്യപ്പെരുപ്പവും വിലക്കയറ്റവും കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമായെന്ന തിരിച്ചറിവാണ്. നാണ്യപ്പെരുപ്പവും വിലക്കയറ്റവും രാജ്യത്തിന്റെ സമ്പദ്ഘടനയെ പിടികൂടിയിരിക്കുന്ന രോഗത്തിന്റെ രൂക്ഷമായ ലക്ഷണങ്ങള്‍ മാത്രമാണ്. അതാകട്ടെ സമ്പദ്ഘടനയിലാകെ പടര്‍ന്നു പിടിച്ചിരിക്കുന്ന ഉദാരവല്‍ക്കരണ സാമ്പത്തിക നയമെന്ന കാന്‍സറിന്റെ പ്രത്യക്ഷ ലക്ഷണവും. രാജ്യം നേരിടുന്ന രോഗലക്ഷണങ്ങള്‍ക്ക് ചികിത്സ ഏതുമില്ല. രോഗഹേതുവായ കാന്‍സര്‍ മുറിച്ചുനീക്കുക തന്നെ വേണം. അതിന് അനിവാര്യമായി വേണ്ട ജനങ്ങളോടുള്ള പ്രതിബന്ധത കോണ്‍ഗ്രസിനുണ്ടോ? ഡോ മന്‍മോഹന്‍സിംഗ് നാളിതുവരെ അവലംബിച്ചുപോന്നിരുന്ന സാമ്പത്തിക നയങ്ങള്‍ വിശാലജനവിഭാഗങ്ങള്‍ക്കും അവരുടെ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണ്. അത് വിദേശ ധനമൂലധനത്തിനും രാജ്യത്തിനകത്തും പുറത്തുമുള്ള കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കും അനുകൂലമായാണ് വാശിയോടെ ദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചുവരുന്നത്. ആ നയങ്ങളാണ് തിരുത്തപ്പെടേണ്ടത്. അത്തരം ഒരു തിരുത്തലിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനും അതിന്റെ അധ്യക്ഷ സോണിയാഗാന്ധിക്കും കഴിയുമോ എന്നതാണ് വെല്ലുവിളി.

ആ നയപരിപാടികളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഡോ മന്‍മോഹന്‍സിംഗിന്റെ പ്രധാനമന്ത്രി പദവി. നവഉദാരീകരണ സാമ്പത്തിക നയത്തിലേക്കുള്ള ഇന്ത്യയുടെ പരസ്യവും പ്രകടവുമായ മാറ്റത്തിനു നേതൃത്വം നല്‍കിയ നരസിംഹറാവു മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്നു ഡോ മന്‍മോഹന്‍സിംഗ്. ആഗോള ധനമൂലധനത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിനും അനുകൂലമായ അദ്ദേഹത്തിന്റെ നിലപാടുകളാണ് ഒന്നാം യു പി എ ഗവണ്‍മെന്റിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികളെ നിര്‍ബന്ധിതമാക്കിയത്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായി നമ്മുടെ രാജ്യതാല്‍പര്യങ്ങള്‍ക്കു തന്നെ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കാന്‍ യു പി എ സര്‍ക്കാരിനു നേതൃത്വം നല്‍കുന്നത് മറ്റാരുമല്ല. കോര്‍പ്പറേറ്റ് നിക്ഷിപ്ത താല്‍പര്യങ്ങളെ നിര്‍ലജം സംരക്ഷിക്കുന്ന ജനതാല്‍പര്യങ്ങള്‍ക്കെതിരെ നിര്‍വികാരവും നിസംഗവും കര്‍ക്കശവുമായ നിലപാടുകളാണ് അദ്ദേഹം പിന്തുടര്‍ന്നു വരുന്നത്. എണ്ണവിലയുടെ നിയന്ത്രണം എടുത്തുകളയുക, പൊതുമേഖലാ ഓഹരികള്‍ വിറ്റു തുലക്കുക, ഭക്ഷ്യസുരക്ഷാ ബില്‍ നിരന്തരമായി അവഗണിക്കുക, അഴിമതിക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ വിസമ്മതിക്കുക, കള്ളപ്പണക്കാരെ പരിരക്ഷിക്കുക തുടങ്ങി എണ്ണമറ്റ വിഷയങ്ങളില്‍ ജനവിരുദ്ധ കോര്‍പ്പറേറ്റ് പക്ഷപാതിത്വം പ്രകടിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് യാതൊരു സങ്കോചവുമില്ല. അത്തരമൊരു പ്രധാനമന്ത്രിയെ തല്‍സ്ഥാനത്തു നിന്നും നീക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന സോണിയാഗാന്ധിയുടെ പ്രഖ്യാപനം അസന്നിഗ്ധമാണ്. കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വെളിച്ചത്തിലും നവഉദാരീകരണനയവും അത് നടപ്പാക്കുന്ന ഭരണസംവിധാനവും ജനതാല്‍പര്യത്തിനു വിരുദ്ധമായി തുടരുക തന്നെ ചെയ്യും.

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയവും അതിനോടുള്ള സോണിയാഗാന്ധിയുടെ പ്രതികരണവും നവഉദാരീകരണ സാമ്പത്തികനയങ്ങളിലും കോര്‍പ്പറേറ്റ് നിഷിപ്ത താല്‍പര്യങ്ങളിലും ആഴ്ന്നുപോയ കോണ്‍ഗ്രസിന്റെ യഥാര്‍ഥ ചിത്രമാണിത് വ്യക്തമാക്കുന്നത്. അത് രാഷ്ട്ര - ജനതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയാനോ അംഗീകരിക്കാനോ സ്വയം തിരുത്താനോ സന്നദ്ധമല്ല. അത് രാജ്യത്തിനും ജനങ്ങള്‍ക്കും വ്യക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.

*
ജനയുഗം മുഖപ്രസംഗം ൦൯ മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...