Saturday, March 17, 2012

ജനങ്ങളെ മറന്നു രാജ്യത്തെയും

രാജ്യവും ജനങ്ങളും നേരിടുന്ന അതിഗുരുതരമായ പ്രശ്നങ്ങളില്‍നിന്ന് മുഖംതിരിക്കുന്നതും സാമ്പത്തികപ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതും ഇന്ത്യയെ കൂടുതല്‍ ചൂഷണത്തിനായി വിദേശകമ്പോളക്കാര്‍ക്ക് തുറന്നുകൊടുക്കുന്നതുമായ വികലനയങ്ങളാല്‍ ശ്രദ്ധേയമായ ബജറ്റാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ചത്.

2010-11ല്‍ 8.4 ശതമാനമായിരുന്ന മൊത്തം ദേശീയോല്‍പ്പാദനം 6.9 ലേക്ക് മൂക്കുകുത്തിയിരിക്കുന്നു. 2007-08ല്‍ 2.5 ശതമാനമായിരുന്ന ധനകമ്മി 4.6 ശതമാനമായി കുത്തനെ ഉയര്‍ന്നു. 2009-10ല്‍ 3.8 ശതമാനമായിരുന്ന പണപ്പെരുപ്പനിരക്ക് 9.1 ശതമാനവും കടന്ന് ഇരട്ട അക്കത്തിലേക്ക് കുതിക്കുന്നു. വിദേശനാണ്യശേഖരം ഇടിയുന്നു. വിലസൂചിക അനിയന്ത്രിതമായി ഉയരുന്നു. സാമ്പത്തികസ്ഥിതിയുടെ എല്ലാ സൂചകങ്ങളും അപകടകരമായ അവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്ന ഘട്ടത്തില്‍ സമ്പദ്ഘടനയെ സ്വാശ്രയത്വനയങ്ങളിലൂന്നി ശക്തിപ്പെടുത്താനും ദുരിതത്തിലാകുന്ന ജനങ്ങള്‍ക്ക് ആശ്വാസമരുളാനും വികസനത്തിന് പ്രാരംഭനീക്കങ്ങളെങ്കിലും നടത്താനും കാര്‍ഷിക-വ്യാവസായികോല്‍പ്പാദനം വര്‍ധിപ്പിക്കാനും ഒക്കെയുള്ള നടപടികളുണ്ടാകും ബജറ്റിലൂടെ എന്നാണ് സാധാരണ ജനം കരുതുക. എന്നാല്‍ , ഇതിനെല്ലാം നേര്‍വിപരീതദിശയിലൂടെയാണ് ബജറ്റ് നീങ്ങുന്നത്.

ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കാന്‍ പ്രതിബദ്ധമായ വര്‍ഗതാല്‍പ്പര്യങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു സര്‍ക്കാര്‍ ഇങ്ങനെ ചെയ്തില്ലെങ്കിലേ സാമ്പത്തികശാസ്ത്രത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെക്കുറിച്ച് നിശ്ചയമുള്ള ആരും അത്ഭുതപ്പെടൂ. എല്ലാ മറയും നീക്കിയുള്ള കോര്‍പറേറ്റ്-വിദേശപക്ഷപാതിത്വമാണ് യുപിഎ സര്‍ക്കാര്‍ ബജറ്റില്‍ പ്രകടിപ്പിച്ചിട്ടുള്ളത്. സര്‍വീസ് മേഖലയിലെ മിക്കവാറും എല്ലാ ജനങ്ങളെയും വര്‍ധിച്ച നികുതിയുടെ വലയ്ക്കുള്ളിലാക്കുന്ന സര്‍ക്കാര്‍ , കോര്‍പറേറ്റ് നികുതി വര്‍ധിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. കോര്‍പറേറ്റ് നികുതിനിരക്കില്‍ മാറ്റമില്ല എന്ന വിളംബരത്തിന്റെ മറവിലൂടെ 51,000 കോടി രൂപയുടെ നികുതിയിളവ് കോര്‍പറേറ്റുകള്‍ക്ക് അനുവദിക്കുകകൂടി ചെയ്തിരിക്കുന്നു. ഈ ഒരൊറ്റ ഉദാഹരണംമതി ബജറ്റിന്റെ കോര്‍പറേറ്റ് പ്രീണനനയം വ്യക്തമാകാന്‍ .

വിലക്കയറ്റം നിയന്ത്രിക്കാനോ പണപ്പെരുപ്പം ചുരുക്കാനോ ധനകമ്മി കുറയ്ക്കാനോ തൊഴിലില്ലായ്മ ലഘൂകരിക്കാനോ കര്‍ഷകര്‍ക്ക് ആശ്വാസമേകാനോ ഒരു നിര്‍ദേശവുമില്ല.60 ശതമാനത്തോളം ജനങ്ങള്‍ ആശ്രയിക്കുന്ന കൃഷിമേഖലയില്‍ നിക്ഷേപം ഉയര്‍ത്തുന്നില്ല. എന്നുമാത്രമല്ല, രാസവള സബ്സിഡി കുറച്ച് കൃഷിമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ ബജറ്റ് മടികാട്ടുന്നുമില്ല. ഭക്ഷ്യസുരക്ഷാനിയമത്തെക്കുറിച്ച് വാചാലമാകുന്ന യുപിഎ സര്‍ക്കാര്‍ ആ പദ്ധതി നടപ്പാക്കാന്‍ പര്യാപ്തമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടില്ല. മാത്രമല്ല, മൊത്തം ദേശീയ വരുമാനത്തിന്റെ രണ്ടു ശതമാനത്തിലായി എല്ലാ സബ്സിഡികളും ചുരുക്കിയെടുക്കുമെന്ന് പ്രഖ്യാപിക്കുകകൂടി ചെയ്തിരിക്കുന്നു!

വ്യാപകമായി ജനരോഷമുയരുന്നത് കണ്ടില്ലെന്നു നടിച്ച് ചില്ലറ വില്‍പ്പനരംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപം 51 ശതമാനംവരെയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ജനങ്ങളില്‍ വലിയ ഒരു വിഭാഗത്തിന്റെ ഉപജീവനമാര്‍ഗം ഇല്ലാതാക്കിക്കളയുമെന്നതിന്റെ പ്രഖ്യാപനമാണത്. നേരിട്ടുള്ള വിദേശനിക്ഷേപത്തോടുള്ള വ്യഗ്രത ഒടുങ്ങുന്നില്ല. വ്യോമയാനരംഗത്തിന്റെ 49 ശതമാനം വിദേശകമ്പനികള്‍ക്കായി തുറന്നുകൊടുക്കാന്‍ നിശ്ചയിച്ചിട്ടുണ്ട് ബജറ്റില്‍ . സര്‍ക്കാര്‍ ഉടമയിലുള്ള വ്യോമയാനസ്ഥാപനങ്ങള്‍ അത്തരം കമ്പനികളില്‍നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വായ്പയെടുക്കാനും പോകുന്നു. വിദേശത്ത് ശാഖകളുള്ള സ്ഥാപനങ്ങള്‍ക്ക് നികുതി അടയ്ക്കുന്നതിന് ഒരു വര്‍ഷത്തെ "നികുതി അവധിക്കാലം" പ്രഖ്യാപിച്ചുകൊടുക്കുകകൂടി ചെയ്തിട്ടുണ്ട് ഈ ബജറ്റ് എന്നറിയുമ്പോള്‍ , ബജറ്റ് ആര്‍ക്കുവേണ്ടിയുള്ളതാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നു.

സ്വാശ്രയത്വം എന്ന തത്വംതന്നെ ബജറ്റിലൂടെ ഉപേക്ഷിക്കുകയാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റുതുലച്ച് 30,000 കോടി രൂപ സമാഹരിക്കുമെന്നാണ് പ്രഖ്യാപനം. പൊതുമേഖലയെ ഉന്മൂലനം ചെയ്യുക എന്ന ആഗോളവല്‍ക്കരണ നയപരിപാടി അതിവേഗത്തില്‍ നടപ്പാക്കുകയാണെന്നര്‍ഥം. ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് സ്വാമിനാഥന്‍ അയ്യര്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞ കാര്യംകൂടി ബജറ്റിനോടുചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഇന്ധനവില സബ്സിഡി കുറയ്ക്കുന്ന തരത്തില്‍ ക്രമീകരിക്കുന്ന ഒരു സംവിധാനം ഏര്‍പ്പെടുത്തുമെന്നതാണത്. സത്യത്തില്‍ , സുപ്രധാനമായ പ്രഖ്യാപനമാണിത്. ബജറ്റിന്റെ ഭാഗമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ട നയതീരുമാനമാണ് ബജറ്റിനെയും പാര്‍ലമെന്റിനെയും മറികടന്ന് പ്രധാനമന്ത്രി പുറത്തുപറഞ്ഞത്. ഡീസലിന്റെയും മറ്റും വിലനിര്‍ണയാധികാരംകൂടി എണ്ണക്കമ്പനികള്‍ക്ക് കൈമാറുമെന്നതാണ് പ്രധാനമന്ത്രി സങ്കീര്‍ണഭാഷയില്‍ പറഞ്ഞതിന്റെ ശരിയായ അര്‍ഥം. വിലക്കയറ്റത്തിന്റെ മാലപ്പടക്കത്തിന് തീകൊളുത്തുന്ന അവസ്ഥയാകും അത് ഉണ്ടാക്കുക. സാമ്പത്തികമാന്ദ്യം ഉണ്ടെന്നും വ്യവസായ വികസനരംഗത്തെ മുരടിപ്പാണ് ഇതിന്റെ മുഖ്യകാരണമെന്നും സാമ്പത്തികസര്‍വേയിലൂടെ സമ്മതിച്ച യുപിഎ സര്‍ക്കാര്‍ സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്താന്‍ വ്യവസായവികസനം ത്വരിതപ്പെടുത്താന്‍ ഒരു നിര്‍ദേശവും മുമ്പോട്ടുവയ്ക്കുന്നില്ല. മാത്രമല്ല, വ്യോമയാനരംഗത്തടക്കം വിദേശകമ്പനികളെയും നേരിട്ടുള്ള നിക്ഷേപത്തെയും വരുത്തി ആഭ്യന്തരവ്യവസായരംഗത്തെ തകര്‍ക്കാന്‍ വേണ്ടത് ചെയ്യുന്നുമുണ്ട്. ഇന്ത്യയിലെ റിലയന്‍സുപോലുള്ള മുഖ്യകോര്‍പറേറ്റുകള്‍ക്കും വിദേശശക്തികള്‍ക്കും വേണ്ടിയുള്ള ബജറ്റാണിത്. മേനി നടിക്കല്‍ പ്രസ്താവനകള്‍ ധാരാളമുണ്ട് ഇതില്‍ .

കള്ളപ്പണത്തെക്കുറിച്ച് ധവളപത്രമിറക്കുമത്രേ. 90,000 കോടി വിദേശ കള്ളപ്പണനിക്ഷേപത്തിന്റെ വിശദാംശം കിട്ടിയിട്ട് നടപടിയെടുക്കാത്തവരാണ് ധവളപത്രമിറക്കുന്നത്. ധനകമ്മി വര്‍ധിക്കുന്നത് സബ്സിഡിയും ജനക്ഷേമനടപടികളുംകൊണ്ടാണെന്ന അനുമാനത്തില്‍ അതെല്ലാം ഇല്ലായ്മ ചെയ്യുന്നതിലാണ് ബജറ്റിന്റെ ഊന്നല്‍ . 32,000 കോടി രൂപയുടെ നികുതി പിരിച്ചെടുക്കാതെ വിട്ടിട്ടുണ്ട് എന്ന ബജറ്റ് കണക്കിലേക്ക് ധനമന്ത്രിയുടെ കണ്ണുചെന്നെത്തുന്നുമില്ല. പിരിച്ചെടുക്കാത്തത് കോര്‍പറേറ്റുകളില്‍നിന്നുള്ള നികുതിയാണ്. കസ്റ്റംസ് ഡ്യൂട്ടിയില്‍നിന്ന് തെര്‍മല്‍ പവര്‍ കമ്പനികളെയും കല്‍ക്കരി-പാചകവാതക കമ്പനികളെയും ഒഴിവാക്കിയതും സര്‍ക്കാരിന്റെ മനോഭാവത്തിന്റെ ദൃഷ്ടാന്തമാകുന്നുണ്ട്. അതേ ബജറ്റുതന്നെയാണ് സാധാരണക്കാരന് ബാധകമാകുന്ന കൂടുതല്‍ സേവനമേഖലകളെ ഉയര്‍ന്ന നികുതിനിരക്കിലാക്കിയത്. 18,650 കോടി രൂപയാണ് സര്‍വീസ് ടാക്സിലൂടെ പിരിച്ചെടുക്കാന്‍ പോകുന്നത്. മൊത്തം ദേശീയവരുമാനത്തിന്റെ 45 ശതമാനം കടഭാരമാണ്. ഈ അവസ്ഥയില്‍ ദേശീയോല്‍പ്പാദന വര്‍ധന 7.6 ശതമാനമാകുമെന്നും ധനകമ്മി 5.1 ശതമാനമായി കുറയുമെന്നുമൊക്കെയുള്ളത് വ്യര്‍ഥമായ അനുമാനങ്ങള്‍മാത്രമാണ്.

ആദായനികുതിയിളവുപരിധി രണ്ടു ലക്ഷമാക്കിയത് ഏറെപ്പേരെ ബാധിക്കുന്ന നടപടിയാണ്. കേരളത്തെ പൂര്‍ണമായി ബജറ്റ് അവഗണിച്ചു. സംസ്ഥാനം സമര്‍പ്പിച്ച നിവേദനത്തിലെ ഒരു ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. പ്രത്യേക പാക്കേജില്ല. കര്‍ഷക ആത്മഹത്യ, എന്‍ഡോസള്‍ഫാന്‍ ദുരന്തം തുടങ്ങിയവ മുന്‍നിര്‍ത്തി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ പ്രത്യേക ധനസഹായമില്ല. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഒന്നുമില്ല. ബീഡിവ്യവസായത്തെ തകര്‍ക്കാന്‍ പോരുന്ന നിര്‍ദേശമുണ്ടുതാനും. കേന്ദ്രനികുതിയില്‍നിന്നുള്ള കേരളത്തിന്റെ ഓഹരിയില്‍ അര്‍ഹമായ വര്‍ധനയില്ല. മെട്രോയ്ക്കായി പറയുന്ന 60 കോടിയും കാര്‍ഷികസര്‍വകലാശാലയ്ക്കുള്ള 100 കോടിയുമുണ്ട്. അവിടെ കഴിയുന്നു കേരളം. പ്രഖ്യാപിച്ച ഈ തുകകള്‍പോലും സങ്കീര്‍ണമായ ഒരുപാട് നൂലാമാലകളുടെ വ്യവസ്ഥകള്‍ മുറിച്ചുകടന്ന് കേരളത്തിലെത്തുമെന്നുറപ്പില്ല. ഈ അവഗണനയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണം.

*
ദേശാ‍ഭിമാനി മുഖപ്രസംഗം 17 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യവും ജനങ്ങളും നേരിടുന്ന അതിഗുരുതരമായ പ്രശ്നങ്ങളില്‍നിന്ന് മുഖംതിരിക്കുന്നതും സാമ്പത്തികപ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതും ഇന്ത്യയെ കൂടുതല്‍ ചൂഷണത്തിനായി വിദേശകമ്പോളക്കാര്‍ക്ക് തുറന്നുകൊടുക്കുന്നതുമായ വികലനയങ്ങളാല്‍ ശ്രദ്ധേയമായ ബജറ്റാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ചത്.