
1962 ല്‍ പ്രധാന കമ്യൂണിസ്റ്റ് നേതാക്കളെ ചൈനാചാരന്മാരെന്ന് മുദ്രകുത്തി ജയിലിടച്ചപ്പോഴും 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോഴും പ്രവര്‍ത്തകര്‍ക്ക് പ്രചോദനമേകി സംഘടനയെ പിടിച്ചുനിര്‍ത്തുന്നതില്‍ അദ്ദേഹം അത്ഭുതകരമായ പാടവമാണ് കാണിച്ചതെന്ന് ബേപ്പൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ടി ഹസ്സന്‍ ഓര്‍മിക്കുന്നു. കമ്യൂണിസ്റ്റുകാരുടെ മാത്രമല്ല, പാവപ്പെട്ട എല്ലാവരുടെയും സുഹൃത്തായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട് 47 വര്‍ഷം കഴിഞ്ഞെങ്കിലും പഴമക്കാരുടെ ഓര്‍മയില്‍ അബ്ദുറഹ്മാന്‍ സായ്വിന് ഇപ്പോഴും മരണമില്ല. സംസ്ഥാന കമ്മിറ്റി അംഗമായ ടി കെ ഹംസ ഓര്‍ക്കുന്നു:
"1959ല്‍ വിമോചന സമരത്തെതുടര്‍ന്ന് ഇഎംഎസ് മന്ത്രിസഭയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടപ്പോള്‍ ഇഎംഎസ്സിനെ മോറിസ് മൈനര്‍ കാറില്‍ കേരളത്തിലങ്ങോളമിങ്ങോളം എത്തിച്ചത് സായ്വായിരുന്നു. മുമ്പൊരിക്കല്‍ തൊഴിലാളിയെ റോഡിലിട്ട് തല്ലിയ പൊലീസുകാരെ അദ്ദേഹം വരച്ച വരയില്‍ നിര്‍ത്തുന്നത് കണ്ടിട്ടുണ്ട്. എക്കാലവും തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹം വെള്ളത്തിലെ മീനിനെയെന്നപോലെയാണ് ജനങ്ങള്‍ക്കിടയില്‍ ജീവിച്ചത്."

എന്‍ എസ് സജിത്
വര്‍ഷങ്ങള്‍ നീണ്ട വിചാരണ; ഒടുവില്‍ സ്രാങ്കിന് വധശിക്ഷ
കോഴിക്കോടിനെയെന്നല്ല, മലബാറിനെയാകെ പിടിച്ചുലച്ചു മുല്ലവീട്ടില്‍ അബ്ദുറഹ്മാന്‍ സാഹിബ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത. കോഴിക്കോട് കോര്‍ട് റോഡിലെ വീറ്റ് ഹൗസ് ഹോട്ടലില്‍ വച്ചാണ് വാടക ഗുണ്ടയും സ്ഥിരം കള്ളസാക്ഷിയുമായ മുഹമ്മദ് സ്രാങ്ക് മുല്ലവീട്ടില്‍ അബ്ദുറഹ്മാനെയും സുഹൃത്ത് ബപ്പന്‍ കോയയെയും കുത്തിക്കൊന്നത്. മരണവാര്‍ത്തയറിഞ്ഞ് ഒരുനാട് മുഴുവന്‍ കണ്ണീര്‍വാര്‍ത്തു. രാഷ്ട്രീയ നേതാക്കളും തൊഴിലാളി പ്രവര്‍ത്തകരും സാംസ്കാരികനായകരുമൊന്നടങ്കം ചെറുവണ്ണൂരിലേക്കൊഴുകി. നാടെങ്ങും മൗനജാഥകള്‍ , അനുശോചന യോഗങ്ങള്‍ . വീറ്റ് ഹൗസിലെ ക്ലബില്‍ ചീട്ടുകളിക്കിടെ അബ്ദുറഹ്മാന്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങിയ എം ടി വാസുദേവന്‍ നായര്‍ അനുസ്മരിക്കുന്നു:
"പിറ്റേന്ന് ചെറുവണ്ണൂരിലെ ശവമടക്കത്തില്‍ പുരുഷാരത്തിന്റെ കൂടെ ഞാനും നിന്നു. മരവിച്ച മനസ്സിലേക്ക് ദുഃഖത്തിന്റെ വായ്ത്തലകള്‍ ആഴ്ന്നിറങ്ങാന്‍ തുടങ്ങിയത് അപ്പോഴാണ്. അന്ന് സന്ധ്യക്ക് തൃശൂരില്‍ നിന്നും എന്‍ ആര്‍ വൈദ്യനാഥന്‍ വന്നു. അദ്ദേഹം കാറില്‍ ബംഗ്ലൂര്‍ വഴി മദ്രാസിലേക്ക് പോകുന്നു. ഞാനും അതില്‍ കയറിക്കൂടി. മദ്രാസില്‍ എനിക്ക് കാര്യമായൊന്നുമില്ല. ഈ ചുറ്റുപാടുകളില്‍ നിന്ന് മാറിനില്‍ക്കണമെന്നതായിരുന്നു ലക്ഷ്യം. ദിവസങ്ങള്‍ക്കുശേഷമാണ് ഞാന്‍ കോഴിക്കോട്ടു തിരിച്ചെത്തുന്നത്. നഗരം അപ്പോഴും നടുക്കത്തില്‍ നിന്ന് മോചനം നേടിയിട്ടില്ല. പകരം വയ്ക്കാന്‍ പറ്റാത്ത പ്രിയപ്പെട്ട ഒരു കൈമുതല്‍ നഷ്ടപ്പെട്ടിരിക്കുന്നു".
ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി മുഹമ്മദ് സ്രാങ്കിന് വേണ്ടി ആരും ഹാജരാവരുതെന്ന് അന്ന് ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു। ജനങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു അബ്ദുറഹ്മാന്‍ സാഹിബ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെക്കുവേണ്ടിപ്പോലും കോടതിയില്‍ വാദിക്കാന്‍ ആളുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി എത്തിയ അഭിഭാഷകനും പ്രതിയെ കൊലക്കയറില്‍ നിന്ന് രക്ഷിക്കാനായില്ല. വിചാരണക്കോടതി വിധിച്ച വധശിക്ഷ മേല്‍ക്കോടതികള്‍ ശരിവെച്ചു. സുപ്രിംകോടതിയും വധശിക്ഷ ശരിവച്ചതോടെ അപ്പീലും രാഷ്ട്രപതിക്ക് ദയാഹര്‍ജിയും. ഒടുവില്‍ രാഷ്ട്രപതി ഡോ. സാക്കിര്‍ ഹുസൈന്‍ ദയാഹര്‍ജി തള്ളി. സ്രാങ്കിന്റെ വധശിക്ഷ നടപ്പായി.
*
കടപ്പാട്: ദേശാഭിമാനി
1 comment:
ഒരിക്കല്‍ പോലും കമ്യൂണിസ്റ്റ് പാര്‍ടി അംഗമാവാതിരിക്കുക. അതേസമയം പാര്‍ടിയുടെ എല്ലാമെല്ലാമാവുക. അങ്ങനെ ഒരുപാടുപേര്‍ കേരളത്തിലുണ്ട്. പാര്‍ടിയുടെ സഹയാത്രികരായി ഒരായുസ്സ് മുഴുവന്‍ വിപ്ലവപ്രസ്ഥാനത്തിനുവേണ്ടി ഉഴിഞ്ഞുവച്ചവര്‍ . അത്തരക്കാരില്‍ മുമ്പനാണ് മുല്ലവീട്ടില്‍ അബ്ദുറഹ്മാന്‍ . കോഴിക്കോട് ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി വെല്ലുവിളി നേരിട്ടപ്പോഴൊക്കെ ഇടറാതെ ഒപ്പം നിന്നയാള്‍ . ട്രേഡ് യൂണിയന്‍ നേതാവായും സാംസ്കാരിക പ്രവര്‍ത്തകനായും ചെറുവണ്ണൂര്‍ -നല്ലളം പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ച അദ്ദേഹം ഈ മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് അടിത്തറയുണ്ടാക്കുന്നതില്‍ വഹിച്ച പങ്ക് നിസ്തുലം. ദേശാഭിമാനിയെ സിപിഐ എമ്മില്‍ നിന്ന് കൈവിടാതെ കാക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം 1965 ഒക്ടോബര്‍ അഞ്ചിന് ഒരു വാടകഗുണ്ടയുടെ കുത്തേറ്റ് മരിക്കുകയായിരുന്നു; 45ാം വയസ്സില്‍
Post a Comment