Saturday, March 31, 2012

ചോരുന്ന പ്രതിരോധം

യുപിഎ സര്‍ക്കാര്‍ കടുത്ത രാഷ്ട്രീയപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയും 1.76 ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിക്കുപുറകെ കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതിലെ 10.67 ലക്ഷം കോടി രൂപയുടെ അഴിമതി പുറത്തുവന്നതും യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രീയസ്ഥിരതയെയാണ് ഉലയ്ക്കുന്നത്. പ്രതിരോധമന്ത്രാലയത്തിലെ അഴിമതി ആരോപണം ഈ പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചു. ഈ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും രണ്ടു ദിവസമായി സ്തംഭിച്ചു. ഗുണം കുറഞ്ഞ 600 ടട്രാ ട്രക്കുകള്‍ വാങ്ങാനുള്ള കരാറിന് അനുവാദം നല്‍കിയാല്‍ 14 കോടി രൂപ കൈക്കൂലി നല്‍കാമെന്ന് ഒരു ലഫ്റ്റനന്റ് ജനറല്‍ കരസേനാ മേധാവി വി കെ സിങ്ങിനോട് പറഞ്ഞുവെന്ന വാര്‍ത്തയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം.

രാജ്യത്ത് കൂടുതല്‍ അഴിമതി നടക്കുന്ന മേഖലകളിലൊന്നാണ് പ്രതിരോധമന്ത്രാലയം. ഒരുലക്ഷം കോടിയിലധികമുള്ള വാര്‍ഷികബജറ്റില്‍ പകുതിയിലധികവും ഉപയോഗിക്കുന്നത് ആയുധ ഇറക്കുമതിക്കാണ്. സൈന്യത്തിന് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും 70 ശതമാനവും ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കോടിക്കണക്കിന് രൂപയുടെ ഈ ആയുധ ഇടപാടില്‍ കമീഷനെന്ന ഓമനപ്പേരില്‍ കോടികളുടെ അഴിമതിയും നടക്കുന്നു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായ കാലത്തുണ്ടായ ബൊഫോഴ്സ് ഇടപാടാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രതിരോധരംഗത്തെ പ്രധാന അഴിമതി. ഉത്തര്‍പ്രദേശും ബിഹാറും ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ ഹൃദയഭൂമികളില്‍നിന്ന് കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടതിനുപിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്, 64 കോടി രൂപയുടെ ബൊഫോഴ്സ് അഴിമതിയാണ്. സ്വീഡിഷ് കമ്പനിയില്‍നിന്ന് പീരങ്കി തോക്കുകള്‍ വാങ്ങിയതിലുള്ള അഴിമതിയാണ് രാജീവ്ഗാന്ധിയെ 1989ല്‍ അധികാരത്തില്‍നിന്ന് താഴെയിറക്കിയത്. പിന്നീട് ഇന്നുവരെ ഉത്തര്‍പ്രദേശിലും ബിഹാറിലും കരപിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

അതിനുശേഷം പ്രതിരോധമന്ത്രാലയത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് 2004ല്‍ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്ന് കാണാം. അഴിമതിയുടെ വേരുകള്‍ പിഴുതെറിയുമെന്നും പ്രതിരോധ ഇടപാടുകള്‍ സുതാര്യവും അഴിമതിമുക്തവുമാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ആന്റണി, പ്രതിരോധമന്ത്രാലയത്തിന് നേതൃത്വം നല്‍കുമ്പോഴാണ് ഈ അഴിമതിയത്രയും നടക്കുന്നതെന്നതാണ് ദുഃഖകരമായ സത്യം. സുഖ്ന ഭൂമി ഇടപാടും ആദര്‍ശ് ഫ്ളാറ്റ് കുംഭകോണവും പുറത്തുവന്നപ്പോള്‍ ആന്റണി വിഷയം കൈകാര്യം ചെയ്ത രീതി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അഴിമതി കര്‍ശനമായി തടയാനും അത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താനുമുള്ള നടപടികള്‍ ആന്റണി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപമുയര്‍ന്നത്.

ഇസ്രയേലുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ച 10,000 കോടി രൂപയുടെ മധ്യദൂര ഭൂതല- ആകാശ മിസൈല്‍ (എംആര്‍എസ്എഎം) ഇടപാടില്‍ 600 കോടി രൂപയുടെ കോഴയുണ്ടെന്ന് 2009ലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. ബറാക്ക് മിസൈല്‍ ഇടപാടില്‍ അഴിമതി നടത്തിയ ഇസ്രയേല്‍ ഏറോ സ്പേസ് ഇന്‍ഡസ്ട്രീസ്തന്നെയാണ് ഈ അഴിമതിക്കുപിന്നിലും പ്രവര്‍ത്തിച്ചത്. ബറാക്ക് അഴിമതിയുടെ പേരില്‍ ഈ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നെങ്കില്‍ എംആര്‍എസ്എഎം അഴിമതിക്ക് തടയിടാമായിരുന്നു. എന്നാല്‍, അതിന് യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. അതിന് പ്രധാന കാരണം 2009ലെ പൊതുതെരഞ്ഞെടുപ്പായിരുന്നുവെന്നും വ്യക്തം. കോഴയായി ലഭിച്ച 600 കോടി രൂപയില്‍ 450 കോടി രൂപയും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്കാണ് പോയതത്രേ. ബാക്കി തുകയാകട്ടെ കേന്ദ്രമന്ത്രിയും മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ ബന്ധുവായ ഇടനിലക്കാരന്റെ കീശയിലാണ് എത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍, ഈ ആരോപണങ്ങളെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്താന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി തയ്യാറായില്ല.

പതിനാലുകോടി രൂപ കൈക്കൂലി വാഗ്ദാനംചെയ്ത കാര്യം കരസേനാ മേധാവി ജനറല്‍ വി കെ സിങ് തന്നെയാണ് അഭിമുഖത്തില്‍ പുറത്തുവിട്ടത്. രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് ഇത് പുതിയ വിവരമായിരുന്നെങ്കിലും എ കെ ആന്റണിക്ക് അങ്ങനെയായിരുന്നില്ല. ഒരുവര്‍ഷംമുമ്പ് ജനറല്‍ വി കെ സിങ് ഇക്കാര്യം ആന്റണിയോട് നേരിട്ട് പറഞ്ഞിരുന്നു. 1986ലെ പ്രതിരോധ സേവന നിയന്ത്രണനിയമം അനുസരിച്ചാണ് കരസേനാ മേധാവി തൊട്ടുമുകളിലുള്ള അധികാരിയോട്, അതായത് പ്രതിരോധമന്ത്രിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. റിട്ട. ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍സിങ്ങാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്ന കാര്യവും ജനറല്‍ സിങ് ആന്റണിയോട് പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് ഈ വാര്‍ത്തയോട് പ്രതികരിച്ച ആന്റണി, ആദ്യം പറഞ്ഞത് ജനറല്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍ ഗൗരവമായാണ് കാണുന്നതെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ്. പിന്നീട് രാജ്യസഭയിലും ആന്റണി ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍, പ്രസക്തമായ ചോദ്യം ഒരുവര്‍ഷംമുമ്പ് എന്തുകൊണ്ട് ആന്റണി ഈ നടപടി സ്വീകരിച്ചില്ലെന്നതാണ്. പ്രതിരോധമേഖലയില്‍നിന്ന് അഴിമതി തുടച്ചുനീക്കുമെന്ന് ആവര്‍ത്തിക്കുന്ന ആന്റണി, അന്ന് എന്തുകൊണ്ട് അന്വേഷണത്തിന് ഉത്തരവിട്ടില്ല?

പ്രതിപക്ഷം പാര്‍ലമെന്റില്‍ ഈ ചോദ്യം ഉയര്‍ത്തിയപ്പോള്‍, ആന്റണി പറഞ്ഞത് ജനറല്‍ സിങ് രേഖാമൂലം പരാതി എഴുതിത്തന്നില്ലെന്നാണ്. അഴിമതി തടയാന്‍ പ്രതിജ്ഞാബദ്ധനായ വ്യക്തി എന്തിനാണ് ഇത്തരമൊരു സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങുന്നതെന്ന കാര്യവും വിശദീകരിക്കേണ്ടതുണ്ട്. രേഖാമൂലം പരാതിയില്ലെങ്കിലും അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം ആന്റണിക്കുണ്ട് (സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിലൂടെ ഇക്കാര്യം തെളിയുകയും ചെയ്തു). ജനറല്‍ സിങ് ഈ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍പ്പര്യം കാട്ടിയില്ലെന്നും ആന്റണി വാദിക്കുന്നുണ്ട്. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്‍ അഴിമതി തടയാന്‍ തയ്യാറാകാത്തപക്ഷം അതിന് അദ്ദേഹത്തെ നിര്‍ബന്ധിക്കേണ്ടത് വകുപ്പുമന്ത്രി എന്നനിലയില്‍ ആന്റണിയുടെ ചുമതലയല്ലേ? മാത്രമല്ല, തേജീന്ദര്‍സിങ് ടട്രാ ട്രക്കുകള്‍ വാങ്ങുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് മാര്‍ച്ച് ആറിന് കരസേന വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. സൈന്യം ഔദ്യോഗികമായി അഴിമതിക്കാര്യം പുറത്തുവിട്ടിട്ടും അക്കാര്യം അന്വേഷിക്കേണ്ടതാണെന്ന് ആന്റണിക്ക് തോന്നാത്തത് എന്തുകൊണ്ട്? സൈന്യത്തിന്റെ പ്രസ്താവനയില്‍ കൈക്കൂലി വാഗ്ദാനംചെയ്ത ആളുടെ പേരുണ്ടെങ്കിലും ആര്‍ക്കാണ് വാഗ്ദാനം ചെയ്തതെന്ന് വെളിപ്പെടുത്തിയില്ല. ഇക്കാര്യം കണ്ടെത്താനെങ്കിലും അന്വേഷണം നടത്താന്‍ ആന്റണി തയ്യാറാകണമായിരുന്നു.

സുപ്രധാന വിഷയങ്ങളിലൊന്നും തീരുമാനമെടുക്കാതെ മൗനിയായിരിക്കുന്നത് ആന്റണിയുടെ പതിവുശൈലിയാണ്. ഈ അഴിമതിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. മുന്‍ കരസേനാ മേധാവി ശങ്കര്‍റോയ് ചൗധരിയെപ്പോലുള്ളവര്‍ വിരല്‍ചൂണ്ടുന്നതും പ്രതിരോധമന്ത്രാലയത്തിന്റെ കഴിവുകേടിലേക്കാണ്. കഴിഞ്ഞദിവസം മുംബൈയില്‍നിന്നുള്ള "ഡിഎന്‍എ" ദിനപത്രം പ്രസിദ്ധീകരിച്ച, ജനറല്‍ സിങ് പ്രധാനമന്ത്രിക്ക് അയച്ച കത്തും ഈ വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രതിരോധരംഗത്തെ വീഴ്ചകള്‍ ആവര്‍ത്തിച്ച് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രയോജനമില്ലാതെ വന്നപ്പോഴാണ് മാര്‍ച്ച് 12ന് ജനറല്‍ സിങ് പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്നാണ് പത്രഭാഷ്യം. ആന്റണിക്കുകീഴില്‍ പ്രതിരോധവകുപ്പ് കുത്തഴിഞ്ഞുകിടക്കുകയാണെന്ന വസ്തുതയാണ് കത്തിലെ ഉള്ളടക്കം. യുപിഎ സര്‍ക്കാര്‍ തുടരുന്ന പ്രതിരോധ സംഭരണപ്രക്രിയയെയാണ് ജനറല്‍ സിങ് ചോദ്യംചെയ്യുന്നത്. സര്‍ക്കാരിന്റെ ഈ സംവിധാനം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. യുദ്ധടാങ്കുകളില്‍ വെടിക്കോപ്പുകളില്ലെന്നും വ്യോമപ്രതിരോധം കാലഹരണപ്പെട്ടതാണെന്നും രാത്രിയുദ്ധത്തിനുള്ള സംവിധാനമില്ലെന്നും മറ്റും ജനറല്‍ സിങ് അക്കമിട്ട് പരാതിക്കെട്ടഴിക്കുന്നു. കഴിവുകെട്ട പ്രതിരോധമന്ത്രിയെന്ന ആക്ഷേപമാണ് എല്ലാ കോണില്‍നിന്നും ആന്റണിക്കെതിരെ ഉയരുന്നത്.

*
വി.ബി.പരമേശ്വരന്‍ ദേശാഭിമാനി 30 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുപിഎ സര്‍ക്കാര്‍ കടുത്ത രാഷ്ട്രീയപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയും 1.76 ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിക്കുപുറകെ കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതിലെ 10.67 ലക്ഷം കോടി രൂപയുടെ അഴിമതി പുറത്തുവന്നതും യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രീയസ്ഥിരതയെയാണ് ഉലയ്ക്കുന്നത്. പ്രതിരോധമന്ത്രാലയത്തിലെ അഴിമതി ആരോപണം ഈ പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചു. ഈ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും രണ്ടു ദിവസമായി സ്തംഭിച്ചു. ഗുണം കുറഞ്ഞ 600 ടട്രാ ട്രക്കുകള്‍ വാങ്ങാനുള്ള കരാറിന് അനുവാദം നല്‍കിയാല്‍ 14 കോടി രൂപ കൈക്കൂലി നല്‍കാമെന്ന് ഒരു ലഫ്റ്റനന്റ് ജനറല്‍ കരസേനാ മേധാവി വി കെ സിങ്ങിനോട് പറഞ്ഞുവെന്ന വാര്‍ത്തയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം.