പതിനൊന്ന് വര്‍ഷമായി അഫ്ഗാന്‍ജനത അമേരിക്കന്‍ സേനയുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്കും ആക്രമണത്തിനും വിധേയരായി ജീവിതം തള്ളിനീക്കുകയാണ്. താലിബാന്‍ തീവ്രവാദികളെ അമര്‍ച്ചചെയ്യാനെന്ന പേരിലാണ് നാറ്റോസേന അഫ്ഗാനിസ്ഥാനില്‍ താവളമുറപ്പിച്ചത്. 2001ല്‍ ഭീകരതയ്ക്കെതിരെ അമേരിക്ക ആഗോളയുദ്ധം പ്രഖ്യാപിച്ചിരുന്നു. വേള്‍ഡ് ട്രേഡ് സെന്ററിനെതിരെ ആക്രമണം നടത്തിയത് ബിന്‍ ലാദനാണെന്നും ലാദനെ സംരക്ഷിക്കുന്നത് അഫ്ഗാനിസ്ഥാന്‍ ആണെന്നുമായിരുന്നു ആരോപണം. വര്‍ഷങ്ങള്‍ക്കുശേഷമാണെങ്കിലും ബിന്‍ ലാദനെ പാകിസ്ഥാനില്‍ വച്ച് പിടികൂടി വധിച്ചു. എന്നിട്ടും നാറ്റോ സേന അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് ആക്രമണം തുടരുകയാണ്. 2014ല്‍ സേനയെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതുവരെ കാത്തിരിക്കാന്‍ അഫ്ഗാന്‍ ജനത തയ്യാറല്ല. നാറ്റോസേന ഉടന്‍ രാജ്യം വിട്ടുപോകണമെന്നാണ് താലിബാനും അഫ്ഗാന്‍ജനതയും ആവശ്യപ്പെടുന്നത്.
അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനിക ക്യാമ്പില്‍ ഖുറാന്‍ കത്തിച്ച് പ്രകോപനം സൃഷ്ടിക്കുന്ന നടപടി മതവിശ്വാസികളെ രോഷാകുലരാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് അമേരിക്കന്‍ സൈന്യം ഖുറാന്‍ കത്തിച്ചത്. ഇത് വ്യാപക പ്രതിഷേധത്തിനിടവരുത്തി. 2001ല്‍ ഭീകരതയ്ക്കെതിരെ ജോര്‍ജ് ബുഷ് ആഗോളയുദ്ധം പ്രഖ്യാപിച്ചപ്പോള്‍ എല്ലാ ഭീകരന്മാരും മുസ്ലിങ്ങളാണെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചതാണ്. അതിന്റെ തുടര്‍ച്ചയായാണ് ഖുറാന്‍ കത്തിച്ച സംഭവം ജനങ്ങള്‍ കാണുന്നത്.
ഏറ്റവുമൊടുവില്‍ നാറ്റോ സൈനികര്‍ തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗ്രാമീണരെ ക്രൂരമായി വെടിവച്ചുകൊന്നതാണ് വീണ്ടും പ്രകോപനം സൃഷ്ടിക്കാനിടയാക്കിയത്. കൊല്ലപ്പെട്ട 16 ഗ്രാമീണരില്‍ ഒന്‍പതുപേര്‍ പിഞ്ചുകുട്ടികളും മൂന്നുപേര്‍ സ്ത്രീകളുമാണെന്നത് ജനരോഷം പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ ഇടവരുത്തി. ഗ്രാമീണരെ കൊന്നശേഷം മൃതദേഹം കത്തിച്ച് ചാമ്പലാക്കുകയും ചെയ്തു. ഇത് ഇസ്ലാമികവിരുദ്ധ നടപടിയായാണ് ജനങ്ങള്‍ കാണുന്നത്. മദ്യപിച്ച് സമനില തെറ്റിയ ഒരു പട്ടാളക്കാരന്റെ വിക്രിയയായി ഈ സംഭവത്തെ ലഘൂകരിച്ച് കാണാനാണ് അമേരിക്കന്‍ ഭരണാധികാരികള്‍ ശ്രമിച്ചത്. എന്നാല്‍ , ഒരു പട്ടാളക്കാരന് തനിച്ച് 16 പേരെ വെടിവച്ചുകൊല്ലാനും മൃതദേഹം കത്തിച്ച് ചാമ്പലാക്കാനും കഴിയുമെന്ന് ആരും വിശ്വസിക്കുന്നില്ല. കൊല്ലപ്പെട്ട ഓരോ രക്തസാക്ഷിയുടെയും പേരില്‍ അല്ലാഹുവിന്റെ സഹായത്തോടെ പകരം ചോദിക്കുമെന്ന് താലിബാന്‍കാര്‍ പ്രതിജ്ഞ ചെയ്തിരിക്കുകയാണ്.
പലസ്തീനിലെ ഗാസയിലാണെങ്കില്‍ അമേരിക്കന്‍ സഹായത്തോടെ ഇസ്രയേല്‍ സര്‍ക്കാര്‍ വ്യോമാക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്। ഗാസയിലെ നിരപരാധികളായ 24 പൗരന്മാരെ ഇതിനകം കൊലപ്പെടുത്തിക്കഴിഞ്ഞു. സമാധാനപരമായ അന്തരീക്ഷം തകര്‍ക്കുന്ന സൈനികര്‍ക്കെതിരെ ഈ മേഖലയിലും ജനരോഷം ഉയര്‍ന്നുവരികയാണ്. ഇത് കണ്ടില്ലെന്ന് നടിക്കാനാകില്ല. എല്ലാ സാമ്രാജ്യത്വവിരുദ്ധശക്തികളും ഇത്തരം ആക്രമണങ്ങളെ അതിശക്തമായി അപലപിക്കാന്‍ രംഗത്തുവരേണ്ടതുണ്ട്.
*
ദേശാഭിമാനി മുഖപ്രസംഗം १४ മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
1 comment:

Post a Comment