
പുതിയ കാര്‍ഷികമുതലാളിത്തം ചവച്ചുതുപ്പിയ കരിമ്പിന്‍ചണ്ടികളായി കൃഷിക്കാര്‍ മരിക്കുന്നത് "രാവുണ്ണി"യിലൂടെ താജ് അരങ്ങിലെത്തിച്ചത് എണ്‍പതുകളിലാണ്. കടം വാങ്ങലാണ് ഏറ്റവും നല്ല തൊഴില്‍ . നല്ലൊരു കടക്കാരനാവാന്‍ ഈശ്വരാ നീയെന്നെയനുഗ്രഹിക്കുക എന്ന രാവുണ്ണിയിലെ കൃഷിക്കാരന്റെ പറച്ചില്‍ ഇന്നും നാടകപ്രേമികളില്‍ മുഴങ്ങുന്നു. വിദര്‍ഭയും വയനാടും കര്‍ഷകരുടെ ശവപ്പറമ്പായി മാറുംമുമ്പെഴുതിയതാണ് രാവുണ്ണി. ചത്തിട്ടും കഷ്ടപ്പാട് തീരുന്നില്ലെന്ന് പറയുന്ന രാവുണ്ണിയിലൂടെ ശവത്തിനുപോലും അസഹ്യമാകുന്ന ജീവിതാന്തരീക്ഷമാണിവിടെയെന്ന് താജ് വിളിച്ചു പറഞ്ഞു. അധികാര മത്സരമാണ് "പെരുമ്പറ"യുടെ പ്രമേയം. നമ്മോട് കൂറില്ലാത്ത ദൈവം നമുക്കെന്തിനെന്ന് ചോദിക്കുന്നു "കനലാട്ട"ത്തില്‍ . മനുഷ്യര്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കുക, അപ്പോള്‍ ശബ്ദത്തിന് സംഗീതത്തിന്റെ സുഗന്ധമുണ്ടാകുമെന്ന് പറയുന്നു പാവത്താന്‍നാടില്‍ .
ജനവിരുദ്ധമായ അധികാര രീതികളോടും ചോരക്കലിപുരണ്ട ചൂഷണസംവിധാനങ്ങളോടും മുപ്പത്തിമുക്കോടി ദൈവങ്ങളോടും നിരന്തരം ചോദ്യങ്ങളുന്നയിച്ച താജിലെ നാടകപ്രതിഭയെ മലയാള നാടകവേദിക്ക് മറക്കാനാവില്ലെന്ന് മാര്‍ക്സിസ്റ്റ് ചിന്തകന്‍ പി ഗോവിന്ദപ്പിള്ള നിരീക്ഷിച്ചിട്ടുണ്ട്. തനത് എന്ന പേരില്‍ അരാഷ്ട്രീയത കെട്ടിയാടിയപ്പോഴാണ് താജ് വഴിമാറി നടന്നത്. തലസ്ഥാനത്ത് നിന്നൊരു വാര്‍ത്തയുമില്ല, മേരിലോറന്‍സ്, ഇത്രമാത്രം സ്വകാര്യം, കുറുക്കന്‍ കുഞ്ഞിരാമന്റെ വാല്‍ , പ്രിയപ്പെട്ട അവിവാഹിതന്‍ തുടങ്ങി ഇരുപതോളം നാടകളുണ്ട് താജിന്റേതായി. കേരളസംഗീതനാടക അക്കാദമി പുരസ്കാരവും ചെറുകാട് സ്മാരക പുരസ്കാരവും താജ് നേടിയ ബഹുമതികളില്‍ ചിലതുമാത്രം. ഡിവൈഎഫ്ഐ മുഖപത്രം യുവധാരയുടെ പത്രാധിപര്‍ , കവി, തിരക്കഥാകൃത്ത് തുടങ്ങി സാംസ്കാരിക ജീവിതത്തില്‍ വിവിധവേഷങ്ങളില്‍ സര്‍ഗപ്രതിഭയുടെ സ്പര്‍ശം ചാര്‍ത്തിയാണ് താജ് അരങ്ങൊഴിഞ്ഞത്, 1990-ജൂലൈ 29-ന്.
കാല്‍മടമ്പുകളില്‍ തട്ടിയുരഞ്ഞ് എല്ലാ ചങ്ങലകളും തേഞ്ഞുപൊട്ടുമെന്നും നിശ്വാസങ്ങളില്‍ വെന്തുരുകി എല്ലാ തടവറകളും പൊളിഞ്ഞുവീഴുമെന്നും പറഞ്ഞ താജ് ശുഭകാലത്തിന്റെ നാടകകാരനാണ്. രാവിന്റെയരുകീറി പൂവുപൂക്കുന്നതും കാര്‍മേഘമിരുണ്ടുകറുത്തു ചൂടുപെരുത്ത വാനത്ത് ഇരുളിന്‍ തലകൊയ്യാന്‍ ചൂടിന്‍ ഗര്‍വ്വുതളര്‍ത്താനിന്നൊരു പുതുപുലരിയുദിച്ചുയരുന്നതും പുതുമഴയൊന്നാര്‍ത്തുവരുന്നേയ് പൊയ്പ്പോയ വസന്തം വീണ്ടും, എന്ന താജിന്റെ നാടകഗാനങ്ങള്‍ പതിതരുടെ ജീവിതഗാനമാണ്. അതിനാല്‍ തന്നെ പൂക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന നാടകത്തിന്റെ ഹരിതാഭയായി താജ് നമുക്കിടയില്‍തന്നെയുണ്ടെന്ന് വിശ്വസിക്കാം.
*
ദേശാഭിമാനി 21 മാര്‍ച്ച് 2012
1 comment:
പണവും ലാഭക്കൊതിയും തിമര്‍ക്കുന്ന ലോകത്തിനപ്പുറത്ത് പ്രഭുക്കളും പ്രമാണിമാരും വാഴുന്ന നാടിനപ്പുറം സാധാരണമനുഷ്യര്‍ക്ക് പാര്‍ക്കാനാകുന്ന ഇടമായി ലോകം മാറുമെന്ന് നാടകത്തിലൂടെ നിരന്തരം വിളിച്ചുപറഞ്ഞു താജ്. മലയാളത്തിലെ രാഷ്ട്രീയനാടകവേദിയുടെ യവനിക താഴ്ത്താനാവില്ലെന്ന് അരങ്ങിലൂടെ തെളിയിച്ച പ്രതിഭയെന്ന് ചെറുപ്പത്തിലേ വിടവാങ്ങിയ താജിനെ വിശേഷിപ്പിക്കാം. കൃഷിക്കാര്‍ ജീവനൊടുക്കുന്ന, നാടാകെ കടത്തില്‍ മുങ്ങിയ കാലത്തുനിന്ന് നോക്കുമ്പോള്‍ താജ് പ്രവാചകനാണ്. ക്ഷോഭിക്കുന്ന, അസ്വസ്ഥമാക്കുന്ന പകര്‍ന്നാട്ടങ്ങളും കനലാട്ടങ്ങളും നടത്തിയ ജനകീയനാടകകാരന്‍ . വിശക്കുന്നവരുടെ വേദനയും വേദാന്തവും കലഹവുമെല്ലാം കലാപമാക്കാനുള്ള ജ്വലനശേഷിയോടെ പകര്‍ത്തി അരങ്ങിലെത്തിച്ച താജ് മലയാള പുരോഗമനസാഹിത്യത്തിന്റെ കനിവാര്‍ന്ന മാനുഷികതയുടെ ഉടപ്പിറപ്പ്. സ്വാതന്ത്ര്യവും അവകാശവും അരങ്ങും നഷ്ടമായ ജീവിതങ്ങളെ രംഗവേദിയിലെത്തിച്ച തെരുവിന്റെയും ദേശത്തിന്റെയും നാടകകാരന്‍ . നാടകമെന്നത് നാടിന്റെ അകം തേടലാണെന്ന് തെളിയിച്ച നാടകാചാര്യന്‍ കെ ടി മുഹമ്മദിനുശേഷം കോഴിക്കോട്ടു നിന്നും നാടകലോകത്ത് ഉദിച്ചുയര്‍ന്ന നക്ഷത്രം.
Post a Comment