Tuesday, March 20, 2012

സമരാഗ്നി പടരാതിരിക്കാന്‍ വിവേകം കാട്ടുക

വിവേകവും സമവായവും ഭരണകാര്യങ്ങളില്‍ ആവശ്യപ്പെടുന്ന വിവിധ വിഷയങ്ങളുണ്ട്. അക്കാര്യത്തില്‍ വളരെ സുപ്രധാനമാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ . എന്നാല്‍ , ജനാധിപത്യത്തിനും കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ക്കും വിരുദ്ധമായി ബജറ്റ് നിര്‍ദേശത്തിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള നയപരമായ തീരുമാനം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുകയാണ്. തന്റെ പത്താമത്തെ ബജറ്റ് നിയമസഭയില്‍ സമര്‍പ്പിച്ച് ഉപസംഹാരം നടത്തിയ ധനമന്ത്രി കെ എം മാണി മഹാകവി ഇടശ്ശേരിയെയാണ് ഉദ്ധരിച്ചത്. "കേരളമേ, വികസിക്കുക നീ പുതു- തായൊരു ജീവിതമാധുര്യത്തെ- പ്പാരിന്നു നല്‍കാന്‍ ..." കേരളവികസനത്തിന് മാണി വരച്ചുകാട്ടിയ പാതയല്ല ഉചിതമെന്ന് പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ നിര്‍ദേശത്തിലടക്കം വ്യക്തമാകുന്നു.

പോരാടുന്നവരുടെ സംഘശക്തിക്ക് കരുത്തേകിയ ഇടശ്ശേരിയെ ഉദ്ധരിച്ച മാണി, ആ മഹാകവിയുടെ മഹത്തായ ആശയങ്ങളോട് അനീതി കാട്ടുകയാണ് ചെയ്തത്. ആ അനീതി പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിലും തെളിഞ്ഞു. ഈ തെറ്റിനുള്ള പ്രേരണ എന്തെന്ന് ബജറ്റില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: "ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച്, പെന്‍ഷന്‍പ്രായം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ , ആയുര്‍ദൈര്‍ഘ്യം പരിഗണിക്കുമ്പോള്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പമാണ് നമ്മുടെ സംസ്ഥാനം." ഈ വസ്തുത ചൂണ്ടിക്കാട്ടി പെന്‍ഷന്‍പ്രായം ഉയര്‍ത്തുമ്പോള്‍ സര്‍ക്കാര്‍ മറന്നുപോയ മറ്റൊരു പ്രധാന വസ്തുതയുണ്ട്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിലും കാണാത്തത്ര വലുതാണ് കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ സംഖ്യ. എക്കോണമിക് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇവിടെ 43.42 ലക്ഷം തൊഴില്‍രഹിതര്‍ ജോലിക്കുവേണ്ടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ചെയ്ത് കാത്തുനില്‍ക്കുന്നു എന്നാണ്. ഇതില്‍ 25.68 ലക്ഷം വനിതകളാണ്. അതായത് 59.1 ശതമാനം. ഇത്രയധികം പേര്‍ തൊഴിലിനായി കാത്തുനില്‍ക്കുന്ന ഘട്ടത്തില്‍ അവരുടെ അവസരം ഇല്ലാതാക്കുംവിധം പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമല്ല. ഇന്നത്തെ സാഹചര്യത്തില്‍ യുവജനശക്തി ഒരു സുപ്രധാന ഘടകമാണ്. ഇന്ത്യയുടെ ജനസംഖ്യ 120 കോടി കവിഞ്ഞു. അതില്‍ പകുതിയും 18 വയസ്സിന് താഴെയുള്ളവരാണ്. സുപ്രധാനമായ ഈ വസ്തുത കേരളത്തിനും ബാധകമാണ്. ഈ പ്രായവിശകലനം വേണ്ടവിധത്തില്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല.

യുഡിഎഫിന് നൂലിഴ ഭൂരിപക്ഷത്തിലാണ് ഇത്തവണ അധികാരം ലഭിച്ചത്. അതിനായി വോട്ടുനല്‍കിയവരില്‍ ഒരുപങ്ക് യുവാക്കളാണ്. അവരെയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വഞ്ചിച്ചു. അതുകൊണ്ട് തൊഴില്‍രഹിതരുടെ തലയില്‍ ഇടിത്തീ വീഴ്ത്തുന്ന നയപരമായ തീരുമാനം ബജറ്റിലൂടെ കൊണ്ടുവന്ന ധനമന്ത്രി യഥാര്‍ഥത്തില്‍ ഇടശ്ശേരിയുടെ കവിതയല്ല "ഇഷ്ടമാടിക്കനിഞ്ഞു ചോറിട്ട കൈക്ക് കടിക്കുന്ന"വരെപ്പറ്റി പാടിയ കുഞ്ചന്റെ കവിതയായിരുന്നു ഉദ്ധരിക്കേണ്ടിയിരുന്നത്. മുന്‍ സര്‍ക്കാര്‍ ഒരു പ്രത്യേക ഘട്ടത്തില്‍ നടപ്പാക്കിയ വിരമിക്കല്‍ തീയതി ഏകീകരിക്കല്‍ പദ്ധതിയും പെന്‍ഷന്‍പ്രായം ഉയര്‍ത്തുക എന്ന നയപരമായ തീരുമാനവും ഒന്നല്ല. രണ്ടും വ്യത്യസ്തമാണ്. ബജറ്റ് തീരുമാനത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഭരണ-പ്രതിപക്ഷ ഭേദമെന്യേ നിയമസഭയ്ക്കകത്തും പുറത്തും ഉയര്‍ന്നപ്പോള്‍ , വിവാദമായ ഈ ബജറ്റ് നിര്‍ദേശം തന്റെ മാത്രം സന്തതിയല്ല ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ അഭിപ്രായം സ്വീകരിച്ച് താന്‍ നടപ്പാക്കിയതാണെന്ന് കെ എം മാണി വെളിപ്പെടുത്തി. ഇങ്ങനെ ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, മാണി പ്രഭൃതികളുടെ തീരുമാനം കേരളത്തെ ബാധിക്കുന്ന സുപ്രധാന നയതീരുമാനമാകുന്നത് നല്ല പ്രവണതയല്ല. അതുകൊണ്ടാണ് യുഡിഎഫിന്റെ നിയമസഭാകക്ഷി യോഗം ചേര്‍ന്നപ്പോള്‍ ആലോചനയും വിവേകവും ചര്‍ച്ചയുമില്ലാതെ തീരുമാനമെടുത്തതിനെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെ വിമര്‍ശിച്ചത്. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന ഉമ്മന്‍ചാണ്ടി പുതിയൊരു ഭരണസംസ്കാരം നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഏകാധിപത്യത്തിന്റെ വഴിയാണ് ജനാധിപത്യത്തിന്റെയും സമന്വയത്തിന്റെയും പാതയ്ക്കുപകരം സ്വീകരിച്ചിരിക്കുന്നത്. അല്ലെങ്കില്‍ യുവജനസംഘടനകളോടും രാഷ്ട്രീയപ്രസ്ഥാനങ്ങളോടും കൂടിയാലോചിച്ച് സമവായമുണ്ടാക്കി നടപ്പാക്കേണ്ട പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍പോലെയുള്ള വിഷയം ഏകാധിപത്യപരമായി നടപ്പാക്കില്ലായിരുന്നു. പെന്‍ഷന്‍പ്രായം ആചന്ദ്രതാരം ഇന്നത്തെപ്പോലെ തുടരണമെന്ന് ആരും പറയില്ല. കേരളത്തില്‍ത്തന്നെ 60 വയസ്സായിരുന്നു മുമ്പ് പെന്‍ഷന്‍പ്രായം. അത് 55 ആക്കിയത് ഇ എം എസ് സര്‍ക്കാരാണ്. എന്നാല്‍ , മാറിയ ഒരു പരിതഃസ്ഥിതിയുണ്ടായാല്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തേണ്ടിവരും. പത്ത് വര്‍ഷം കഴിയുമ്പോള്‍ വയോജനസംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന സംസ്ഥാനമായി കേരളം മാറും എന്നുമാത്രമല്ല യുവജനങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമെന്ന് ചില സര്‍വേകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. എന്നാല്‍ , ഇന്ന് ആ അവസ്ഥയല്ല. സര്‍ക്കാര്‍ ജോലി ഏറ്റവും അഭിലഷണീയമായ തൊഴില്‍മേഖലയായി കണക്കാക്കുന്ന യുവാക്കളായ തൊഴില്‍രഹിതരുടെ സംഖ്യാബാഹുല്യമുള്ളതാണ് കേരളീയസമൂഹം. അതുകൊണ്ട് നാളെ നടപ്പാക്കേണ്ട ഒരു പരിഷ്കാരം വേണ്ടത്ര ആലോചനയില്ലാതെ ഇപ്പോള്‍ത്തന്നെ നടപ്പാക്കുന്നത് വണ്ടിക്കുമുന്നില്‍ കുതിരയെ കെട്ടലാണ്.

ആയുര്‍ദൈര്‍ഘ്യത്തില്‍ മുന്നിലാണ് കേരളീയര്‍ എന്നത് മനസ്സിലാക്കി സര്‍വീസില്‍നിന്ന് വിരമിക്കുന്നവരുടെ അനുഭവസമ്പത്തും ശേഷിയും സമൂഹത്തിന് കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുംവിധത്തിലുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് സര്‍ക്കാരിനുള്ളത്. അത് ചെയ്യാതെ, ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ ഒഴിവാക്കി ട്രഷറിയെ പിടിച്ചുനിര്‍ത്താന്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി വിവേകപൂര്‍ണമല്ല. യുവാക്കളെയും നാടിനെയും വഞ്ചിച്ച സര്‍ക്കാരിന്റെ തെറ്റായ തീരുമാനം പിന്‍വലിപ്പിക്കുന്നതിനുവേണ്ടി ഡിവൈഎഫ്ഐയും എഐവൈഎഫും യുവമോര്‍ച്ചയുമെല്ലാം സമരരംഗത്ത് എത്തിക്കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രമേയം മാത്രം പാസാക്കി നപുംസകനിലപാടിലാണ്. കോണ്‍ഗ്രസ് പതാക സ്വാതന്ത്ര്യസമരകാലത്ത് മൂല്യങ്ങളുടെ ചിഹ്നമായിരുന്നു. എന്നാല്‍ , യൂത്ത് കോണ്‍ഗ്രസിന്റെ കൈയില്‍ ആ പതാക ഇന്നലെ സഞ്ജയ് ഗാന്ധിയുടെയും ഇന്ന് രാഹുല്‍ ഗാന്ധിയുടെയും ഇവിടെ ഉമ്മന്‍ചാണ്ടിയുടെയും ഷൂസ് തുടയ്ക്കാനുള്ളതാണെന്ന് തെളിയിക്കുകയാണ്. ഒരു തൊഴിലിനായി ദാഹിക്കുന്ന യുവാക്കളുടെ സ്വപ്നം തല്ലിത്തകര്‍ത്ത ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അനീതിക്കെതിരെ യുവാക്കള്‍ നടത്തുന്ന സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് അണിചേരുമോ അതോ ആ പതാക ഉമ്മന്‍ചാണ്ടിക്ക് പാദസേവ ചെയ്യുന്നതിനുവേണ്ടി പൊതിഞ്ഞുവയ്ക്കുമോ എന്നത് വരുംദിവസങ്ങള്‍ ബോധ്യപ്പെടുത്തും.

സമരം നേരിടാന്‍ പൊലീസിനെയും ഗുണ്ടകളെയും കെട്ടഴിച്ചുവിടുമെന്ന് തിരുവനന്തപുരത്തെയും കിളിമാനൂരിലെയും തൃശൂരിലെയുമെല്ലാം സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുകയാണ്. ഉമ്മന്‍ചാണ്ടിയുടെ കണ്‍മുമ്പില്‍വച്ചാണ് കിളിമാനൂരില്‍ ഡിവൈഎഫ്ഐയുടെ ഉശിരന്‍ ചെറുപ്പക്കാരെ പൊലീസ് തല്ലിവീഴ്ത്തിയത്. ലാത്തികൊണ്ടുള്ള നരനായാട്ട് ഇനിയുമുണ്ടാകും. തൊണ്ട് തല്ലുന്നപോലെ തലയിലും പുറത്തും തല്ല് വന്നുവീഴാം. മുളകരച്ച വെള്ളം ചീറ്റി യുവാക്കളെ നിലത്തിട്ടു എന്നുവരാം. ബയണറ്റും ഗ്രനേഡും ഉപയോഗിച്ചു എന്നുവരാം. പക്ഷേ, യുവകേരളം ഏറ്റെടുക്കേണ്ട സമരമുഹൂര്‍ത്തമാണിത്. ആ സമരം രോമാഞ്ചമുണര്‍ത്തുന്ന ഒന്നാകുമ്പോള്‍ നിങ്ങള്‍ മുന്നോട്ടുപോകുക എന്നല്ല നമുക്ക് മുന്നോട്ടുപോകാം എന്ന് കേരളം ഒന്നായി വിളിച്ചുപറയും. ആ വിളി ഉയരും എന്ന് മനസ്സിലാക്കിയെങ്കിലും ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുന്ന ഇന്ന് അപക്വവും അകാലികവുമായ പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ തീരുമാനം പിന്‍വലിക്കുമോ? സംസ്ഥാനഭരണത്തിന് വിവേകം നഷ്ടപ്പെട്ടാല്‍ നാടിന്റെ രക്ഷ യുവജനശക്തിയുടെ സമരമുന്നേറ്റത്തിലാണ്. അതുകൊണ്ടുതന്നെ സമരശക്തി ഉമ്മന്‍ചാണ്ടിയെയും മാണിയെയും ഓര്‍മിപ്പിച്ചുകൊണ്ട് കേരളത്തിന് ചൊല്ലാനുള്ളത് അംശി നാരായണപിള്ളയുടെ സമരഗാഥയാണ്. വരിക വരിക സഹജരേ വലിയ സഹനസമരമായ് കരളുറച്ച് കൈകള്‍കോര്‍ത്തു കാല്‍നടയ്ക്കു പോക നാം....... വിജയമെങ്കില്‍ വിജയവും മരണമെങ്കില്‍ മരണവും.

*
ദേശാഭിമാനി മുഖപ്രസംഗം 21 മാര്‍ച്ച് 2012

No comments: