Thursday, March 15, 2012

ആന്റണിയുടെ അതിവേഗ മറവി

പൂഴിക്കടകന്‍ പുറത്തെടുത്ത് സ്വന്തം കണ്ണില്‍ പൂഴി കയറി കണ്ണുകാണാതെ പടക്കളത്തില്‍ ദയനീയമായി പതിച്ച അഹങ്കാരിയും ഭീരുവുമായ പടയാളിയെയാണ് യുഡിഎഫ് സ്വന്തം ചെയ്തികൊണ്ട് ഓര്‍മിപ്പിക്കുന്നത്. പിറവത്ത് തോറ്റാലും അധികാരത്തില്‍ കടിച്ചുതൂങ്ങണം. അതിന് ഭരണപക്ഷ- പ്രതിപക്ഷ അംഗസംഖ്യയില്‍ അന്തരം കൂട്ടണം. നെയ്യാറ്റിന്‍കര അംഗം സെല്‍വരാജിനെ കാലുമാറ്റി ഭരണപക്ഷത്തെത്തിക്കാന്‍ കഴിയില്ല- കാരണം കൂറുമാറ്റ നിയമം. അടുത്ത മാര്‍ഗം എംഎല്‍എയെ രാജിവയ്പിക്കുന്നതിലൂടെ പ്രതിപക്ഷത്തിന്റെ അംഗസംഖ്യയില്‍ കുറവ് വരുത്തലാണ്. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ യുഡിഎഫിന് 72 ഉം എല്‍ഡിഎഫിന് 68 ഉം അംഗങ്ങള്‍ . ടി എം ജേക്കബ് മരിച്ചപ്പോള്‍ ഭരണപക്ഷത്ത് 71. അതില്‍ സ്പീക്കര്‍ കഴിഞ്ഞാല്‍ 70. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുമുണ്ട്. അതായത്, തെരഞ്ഞെടുക്കപ്പെട്ട 140 അംഗ സഭയില്‍ സ്പീക്കറെ കൂടാതെ 70 പേര്‍ മാത്രമാണ് ഭരണപക്ഷത്ത്. പിറവത്ത് എം ജെ ജേക്കബ് ജയിച്ചുവന്നാല്‍ 70- 69 എന്നാകും സ്ഥിതി.

ധനവിനിയോഗ ബില്‍ വോട്ടിനിടാന്‍ വൈകിച്ചതും വോട്ടെടുപ്പില്‍ വിജയിക്കാന്‍ കാണിച്ച കസര്‍ത്തുകളും ആരും മറന്നിട്ടുണ്ടാകില്ല. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ , അതായത് പിറവത്ത് തോറ്റാലും ഭരണത്തില്‍ കടിച്ചുതൂങ്ങണമെങ്കില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ കാണിച്ചുകൊടുത്ത മാതൃക പ്രാവര്‍ത്തികമാക്കുകയേ മാര്‍ഗമുള്ളൂ. നരസിംഹറാവു ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചക്കാരെ പണംകൊടുത്ത് കാലുമാറ്റിച്ചതും ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ വിശ്വാസവോട്ട് നേടാന്‍ എംപിമാരെ വിലയ്ക്കെടുത്തതും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും മുന്നില്‍ മാതൃകയായുണ്ട്. സെല്‍വരാജിനെ പ്രലോഭിപ്പിച്ച് വശത്താക്കിയും വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയും മറ്റും കാലുമാറ്റിച്ച് രാജിവയ്പിക്കുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെയ്തത്. അതിനു പിന്നില്‍ നടന്ന ഗൂഢാലോചനകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. കൃത്രിമ ഭൂരിപക്ഷമുണ്ടാക്കുക, പിറവം തെരഞ്ഞെടുപ്പു പ്രചാരണവേദിയില്‍ എല്‍ഡിഎഫ് പക്ഷത്ത് അങ്കലാപ്പുണ്ടാക്കുക- ഈ ദ്വിമുഖ ലക്ഷ്യത്തോടെ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും ചീഫ് വിപ്പിന്റെയുമെല്ലാം നേതൃത്വത്തില്‍ അരങ്ങേറിയത്. എന്നാല്‍ , സെല്‍വരാജിന്റെ രാജിക്കു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെ പിറവത്ത് യുഡിഎഫ് ജാള്യത്തിലായിരിക്കുകയാണ്. ഇടതുമുന്നണി പ്രവര്‍ത്തകരാകട്ടെ കൂടുതല്‍ കര്‍മനിരതരായി, ആവേശത്തോടെ പ്രചാരണരംഗത്ത് മുന്നേറുകയും ചെയ്യുന്നു.

യുഡിഎഫിന്റെ പ്രചാരണ നായകനായി പിറവത്ത് എത്തിയ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി, പരേതനായ ടി എം ജേക്കബ്ബിന്റെ അപദാനങ്ങള്‍ ദീര്‍ഘമായി വാഴ്ത്തി. എന്നാല്‍ , 2001-06 കാലത്ത്, തന്റെ മന്ത്രിസഭയിലുണ്ടായിരുന്ന ജേക്കബ്ബിനെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് പറഞ്ഞില്ല. ആന്റണിയെ പുകച്ച് പുറത്തുചാടിച്ചാണല്ലോ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതും ജേക്കബ്ബിനെ മന്ത്രിസഭയില്‍ എടുക്കാതിരുന്നതും. ടി എം ജേക്കബ് നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ സമര്‍ഥനായിരുന്നുവെന്ന് പുകഴ്ത്തിയ ആന്റണി, സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് ജേക്കബ് രേഖകള്‍ സഹിതം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതും അഴിമതിയാരോപണം ഉന്നയിച്ചതും വിസ്മരിച്ചു. മികച്ച നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ജേക്കബ് സാമര്‍ഥ്യം തെളിയിച്ചത് ഉമ്മന്‍ചാണ്ടിക്കെതിരായി അഴിമതി ആരോപണം നടത്തിക്കൊണ്ടായിരുന്നുവല്ലോ. അതിവേഗ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി എന്ന് വാഴ്ത്തിയ ആന്റണി അതിന്റെ ഉദാഹരണമായി മെട്രോ പദ്ധതി, കോച്ച് ഫാക്ടറി എന്നൊക്കെ പറയുന്നതും കേട്ടു. പിറവം മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ആന്റണിയുടെ വാക്ക് കേട്ട് പരിഹസിക്കുന്നുണ്ടാകും. കേന്ദ്ര ക്യാബിനറ്റില്‍ രണ്ടാമതോ മൂന്നാമതോ ആണ് ആന്റണി എന്നാണ് വയ്പ്. സോണിയഗാന്ധി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ പാര്‍ടി കാര്യങ്ങളുടെ ചുമതല പ്രണബ് മുഖര്‍ജിയെയല്ല ഏല്‍പ്പിച്ചത്; ആന്റണിയെയും സംഘത്തെയുമാണ്. എക്കാലത്തും തന്റെ കുടുംബത്തിനു പിന്നില്‍ ആന്റണിയുടെ ഉറച്ച പിന്തുണയുടെ പാറ ഉണ്ടാകുമെന്ന് സോണിയഗാന്ധിക്കറിയാം. ബൊഫോഴ്സ് കേസില്‍ ക്വത്റോച്ചിയെ സോണിയഗാന്ധി രക്ഷപ്പെടുത്തി വിടുന്നത് കമാ എന്നൊരക്ഷരം പറയാതെ കണ്ണുമിഴിച്ച് നിന്നുകണ്ട പ്രതിരോധമന്ത്രിയാണല്ലോ ആന്റണി. അദ്ദേഹത്തിന്റെ കൂറിനെപ്പറ്റി ഒരു സന്ദേഹത്തിനും അവകാശമില്ല. കേന്ദ്രസര്‍ക്കാരില്‍ അത്രയധികം സ്വാധീനമുണ്ടായിരുന്നിട്ടും ആറുവര്‍ഷമായി മെട്രോ റെയില്‍പദ്ധതിക്കുവേണ്ടി ചെറുവിരലനക്കാന്‍ ആന്റണിക്ക് കഴിഞ്ഞോ? കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്രതവണ സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ ചെന്നു. ഒടുവില്‍ കേന്ദ്ര അനുമതി കാത്തുനില്‍ക്കാതെ അടിസ്ഥാന സൗകര്യവികസനത്തിനായി 150 കോടി രൂപയുടെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു. ഡിഎംആര്‍സി മുഖേന പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയത് കേരളത്തില്‍നിന്നുള്ള എംപി എന്ന നിലയില്‍ ആന്റണി അറിഞ്ഞുകാണുമല്ലോ. "അതിവേഗ മുഖ്യമന്ത്രി" വന്നശേഷം മെട്രോ റെയില്‍പദ്ധതി സ്വകാര്യവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. ആ പദ്ധതിക്കുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപയില്‍ 12 കോടി രൂപ പുത്തന്‍ തലമുറ സ്വകാര്യ ബാങ്കിന്റെ കൊല്ലം ശാഖയില്‍ നിക്ഷേപിച്ചുവെന്നതാണ് അതിവേഗ മുഖ്യമന്ത്രി വന്നശേഷമുണ്ടായ ഏക സംഭവം. ആ നിക്ഷേപത്തിന്റെ ഫലമായി മുഖ്യമന്ത്രിയുടെ അനന്തരവന് ജോലിസ്ഥിരതയോ പ്രൊമോഷനോ കിട്ടുമെന്ന് മാധ്യമങ്ങളിലൂടെ വ്യക്തമായി. ആന്റണി ഉള്‍പ്പെട്ട ഒന്നാം യുപിഎ സര്‍ക്കാരാണ് ആന്റണിയുടെ നാടായ ചേര്‍ത്തല ഓട്ടോ കാസ്റ്റില്‍ വാഗണ്‍ നിര്‍മാണ യൂണിറ്റ് അനുവദിച്ചത്. നാലുവര്‍ഷം കഴിഞ്ഞിട്ടും അത് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. വികസനത്തിന് പുറംതിരിഞ്ഞ് നില്‍ക്കുന്ന ഭരണമായിരുന്നു എല്‍ ഡിഎഫിന്റേതെന്ന് വാസ്തവ വിരുദ്ധമായി പ്രസ്താവന നടത്തുകയാണ് ആന്റണി ചെയ്തത്. ആന്റണിയുടെ വകുപ്പിന്റെ കീഴില്‍ ബിഇഎംഎല്ലിന്റെ നിര്‍മാണയൂണിറ്റ് കഞ്ചിക്കോട്ട് സ്ഥാപിക്കാനുള്‍പ്പെടെ സ്ഥലം പെട്ടെന്ന് ലഭ്യമാക്കിയത് മറക്കുകയാണോ. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 5000 കോടി രൂപ ചെലവില്‍ 10,000 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുന്ന കോച്ച് ഫാക്ടറി കഞ്ചിക്കോട്ട് സ്ഥാപിക്കുമെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ്. അതിന് കഴിഞ്ഞ സര്‍ക്കാര്‍ ഭൂമിയും ലഭ്യമാക്കി. എന്നാല്‍ , ആ പദ്ധതി 530 കോടി രൂപയുടെ ഇടത്തരം പദ്ധതിയായി ചുരുക്കുകയും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്തിരിക്കുന്നു. ആന്റണി ഉദ്ദേശിക്കുന്ന അതിവേഗ ഭരണം ഇതാണോ. ആന്റണിയും ഉമ്മന്‍ചാണ്ടിയും അഞ്ചുകൊല്ലം ഭരിച്ച് കേരളത്തിലെ കാര്‍ഷികമേഖല തകര്‍ക്കുകയും കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്തു. 1500 കൃഷിക്കാരാണ് കടക്കെണിയും വിലത്തകര്‍ച്ചയും കാരണം ആന്റണി- ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ആത്മഹത്യചെയ്തത്. കാര്‍ഷികരംഗത്തെ ദുഃസ്ഥിതി പരിഹരിച്ച്, കടക്കെണി ഇല്ലാതാക്കി കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തി അതിവേഗം കര്‍ഷക ആത്മഹത്യാ പ്രവണതയ്ക്ക് തുടക്കം കുറിച്ചു. മൂന്നുമാസത്തിനിടെ ഏകദേശം 50 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. ഇവിടെവന്ന് ഉമ്മന്‍ചാണ്ടിയെ പ്രശംസിച്ച് തിരിച്ചുപോകുന്ന ആന്റണി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. താങ്കള്‍ ഉള്‍പ്പെടെ ആറു മന്ത്രിമാരാണ് കേരളത്തിന്റേതായി ഡല്‍ഹിയില്‍ ഉള്ളത്.

കേരളത്തിലെ 35 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കേരളത്തിന് അനുകൂലമായ ചെറിയൊരു നടപടിപോലും എടുപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞോ? മധ്യതിരുവിതാംകൂറിനെ തരിശുഭൂമിയാക്കുന്ന, കേരളത്തെ തകര്‍ക്കുന്ന നദീസംയോജനത്തിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനമൂലം ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത് കേരളീയരാണ്. കടത്തുകൂലിയിലെ വര്‍ധന, യാത്രനിരക്കിലെ വര്‍ധന, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം- ഇതിനെല്ലാം കാരണമായ പെട്രോള്‍ വിലവര്‍ധനയെ ഇരുകൈയും പൊക്കി അംഗീകരിക്കുകയല്ലേ, നിങ്ങള്‍ ആറു കേന്ദ്രമന്ത്രിമാരും ചെയ്തത്. ഇപ്പോള്‍ റെയില്‍വേയുടെ ചരക്കുകൂലിയും യാത്രനിരക്കും വന്‍തോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയുമെല്ലാം വില വീണ്ടും വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ ധാരണയിലെത്തിയിരിക്കുന്നു. നിങ്ങളുടെ കേന്ദ്രസര്‍ക്കാരിന്റെ ഈ കൊള്ളരുതായ്മകള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്ന ഒരു സര്‍ക്കാരാണ് ഇവിടെയുള്ളതെന്നതുകൊണ്ട് നിങ്ങളുടെ പ്രശംസ ഉചിതംതന്നെ. എന്നാല്‍ , അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യത്തിലൂടെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതിവേഗം ബഹുദൂരം അഴിമതിയിലും ജനദ്രോഹ നടപടികളിലും റെക്കോഡിട്ടുകൊണ്ടിരിക്കുകയാണ്.

നിത്യോപയോഗ സാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റം, ആവര്‍ത്തിക്കുന്ന കര്‍ഷക ആത്മഹത്യ, വളത്തിന്റെ വിലവര്‍ധനയും ഉല്‍പ്പന്നങ്ങളുടെ വിലയിടിവുംമൂലം കാര്‍ഷികമേഖലയില്‍ രൂക്ഷമാകുന്ന തകര്‍ച്ച, നിയമനങ്ങളും സ്ഥലംമാറ്റങ്ങളുമെല്ലാം പൂര്‍ണമായും കോഴവല്‍ക്കരിച്ചതിനെത്തുടര്‍ന്ന് സിവില്‍ സര്‍വീസില്‍ ഉടലെടുത്ത അസ്വസ്ഥത, എല്ലാ മേഖലയിലും നടമാടുന്ന വര്‍ഗീയ- സാമുദായികവല്‍ക്കരണം, സഹകരണമേഖലയിലും ഉന്നത വിദ്യാഭ്യാസമേഖലയിലും അടിച്ചേല്‍പ്പിച്ച ജനാധിപത്യ ധ്വംസനം, വികസനരംഗത്ത് വായ്ത്താരിയല്ലാതെ ഒരിഞ്ച് മുന്നോട്ടുപോകാത്ത തികഞ്ഞ അലംഭാവം, വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും മാഫിയാ വാഴ്ചയും, പൊലീസ് ഭരണം പൂര്‍ണമായും ഗ്രൂപ്പ് വല്‍ക്കരിച്ചത്- എന്നിങ്ങനെ തികഞ്ഞ ജനവിരുദ്ധ സമീപനങ്ങളിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതിവേഗം കുപ്രസിദ്ധമായിരിക്കുന്നെന്നും അതിന് ജനവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നെന്നും പിറവം ഉപതെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും ആന്റണി മനസ്സിലാക്കുക.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി १५ മാര്‍ച്ച് 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പൂഴിക്കടകന്‍ പുറത്തെടുത്ത് സ്വന്തം കണ്ണില്‍ പൂഴി കയറി കണ്ണുകാണാതെ പടക്കളത്തില്‍ ദയനീയമായി പതിച്ച അഹങ്കാരിയും ഭീരുവുമായ പടയാളിയെയാണ് യുഡിഎഫ് സ്വന്തം ചെയ്തികൊണ്ട് ഓര്‍മിപ്പിക്കുന്നത്. പിറവത്ത് തോറ്റാലും അധികാരത്തില്‍ കടിച്ചുതൂങ്ങണം. അതിന് ഭരണപക്ഷ- പ്രതിപക്ഷ അംഗസംഖ്യയില്‍ അന്തരം കൂട്ടണം. നെയ്യാറ്റിന്‍കര അംഗം സെല്‍വരാജിനെ കാലുമാറ്റി ഭരണപക്ഷത്തെത്തിക്കാന്‍ കഴിയില്ല- കാരണം കൂറുമാറ്റ നിയമം. അടുത്ത മാര്‍ഗം എംഎല്‍എയെ രാജിവയ്പിക്കുന്നതിലൂടെ പ്രതിപക്ഷത്തിന്റെ അംഗസംഖ്യയില്‍ കുറവ് വരുത്തലാണ്. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ യുഡിഎഫിന് 72 ഉം എല്‍ഡിഎഫിന് 68 ഉം അംഗങ്ങള്‍ . ടി എം ജേക്കബ് മരിച്ചപ്പോള്‍ ഭരണപക്ഷത്ത് 71. അതില്‍ സ്പീക്കര്‍ കഴിഞ്ഞാല്‍ 70. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുമുണ്ട്. അതായത്, തെരഞ്ഞെടുക്കപ്പെട്ട 140 അംഗ സഭയില്‍ സ്പീക്കറെ കൂടാതെ 70 പേര്‍ മാത്രമാണ് ഭരണപക്ഷത്ത്. പിറവത്ത് എം ജെ ജേക്കബ് ജയിച്ചുവന്നാല്‍ 70- 69 എന്നാകും സ്ഥിതി.

മുക്കുവന്‍ said...

achuvannante puthra valsalyam oru column koodi ezhuthaayirunnu alley?