Wednesday, March 14, 2012

നദീസംയോജന നീക്കം മറ്റൊരു ആഗോളവല്‍ക്കരണ പദ്ധതി

മൂന്നു ദശകങ്ങളിലേറെയായി കേന്ദ്ര സര്‍ക്കാരിന്റെയും സുപ്രീംകോടതിയുടെയും പരിഗണനയിലിരുന്ന ഒരു വിഷയത്തില്‍ ഫെബ്രുവരി 27നു സുപ്രീംകോടതി അവസാന വിധി പറഞ്ഞിരിക്കുന്നു. ഇന്ത്യയുടെ വടക്കും തെക്കുമുള്ള നദികളെയും അതുപോലെ കിഴക്കും പടിഞ്ഞാറുമുള്ള നദികളെയും തമ്മില്‍ ബന്ധിപ്പിക്കുക, വെള്ളം കൂടുതലുള്ള മേഖലകളില്‍ അണകെട്ടിയും മറ്റും അധികജലം തടഞ്ഞുനിര്‍ത്തി വെള്ളം കുറഞ്ഞ പ്രദേശങ്ങളിലേക്ക് തിരിച്ചുവിടുക, അതുവഴി 3.5 കോടി ഹെക്ടര്‍ ഭൂമിയില്‍ ജലസേചന സൗകര്യം ഉണ്ടാക്കുക, 34,000 മെഗാവാട്ട് ജലവൈദ്യുതി ഉല്‍പാദിപ്പിക്കുക മുതലായവയാണ് ലക്ഷ്യങ്ങള്‍ .

ഒരു പതിറ്റാണ്ടുമുമ്പ് ആയിരുന്നു ഇത് നടപ്പാക്കണമെന്ന നിര്‍ദ്ദേശം ഗൗരവമായി ഉയര്‍ന്നുവന്നത്. അന്ന് എ ബി വാജ്പേയി ആയിരുന്നു പ്രധാനമന്ത്രി. മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാം അതിനുവേണ്ടി വാദിക്കയും ചെയ്തിരുന്നു. അക്കാലത്ത് 5.6 ലക്ഷം കോടി രൂപയായിരുന്നു മതിപ്പ് ചെലവ് കണക്കാക്കപ്പെട്ടത്. തെക്കേ ഇന്ത്യയില്‍ 16ഉം ഹിമാലയത്തില്‍നിന്ന് ഉല്‍ഭവിക്കുന്ന നദികളില്‍ 14ഉം ബന്ധിപ്പിക്കുന്ന കനാലുകള്‍ (അവയില്‍ പലതും വലിയ നദികളുടെ വലുപ്പം ഉള്ളവയായിരിക്കും) പണിയണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ഈ 30 പദ്ധതികളില്‍ കെന്‍ - ബെത്വ കനാലിെന്‍റ പണി സംബന്ധിച്ചു മാത്രമാണ് ഇതുവരെയായി വിശദമായ പദ്ധതിരേഖ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അതിന്റെ വിശദമായ പദ്ധതിരേഖയുടെ അടിസ്ഥാനത്തില്‍ മാത്രമേ എത്രപേരെ കുടിയൊഴിപ്പിക്കേണ്ടിവരും, എത്ര നഗരങ്ങളും ഗ്രാമങ്ങളും കൃഷിസ്ഥലവും നഷ്ടമാകും, പുനരധിവാസത്തിനും അണക്കെട്ട്, കനാലുകള്‍ ഇവയുടെ നിര്‍മിതിക്കും ഇന്നത്തെ നിലയില്‍ യഥാര്‍ത്ഥത്തില്‍ എത്ര ചെലവ് വരും എന്നെല്ലാം കണക്കാക്കാന്‍ കഴിയൂ. അതിന്റെ അര്‍ഥം ഈ പദ്ധതി മൊത്തത്തില്‍ ഇപ്പോഴും സ്വപ്നത്തിലാണ് എന്നത്രെ. ഇപ്പോള്‍ ഏത് പദ്ധതി നടപ്പാക്കപ്പെടുമ്പോഴും നേട്ട - കോട്ട അപഗ്രഥനം വേണമെന്ന് സുപ്രീംകോടതി നിഷ്കര്‍ഷിക്കുന്നുണ്ട്.

എത്രയോ പദ്ധതികള്‍ , ജനങ്ങളും ഗവണ്‍മെന്‍റും ഒക്കെ കലശലായി ആഗ്രഹിക്കുന്ന പദ്ധതികള്‍ , നേട്ട - കോട്ട അപഗ്രഥനത്തിന്റെ അടിസ്ഥാനത്തില്‍ തള്ളപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി ആഘാതപഠനം വലിയ പദ്ധതികള്‍ക്കൊക്കെ നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളതാണ്. അങ്ങനെ ഒരു പഠനവും ഈ 30 നദീബന്ധനങ്ങള്‍ ഒന്നിനെയും സംബന്ധിച്ച് തയ്യാറാക്കുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഈ പദ്ധതികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്‍റുകളോ കേന്ദ്ര ഗവണ്‍മെന്റോ നയപരമായ തീരുമാനമെടുത്തിട്ടില്ല. ചില നദീതടങ്ങളില്‍നിന്ന് ഗണ്യമായ തോതില്‍ വെള്ളം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റപ്പെടും. അത് നിലവിലുള്ള കൃഷി, വ്യവസായം, ആ പ്രദേശത്ത് താമസിക്കുന്നവരുടെ കുടിവെള്ളം മുതലായ ആവശ്യങ്ങള്‍ , നിലവിലുള്ള നദികളുടെയും അവയിലെ വെള്ളമെത്തുന്ന കായല്‍ , തണ്ണീര്‍ത്തടങ്ങള്‍ മുതലായ പ്രകൃത്യാലുള്ള സവിശേഷ ആവാസ വ്യവസ്ഥകളെ നിലനിര്‍ത്തല്‍ മുതലായവയെ എങ്ങനെ ബാധിക്കും എന്ന് വിലയിരുത്തപ്പെട്ടിട്ടില്ല. പദ്ധതി നടപ്പാക്കുന്നത് എത്ര കാലംകൊണ്ട്, അതിനാവശ്യമായ വിഭവങ്ങള്‍ എത്ര, അവ എങ്ങനെ ഉണ്ടാക്കും എന്ന് ആസൂത്രണ കമ്മീഷനോ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോ തീരുമാനിച്ചിട്ടില്ല. അതിനുവേണ്ട രേഖകള്‍ തയ്യാറാക്കപ്പെട്ടിട്ടുപോലുമില്ല. പക്ഷേ, ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സുപ്രീംകോടതിയുടെ ഒരു മൂന്നംഗ ബഞ്ച് ഈ പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്‍റിനോട് നിര്‍ദേശിച്ചിരിക്കുന്നു. അതിന്റെ മേല്‍നോട്ടത്തിനു ഒരു സമിതിയെയും നിര്‍ദേശിച്ചിട്ടുണ്ട്. അത് ഗവണ്‍മെന്‍റിനു കാലാകാലങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

നിശ്ചിത കാലയളവുകളില്‍ സുപ്രീംകോടതിക്ക് കേന്ദ്ര ഗവണ്‍മെന്‍റ് എടുത്ത നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യണം. മാര്‍ഗനിര്‍ദേശമായിട്ടല്ല, നടപ്പാക്കിക്കൊള്ളണം എന്ന വിധിയായിട്ടാണ് സുപ്രീംകോടതി നിലപാടെടുത്തത്. സുപ്രീംകോടതിക്ക് - മറ്റ് കോടതികള്‍ക്കും - പദ്ധതി നടപ്പാക്കണമെന്നു ഭരണഘടന അനുസരിച്ച് ഇത്തരത്തില്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ല. അക്കാര്യം തീരുമാനിക്കേണ്ടതും നടപ്പാക്കേണ്ടതും ഭരണനിര്‍വഹണ വിഭാഗമായ ഗവണ്‍മെന്‍റാണ്. ഭരണഘടനാവ്യവസ്ഥകള്‍ പ്രകാരം ആരുടെയെങ്കിലും - ഒരു വ്യക്തിയുടെയോ ചില വ്യക്തികളുടെയോ, ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളുടെയോ ഗവണ്‍മെന്‍റിേന്‍റയോ - അവകാശമോ സ്വാതന്ത്ര്യമോ ഹനിക്കപ്പെടുകയോ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുകയോ മറ്റോ ചെയ്താല്‍ മാത്രമേ കോടതിക്ക് പദ്ധതി പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കഴിയൂ. ഇവിടെ അങ്ങനെ ആരുടെയെങ്കിലും അവകാശഹാനിക്ക് പരിഹാരം ഉണ്ടാക്കാനല്ല സുപ്രീംകോടതി വിധി. വിപുലമായ വികസന പ്രവര്‍ത്തനം നടത്തുന്നതിനു അതിന്റെ ഗുണദോഷ വിചിന്തനമോ അതിനു എത്ര വിഭവം വേണമെന്നോ, അത് എങ്ങനെ കണ്ടെത്തുമെന്നോ പദ്ധതി നടപ്പാക്കിയാല്‍ ആരെയൊക്കെ എങ്ങനെയെല്ലാം ബാധിക്കുമെന്നോ ആഴത്തില്‍ ആലോചിക്കാതെയാണ് കോടതി കണ്ണും പൂട്ടി വിധി പ്രസ്താവിച്ചത്. കേരളത്തിലെ പമ്പ, അച്ചന്‍കോവില്‍ ആര്‍ എന്നീ നദികളെ തമിഴ്നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിച്ച് അവയിലെ അധികജലം തമിഴ്നാടിനു കൊടുക്കാന്‍ , കേന്ദ്രസര്‍ക്കാരിന്റെ 30 പദ്ധതികളില്‍ ഒന്ന് വിഭാവനം ചെയ്യുന്നു. കേരളത്തിലെ അഞ്ച് തെക്കന്‍ ജില്ലകളിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര ജലം ലഭിക്കാത്ത സ്ഥിതി ഇതുമൂലം ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ തന്നെ വേനല്‍ക്കാലത്ത് ആവശ്യത്തിനു വെള്ളം ലഭിക്കാത്ത സ്ഥിതി ഈ ജില്ലകളിലെ പല ഭാഗങ്ങളിലുമുണ്ട്. അതിലും ഗുരുതരമായിരിക്കും കുട്ടനാട്ടിലെ സ്ഥിതി. മുകളില്‍നിന്ന് വെള്ളം ഒഴുകിയെത്തുന്നതുകൊണ്ടാണ് കടല്‍നിരപ്പിനേക്കാള്‍ താഴെ കിടക്കുന്ന ഈ പ്രദേശത്തെ കായലുകളിലും നദികളിലും തണ്ണീര്‍ത്തടങ്ങളിലും വയലുകളിലും ഉപ്പുവെള്ളം വന്നു നിറയാത്തത്. അവിടെ ഉപ്പുവെള്ളം വന്നു നിറഞ്ഞാല്‍ കൃഷി അസാധ്യമാകും, അവിടത്തെ ശുദ്ധജല മല്‍സ്യങ്ങളുടെയും പല സസ്യജാതികളുടെയും വംശനാശം തന്നെ സംഭവിക്കും, ആ ജില്ലകളില്‍ മിക്കയിടങ്ങളിലും മനുഷ്യവാസവും വിവിധതരം ഉല്‍പാദന പ്രവര്‍ത്തനങ്ങളും അസാധ്യമാകും. ഇത് കേരളത്തിലെ സ്ഥിതി. ഇതുപോലുള്ള പ്രത്യാഘാതങ്ങള്‍ ഓരോരോ സംസ്ഥാനങ്ങളിലും മേല്‍പറഞ്ഞ 30 പദ്ധതികളില്‍ ഓരോന്നു നടപ്പാക്കപ്പെടുന്നതുകൊണ്ട് ഉണ്ടാകാം.

സുപ്രീംകോടതിയുടെ ഈ വിധിയുടെ പ്രത്യേകത ഇതാണ്: വെള്ളം കിട്ടാത്തതുകൊണ്ട് പ്രയാസപ്പെടുന്ന ജനങ്ങളോ സ്ഥാപനങ്ങളോ, പ്രാദേശിക - സംസ്ഥാന ഗവണ്‍മെന്‍റുകളോ ആവശ്യപ്പെട്ടിട്ടല്ല പതിവില്ലാത്ത രീതിയില്‍ ഇത്തരത്തില്‍ ഒരു വിധി നടപ്പാക്കാന്‍ മുതിര്‍ന്നത്. ഈ പദ്ധതി നടപ്പാക്കിയാലുള്ള നേട്ട - കോട്ട അപഗ്രഥനം പോകട്ടെ, കൈവരിക്കാന്‍ കഴിയുന്ന നേട്ടങ്ങള്‍പോലും കൃത്യമായി കണ്ടെത്തി പട്ടികപ്പെടുത്തിയിട്ടില്ല. ഓര്‍ക്കേണ്ട ഒരു താരതമ്യമുണ്ട്. മുല്ലപ്പെരിയാറിലെ നിലവിലുള്ള അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് കേരളത്തിലെ ജനങ്ങളും ഗവണ്‍മെന്റും പരാതിപ്പെടുന്നു. അവരുടെ ആശങ്കയെ ചില ഐഐടികളിലെ വിദഗ്ദ്ധരടക്കം ശരിവെക്കുന്നു. സ്വന്തം ചെലവില്‍ വേറൊരു അണകെട്ടാമെന്നും തമിഴ്നാടിനു കൊടുത്തുവരുന്നത്ര വെള്ളം തുടര്‍ന്നും കൊടുക്കാമെന്നും കേരള സര്‍ക്കാര്‍ ഏല്‍ക്കുന്നു. എന്നിട്ടും സുപ്രീംകോടതിക്ക് സംശയങ്ങളാണ്. മുന്‍ സുപ്രീംകോടതി ജഡ്ജിമാരുടേതടക്കം പല വിദഗ്ദ്ധ സമിതികളെ പഠനത്തിനും മറ്റുമായി സുപ്രീംകോടതി ആ ഒരൊറ്റ നദിയുടെയും അണക്കെട്ടിെന്‍റയും കാര്യത്തില്‍ നിയോഗിച്ചിരിക്കുന്നു.

സുപ്രീംകോടതിയുടെ ഒരു ഭരണഘടനാബെഞ്ചാണ് ആ പ്രശ്നം കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലുള്ള മിക്ക പ്രധാന നദികളെയും വലിയൊരു ഭൂപ്രദേശത്തെയും ബാധിക്കുന്ന തീരുമാനമെടുക്കാന്‍ ഇത്രയൊന്നും സമിതികളുടെ പഠനം വേണമെന്ന് സുപ്രീംകോടതി കരുതിയതേയില്ല. ആകെ ഈ വിഷയം പഠിച്ചത് എഞ്ചിനീയര്‍മാരുടെയും സാമ്പത്തിക വിദഗ്ദ്ധരുടെയും ചില സമിതികളാണ്. ഭരണഘടനാബെഞ്ചല്ല, സാദാ ബെഞ്ചാണ് പ്രശ്നത്തില്‍ തീര്‍പ്പെടുക്കുന്നതും. അങ്ങനെ വിശദമായി പ്രശ്നം പരിശോധിക്കേണ്ടതുണ്ട് എന്നു പോലും ആ പ്രശ്നം കൈകാര്യം ചെയ്ത ജഡ്ജിമാരും അഭിഭാഷകരുമായ നിയമവിദഗ്ദ്ധര്‍ക്ക് തോന്നിയില്ല. നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കേസ് കൈകാര്യം ചെയ്തവര്‍ എല്ലാം ഒരു കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഈ കേസ് ആഗോളവല്‍ക്കരണ ശക്തികള്‍ക്കുവേണ്ടിയുള്ള കേസാണ് എന്ന കാര്യം. അവര്‍ക്ക് അനുകൂലമായി കോടതിയെക്കൊണ്ട് വിധി പ്രസ്താവിച്ചിരിക്കയാണ്. എന്‍ഡിഎ - യുപിഎ മന്ത്രിസഭകള്‍ നദീബന്ധന പദ്ധതികളുടെ കാര്യത്തില്‍ തീര്‍പ്പെടുക്കാന്‍ തയ്യാറായില്ല. തീരുമാനിച്ചാല്‍ ആ പദ്ധതികള്‍ നടപ്പാക്കാന്‍ പണമെവിടെ എന്ന ചോദ്യമുണ്ട്. അതിനു അവര്‍ പ്രതിവിധി കണ്ട ശേഷമേ പദ്ധതി നടപ്പാക്കാന്‍ ഉത്തരവിടാന്‍ കഴിയൂ. "ചക്കി കുത്തുന്നു, അമ്മ വെക്കുന്നു, ഞാന്‍ ഉണ്ണുന്നു" എന്ന മട്ടില്‍ വളരെ ലാഘവത്തോടെ പദ്ധതിച്ചെലവിനെക്കുറിച്ച് ചിന്തിക്കുന്ന കോടതിക്ക് മേലും കീഴും നോക്കാതെ ഉത്തരവിടാം. പത്തുവര്‍ഷം മുമ്പ് 5.6 ലക്ഷം കോടി രൂപ ഈ പദ്ധതിക്ക് ചെലവ് വരുമെന്നായിരുന്നു കമ്മച്ച കണക്ക്. ഇപ്പോള്‍ അത് ഇരട്ടിയോ കൂടുതലോ ആയി വര്‍ധിച്ചിരിക്കാം. കേന്ദ്ര ഗവണ്‍മെന്‍റിനു നികുതിയായി ഒരു വര്‍ഷം ലഭിക്കുന്ന തുകയോളം വരും അത്. ഈ 30 പദ്ധതികളില്‍ ഓരോന്നിനും വരും പതിനായിരക്കണക്കിനു കോടി രൂപയുടെ ചെലവ്. ഇവിടത്തെയോ വിദേശങ്ങളിലെയോ കുത്തകകള്‍ക്കു മാത്രമേ ഇത്തരം പദ്ധതികള്‍ നടപ്പാക്കാനുള്ള സാമ്പത്തികവും സാങ്കേതികവുമായ ശേഷിയുണ്ടാകൂ. അവര്‍ക്കു വേണ്ടിയായിരിക്കാം, അത് അറിഞ്ഞുകൊണ്ടല്ലെങ്കിലും, കോടതി ഇത്തരത്തില്‍ വിവാദപരമായ വിധിയെഴുതിയത്. ഈ തുകയേക്കാള്‍ വളരെ കുറഞ്ഞ തുക സര്‍ക്കാര്‍ നീക്കിവെച്ചിരുന്നെങ്കില്‍ , ഇന്ത്യയിലെ കൃഷിയും കൃഷിക്കാരും രക്ഷപ്പെടുമായിരുന്നു. സമ്പദ്വ്യവസ്ഥക്ക് ആകെ അതുവഴി ഊര്‍ജസ്വലത ലഭിക്കുമായിരുന്നു. അത് കൂടുതല്‍ ഭൂമി കൃഷിക്ക് ഉപയുക്തമാക്കപ്പെടാനും കൃഷി ചെയ്യപ്പെടുവാനും ഇടയാക്കുമായിരുന്നു. അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ജനങ്ങള്‍ക്കാകമാനവും വലിയ പ്രചോദനമായി ഭവിക്കുമായിരുന്നു. അതിനുപകരം യുപിഎ ഗവണ്‍മെന്‍റ് ചെയ്തുകൊണ്ടിരിക്കുന്നത്, (മുമ്പ് എന്‍ഡിഎ ഗവണ്‍മെന്‍റ് ചെയ്തതും) വ്യാപാരി - വ്യവസായി മുതലാളിമാര്‍ക്ക് ലക്ഷക്കണക്കിനു കോടി രൂപയുടെ ഇളവുകളും ആനുകൂല്യങ്ങളും നല്‍കുകയാണ്. തന്മൂലം ഗവണ്‍മെന്റിന്റെ റവന്യൂ - ധനക്കമ്മികള്‍ കുതിച്ചുയരുമ്പോള്‍ അവ നികത്താന്‍ സാധാരണക്കാരുടെമേല്‍ പുതിയ ഭാരങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്നു.

അടുത്ത വര്‍ഷത്തെ ബജറ്റിലും അതാണ് പ്രണബ് മുഖര്‍ജി ചെയ്യാന്‍ പോകുന്നത് എന്നാണ് സൂചനകള്‍ . സുപ്രീംകോടതി വിധിയെക്കുറിച്ച് ആഗോളവല്‍ക്കരണവാദികളായ കോണ്‍ഗ്രസ്, ബിജെപി മുതലായ കക്ഷികളോ അവ നയിക്കുന്ന കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്‍റുകളോ വിമര്‍ശനപരമായി ഒന്നും പ്രതികരിച്ചിട്ടില്ല. ആ വിധിയുടെ ഭരണഘടനാവിരുദ്ധവും ജുഡീഷ്യറി - എക്സിക്യൂട്ടീവ് - ലെജിസ്ലേറ്റീവ് ബന്ധങ്ങള്‍ക്ക് ചേരാത്തതും ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്നതുമായ മാനങ്ങള്‍ സംബന്ധിച്ച് അതിനെക്കുറിച്ചെല്ലാം നന്നായി അറിയാവുന്നവരില്‍ വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രമേ ഗൗരവപൂര്‍വം അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളൂ.

കേന്ദ്ര ജലസേചന സെക്രട്ടറിയായിരുന്ന രാമസ്വാമി ആര്‍ അയ്യരെപ്പോലുള്ള അപൂര്‍വം വിദഗ്ദ്ധര്‍ മാത്രമാണ് സുപ്രീംകോടതി വിധിയുടെ ആശയപാപ്പരത്തത്തിലേക്കും സങ്കീര്‍ണതകളിലേക്കും കുറച്ചെങ്കിലും കടന്നിട്ടുള്ളത്. പൊതുവില്‍ പലരുടെയും ലക്ഷ്യം വിധി വിവാദപരമാണെങ്കിലും നടപ്പാക്കപ്പെടട്ടെ എന്നാണെന്നു തോന്നുന്നു. 2 ജി സ്പെക്ട്രം പോലുള്ള അഴിമതികളിലും നടന്നതു നടന്നു, ശേഷം കാര്യം ചിന്തിക്കാം എന്ന സമീപനമാണ് ഗവണ്‍മെന്‍റിലും മറ്റും കാണുന്നത്. അതാണ് ആഗോളവല്‍ക്കരണ ചിന്താഗതി. ഏതൊരു ആഗോളവല്‍ക്കരണ നീക്കത്തിന്റെയും ലക്ഷ്യമാണ് അതിസമ്പന്നരെ തടിപ്പിക്കലും സാധാരണക്കാരുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പിക്കലും തല്‍ഫലമായി അവരുടെ ജീവിതത്തെ കൂടുതല്‍ സങ്കീര്‍ണവും ദുസ്സഹവും ആക്കലും. അതാണ് നദീസംയോജനം കൊണ്ട് നടപ്പാക്കപ്പെടാന്‍ പോകുന്നത്.

സുപ്രീംകോടതിയില്‍ നദീബന്ധനം സംബന്ധിച്ച കേസില്‍ കേരളത്തിന്റെ ഭാഗം വേണ്ട വിധം വാദിക്കപ്പെട്ടില്ല എന്നതാണ് പൊതുനിഗമനം. ആ വിധി കേരളത്തിനു ബാധകമല്ലാത്തതിനാല്‍ അതിന്റെ വിചാരണയില്‍ കേരളം വാദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നതാണ് മുഖ്യമന്ത്രിയുടെ വാദം. കേരളത്തിനു വേണ്ടി വാദിക്കാന്‍ ഏര്‍പ്പെടുത്തപ്പെട്ടിരുന്ന വി ഗിരിയെപ്പോലുള്ള അഭിഭാഷകരുടെ വാദം മുമ്പ് വാദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല, ഇനിയുമില്ല എന്നാണ്. അങ്ങനെയല്ല, കേരളം സുപ്രീംകോടതിയെ ഇപ്പോള്‍ വീണ്ടും സമീപിക്കേണ്ടതുണ്ട് എന്നാണ് മറ്റൊരു വാദഗതി. ആശയവ്യക്തതയില്ലായ്മയാണ് ഒരു കൂട്ടം പേരില്‍ സുപ്രീംകോടതി വിധി ഇളക്കിവിട്ടിരിക്കുന്നത്. ഇത് ആഗോളവല്‍ക്കരണ സമീപനത്തിന്റെ ലക്ഷ്യമാണ്. എങ്കിലല്ലേ ഇതിന്റെ പേരില്‍ തല്‍പരകക്ഷികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ കഴിയൂ?

*
സി പി നാരായണന്‍ ചിന്ത വാരിക 16 മാര്‍ച്ച് 2012

No comments: