Wednesday, March 28, 2012

ചരിത്രത്തിലില്ലാത്ത ജീവിതവും സിനിമയും

മലയാള സിനിമാ ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകള്‍ സാഹസികമായി വെളിപ്പെടുത്തുന്ന രണ്ടു പുസ്തകങ്ങളാണ് ജെ സി ഡാനിയലിന്റെ ജീവിതകഥയും നഷ്ടനായികയും. തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള ഈ രണ്ടു പുസ്തകങ്ങളിലാദ്യത്തേത് ഒരു ജീവചരിത്രമാണെങ്കില്‍ രണ്ടാമത്തേത് ഒരു നോവലാണെന്നതാണ് സവിശേഷത. പല കാരണങ്ങളാല്‍ രണ്ടു പുസ്തകങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അവ ഒരുമിച്ച് വായിക്കുന്നതാണ് നല്ലത്. സിനിമാ ലേഖകനും ചരിത്രകാരനുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണനാണ് ജെ സി ഡാനിയലിന്റെ ജീവിതകഥ എഴുതിയതെങ്കില്‍, നോവലിസ്റും കഥാകൃത്തും ദ വീക്കിന്റെ കേരള ലേഖകനുമായ വിനു ഏബ്രഹാമാണ് നഷ്ടനായിക എന്ന വിസ്മയകരമായ നോവല്‍ രചിച്ചിരിക്കുന്നത്. നഷ്ടനായികയുടെ ആദ്യപതിപ്പ് 2008 ഒക്ടോബറില്‍ പുറത്തിറങ്ങുകയും ഇപ്പോള്‍ രണ്ടാം പതിപ്പിലെത്തി നില്‍ക്കുകയുമാണ്. ജെ സി ഡാനിയലിന്റെ ജീവിതകഥ 2011ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പുസ്തകം പുറത്തു വരുന്നതിന് മുമ്പ് 2010 ജൂണ്‍ 4ന് ഗ്രന്ഥകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ നിര്യാതനാകുകയും ചെയ്തു.

ഭരണാധികാരികളും സാംസ്ക്കാരിക/ചലച്ചിത്ര പ്രവര്‍ത്തകരും സംഘടനകളും അക്കാദമികള്‍, കലാലയങ്ങള്‍ സര്‍വകലാശാലകള്‍ എന്നിവയടക്കമുള്ള ഔദ്യോഗിക/അനൌദ്യോഗിക സ്ഥാപനങ്ങളും പുലര്‍ത്തുന്ന അനവധാനത മൂലം കൃത്യമായി എഴുതപ്പെടാതെയും രേഖപ്പെടുത്താതെയും പോകുന്ന മലയാള സിനിമയുടെയും കേരള സംസ്ക്കാരത്തിന്റെയും ഇരുളടഞ്ഞ ചരിത്ര യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് ഗംഭീരമെന്നു തന്നെ വിശേഷിപ്പിക്കേണ്ട ഈ രണ്ടു ഗ്രന്ഥങ്ങളും രൂപപ്പെട്ടുവന്നിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ ആരംഭത്തെ വലിയൊരളവു വരെ തുറന്നുകാണിച്ചു കൊണ്ട്, അതിന്റെ മഹത്വവത്ക്കരണങ്ങളെ വലിച്ചു കീറുകയാണ് ഈ പുസ്തകങ്ങള്‍ നിര്‍വഹിക്കുന്ന യഥാര്‍ത്ഥ ധര്‍മം.

ജെ സി ഡാനിയലാണ് ആദ്യത്തെ മലയാള സിനിമ നിര്‍മിച്ചതും സംവിധാനം ചെയ്തതും മുഖ്യവേഷത്തിലഭിനയിച്ചതും എന്ന വസ്തുത ഗണനീയവും വിശ്വാസ്യവുമായ തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തോടെ സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയില്‍ ചേലങ്ങാട്ട് നേരത്തെ തന്നെ വിജയം വരിച്ചിരുന്നു. അതിന്‍ പ്രകാരം, മലയാള സിനിമക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സമഗ്ര സംഭാവനാ പുരസ്കാരം ജെ സി ഡാനിയലിന്റെ പേരില്‍ ഏര്‍പ്പെടുത്തപ്പെട്ടു. സത്യത്തില്‍, ആ അവാര്‍ഡ് ലഭിക്കുന്നവരുടെ പേരിനേക്കാള്‍ ചരിത്ര/ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ ആദരവോടെ സ്മരിക്കുന്നതെല്ലായ്പോഴും ജെ സി ഡാനിയലിനെയാണ്. സത്യത്തിന്റെ തുമ്പു തേടി ചേലങ്ങാട്ട് നടത്തിയ യാത്രകള്‍ ഒരു അപസര്‍പ്പക കഥ വായിക്കുന്ന ഉദ്വേഗത്തോടെ മാത്രമേ നമുക്കു വായിക്കാനാവൂ എന്ന് ആമുഖകാരനായ കെ വി മോഹന്‍കുമാര്‍ നിരീക്ഷിക്കുന്നത് തികച്ചും ശരിയാണ്.

വിഗതകുമാരന്‍ റിലീസ് ചെയ്ത് മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഗ്രന്ഥകാരന്‍ തന്റെ അന്വേഷണയാത്രകള്‍ നടത്തുന്നത്. ചലച്ചിത്രകാരനെയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടിയെയുമാണദ്ദേഹം അന്വേഷിക്കുന്നത്. പുറന്തള്ളപ്പെട്ട ഒരു ഗ്രീക്ക് ചലച്ചിത്രകാരന്‍ തൊണ്ണൂറുകളിലെ ബാള്‍ക്കന്‍ പ്രദേശത്തു കൂടി നടത്തുന്ന ഒരു അന്വേഷണയാത്രയും അലച്ചിലും ഇതിവൃത്തമാക്കിയ, തിയോ ആഞ്ചലോപൌലോയുടെ യുളീസസ് ഗേസ് (1995/ഗ്രീസ്) ഈ ഘട്ടത്തില്‍ ഓര്‍മയിലെത്തി. യൂറോപ്പിലെ ബാള്‍ക്കന്‍ പ്രദേശം മുഴുവനും ഇക്കാലത്ത് അരക്ഷിതത്വത്തിന്റെയും വംശീയമൌലികവാദങ്ങളുടെയും യുദ്ധങ്ങളുടെയും പിടിയിലായിരുന്നു. പേരില്ലാത്ത (അഥവാ എ എന്നു പേരുള്ള) നായകകഥാപാത്രം ഗ്രീസില്‍ നിന്ന് അല്‍ബേനിയയിലേക്കും ബള്‍ഗേറിയയില്‍ നിന്ന് റുമാനിയയിലേക്കും അവിടെ നിന്ന് കരിങ്കടലിലെ കോണ്‍സ്റാന്‍സയിലേക്കും ഡനൂബേയില്‍ നിന്ന് മുന്‍ യുഗോസ്ളാവിയയിലേക്കും യുളീസസ് എന്ന മിത്തിനെ തേടി അലയുകയാണ്. മുന്‍ യുഗോസ്ളാവിയയിലെ ബല്‍ഗ്രേഡിലും വുക്കോവറിലും മോസ്തറിലും സരയാവോവിലും അയാള്‍ അലയുന്നു. ഈ യാത്രയുടെ പ്രേരക ഘടകം അഥവാ ആഴത്തിലുള്ള പ്രചോദനം ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചിത്രീകരിച്ചതും ഡെവലപ്പ് ചെയ്തിട്ടില്ലാത്തതുമായ ഒരു ഷോര്‍ട്ട് ഫിലിമിന്റെ റോളുകള്‍ തേടിക്കണ്ടുപിടിക്കുക എന്നതാണ്. ബാള്‍ക്കന്‍ സിനിമയുടെ സ്ഥാപകരായ മനാക്കീസ് സഹോദരന്മാര്‍ നിര്‍മിച്ച ആദ്യ സിനിമയായിരുന്നു അത്. നഷ്ടപ്പെട്ട ഒരു നിഷ്കളങ്കകാലത്തെക്കുറിച്ചുള്ള അന്വേഷണമാണ് ചലച്ചിത്രകാരന്‍ വിഭാവനം ചെയ്യുന്നത്. ബാള്‍ക്കന്‍ രാജ്യങ്ങളുടെ പൊതു ചരിത്രത്തെയാണ് നഷ്ടപ്പെട്ട റീല്‍ എന്ന രൂപകത്തിലൂടെ ആഞ്ചലൊപൌലോ അടയാളപ്പെടുത്തുന്നത്.

ബാള്‍ക്കന്‍ രാജ്യങ്ങള്‍ അനുഭവിക്കുന്ന അതികഠിനവും തീക്ഷ്ണവുമായ വിഭജനങ്ങളുടെയും ആഭ്യന്തര-ബാഹ്യ യുദ്ധങ്ങളുടെയും അവസ്ഥയോട് താരതമ്യം ചെയ്യാനാകില്ലെങ്കിലും കേരളം, ഐക്യകേരളം, മലയാളം എന്നീ സാംസ്ക്കാരികാവസ്ഥകളുടെ ഏകോപനവും വിഘടനവും സാക്ഷ്യം വഹിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളും പൊതുചരിത്രവും ആദ്യത്തെ മലയാള സിനിമയുടെ അന്നത്തെയും ഇന്നത്തെയും അവസ്ഥയില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നുണ്ടെന്നതാണ് ഏറ്റവും വിസ്മയകരമായ കാര്യം. ചേലങ്ങാട്ടിന്റെ അന്വേഷണത്തിനവസാനം കഷ്ടിച്ച് ഒന്നര മീറ്റര്‍ നീളമുള്ള ഫിലിം റീലാണ് കാണാന്‍ കഴിയുന്നത്. മലയാള സിനിമയുടെ പിതാവ് എന്ന് ജെ സി ഡാനിയലിനെ വിലയിരുത്തുന്നത് അദ്ദേഹം ദേശത്തെ സമഗ്രമായി എഴുതാനും രേഖപ്പെടുത്താനുമാണ് ചലച്ചിത്ര രംഗത്തേക്ക് സാഹസികമായി വന്നത് എന്നതുകൊണ്ടു കൂടിയാണെന്ന് നാം തിരിച്ചറിയണം. ജന്മനാ സമ്പന്നനായിരുന്ന അദ്ദേഹം തന്റെ നൂറിലധികം വരുന്ന ഏക്കര്‍ ഭൂസ്വത്ത് വിറ്റാണ് സ്റുഡിയോ നിര്‍മിച്ച്, ഉപകരണങ്ങള്‍ വാങ്ങി വിഗതകുമാരന്‍ ചിത്രീകരിച്ചത്. ട്രാവന്‍കൂര്‍ നാഷണല്‍ പിക്ച്ചേഴ്സ് എന്നാണ് തന്റെ നിര്‍മാണക്കമ്പനിക്ക് അദ്ദേഹം പേരിട്ടത്. അന്നത്തെ അവസ്ഥ വെച്ച് തിരുവിതാകൂറിന്റെ ദേശീയതക്കും ഐക്യത്തിനും പ്രതീകാത്മക പ്രാധാന്യം നല്‍കുന്നതിന് ഈ പേര് സഹായകമായിത്തീരുന്നു. സിനിമയെല്ലാം പൊളിഞ്ഞതിനു ശേഷം ദന്തവൈദ്യം പഠിച്ച് മധുരയില്‍ ദന്തിസ്റായി ജോലി ചെയ്യുമ്പോള്‍ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം പങ്കെടുത്തതും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം.

മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയല്‍ ആണെന്ന് സ്ഥാപിച്ച്, 1960കളില്‍ തന്നെ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ലേഖനമെഴുത്തു തുടങ്ങിയെങ്കിലും അന്നാരും ആ വാദത്തെ അംഗീകരിച്ചതേ ഇല്ല. മലയാള സിനിമയുടെ തുടക്കം ബാലന്‍ എന്ന ചിത്രത്തോടെയായിരുന്നുവെന്നും ആ ചിത്രം നിര്‍മിച്ച ടി ആര്‍ സുന്ദരം ആണ് പിതൃസ്ഥാനീയനെന്നുമുള്ള വാദത്തിന് സര്‍വരാലും അംഗീകാരം ലഭിച്ചപ്പോഴായിരുന്നു ഗോപാലകൃഷ്ണന്‍ പുതിയ തെളിവുകളുമായി രംഗത്ത് വന്നത്. മെരിലാന്റ് സ്റുഡിയോ ഉടമ പി സുബ്രഹ്മണ്യവും വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും മാത്രമാണ് ചേലങ്ങാട്ടിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരനും സാഹിത്യകാരനും ഐഎഎസുകാരനുമായ മലയാറ്റൂര്‍ രാമകൃഷ്ണനും ഈ വാദത്തോട് രോഷം പ്രകടിപ്പിച്ചതും ഗ്രന്ഥകാരന്‍ വികാരവായ്പോടെ രേഖപ്പെടുത്തിയിരിക്കുന്നു. താന്‍ പത്രാധിപസമിതി അംഗമായിരുന്ന മലയാളി പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍, ജെ സി ഡാനിയലിനെ സംബന്ധിച്ചുള്ള ഒരു ലേഖനം, ചേലങ്ങാട്ട് പ്രസിദ്ധീകരിച്ചതില്‍ കുപിതനായ കുട്ടനാട് രാമകൃഷ്ണപിള്ള എന്ന പത്രാധിപര്‍ 'കണ്ട മാപ്പിളയൊക്കയാണ് മലയാള സിനിമയുടെ പിതാവ് എന്ന് പറയാന്‍ നിനക്ക് നാണമില്ലെടാ' എന്ന് ആക്രോശിച്ചത് നടുക്കത്തോടെ മാത്രമേ നമുക്ക് വായിക്കാനാവൂ. അല്ലെങ്കിലെന്തിന് നടുങ്ങണം! ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളം ഇന്നും അതിന്റെ അടിസ്ഥാന സാംസ്ക്കാരിക ഗരിമയായി കൊണ്ടാടുന്നത് സവര്‍ണ-മൃദു ഹിന്ദുത്വത്തെ തന്നെയാണല്ലോ.

ജെ സി ഡാനിയല്‍, സംസ്ഥാന പുനര്‍വിഭജനത്തിനു ശേഷം തമിഴ്നാട്ടില്‍ ചേര്‍ക്കപ്പെട്ട തെക്കന്‍ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം സ്വദേശിയാണെന്നതും, അവസാനകാലത്ത് അദ്ദേഹം അവിടെയാണ് ദരിദ്രമായ വിശ്രമജീവിതം നയിച്ചിരുന്നതെന്നും സാങ്കേതിക-കേരള വാദികളുടെ, വിഗതകുമാരന്‍ അല്ല ബാലനാണ് ആദ്യ മലയാള സിനിമ എന്ന വാദത്തിന് ബലം കൂട്ടി. പുതുച്ചേരി സംസ്ഥാനത്തില്‍ പെട്ട മാഹിക്കാരനാണ് എം മുകുന്ദന്‍ എന്നതുകൊണ്ട് അദ്ദേഹം മലയാള സാഹിത്യകാരനല്ല എന്ന് ഏതോ വിഡ്ഢി കേസു കൊടുത്ത സ്ഥലവുമാണല്ലോ കേരളം! ഭാഷാ സംസ്ഥാന കമ്മീഷന്‍ നാഗര്‍കോവില്‍ പ്രദേശത്തെ തമിഴ് നാട്ടിലേക്ക് ചേര്‍ക്കാന്‍ ശുപാര്‍ശ ചെയ്തതിന്റെ പിന്നില്‍, ആ പ്രദേശത്ത് കൂടുതലായുണ്ടായിരുന്ന നാടാര്‍ സമുദായത്തെ രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലായി പിളര്‍ത്താനുള്ള നായര്‍ ഗൂഢാലോചന പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ചിലരുടെ വാദങ്ങളും ഈ സംഭവത്തോട് ചേര്‍ത്തു വായിക്കാവുന്നതാണ്.

ജെ സി ഡാനിയലിനെ അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിക്കളഞ്ഞിരുന്ന ചരിത്ര-സാംസ്ക്കാരിക അവബോധം; വിഗതകുമാരനില്‍ നായികയായഭിനയിച്ച പി കെ റോസി എന്ന, കൃസ്തുമതത്തിലേക്ക് മതം മാറിയ ദളിത് യുവതിയോട് അന്നും ഇന്നും എപ്രകാരമാണ് പെരുമാറിയത് എന്ന് ഭാവന കൂടി ചേര്‍ത്തുകൊണ്ടെഴുതിയ മികച്ച നോവലാണ് നഷ്ടനായിക. അവതാരികാകാരനായ പ്രസിദ്ധ ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജ് വിശദീകരിക്കുന്നതു പോലെ; തികച്ചും നാരകീയമായ ജാതിവ്യവസ്ഥയുടെ കെട്ടുപാടുകള്‍ അഴിഞ്ഞ് തുടങ്ങിയിട്ട് ഏറെയൊന്നുമായിട്ടില്ലാത്ത ഒരു കാലഘട്ടത്തിലെ കീഴാളവര്‍ഗത്തില്‍ നിന്നാണ് അവള്‍ കടന്നുവരുന്നത്. അതേ സമയം, മാര്‍ഗ്ഗം കൂടി, കീഴാളവര്‍ഗ്ഗത്തില്‍ തന്നെ ഒരന്യവത്ക്കരണം അനുഭവിക്കുന്ന വിഭാഗത്തിലുമാണവള്‍. സ്ത്രീകള്‍, പ്രത്യേകിച്ച് അഭിനേത്രിമാര്‍ കേവലം ഭോഗവസ്തുക്കളായി മുഖ്യമായും വീക്ഷിക്കപ്പെടുന്ന പുരുഷാധിപത്യസമൂഹമാണ് അന്നും ഇന്നും കേരളത്തില്‍ പ്രബലമായി നിലനില്‍ക്കുന്നത്. ഈ സവര്‍ണ-മൃദുഹിന്ദുത്വ-പുരുഷാധിപത്യ സമൂഹം തന്നെയാണ് രാക്ഷസാകാരനായ കാണിയായി രൂപാന്തരപ്പെട്ട് സിനിമയിലെ ജനപ്രിയതയും താരാരാധനയുമടക്കമുള്ള നിര്‍ണായകതകളെല്ലാം നിര്‍മിക്കുന്നതും സ്വീകരിക്കുന്നതുമെന്ന ചരിത്ര-വര്‍ത്തമാന വസ്തുതയും ഈ നോവല്‍ വായനയിലൂടെ കൂടുതല്‍ ബോധ്യപ്പെടും. അഴിഞ്ഞാട്ടക്കാരി, അഥവാ കൂത്തിച്ചി എന്ന അവസ്ഥയിലാണ് നടിമാരെ സമൂഹം കണ്ടിരുന്നത്; ഇപ്പോഴും ഏറെക്കൂറെ കാണുന്നത്. വിഗതകുമാരന്‍ എന്ന ആദ്യ സിനിമയും റോസിയും സമൂഹത്തിലെ കപട മാന്യന്മാരുടെയും സദാചാര ഭക്തരുടെയും (ഇന്നത്തെ മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ സദാചാര പോലീസ്) കടുത്ത ആക്രമണത്തിനാണ് വിധേയമാകുന്നത്. സിനിമ എന്ന കലാരൂപവും അതേ വരെ അടിച്ചമര്‍ത്തപ്പെട്ടു മാത്രം കഴിഞ്ഞിരുന്ന പുലയ സമുദായത്തില്‍ പെട്ട ഒരു കീഴാള പെണ്‍കുട്ടി അതില്‍ മുഖ്യസ്ഥാനം വഹിക്കുന്നു എന്നതും നിലനില്‍ക്കുന്ന ക്രമത്തെ അട്ടിമറിക്കുന്നതായതിനാലാണ്, അതിനെതിരെയുള്ള അക്രമാസക്തമായ സാമൂഹ്യ പ്രതികരണം സംഭവിക്കുന്നതെന്ന് കെ ജി ജോര്‍ജ് വിവരിക്കുന്നു.

ലഭ്യമായ വിവരങ്ങള്‍ വെച്ച് 1930 ഒക്ടോബര്‍ 30നാണ് വിഗതകുമാരന്‍ തിരുവനന്തപുരത്തെ ക്യാപിറ്റോള്‍ തിയേറ്ററില്‍ പ്രദര്‍ശനമാരംഭിച്ചത്. ആരംഭിച്ച ദിവസമോ അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തിനകമോ, അക്രമാസക്തരായ കാണികള്‍ തിരശ്ശീലയിലേക്ക് കല്ലെറിയുകയും നായികയായഭിനയിച്ച നടി പി കെ റോസിയെ ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. ആക്രമണരംഗം നോവലില്‍ വിവരിക്കുന്നതിങ്ങനെയാണ്. കൊട്ടകയില്‍ ഒരട്ടഹാസം മുഴങ്ങി: 'ഫാ വടുക പുലയാടി മോളെ. എന്തരാടീ നീ അവിടെ പുളുത്തുന്നത്. അറുവാണി കൂത്തിച്ചി. നിര്‍ത്തടി. ഒടുക്കത്തൊരു സിനിമ. യോഗ്യന്മാര് ആണുങ്ങളെ വിളിച്ചു വരുത്തിയിട്ട് നിന്റെയൊക്കെ പൊലയാട്ട് കാണിച്ച് അര്‍മ്മാദിക്കുന്നോടീ' ജീവനും കൊണ്ട് അവിടെ നിന്ന് ഓടി രക്ഷപ്പെട്ട റോസി, നിരത്തിലിറങ്ങി നിന്ന് അതുവഴി കടന്നു വന്ന ഒരു ലോറിക്ക് കൈ കാണിച്ച് അതില്‍ കയറി പിന്നീട് അതിലെ ഡ്രൈവറെ കല്യാണവും കഴിച്ച് കേരളത്തിനു പുറത്തെവിടെയോ താമസിച്ച് മരിച്ചു എന്നാണ് വിശ്വസനീയമായ ചരിത്രവസ്തുതകളുടെ പിന്‍ബലത്തോടെ നോവലിസ്റ് ആഖ്യാനം ചെയ്യുന്നത്.

അടുത്ത കാലത്തിറങ്ങിയ ഗംഭീരമായ ഈ രണ്ടു പുസ്തകങ്ങളെയും കണ്ടില്ലെന്നു നടിച്ചുകൊണ്ട് അവഗണിച്ചില്ലാതാക്കാന്‍ ശ്രമിക്കുന്ന കേരളീയ പൊതുബോധം; പി കെ റോസിയെ ആക്രമിച്ച് തുരത്തിയ അതേ മലയാളി/കേരളീയ കാണികളുടേതു തന്നെയാണ്. കേരളത്തനിമക്ക് ദോഷം സംഭവിച്ചു എന്നാര് പറഞ്ഞു? കലാഭവന്‍ മണിയോടൊപ്പം നായികയാവാന്‍ പറ്റില്ല എന്നു പറഞ്ഞ വെളുത്ത തൊലി നിറമുള്ള നടികളും അവരെ ആരാധിക്കുന്ന സാമാന്യ മലയാളി/കേരളീയനും അവരുടെ പിന്മുറക്കാരാണ്. മലയാള സിനിമക്കു വേണ്ടി ജീവിച്ചിരിക്കെ രക്തസാക്ഷികളായി മാറിയവരാണ് ജെ സി ഡാനിയലും പി കെ റോസിയും എന്ന് മുഴുവന്‍ മലയാളികളും തിരിച്ചറിയുന്ന ഒരു നാള്‍ വരുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയോടെ……………

*
ജി പി രാമചന്ദ്രന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മലയാള സിനിമാ ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകള്‍ സാഹസികമായി വെളിപ്പെടുത്തുന്ന രണ്ടു പുസ്തകങ്ങളാണ് ജെ സി ഡാനിയലിന്റെ ജീവിതകഥയും നഷ്ടനായികയും. തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള ഈ രണ്ടു പുസ്തകങ്ങളിലാദ്യത്തേത് ഒരു ജീവചരിത്രമാണെങ്കില്‍ രണ്ടാമത്തേത് ഒരു നോവലാണെന്നതാണ് സവിശേഷത. പല കാരണങ്ങളാല്‍ രണ്ടു പുസ്തകങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അവ ഒരുമിച്ച് വായിക്കുന്നതാണ് നല്ലത്. സിനിമാ ലേഖകനും ചരിത്രകാരനുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണനാണ് ജെ സി ഡാനിയലിന്റെ ജീവിതകഥ എഴുതിയതെങ്കില്‍, നോവലിസ്റും കഥാകൃത്തും ദ വീക്കിന്റെ കേരള ലേഖകനുമായ വിനു ഏബ്രഹാമാണ് നഷ്ടനായിക എന്ന വിസ്മയകരമായ നോവല്‍ രചിച്ചിരിക്കുന്നത്. നഷ്ടനായികയുടെ ആദ്യപതിപ്പ് 2008 ഒക്ടോബറില്‍ പുറത്തിറങ്ങുകയും ഇപ്പോള്‍ രണ്ടാം പതിപ്പിലെത്തി നില്‍ക്കുകയുമാണ്. ജെ സി ഡാനിയലിന്റെ ജീവിതകഥ 2011ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പുസ്തകം പുറത്തു വരുന്നതിന് മുമ്പ് 2010 ജൂണ്‍ 4ന് ഗ്രന്ഥകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ നിര്യാതനാകുകയും ചെയ്തു.