Friday, March 23, 2012

പതറാത്ത കമ്യൂണിസ്റ്റ് സ്ഥൈര്യം

സഖാവ് സി കെ ചന്ദ്രപ്പനെ അവസാനമായി കാണുന്നത് പിറവം ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലാണ്. അര്‍ബുദം അലട്ടിയിരുന്നെങ്കിലും അതിനെ കൂസാത്ത കമ്യൂണിസ്റ്റ് സ്ഥൈര്യമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ആ പതറാത്ത ധീരതയുടെ ഭാഗമായാണ് പിറവത്ത് എല്‍ഡിഎഫ് വിജയത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന് എത്തിയത്. ഇരുമ്പനത്ത് എല്‍ഡിഎഫ് റാലിയില്‍ പ്രസംഗിച്ച് മടങ്ങുമ്പോള്‍ അസുഖം മൂര്‍ഛിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതറിഞ്ഞ് ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടു. എ കെ ജി ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ എത്തിയ എന്നെ ഉച്ചയ്ക്ക് പന്ന്യന്‍ രവീന്ദ്രനാണ് ഫോണ്‍ വിളിച്ച് സഖാവിന്റെ ആകസ്മിക വേര്‍പാട് അറിയിച്ചത്. രോഗം ഉണ്ടായിരുന്നെങ്കിലും ഇത്രപെട്ടെന്ന് സ. ചന്ദ്രപ്പന്‍ വിടപറയുമെന്നു കരുതിയിരുന്നില്ല.

പുന്നപ്ര-വയലാര്‍ സമരനായകരില്‍ പ്രധാനിയായിരുന്ന സി കെ കുമാരപ്പണിക്കരുടെ മകന്‍ എന്ന വിശേഷണം ചന്ദ്രപ്പനെ വിദ്യാര്‍ഥി സംഘടനാ നേതാവായ ഘട്ടത്തില്‍ നാട് ശ്രദ്ധിക്കുന്നതില്‍ ഒരു ഘടകമായി. വിദ്യാര്‍ഥി-യുവജന സംഘടനകളുടെ ദേശീയനേതാവായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹവുമായി ആ ഘട്ടങ്ങളില്‍ അടുത്ത് ഇടപഴകാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. പിന്നീട്, 1971ല്‍ തലശേരിയിലും 1977ല്‍ കണ്ണൂരിലും ലോക്സഭാ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചവേളകളില്‍ അദ്ദേഹവും ഞങ്ങളും രണ്ട് രാഷ്ട്രീയ മുന്നണിയിലായിരുന്നു. അന്നു ഞാന്‍ കൂത്തുപറമ്പിനെ പ്രതിനിധാനംചെയ്യുന്ന നിയമസഭാംഗമായിരുന്നു. എന്നാല്‍ , പിന്നീട് 2004ല്‍ തൃശൂരില്‍നിന്ന് ലോക്സഭയിലേക്ക് എല്‍ഡിഎഫിലെ സിപിഐ പ്രതിനിധിയെന്ന നിലയില്‍ മത്സരിച്ച് ജയിച്ചു. അന്ന് ആ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ചന്ദ്രപ്പന്റെ വിജയത്തിനുവേണ്ടി മണ്ഡലത്തില്‍ ഞാനും പര്യടനം നടത്തിയിരുന്നു. 1980കള്‍ മുതല്‍ ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കളെന്ന നിലയിലുള്ള സൗഹൃദവും പരിചയവും പിന്നീട് കൂടുതല്‍ ശക്തിപ്പെട്ടു. 2010ല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായശേഷം ചന്ദ്രപ്പനുമായി നിരന്തരം ബന്ധപ്പെടുകയും മുന്നണിയെ ശക്തിപ്പെടുത്താനും പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപംനല്‍കാനും വേണ്ടി യോജിച്ചുപ്രവര്‍ത്തിക്കാനും കഴിഞ്ഞു. രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികളുടെ നേതാക്കളെന്ന നിലയില്‍ ചില പ്രശ്നങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഞങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, എല്ലാ ഘട്ടത്തിലും ഇടതുപക്ഷ ഐക്യത്തിന് ചന്ദ്രപ്പന്‍ ഊന്നല്‍ നല്‍കി. ആരും മനസ്സിലാക്കാത്ത ഒരുകാര്യമുണ്ട്. ചില പ്രശ്നങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ പരസ്യമായ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കിലും ആ സന്ദര്‍ഭത്തില്‍ ചേരുന്ന എല്‍ഡിഎഫ് യോഗങ്ങളില്‍ പോലും വളരെ ക്രിയാത്മകമായ നിലപാടാണ് ചന്ദ്രപ്പന്‍ എടുത്തിട്ടുള്ളത്.

കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനെ രാഷ്ട്രീയമായി ദുര്‍ബലപ്പെടുത്താനും എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനുമുള്ള സമരപ്രക്ഷോഭങ്ങളും ക്യാമ്പയിനുകളും സംഘടിപ്പിക്കാനുള്ള നല്ല നിര്‍ദേശങ്ങളാണ് സഖാവില്‍നിന്ന് ലഭിക്കുക. മതത്തോട് പൊതുവേയും മതന്യൂനപക്ഷത്തോട് വിശേഷിച്ചും പുലര്‍ത്തേണ്ട സമീപനത്തെപ്പറ്റിയുള്ള നിലപാടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ മതന്യൂനപക്ഷങ്ങളായ മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഇടതുപക്ഷത്തിനുള്ള സ്വാധീനം ഇന്നുള്ള പരിമിതമായ നിലയില്‍നിന്ന് വിപുലമാക്കേണ്ടതിന്റെ ആവശ്യകത ഇടതുപക്ഷം വെല്ലുവിളിയായി ഏറ്റെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ മാര്‍ക്സിസത്തിന്റെ താത്വികനിലപാടില്‍ വിട്ടുവീഴ്ച ചെയ്യാതെ മതാനുഭാവികളുമായി നടത്തേണ്ട ചര്‍ച്ചയുടെ പ്രാധാന്യത്തിലും അദ്ദേഹം ഊന്നി. ഇങ്ങനെ ജാതി, മതം, വര്‍ഗീയത തുടങ്ങിയ പ്രശ്നങ്ങളോടുള്ള ഇടതുപക്ഷ രാഷ്ട്രീയസമീപനം വികസിപ്പിച്ചെടുക്കുന്നതില്‍ നല്ല സംഭാവന നല്‍കിവന്ന നേതാവായിരുന്നു.

1957ല്‍ കേരളത്തില്‍ നിലവില്‍വന്ന ഇ എം എസ് സര്‍ക്കാരിനെതിരായി വിമോചനസമരം കെട്ടഴിച്ചുവിടുന്നതില്‍ ജാതി-മത-വര്‍ഗീയശക്തികളെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പിന്തിരിപ്പന്‍ രാഷ്ട്രീയനേതൃത്വം ഉപയോഗപ്പെടുത്തി. ഇന്നും ഇക്കൂട്ടര്‍ ഇതേ പാതയിലൂടെ മറ്റൊരുതരത്തില്‍ സഞ്ചരിച്ച് നേട്ടങ്ങള്‍ കൈവരിക്കാന്‍ നോക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ സ. ചന്ദ്രപ്പന്റെ സാന്നിധ്യം മറ്റെന്നത്തേക്കാള്‍ കൂടുതല്‍ ഈ നാടിന് ആവശ്യമായിരുന്നു. സഖാവിന്റെ ആകസ്മിക വേര്‍പാട് ഇന്ത്യയിലെ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിനും വിശിഷ്യാ കേരളത്തിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിനും അപരിഹാര്യമായ നഷ്ടമാണ്. സഖാവിന്റെ വേര്‍പാടില്‍ ദുഃഖിതയായ ഭാര്യയെയും സഖാക്കളെയും അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളെയും അഗാധമായ അനുശോചനം അറിയിക്കുന്നു.

പിണറായി വിജയന്‍

വിട്ടുവീഴ്ചയില്ലാത്ത പോരാളി

ചന്ദ്രപ്പനെ വിദ്യാര്‍ഥിയായിരുന്ന കാലംമുതല്‍ അറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. ധീരവിപ്ലവകാരിയായിരുന്ന സി കെ കുമാരപ്പണിക്കരുടെ മകന്‍ . കുമാരപ്പണിക്കര്‍ വയലാര്‍ സമരത്തിന്റെ നേതാവായിരുന്നു. വയലാര്‍ സ്റ്റാലിന്‍ എന്നുകൂടി പേരുണ്ട് കുമാരപ്പണിക്കര്‍ക്ക്. അടിയുറച്ച പോരാളിയായിരുന്നു അദ്ദേഹം. ദിവാന്‍ ഭരണത്തിനെതിരെ വാരിക്കുന്തമേന്തി തൊഴിലാളികളെ അണിനിരത്തിയതിലൂടെ അനിതരസാധാരണമായ ധീരതയും പോര്‍വീര്യവും പ്രകടിപ്പിച്ചു. ഞാന്‍ കുമാരപ്പണിക്കരെ പരിചയപ്പെടുന്നത് 1951-52 കാലത്ത് നിയമസഭയില്‍വച്ചാണ്. ചേര്‍ത്തലയെ പ്രതിനിധാനംചെയ്ത് കുമാരപ്പണിക്കരും സഭയിലുണ്ടായിരുന്നു. സ്നേഹമസൃണവും ശാന്തഗംഭീരവുമായ സഖാവ് കുമാരപ്പണിക്കരുടെ സ്വഭാവഗുണങ്ങള്‍ മനസ്സിലാക്കാന്‍ അന്ന് കഴിഞ്ഞു. ഈ സ്വഭാവഗുണങ്ങള്‍ സി കെ ചന്ദ്രപ്പനിലും തെളിഞ്ഞുകാണാമായിരുന്നു.

സ്വന്തം അഭിപ്രായങ്ങള്‍ വീറോടുകൂടി പിന്തുടരുന്നതില്‍ അയവുകാട്ടിയിരുന്നില്ല അദ്ദേഹം. പാര്‍ലമെന്റ് അംഗമായ അദ്ദേഹം മറ്റു ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹം കൂടുതല്‍ വലത്തോട്ടു നീങ്ങുന്നില്ലേയെന്ന സംശയവും പലപ്പോഴും ഞങ്ങള്‍ക്കുണ്ടായിരുന്നു. അദ്ദേഹവുമായുള്ള സൗഹൃദ സംഭാഷണങ്ങളില്‍ ഞാന്‍ നേരിട്ട് ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ചന്ദ്രപ്പന്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായതിനുശേഷം പാര്‍ടിക്ക് പുതിയ ഓജസ്സു നല്‍കാന്‍ ശ്രമിച്ചിരുന്നു. അതിനുള്ള പരിശ്രമത്തില്‍ ചിലപ്പോള്‍ ഇടതുപക്ഷ ഐക്യത്തിനുപോലും വിഘാതമായ രീതിയില്‍ തന്റെ നിലപാടുകള്‍ പ്രഖ്യാപിക്കുന്നതില്‍ വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പഠനത്തിന്റെ അവസാനഘട്ടം ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലായിരുന്നു. ചിറ്റൂരിലെ കോളേജില്‍ വിദ്യാര്‍ഥിപ്രസ്ഥാനം ദുര്‍ബലമായിരുന്ന കാലത്ത് അതിനെ ശക്തിപ്പെടുത്താന്‍ ചന്ദ്രപ്പന്‍ ശ്രമിച്ചു. ഒരിക്കല്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം ഞാന്‍ അദ്ദേഹത്തിന് "അച്ഛന്റെ സ്മരണയ്ക്കായി" എന്ന് എഴുതി ഒരു പുസ്തകം കൊടുത്തിരുന്നു. ആ പുസ്തകത്തിന്റെ അനേകം പതിപ്പുകള്‍ ഇപ്പോഴും ഇറങ്ങുന്നുണ്ട്. വില്‍ ഡ്യൂറന്റിന്റെ "സ്റ്റോറി ഓഫ് ഫിലോസഫി" ആണ് ആ പുസ്തകം. അടുത്തിടെ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം ആ പുസ്തകത്തെക്കുറിച്ച് സ്നേഹപൂര്‍വം പ്രശംസിച്ചു. "മലയാളത്തിലേക്ക് പിജിക്ക് അത് വിവര്‍ത്തനം ചെയ്തുകൂടേ" എന്നു ചോദിക്കുകയും ചെയ്തു. എന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അതിന് അനുവദിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. എങ്കിലും ചന്ദ്രപ്പന്‍ പറഞ്ഞ സ്ഥിതിക്ക് സഖാക്കളുടെ സഹായത്തോടെ പരിശ്രമിച്ചുനോക്കാമെന്നും പറഞ്ഞിരുന്നു.

പി ഗോവിന്ദപ്പിള്ള

*
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സഖാവ് സി കെ ചന്ദ്രപ്പനെ അവസാനമായി കാണുന്നത് പിറവം ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലാണ്. അര്‍ബുദം അലട്ടിയിരുന്നെങ്കിലും അതിനെ കൂസാത്ത കമ്യൂണിസ്റ്റ് സ്ഥൈര്യമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ആ പതറാത്ത ധീരതയുടെ ഭാഗമായാണ് പിറവത്ത് എല്‍ഡിഎഫ് വിജയത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന് എത്തിയത്. ഇരുമ്പനത്ത് എല്‍ഡിഎഫ് റാലിയില്‍ പ്രസംഗിച്ച് മടങ്ങുമ്പോള്‍ അസുഖം മൂര്‍ഛിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതറിഞ്ഞ് ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടു. എ കെ ജി ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ എത്തിയ എന്നെ ഉച്ചയ്ക്ക് പന്ന്യന്‍ രവീന്ദ്രനാണ് ഫോണ്‍ വിളിച്ച് സഖാവിന്റെ ആകസ്മിക വേര്‍പാട് അറിയിച്ചത്. രോഗം ഉണ്ടായിരുന്നെങ്കിലും ഇത്രപെട്ടെന്ന് സ. ചന്ദ്രപ്പന്‍ വിടപറയുമെന്നു കരുതിയിരുന്നില്ല.