Monday, March 26, 2012

യുപിഎയുടെ നാണംകെട്ട കീഴടങ്ങല്‍

പതിനഞ്ചാം ലോക്സഭയുടെ പത്താംസമ്മേളനം ആരംഭിച്ചത് മാര്‍ച്ച് 12നാണ്. പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തിനായി സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങള്‍ ഒത്തുചേര്‍ന്നു. പ്രതിഭ പാട്ടീല്‍ , പ്രസിഡന്റ് കാലാവധി തീരുന്നതിന് മുമ്പുനടത്തുന്ന അവസാനത്തെ പ്രസംഗമായിരുന്നു ഇത്്. പുതുതായി ഒന്നും ഉള്‍ക്കൊള്ളിക്കാത്ത നയപ്രഖ്യാപനം പൊതുവില്‍ വിരസമായിരുന്നു. അതുകൊണ്ടുതന്നെ ഭരണകക്ഷി അംഗങ്ങള്‍ക്ക് ആഹ്ലാദപ്രകടനത്തിനുള്ള സന്ദര്‍ഭം വിരളമായിരുന്നു. അതേസമയം ഗൂര്‍ഖാലാന്‍ഡ്, തെലുങ്കുദേശം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആ പ്രദേശത്തുനിന്നുള്ള എംപിമാര്‍ മുദ്രാവാക്യം മുഴക്കി. തമിഴ്നാട്ടിലെ എംപിമാര്‍ ശ്രീലങ്കന്‍പ്രശ്നം ഉന്നയിച്ച് എഴുന്നേറ്റുനിന്നു. മറ്റ് നടപടിക്രമങ്ങളിലൊന്നും പോകാതെ 12ന് സഭ പിരിഞ്ഞു. പതിമൂന്നുമുതലാണ് നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച ആരംഭിച്ചത്. പൊതുവായ രാഷ്ട്രീയപ്രശ്നങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ സാഹചര്യത്തില്‍ സ്വാഭാവികമായും ചര്‍ച്ച കോണ്‍ഗ്രസിന്റെ പരാജയം ചൂണ്ടിക്കാണിച്ചുള്ളതായിരുന്നു. എന്നാല്‍ , ബിജെപിക്കും വലിയതോതില്‍ ആഹ്ലാദിക്കാന്‍ കഴിയുന്നതായിരുന്നില്ല തെരഞ്ഞെടുപ്പുഫലം.

കര്‍ഷക ആത്മഹത്യ, വിലക്കയറ്റം, കള്ളപ്പണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങി മിക്ക കാര്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നിയമത്തില്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നത് ശക്തമായ വിമര്‍ശത്തിന്് ഇടയാക്കി. ഈ വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കുപുറമെ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നീ കക്ഷികളും വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തി. ഈ വിഷയങ്ങള്‍ ഉന്നയിച്ച് നന്ദിപ്രകടനത്തിന് ഭേദഗതികള്‍ അവതരിപ്പിക്കപ്പെട്ടു. കര്‍ഷക ആത്മഹത്യ, കേന്ദ്ര-സംസ്ഥാന ബന്ധം, പൊലീസിന്റെ അധികാര വികേന്ദ്രീകരണം എന്നിവയില്‍ വോട്ടെടുപ്പ് നടന്നു. വോട്ടെടുപ്പ് സമയത്ത് തൃണമൂല്‍ , ബിഎസ്പി കക്ഷികള്‍ സഭ വിട്ടിറങ്ങി. സര്‍ക്കാരിന് ഭൂരിപക്ഷം പൂര്‍ണമായും കുറഞ്ഞു. 266 വോട്ട് സര്‍ക്കാരിനും 155 വോട്ട് പ്രതിപക്ഷത്തിനും ലഭിച്ചു. ഭേദഗതികള്‍ തള്ളിയതോടെ സഭ നന്ദിപ്രമേയം പാസാക്കി. റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി 15നാണ് റെയില്‍വേ ബജറ്റ് അവതരിപ്പിച്ചത്. റെയില്‍വേ സമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും യാത്രക്കൂലി വര്‍ധിപ്പിക്കേണ്ടതാണെന്നും പ്രസ്താവിച്ചാണ് അദ്ദേഹം യാത്രക്കൂലി വര്‍ധന പ്രഖ്യാപിച്ചത്. പഴയതുപോലെ സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റായിരുന്നു ഇത്. കേരളത്തെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകം. 75 ട്രെയിന്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ഒന്ന് മാത്രമാണ് അനുവദിച്ചത്. ബജറ്റ് അവതരണത്തെതുടര്‍ന്ന് നാടകീയ സംഭവങ്ങളാണ് പാര്‍ലമെന്റിന് അകത്തും പുറത്തും അരങ്ങേറിയത്. ബജറ്റിനെക്കുറിച്ച് തന്നോട് ആലോചിച്ചിട്ടില്ലെന്നും മന്ത്രിയെ മാറ്റുമെന്നും മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞു. റെയില്‍വേയുടെ താല്‍പ്പര്യം നിലനിര്‍ത്തിയാണ് ബജറ്റ് അവതരിപ്പിച്ചത് എന്ന് ത്രിവേദി തിരിച്ചടിച്ചു. പ്രധാനമന്ത്രി, ധനമന്ത്രി, സോണിയ ഗാന്ധി എന്നിവരുമായി ചര്‍ച്ചചെയ്താണ് ബജറ്റിന് രൂപം നല്‍കിയത്. എന്നാലിതൊന്നും മമത ബാനര്‍ജിക്ക് ബാധകമായിരുന്നില്ല. അവര്‍ പുതിയ മന്ത്രിയെ പ്രഖ്യാപിച്ചു. ബജറ്റ് ചര്‍ച്ച കഴിയുന്നതുവരെ കാത്തിരിക്കണമെന്ന അഭ്യര്‍ഥന മമത തള്ളി. പാര്‍ലമെന്റില്‍ അവര്‍ വാക്കൗട്ടില്‍ പങ്കെടുത്തതും ഇതിന്റെ ഭാഗം തന്നെയാണ്. ഒടുവില്‍ സര്‍ക്കാര്‍ മമത ബാനര്‍ജിക്കുമുമ്പില്‍ നാണംകെട്ട നിലയില്‍ കീഴടങ്ങി. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ അത്യപൂര്‍വ സംഭവമാണിത്. ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാല്‍ അത് പാര്‍ലമെന്റിന്റെ പൊതുസ്വത്താണ്, എന്നാല്‍ , പാര്‍ലമെന്റ് ചര്‍ച്ചചെയ്ത് എന്തു മാറ്റവും വരുത്താം. ബജറ്റ് അവതരിപ്പിച്ച മന്ത്രിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. പുതിയ മന്ത്രി മുകുള്‍ റോയ് ആണ് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞത്. അത് അപൂര്‍ണവും ചര്‍ച്ചകളിലൂടെ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ക്ക് ഒരു മറുപടിയും പറയാത്തതുമായിരുന്നു.

യാത്രക്കൂലി വര്‍ധന ഒഴിവാക്കുന്നു എന്ന് മാത്രമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കേരളത്തിലെ എംപിമാര്‍ ഒന്നിച്ചാവശ്യപ്പെട്ട ഒരു നിര്‍ദേശവും അഗീകരിച്ചില്ല. പിന്നീട് തീരുമാനിക്കുമെന്നാണ് അറിയിച്ചത്. ബജറ്റിന് മുമ്പ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വേ മറ്റൊരു പ്രധാന രേഖയാണ്്. ബജറ്റില്‍ വരാന്‍ പോകുന്ന നിര്‍ദേശങ്ങളും തീരുമാനങ്ങളും പൊതുവില്‍ പ്രതിഫലിക്കുന്നതാണ് സാമ്പത്തിക സര്‍വേ. മാര്‍ച്ച് പതിനാറിനാണ് പ്രണബ് മുഖര്‍ജി ബജറ്റ് അവതരിപ്പിച്ചത്. 5.1 ശതമാനം കമ്മി പ്രതീക്ഷിക്കുന്ന ബജറ്റാണിത്. പുതിയ സാമ്പത്തിക നയത്തിന്റെ ചുവട് ശക്തിപ്പെടുത്തിതന്നെയാണ് ബജറ്റിലെ നിര്‍ദേശങ്ങള്‍ വന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പത്രങ്ങളില്‍ വന്നുകഴിഞ്ഞു. പ്രത്യക്ഷ നികുതിയില്‍ 45,000 കോടി രൂപയുടെ കുറവാണ് നിര്‍ദേശിച്ചിട്ടുള്ളത്. പരോക്ഷ നികുതിയില്‍ 45,000ലേറെ കോടിരൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. വന്‍കിടക്കാര്‍ക്കുള്ള നികുതി ഒഴിവാക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 30,000 കോടിരൂപയാണ് പ്രതീക്ഷിക്കുന്നത്. ഇത് സ്വകാര്യവല്‍ക്കരണത്തിന്റെ മറ്റൊരു പ്രകടിതരൂപമാണ്. ഓരോ വര്‍ഷവും നികുതിയിനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് നല്‍കുന്നത്. ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതെ സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിനാണ് ഈ ഓഹരി വില്‍പ്പന.

വിഭവസമാഹരണത്തിന് പ്രയാസപ്പെടുന്നു എന്ന് പറയുന്ന സര്‍ക്കാര്‍ 5,20,000 കോടി രൂപയാണ് നികുതിയിനത്തില്‍ വന്‍കിടക്കാര്‍ക്ക് സൗജന്യം നല്‍കിയത്. ഇത് പിരിച്ചെടുത്തിരുന്നെങ്കില്‍ എട്ട് ലക്ഷത്തിലേറെ കോടി രൂപ സര്‍ക്കാരിന് മിച്ചമുണ്ടാക്കാന്‍ കഴിയുമായിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡി ഇനത്തില്‍ 25,000 കോടി രൂപയും വളത്തിന്റെ സബ്സിഡി ഇനത്തില്‍ 6000 കോടി രൂപയും സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇത് വിലക്കയറ്റത്തിന് ആഴം കൂട്ടുകയാണ് ചെയ്യുക. വിദേശ-സ്വദേശ മൂലധനത്തിന് സൗജന്യം പ്രഖ്യാപിച്ച് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുമെന്നും അതിന്റെ ഫലമായി വളര്‍ച്ച വര്‍ധിക്കുമെന്നുമാണ് സര്‍ക്കാരിന്റെ വാദം. പുതിയ സാമ്പത്തിക നയം നടപ്പാക്കിയശേഷം 2004ല്‍ ഒന്‍പത് പേരാണ് ശതകോടീശ്വരന്മാരായിരുന്നതെങ്കില്‍ ഇന്നത് 69 ആയി വര്‍ധിച്ചു. അര്‍ജുന്‍ സെന്‍ ഗുപ്ത കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 80 കോടി ജനങ്ങള്‍ 20 രൂപയ്ക്ക് താഴെ വരുമാനമുള്ളവരാണ്. ആളുകളുടെ വാങ്ങിക്കാനുള്ള കഴിവ് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് വളര്‍ച്ച കൈവരിക്കാന്‍ കഴിയുക? എങ്ങനെയാണ് ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുക? തകര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയുടെ ആത്മരോദനമാണ് ഇന്ത്യയിലാകെ ഉയര്‍ന്നുകേള്‍ക്കുന്നത്. 10 വര്‍ഷത്തിനിടയില്‍ 5,58,648 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. സര്‍ക്കാരിന്റെ ക്രൈംറിപ്പോര്‍ട്ടാണിത്. ഒരു ലക്ഷം കോടി രൂപ ബാങ്ക് വായ്പ വര്‍ധിപ്പിച്ചു എന്നത് നല്ല കാര്യമാണ്. എന്നാല്‍ , പലിശ നിരക്ക് ഏഴ് ശതമാനമാണ്. ചിലപ്പോള്‍ പത്ത് ശതമാനംവരെ വരും. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിട്ടില്ല.

ബജറ്റില്‍ ഓരോ മേഖലയ്ക്കും അനുവദിച്ച സംഖ്യയുടെ അപര്യാപ്തതയെക്കുറിച്ച് ഈ ലേഖനത്തിന്‍ പരാമര്‍ശിക്കുന്നില്ല. അത് പത്രങ്ങളില്‍ വന്നതാണ്. കല്‍ക്കരിപ്പാടങ്ങള്‍ ലേലംചെയ്യാതെ സ്വകാര്യ കുത്തകകള്‍ക്ക് നല്‍കിയതിനെത്തുടര്‍ന്ന് 10.7 ലക്ഷം കോടി രൂപ ഖജനാവിന് നഷ്ടമായ സംഭവം രണ്ട് സഭയിലും പ്രക്ഷുബ്ധരംഗങ്ങള്‍ക്ക് കാരണമായി. സഭ നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം വന്നു. ലോക്സഭയില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ ബസുദേവ് ആചാര്യ, പി കരുണാകരന്‍ , സുഷമാ സ്വരാജ്, ശരത് യാദവ്, മുലായം സിങ്, തമ്പിദുരൈ, നിരുപംസെന്‍ , റാവു, രാമചന്ദ്ര ഡോം, ജസ്വന്ത് സിങ്, പി സി ചാക്കോ, എം ഐ ഷാനവാസ്, എ സമ്പത്ത്, എം ബി രാജേഷ് എന്നിവര്‍ പങ്കെടുത്തു. രാജ്യസഭയില്‍ പ്രസിഡന്റിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സീതാറാം യെച്ചൂരിയാണ് പങ്കെടുത്തത്. യുപിഎ സര്‍ക്കാരിന്റെ നിസ്സഹായാവസ്ഥയും അനിശ്ചിതത്വവും പ്രകടമാക്കുന്നതായിരുന്നു ഈ സമ്മേളനം. തൃണമൂലിന് മുന്നില്‍ സര്‍ക്കാര്‍ നാണംകെട്ട കീഴടങ്ങലാണ് നടത്തിയത്.

*
പി കരുണാകരന്‍ ദേശാഭിമാനി 26 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പതിനഞ്ചാം ലോക്സഭയുടെ പത്താംസമ്മേളനം ആരംഭിച്ചത് മാര്‍ച്ച് 12നാണ്. പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തിനായി സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങള്‍ ഒത്തുചേര്‍ന്നു. പ്രതിഭ പാട്ടീല്‍ , പ്രസിഡന്റ് കാലാവധി തീരുന്നതിന് മുമ്പുനടത്തുന്ന അവസാനത്തെ പ്രസംഗമായിരുന്നു ഇത്്. പുതുതായി ഒന്നും ഉള്‍ക്കൊള്ളിക്കാത്ത നയപ്രഖ്യാപനം പൊതുവില്‍ വിരസമായിരുന്നു. അതുകൊണ്ടുതന്നെ ഭരണകക്ഷി അംഗങ്ങള്‍ക്ക് ആഹ്ലാദപ്രകടനത്തിനുള്ള സന്ദര്‍ഭം വിരളമായിരുന്നു. അതേസമയം ഗൂര്‍ഖാലാന്‍ഡ്, തെലുങ്കുദേശം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആ പ്രദേശത്തുനിന്നുള്ള എംപിമാര്‍ മുദ്രാവാക്യം മുഴക്കി. തമിഴ്നാട്ടിലെ എംപിമാര്‍ ശ്രീലങ്കന്‍പ്രശ്നം ഉന്നയിച്ച് എഴുന്നേറ്റുനിന്നു. മറ്റ് നടപടിക്രമങ്ങളിലൊന്നും പോകാതെ 12ന് സഭ പിരിഞ്ഞു. പതിമൂന്നുമുതലാണ് നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച ആരംഭിച്ചത്. പൊതുവായ രാഷ്ട്രീയപ്രശ്നങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ സാഹചര്യത്തില്‍ സ്വാഭാവികമായും ചര്‍ച്ച കോണ്‍ഗ്രസിന്റെ പരാജയം ചൂണ്ടിക്കാണിച്ചുള്ളതായിരുന്നു. എന്നാല്‍ , ബിജെപിക്കും വലിയതോതില്‍ ആഹ്ലാദിക്കാന്‍ കഴിയുന്നതായിരുന്നില്ല തെരഞ്ഞെടുപ്പുഫലം.