Friday, March 23, 2012

റെഡ് സല്യൂട്ട്

ത്യാഗധനനായ കമ്യൂണിസ്റ്റ്

കര്‍ഷകരുടെ തീരാക്കണ്ണീരും ജന്മിത്തത്തിന്റെ ചൂഷണവും കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വേണ്ടി കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ പോരാട്ടങ്ങളും കണ്ടാണ് സി കെ ചന്ദ്രപ്പന്‍ വളര്‍ന്നത്. വയലാര്‍ പോരാട്ടത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ചിരപ്പന്‍ചിറയിലെ സി കെ കുമാരപ്പണിക്കരുടെ മകനെ സമ്പാദ്യത്തിന്റെ സുഖലോലുപത ഒരിക്കലും മോഹിപ്പിച്ചില്ല. സ്വന്തം ജീവിതത്തേക്കാള്‍ സമൂഹത്തിനുവേണ്ടി ജീവിച്ച മനുഷ്യരുടെ ത്യാഗവും ധീരതയും ചന്ദ്രപ്പനിലെ കമ്യൂണിസ്റ്റിനെ രൂപപ്പെടുത്തി. വ്യക്തി ജീവിതത്തിലെ ലാളിത്യവും പൊതുജീവിതത്തിലെ സുതാര്യതയും സി കെ ചന്ദ്രപ്പന്‍ എന്ന നേതാവിന് പുലര്‍ത്താന്‍ കഴിഞ്ഞത് ഇതുകൊണ്ടൊക്കെയായിരുന്നു.
തിരുവിതാംകൂറിലെ രാജഭരണത്തിനെതിരെ നടന്ന സമരങ്ങള്‍ കണ്ട് വളര്‍ന്ന ചന്ദ്രപ്പന്‍ ചൂഷണത്തിനെതിരെയും അക്രമത്തിനെതിരെയും അഴിമതിക്കെതിരെയും പോരാടാന്‍ കരുത്തു നേടുകയായിരുന്നു. ഒളിവില്‍ കഴിയുന്നവര്‍ക്ക് കത്തുകള്‍ കൈമാറിയും സഹായങ്ങള്‍ എത്തിച്ചും കൊച്ചു ചന്ദ്രപ്പനും സമരങ്ങളില്‍ പങ്കാളിയായി. പി കൃഷ്ണപിള്ളയെ പോലുള്ള കമ്യൂണിസ്റ്റ് നേതാവിന്റെ സാമീപ്യവും അച്ഛന്റെ നിലപാടുകളും, അനുഭവിച്ചറിഞ്ഞ സമരങ്ങളുമെല്ലാം ചന്ദ്രപ്പനെ കമ്യൂണിസ്റ്റാക്കി മാറ്റുകയായിരുന്നു. തിരുവിതാംകൂറിലെ പൊലീസും പട്ടാളവും ജന്മികളും തകര്‍ത്ത കര്‍ഷകതൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചായിരുന്നു ചന്ദ്രപ്പന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ആരംഭം.

ചേര്‍ത്തലയില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എറണാകുളം മഹാരാജാസില്‍ ഇന്റര്‍മീഡിയറ്റിനുചേര്‍ന്നു. എന്നാല്‍ കമ്യുണിസ്റ്റ് നേതാക്കളുമായുള്ള സഹവാസവും വിദ്യാര്‍ഥിയൂണിയന്‍ പ്രവര്‍ത്തനവുമൊക്കെ മഹാരാജാസിലെ പഠനത്തിനു തടസ്സമായി. ചന്ദ്രപ്പനെ മഹാരാജസില്‍ പഠിക്കാന്‍ പ്രിന്‍സിപ്പള്‍ അനുവദിച്ചില്ല. തുടര്‍ന്ന് പാലക്കാട് ഗവ. ചിറ്റൂര്‍ കോളേജിലായി പഠനം. ചിറ്റൂര്‍ കോളെജില്‍ ബിഎ ഇക്കണോമിക്സ് ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് ഗോവ വിമോചന സമരത്തില്‍ പങ്കാളിയാകുന്നത്. ചന്ദ്രപ്പനെ മുഴുവന്‍സമയ പൊതുപ്രവര്‍ത്തകനാക്കുന്നതില്‍ ഗോവന്‍ വിമോചനസമരം വഹിച്ച പങ്ക് ചെറുതല്ല.

വിമോചന സമരകാലത്താണ് അദ്ദേഹം തിരുവന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ എംഎയ്ക്ക് ചേരുന്നത്. വിദ്യാര്‍ഥി ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ചന്ദ്രപ്പന് സര്‍ക്കാരിനെതിരെ നടക്കുന്ന കള്ളപ്രചാരണത്തിനെതിരെ വെറുതെയിരിക്കാന്‍ സാധിക്കുമായിരുന്നില്ല. സമരത്തിനെതിരെ സര്‍വസന്നാഹവുമായി നിലനിന്നു. എംഎ പൂര്‍ത്തിയാക്കാതെ ഡല്‍ഹിയിലേക്ക് വണ്ടികയറിയ ചന്ദ്രപ്പന്റെ പ്രധാന തട്ടകമായി പിന്നീട് ഡല്‍ഹി മാറുകയായിരുന്നു. 1958- 62 കാലഘട്ടത്തില്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ചുമതലകള്‍ വഹിച്ചു. 1962 മുതല്‍ 64വരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായും 65മുതല്‍&ൃെൂൗീ;78വരെ എഐവൈഎഫ് അഖിലേന്ത്യാ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.

ഇതിനിടെയാണ് ബംഗാളി കമ്യൂണിസ്റ്റ് പ്രവര്‍ത്തക ബുലുറോയ് ചൗധരിയെ പരിചയപ്പെടുന്നതും ജീവിത സഖിയാക്കുന്നതും.

1960 മുതല്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായി. പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐക്കൊപ്പം നിലകൊണ്ടു. സിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗവും അഖിലേന്ത്യാ കിസാന്‍സഭ ദേശീയ പ്രസിഡന്റുമായിരിക്കെയാണ് കേരളത്തില്‍ പാര്‍ടി സെക്രട്ടറിയായി എത്തുന്നത്. മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയായിരുന്ന ചന്ദ്രപ്പന്‍ മൂന്നുതവണ പാര്‍ലമെന്റിലേക്കും ഒരു തവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഒരുപാട് ചര്‍ച്ചകള്‍ക്കു വഴിതുറന്ന ഒട്ടനവധി അനൗദ്യോഗിക ബില്ലുകള്‍ അദ്ദേഹം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആ ബില്ലുകളില്‍ പലതും പിന്നീട് നിയമമായി.

തൊഴിലിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളില്‍ അദ്ദേഹം നേതൃസ്ഥാനം വഹിച്ചു. സര്‍ഗാത്മകതയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. ശക്തമായ ആശയസമരങ്ങള്‍ എന്നും അദ്ദേഹം ഉയര്‍ത്തി. ശരിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളിയാകുക എന്നത് ഒരു കമ്യൂണിസ്റ്റുകാരന്റെ കടമയും കര്‍ത്തവ്യവുമായി അദ്ദേഹം കണ്ടു. വര്‍ഗീയതയ്ക്കെതിരെയും ശക്തമായ നിലപാടെടുത്തു.

ഓര്‍മയിലൊടുങ്ങാതെ പുന്നപ്ര-വയലാര്‍

വയലാര്‍ വെടിവയ്പ്പ് നടന്നത് 1946 ഒക്ടോബര്‍ 27ന്. (കൊല്ലവര്‍ഷം 1122 തുലാം പത്തിനാണ് വയലാറിലെ വെടിവെപ്പ്. അതിന് മൂന്നുദിവസംമുമ്പ് തുലാം ഏഴിനായിരുന്നു പുന്നപ്ര വെടിവെപ്പ്) അന്നത്തെ പത്തുവയസ്സുകാരന്‍ ചന്ദ്രപ്പന്റെ മനസ്സില്‍ ഒന്നും മാഞ്ഞിട്ടില്ല. അന്ന് വയലാര്‍ ഒരു ദ്വീപാണ്. പാലമൊന്നും വന്നിട്ടില്ല. ജന്മിമാരുടെ ചൂഷണവും പൊലീസിന്റെ മര്‍ദനവും മൂലം അക്കാലത്ത് തൊഴിലാളികള്‍ സ്വന്തം വീടുകളില്‍ താമസിക്കാന്‍ ഭയന്നു. 1930കളിലും 40കളിലും ഇത്തരമൊരു ഭീകരാന്തരീക്ഷമുണ്ടായിരുന്നു. വയലാറിലെ ക്യാമ്പുകളിലാണ് തൊഴിലാളികള്‍ സുരക്ഷിത താവളം കണ്ടെത്തിയത്. കയര്‍ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പുകള്‍ . 1936ല്‍ ചേര്‍ത്തല കയര്‍ വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റായ കുമാരപ്പണിക്കര്‍ ദീര്‍ഘകാലം ആ പദവി തുടര്‍ന്നു. ചേര്‍ത്തല സ്കൂളില്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുമ്പോഴായിരുന്നു വയലാര്‍ ആക്ഷന്‍ . ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തിന് തൊട്ടടുത്താണ് വയലാര്‍ രവിയുടെ വീട്. രവിയുടെ കൈപിടിച്ചാണ് സ്കൂളില്‍ നടന്നുപോയിരുന്നത്. രവിയുടെ വീടുമായി പ്രത്യേക ബന്ധവും ഉണ്ടായിരുന്നു. ആന്റണിയെ കുറേക്കൂടി മുതിര്‍ന്ന ക്ലാസിലെത്തിയപ്പോഴാണ് പരിചയപ്പെടുന്നത്. വലിയ പഠിപ്പുരയും മുറ്റവുമുള്ളതായിരുന്നു നാലുകെട്ട്. മുത്തശ്ശിയുടെ രണ്ട് സഹോദരിമാരും തറവാട്ടിലുണ്ടായിരുന്നു.

വൈക്കം സത്യഗ്രഹം കഴിഞ്ഞിരുന്നെങ്കിലും സാമൂഹിക അസമത്വം വിളയാടിയിരുന്ന കാലം. പാണാവള്ളി സി ജി സദാശിവന്‍ ആണ് അച്ഛനെ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നതെന്ന് പറയാം. അച്ഛന്റെ കുടുംബവും സി ജിയുടെ കുടുംബവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. അന്ന് തൊഴിലാളികള്‍ക്ക് സംഘടിക്കണമെങ്കില്‍പോലും സ്ഥലത്തെ പ്രമാണിയുടെ പിന്തുണ വേണം. ഇല്ലെങ്കില്‍ ക്രൂരമായ മര്‍ദനത്തിലൂടെ അടിച്ചമര്‍ത്തുന്നതായിരുന്നു ജന്മിമാരുടെ രീതി.ആലപ്പുഴയിലെ തൊഴിലാളികള്‍ സംഘടിക്കുന്നതിന്റെ ആദ്യകാല ചരിത്രത്തില്‍ പറയുന്ന ഒരു കഥയുണ്ട്. സുശീലാ ഗോപാലന്റെ അമ്മയുടെ അച്ഛന്‍ - എന്റെ അമ്മവകയിലെ വലിയമ്മാമന്‍ - പ്രജാസഭാംഗമായിരുന്നു. അദ്ദേഹത്തെ തൊഴിലാളികളുടെ യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടുപോകും. കുതിരപ്പുറത്തുവരുന്ന അദ്ദേഹം "ഞാന്‍ നിങ്ങളുടെയൊക്കെ കൂടെയുണ്ട്" എന്ന് വിളിച്ചുപറയും. അതൊരു ധൈര്യം പകരലാണ്. അല്ലാതെ അദ്ദേഹം തൊഴിലാളികളുടെ പ്രശ്നങ്ങളിലൊന്നും ഇടപെട്ടിരുന്നില്ല. എങ്കിലും അന്ന് തൊഴിലാളി യോഗത്തിനുപോലും ജന്മിയുടെ "സംരക്ഷണം" ആവശ്യമായിരുന്നു. സമാനമായി സി ജിയുടെ കമ്യൂണിസ്റ്റ് ചിന്തയും സി ജിയോടുള്ള സൗഹൃദവും എല്ലാം ചേര്‍ന്നപ്പോള്‍ അച്ഛന്‍ തൊഴിലാളികളുടെ നേതാവായി പരിണമിക്കുകയായിരുന്നു. അന്ന് കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെ രംഗങ്ങളുണ്ടായിരുന്നു. സി കേശവന്‍ വയലാറില്‍ കമ്യൂണിസ്റ്റ് യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. വീട്ടില്‍ ചേരുന്ന യോഗങ്ങളില്‍ സി കേശവന്‍ പങ്കെടുത്തത് ഓര്‍മയുണ്ട്.
പിറവം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പൊതുയോഗ പൊതുവേദിയില്‍

അന്ന് കോണ്‍ഗ്രസിന്റെ യുവജനവിഭാഗം ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കാളികളായിരുന്നു. എ പി ഉദയഭാനു, സി കേശവന്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെ റാഡിക്കല്‍ വിഭാഗത്തില്‍പെട്ടവരായിരുന്നു പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ . കോണ്‍ഗ്രസിലെ ഈ വൈരുദ്ധ്യവും കമ്യൂണിസ്റ്റ് ആഭിമുഖ്യവും ചരിത്രത്തിലുടനീളം പ്രകടമാണ്. പുന്നപ്ര-വയലാര്‍ ആക്ഷന്‍ ആലപ്പുഴയില്‍ കൂടിയ യോഗത്തിലേക്ക് സി കേശവനും കുമ്പളത്ത് ശങ്കുപ്പിള്ളയും കടന്നുവന്നു പറഞ്ഞു: തൊഴിലാളികളും കമ്യൂണിസ്റ്റുകാരും മാത്രമായി സമരത്തിലേക്ക് എടുത്തുചാടരുത്. ഞങ്ങളും കൂടി വരാം. പക്ഷേ, ഞങ്ങള്‍ വരാന്‍ അല്‍പം താമസിക്കും. കാരണം പട്ടം താണുപിള്ളയൊക്കെ സമരത്തിന് എതിരാണ്. അതെന്തായാലും ഒരഭിപ്രായ ഐക്യത്തിന് ശ്രമിച്ചശേഷം ഞങ്ങള്‍കൂടി പങ്കെടുക്കാം. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഒന്നിച്ച് ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ക്ക് എതിരായ മുന്നേറ്റമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതുവരെ കാത്തിരിക്കണം. യോഗം അഭ്യര്‍ഥന അംഗീകരിച്ചു. ടി വി തോമസായിരുന്നു യോഗത്തിന്റെ അധ്യക്ഷന്‍ . കോണ്‍ഗ്രസുകാര്‍ക്കുവേണ്ടി കാത്തിരിക്കാമെന്നു പറഞ്ഞാണ് യോഗം പിരിഞ്ഞതെങ്കിലും യോഗനേതാക്കളെ അന്നുതന്നെ അറസ്റ്റ്ചെയ്തു. സി പിയുടെ ചാരപ്പോലീസ് എല്ലാ വിവരവും ഉടന്‍ അറിയുന്നുണ്ടായിരുന്നു. അതോടെ പട്ടം താണുപിള്ളയുടെ കോണ്‍ഗ്രസ് സി പിയുടെ കൂടെയാണെന്ന് ഉറപ്പായി. പിന്നീട് കമ്യൂണിസ്റ്റുകാര്‍ വയലാര്‍ സമരം തുടങ്ങാന്‍ കോണ്‍ഗ്രസുകാരെ കണ്ടിരുന്നില്ല.

*
വന്ദന കൃഷ്ണ ദേശാഭിമാനി 23 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കര്‍ഷകരുടെ തീരാക്കണ്ണീരും ജന്മിത്തത്തിന്റെ ചൂഷണവും കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വേണ്ടി കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ പോരാട്ടങ്ങളും കണ്ടാണ് സി കെ ചന്ദ്രപ്പന്‍ വളര്‍ന്നത്. വയലാര്‍ പോരാട്ടത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ചിരപ്പന്‍ചിറയിലെ സി കെ കുമാരപ്പണിക്കരുടെ മകനെ സമ്പാദ്യത്തിന്റെ സുഖലോലുപത ഒരിക്കലും മോഹിപ്പിച്ചില്ല. സ്വന്തം ജീവിതത്തേക്കാള്‍ സമൂഹത്തിനുവേണ്ടി ജീവിച്ച മനുഷ്യരുടെ ത്യാഗവും ധീരതയും ചന്ദ്രപ്പനിലെ കമ്യൂണിസ്റ്റിനെ രൂപപ്പെടുത്തി. വ്യക്തി ജീവിതത്തിലെ ലാളിത്യവും പൊതുജീവിതത്തിലെ സുതാര്യതയും സി കെ ചന്ദ്രപ്പന്‍ എന്ന നേതാവിന് പുലര്‍ത്താന്‍ കഴിഞ്ഞത് ഇതുകൊണ്ടൊക്കെയായിരുന്നു.

വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലി.