പ്രതിദിനം 22 രൂപ 40പൈസ ചെലവാക്കാന്‍ ശേഷിയുള്ള ഗ്രാമീണന്‍ ദരിദ്രനല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ . ദിവസം 28രൂപ 65 പൈസ ചെലവിടുന്ന നഗരവാസിയും ദരിദ്രനാകില്ല. ഈ മാനദണ്ഡമനുസരിച്ച് രാജ്യത്ത് 35.46 കോടി ദരിദ്രരേയുള്ളൂവെന്ന് ആസൂത്രണ കമീഷന്‍ . ജനസംഖ്യയുടെ 29.8 ശതമാനം. ഇത്തരത്തില്‍ ആസൂത്രണ കമീഷന്‍ ദാരിദ്ര്യരേഖ വലിച്ചുതാഴ്ത്തി ദരിദ്രരുടെ എണ്ണത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 7.3 ശതമാനം കുറവുണ്ടാക്കി.
കേരളത്തില്‍ 39.6 ലക്ഷം ദരിദ്രരുണ്ടെന്ന് കണക്കാക്കുന്നു. ജനസംഖ്യയുടെ 12.1 ശതമാനമാണിത്. ദിവസം 26 രൂപ ചെലവിടാന്‍ കഴിവുള്ള ഗ്രാമീണരെയും 32 രൂപ ചെലവിടാന്‍ ശേഷിയുള്ള നഗരവാസികളെയും ദാരിദ്ര്യരേഖയ്ക്ക് മുകളിലാക്കണമെന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഒരുദിവസം 26 രൂപ കൊണ്ട് എങ്ങനെ ഗ്രാമങ്ങളില്‍ ജീവിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ട സുപ്രീംകോടതി ദാരിദ്ര്യരേഖാനിര്‍ണയത്തിനുള്ള മാനദണ്ഡത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ , ഇപ്പോള്‍ ഗ്രാമങ്ങളില്‍ 22.40 രൂപയും നഗരങ്ങളില്‍ 28.65 രൂപയും മാനദണ്ഡമായി നിശ്ചയിച്ചാണ് ദരിദ്രരെ കണക്കാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യം അനുഭവിക്കുന്നവരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് ദാരിദ്ര്യരേഖാനിര്‍ണയത്തിന്റെ മാനദണ്ഡം വലിച്ചുതാഴ്ത്തിയത്. ഇതുവഴി ക്ഷേമപദ്ധതികള്‍ക്ക് ചെലവഴിക്കുന്ന തുക വന്‍തോതില്‍ വെട്ടിക്കുറച്ച് ധനകമ്മി കുറയ്ക്കാമെന്ന് ആസൂത്രണ കമീഷന്‍ കണക്കുകൂട്ടുന്നു. മാനദണ്ഡം താഴ്ത്തി നിശ്ചയിച്ചതോടെ, ദരിദ്രരുടെ എണ്ണം ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലും ശതമാനം ഏറ്റവും കൂടുതല്‍ ബിഹാറിലുമാണ്. ഉത്തര്‍പ്രദേശില്‍ 7.37 കോടി പേര്‍(44.4 ശതമാനം) ദാരിദ്ര്യരേഖയ്ക്കുതാഴെയാണ്.
ബിഹാറില്‍ 5.43 കോടി ജനങ്ങളാണ് ദരിദ്രര്‍ . ജനസംഖ്യയുടെ 53.5 ശതമാനമാണിത്. പശ്ചിമബംഗാളില്‍ 2.40 കോടി പേര്‍ ദരിദ്രരാണ്. (26.7 ശതമാനം). രാജസ്ഥാനില്‍ 1.67 കോടിയും ഒറീസയില്‍ 1.53 കോടിയും ഛത്തീസ്ഗഢിലും തമിഴ്നാട്ടിലും 1.21 കോടി വീതവും ദരിദ്രരുണ്ട്. ഗ്രാമങ്ങളിലെ ദരിദ്രരുടെ നിരക്ക് 41.8ല്‍നിന്ന് 33.8 ശതമാനത്തിലേക്ക് കുറഞ്ഞെന്നും നഗര ദരിദ്രരുടെ നിരക്ക് 25.7ല്‍നിന്ന് 20.9 ശതമാനമായെന്നും ആസൂത്രണകമീഷന്‍ പുറത്തിറക്കിയ രേഖയില്‍ പറയുന്നു. 2004-05നും 2009-10നും ഇടയിലുള്ള കണക്കാണ് കമീഷന്‍ പരിഗണിച്ചത്. ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, സിക്കിം, തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവരുടെ എണ്ണത്തില്‍ 10 ശതമാനം കുറവുണ്ടായി. അസം, മേഘാലയ, മണിപുര്‍ , മിസോറം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഇത് 10 ശതമാനം കൂടി. ബിഹാര്‍ , ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നേരിയ കുറവേ ഉണ്ടായിട്ടുള്ളൂ.
ഗ്രാമ ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ പട്ടികവര്‍ഗക്കാര്‍ക്കിടയില്‍നിന്നാണ്. 47.4 ശതമാനമാണ് അവര്‍ക്കിടയിലെ ദരിദ്രരുടെ എണ്ണം. പട്ടികജാതിക്കാരില്‍ 42.3 ശതമാനവും മറ്റ് പിന്നോക്ക വിഭാഗക്കാരില്‍ 31.9 ശതമാനവും ദരിദ്രരാണ്. ബിഹാര്‍ , ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ദരിദ്രരില്‍ മൂന്നില്‍ രണ്ട് ഭാഗവും പട്ടികജാതി/പട്ടികവര്‍ഗക്കാരാണ്. രാജ്യത്തെ കര്‍ഷകത്തൊഴിലാളികളില്‍ പകുതിയും ദരിദ്രര്‍ . മറ്റ് തൊഴിലാളികളില്‍ 40 ശതമാനവും ദരിദ്രരാണ്. നഗരങ്ങളിലെ താല്‍ക്കാലിക തൊഴിലാളികളില്‍ 47 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. കാര്‍ഷികസമൃദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്ന ഹരിയാനയില്‍ 55.9 ശതമാനം കര്‍ഷകത്തൊഴിലാളികളും ദരിദ്രരാണ്.
*
വി ജയിന്‍ ദേശാഭിമാനി 21 മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
1 comment:
പ്രതിദിനം 22 രൂപ 40പൈസ ചെലവാക്കാന്‍ ശേഷിയുള്ള ഗ്രാമീണന്‍ ദരിദ്രനല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ . ദിവസം 28രൂപ 65 പൈസ ചെലവിടുന്ന നഗരവാസിയും ദരിദ്രനാകില്ല. ഈ മാനദണ്ഡമനുസരിച്ച് രാജ്യത്ത് 35.46 കോടി ദരിദ്രരേയുള്ളൂവെന്ന് ആസൂത്രണ കമീഷന്‍ . ജനസംഖ്യയുടെ 29.8 ശതമാനം. ഇത്തരത്തില്‍ ആസൂത്രണ കമീഷന്‍ ദാരിദ്ര്യരേഖ വലിച്ചുതാഴ്ത്തി ദരിദ്രരുടെ എണ്ണത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 7.3 ശതമാനം കുറവുണ്ടാക്കി.
Post a Comment