Sunday, March 18, 2012

ജയ്പൂരിലെ "ഹാസ്യമേള"യും ഇന്ത്യന്‍ സാഹിത്യവും

ജയ്പൂരിലെ സാഹിത്യ സമ്മേളനം നടക്കുമ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. അതില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടായിരുന്നുവെങ്കിലും, വൃഥാ സമയം പാഴാക്കാന്‍ മാത്രമേ അത് പ്രയോജനപ്പെടൂ എന്നു പറഞ്ഞ് ചില സുഹൃത്തുക്കള്‍ എന്നെ അതില്‍നിന്ന് പിന്തിരിപ്പിക്കുകയാണുണ്ടായത്. അതിനാല്‍ മാധ്യമങ്ങളില്‍ നിന്നുമാണ് ആ സമ്മേളനത്തെക്കുറിച്ച് മനസ്സിലാക്കിയത്. ചുരുക്കത്തില്‍ ഞാന്‍ ആകപ്പാടെ നിരാശനായി."സാത്താനിക് വെഴ്സസ്" എന്ന കൃതികൊണ്ടുമാത്രം പ്രസിദ്ധി നേടിയ ഒരു സാധാരണ എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദിക്കുവേണ്ടിയായിരുന്നു ഏറിയ സമയവും ചെലവാക്കപ്പെട്ടത്. ജയ്പൂരിലെ ഈ സാഹിത്യസമ്മേളനം വെറും ഒരു ഹാസ്യമേളയായിരുന്നു. ഗൗരവമേറിയ സാമൂഹ്യ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതികള്‍ രചിച്ച മുന്തിയ എഴുത്തുകാര്‍ പങ്കെടുത്തിരുന്നുവെങ്കിലും അവര്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോവുകയാണുണ്ടായത്. ഇതുകാരണം ഗൗരവതരമായസാഹിത്യസൃഷ്ടികള്‍ എവിടെയെങ്കിലും കാണാനുണ്ടോ എന്ന് ചിന്തിക്കാന്‍ ഞാന്‍ പ്രേരിതനായി. അതിന് ഈ സമ്മേളനത്തെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല.

കലയെയും സാഹിത്യത്തെയും സംബന്ധിച്ച് രണ്ടു സിദ്ധാന്തങ്ങളാണുള്ളത്-"കല കലക്കു വേണ്ടി" എന്നത് ആദ്യത്തേതും "കല സാമൂഹ്യ ഉന്നമനത്തിന്" എന്നത് രണ്ടാമത്തേതും. "കല കലക്കു വേണ്ടി" എന്ന വാദഗതിയനുസരിച്ച് കലയും സാഹിത്യവും സൃഷ്ടിക്കപ്പെടുന്നത് സുന്ദരമായ വിനോദോപാധികളായും ജനങ്ങളെയും കലാസ്വാദകരെയും രസിപ്പിക്കാനുമാണ്-സാമൂഹ്യമൂല്യങ്ങളുടെ പ്രചാരണത്തിനു വേണ്ടിയല്ല. കലയും സാഹിത്യവും സാമൂഹ്യമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍വേണ്ടി ഉപയോഗിക്കപെടുമ്പോള്‍ അവ പ്രചരണോപാധികളായിത്തീരുന്നു. ഈ വാദഗതി കീറ്റ്സ്, ടെന്നിസണ്‍ , എസ്രാപൗണ്ട്, ടി എസ് എലിയറ്റ് തുടങ്ങിയ ആംഗലസാഹിത്യകാരന്മാരും അമേരിക്കന്‍ എഴുത്തുകാരന്‍ എഡ്ഗാര്‍ അലന്‍പോയും, ഹിന്ദിസാഹിത്യത്തിലെ അഗ്യേയാ, രീതികാല്‍ , ഛായാവാദി കവികളും ഉര്‍ദു കവിയായ ജിഹാര്‍ മൊറാദാബാദിയും ബംഗാളിലെ രവീന്ദ്രനാഥ ടാഗോറും അംഗീകരിച്ചിട്ടുള്ളതായി കാണുന്നു.

സാഹിത്യം സാമൂഹ്യസേവനത്തിന് മെച്ചപ്പെട്ട ഒരു ജീവിതത്തിനുവേണ്ടി ജനങ്ങള്‍ നടത്തുന്ന സമരങ്ങളെ സഹായിക്കുകയും മര്‍ദ്ദനവാഴ്ചക്കും അനീതിക്കുമെതിരായുള്ള വികാരങ്ങള്‍ ഉണര്‍ത്തിവിടുകയും ചെയ്യുക എന്നതായിരിക്കണം കലയുടെയും സാഹിത്യത്തിന്റെയും ലക്ഷ്യമെന്നതാണ് മറ്റൊരു വാദഗതി. ആംഗലസാഹിത്യത്തിന്റെ നെടും തൂണുകളായ ചാള്‍സ് ഡിക്കന്‍സും ജോര്‍ജ് ബര്‍ണാര്‍ഡ് ഷായും അമേരിക്കന്‍ സാഹിത്യകാരന്മാരായ വാള്‍ട്ട് വിറ്റ്മാന്‍ , മാര്‍ക്ടൈ്വന്‍ , ഹാരിയറ്റ് ബീച്ചര്‍ സ്റ്റോമി, അപ്ടണ്‍ സിന്‍ക്ലെയര്‍ , ജോണ്‍സ്റ്റൈന്‍ബെക് എന്നിവരും, ഫ്രഞ്ച് സാഹിത്യകാരന്മാരായ ബള്‍സാക്ക്, സ്റ്റെന്‍ദാല്‍ , ഫ്ളോബര്‍ , വിക്ടര്‍യൂഗോ തുടങ്ങിയവരും ജര്‍മന്‍കാരായ ഗോഥേ, ഷില്ലര്‍ , എറിക് മറിയറോമാര്‍ക്യൂ എന്നിവരും, സ്പാനിഷ് സാഹിത്യകാരന്‍ സെര്‍വാന്റിക്സ്, ദോസ്തോവ്സ്കി, മാക്സിംഗോര്‍ക്കി തുടങ്ങിയ റഷ്യന്‍ എഴുത്തുകാരും, ഹിന്ദിസാഹിത്യത്തിലെ പ്രേംചന്ദും, കബീറും, തമിഴിലെ സുബ്രഹ്മണ്യ ഭാരതിയും ഉര്‍ദ്ദു എഴുത്തുകാരായ നസീര്‍ , ഫെയ്സ്, ജോഷ്, മാന്‍ടോ മുതലായവരുമാണ് ഈ ചിന്താധാരയുടെ ഉപജ്ഞാതാക്കള്‍ .

ഇന്ത്യയില്‍ ഇവരില്‍ ആരെയൊക്കെയാണ് പിന്തുടരുകയും അനുകരിക്കുകയും ചെയ്യേണ്ടത്?

ഈ രണ്ടു വാദഗതികളിലുംപെട്ട നിരവധി കലാകാരന്മാരും എഴുത്തുകാരും ഉണ്ടായിട്ടുണ്ട്. നാടകകൃത്തുക്കളായ ഷേക്സ്പിയറെയും കാളിദാസനെയും "കല കലക്കുവേണ്ടി" എന്ന് വാദിക്കുന്നവരില്‍പെടുത്താവുന്നതാണ്. മാനുഷിക ചേതനകളെയും പ്രചോദനങ്ങളെയും മനസ്സിലാക്കുകയും വിനോദം പ്രദാനം ചെയ്യുക എന്നുള്ളതില്‍ കവിഞ്ഞ് സാമൂഹ്യ മുന്നേറ്റത്തിനുള്ള യാതൊന്നും തന്നെ ഇവരുടെ കൃതികളില്‍ കാണാവുന്നതല്ല-അടിസ്ഥാനപരമായും ഷേക്സ്പിയര്‍ ഒരു യാഥാര്‍ഥ്യവാദിയായിരുന്നു. സമൂഹത്തിന്റെ പുനസൃഷ്ടിയോ സാമൂഹ്യ നന്മയോ അദ്ദേഹത്തിന്റെ ലക്ഷ്യമല്ലായിരുന്നു. എന്നാലും അദ്ദേഹം ഉന്നത ശ്രേണിയില്‍പെട്ട ഒരു കലാകാരനായിരുന്നു എന്നുള്ളതില്‍ തര്‍ക്കമില്ല. കവിത ഉച്ചശ്രേണിയില്‍ കാളിദാസന്റെ "മേഘസന്ദേശം" പ്രകൃതിയെയും സ്നേഹത്തെയും കുറിച്ചുള്ള ഉച്ചശ്രേണിയില്‍പെട്ട ഒരു കവിതയാണ്. ഗ്രാമീണ സൗന്ദര്യം വര്‍ണിക്കുന്ന ഈ കൃതി വേഡ്സ് വര്‍ത്തിന്റെ കവിതകളെപോലും പിന്നിലാക്കുന്നു. എന്നാലും ഇതൊന്നും സാമൂഹ്യ പുരോഗതിക്ക് സഹായിക്കുന്ന രീതിയിലായിരുന്നില്ല. ബര്‍ണാഡ് ഷായാകട്ടെ സാമൂഹ്യ മുന്നേറ്റത്തിന് ഊന്നല്‍ നല്‍കുകയും സാമൂഹ്യതിന്മകളെ അകറ്റിനിര്‍ത്തി സമൂഹത്തെ മുന്നോട്ടാനയിക്കുകയുമാണ് ചെയ്തത്. സാമൂഹ്യതിന്മകളെയും അനീതികളെയും അപലപിക്കുകയായിരുന്നു ഷാ ചെയ്തത്. ചാള്‍സ് ഡിക്കന്‍സും അതുപോലെതന്നെ സാമൂഹ്യതിന്മകള്‍ക്കെതിരായാണ് പേന ചലിപ്പിച്ചത്.

യാഥാര്‍ഥ്യവാദം, കാല്‍പനികതാവദം തുടങ്ങിയ അടിസ്ഥാനപരമായ രണ്ടു പ്രവണതകളാണ് സാഹിത്യ നിരൂപകരുടെയിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ജനങ്ങളുടെ സത്യസന്ധവും വളച്ചൊടിക്കപ്പെടാത്തതുമായ സാമൂഹ്യ അവസ്ഥയാണ് യാഥാര്‍ഥ്യവാദം. കാല്‍പനികതാവാദം ഭാവനയും വികാരവും വികാരതീവ്രതയും കേന്ദ്രീകരിച്ചുള്ളതാണ്. യാഥാര്‍ഥ്യവാദം: നിഷ്ക്രിയവും സജീവവും യാഥാര്‍ഥ്യവാദവും കാല്‍പനികതാവാദവും നിഷ്ക്രിയമോ സജീവമോ ആകാവുന്നതാണ്. ഒന്നിനും വേണ്ടത്ര ഊന്നല്‍ നല്‍കാതെ നിഷ്ക്രിയ യാഥാര്‍ഥ്യവാദം സത്യസന്ധമായവര്‍ണനയെ ലക്ഷ്യമാക്കിയുള്ളതാണ്. ജയിന്‍ ആസ്റ്റിന്‍ , ജോര്‍ജ് എലിയറ്റ്, ബ്രോണ്ടേ സഹോദരിമാര്‍ തുടങ്ങിയവരുടെ ആഖ്യായികകള്‍ ഇതിനുദാഹരണമാണ്. ആ അര്‍ഥത്തില്‍ അവര്‍ സാമൂഹ്യമായി നിഷ്പക്ഷരാണ്. എന്നാല്‍ ചിലപ്പോള്‍ നിഷ്ക്രിയ യാഥാര്‍ഥ്യവാദം വിധിവിശ്വാസത്തിന്റെയും സാമൂഹ്യ നിഷ്ക്രിയത്വത്തിന്റെയും വക്താവാകുന്നു. മനുഷ്യന്‍ അനുഭവിക്കുന്ന കഷ്ടപ്പാടിനോടും അനീതിയോടും നിഷ്ക്രിയത്വം പുലര്‍ത്തുന്നു. ചാള്‍സ്ഡിക്കന്‍സ്, വിക്ടര്‍യൂഗോ, മാക്സിംഗോര്‍ക്കി, ശരത്ചന്ദ്ര ചാറ്റര്‍ജി തുടങ്ങിയവര്‍ സജീവയാഥാര്‍ഥ്യത്തിന്റെ വക്താക്കളാണ്. വിധി വിശ്വാസത്തിനും, നിഷ്ക്രിയത്വത്തിനുമെതിരെ, തിന്മയെ എതിര്‍ക്കാനും സാമൂഹ്യതിന്മകളെ ഇല്ലാതാക്കാനും പ്രചോദനം നല്‍കുന്നതുമായ നിലപാടായിരുന്നു അവരുടേത്.

മാനുഷികചേതനകളെയും സാമൂഹ്യതിന്മകളെയും തുറന്നു കാട്ടുന്നതിലാണ് നിഷ്ക്രിയ യാഥാര്‍ഥ്യത്തിന്റെ ശക്തി. ദൗര്‍ബല്യമാകട്ടെ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളുടെയും ആശയങ്ങളുടെയും അഭാവവും. യാഥാര്‍ഥ്യങ്ങളോട് സത്യസന്ധമായ സമീപനം കൈക്കൊള്ളുമ്പോള്‍ പ്രകടവും യഥാര്‍ഥവുമായത് കണ്ടെത്തുകയും മറ്റൊരു പ്രതിവിധി കണ്ടെത്താതിരിക്കലുമാണ്. അത് എല്ലാറ്റിനെയും വിമര്‍ശിക്കുകയും ഒന്നിനെയും ശരിവക്കാതിരിക്കുകയും ചെയ്യുന്നു. അതെപ്പോഴും സാഹചര്യങ്ങളുടെ നിഷ്ക്രിയോല്പന്നമായും വിധിവിശ്വാസിയായും സാമൂഹ്യസ്ഥിതിഗതികളെ മാറ്റിത്തീര്‍ക്കാന്‍ കഴിവില്ലാത്ത നിസ്സഹായനായും മനുഷ്യനെ ചിത്രീകരിക്കുന്നു. സാമൂഹ്യലക്ഷ്യം നിഷ്ക്രിയവും സജീവവുമായ യാഥാര്‍ഥ്യവാദത്തിന് ഒരു സാമൂഹ്യലക്ഷ്യമുണ്ട്. നിഷ്ക്രിയ യാഥാര്‍ഥ്യവാദം വിധിവിശ്വാസത്തിലേക്കും ദുരന്ത ദുശ്ശങ്കകളിലേക്കും, സാമൂഹ്യ വ്യവസ്ഥിതിയെ മാറ്റിതീര്‍ക്കാനുള്ള ശ്രമങ്ങളുടെ വ്യര്‍ഥതയിലേക്കും നയിക്കുമ്പോള്‍ സജീവ യാഥാര്‍ഥ്യബോധം ശുഭാപ്തി വിശ്വാസം തരുന്നു. മറ്റുള്ളവരുടെ വേദനയുടെയും കഷ്ടപ്പാടിന്റെയും നേര്‍ക്ക് മുഖം തിരിക്കുന്നില്ല. അവരുടെ ദുഃസ്ഥിതിക്കെതിരെ നിലകൊണ്ട് പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്.

ഷേക്സ്പിയറിലും ബള്‍സാക്കിലും, ടോള്‍സ്റ്റോയിയിലോ മിര്‍സാഹാലിബിലോ ആയാലും അവര്‍ കാല്പനികരാണോ യാഥാഥ്യവാദികളാണോ എന്ന് തിരിച്ചറിയുക എളുപ്പമല്ല, രണ്ടു ധാരകളും കൂടിചേര്‍ന്നിരിക്കുകയാണ്. ശ്രേഷ്ഠമായ കല എന്നുള്ളത് രണ്ടിന്റെയും സങ്കരം തന്നെയാണ്. കാല്‍പനികതാ വാദം യാഥാര്‍ഥ്യവാദം പോലെതന്നെ കാല്‍പനികതാവാദവും നിഷ്ക്രിയമോ സജീവമോ ആകാം. നിഷ്ക്രിയമായ കാല്‍പനികതാവാദം ജനങ്ങളെ യാഥാര്‍ഥ്യത്തില്‍നിന്നുമകറ്റി മിഥ്യയുടെയും വ്യാമോഹത്തിന്റെയുമായ ഒരു ലോകത്തിലേക്ക് നയിക്കുന്നു. അതല്ലെങ്കില്‍ നിഷ്പ്രയോജനമായ കൃത്യാന്തതയുടെ ഒരു ആന്തരിക ലോകത്തിലേക്ക്. അവിടെ വിധികല്പിതമായ ജീവിതത്തിന്റെ ഒരു കടങ്കഥ അഥവാ സ്നേഹത്തിന്റെയും മരണത്തിന്റെയും ചിന്തകള്‍ മാത്രമെ ഉണ്ടാവൂ. ഒരു മിഥ്യാ ലോകത്തിലെന്നപോലെ യോദ്ധാക്കളും, രാജകുമാരന്മാരും, പിശാചുക്കളും, യക്ഷിയുമൊക്കെ ആയിരിക്കും അതിലെ കഥാപാത്രങ്ങള്‍ . നിഷ്ക്രിയ കാല്‍പനികതാ വാദം സാമൂഹ്യനന്മക്ക് ഒരു സംഭാവനയും നല്‍കുന്നില്ല. മറിച്ച് സജീവകാല്‍പനികത സാമൂഹ്യതിന്മകള്‍ക്കെതിരായി മനുഷ്യനെ ഉണര്‍ത്തുന്നു. ഷെല്ലിയുടെ "Prometheus Unbound", ഹെയിന്‍സിന്റെ "Enfant Perdu", ഗോര്‍ക്കിയുടെ "Song of the Stormy Petrel", ഉര്‍ദ്ദു എഴുത്തുകാരനായ ഫെയ്സിന്റെ കവിതകള്‍ എന്നിവ ഉദാഹരണങ്ങള്‍മാത്രം. അവയെല്ലാം ഒരു സാമൂഹ്യലക്ഷ്യത്തോടുകൂടിയുള്ളതാണ്. ഇത്തരം സാമാന്യ ജീവിത ചിത്രീകരണം യാഥാര്‍ഥ്യത്തിനും മേലെയാണ്. അതിനെ (സമൂഹത്തെ) അവഗണിച്ചുകൊണ്ടല്ല, പക്ഷെ മാറ്റിമറിച്ചുകൊണ്ടാണ്; യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതിനുപരി സാഹിത്യത്തിന് മറ്റൊരു ധര്‍മം കൂടിയുണ്ടെന്നുള്ള ഉള്‍ക്കാഴ്ചയോടുകൂടി. "കല സാമൂഹ്യലക്ഷ്യത്തോടെ" എന്നുള്ളത് എപ്പോഴും പ്രത്യക്ഷമായി പ്രകടിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ പ്രകടമായിട്ടല്ലാതെ തന്നെ വളച്ചുകെട്ടലിലൂടെയോ സ്പഷ്ടമല്ലാതെയോ അത് സാധിക്കും. ഉദാഹരണം ആക്ഷേപഹാസ്യം-ജോനാഥന്‍ സ്വിഫ്റ്റിന്റെ " Gulliver's Travel " അഥവാ "A Tale of a Tub" ലൂയിസ് കാരോള്‍സിന്റെ " Alice in Wonderland", സെര്‍വാന്റിസിന്റെ " Don Quixote", വോള്‍ട്ടയറിന്റെ " Candide", " Zadig" എന്നിവ. സാമൂഹ്യപ്രതിബദ്ധത പ്രദിപാദിക്കുന്ന പല ഉര്‍ദ്ദു കവിതകളും നേരിട്ടല്ലാതെ പരോക്ഷമായിട്ടാണ് ഈ കടമ നിറവേറ്റുന്നത്-മിര്‍ , ഗാലിബ്, ഫെയ്സ് എന്നിവ ഉദാഹരണങ്ങള്‍ .

"കല കലക്കു വേണ്ടി"യോ അഥവാ "കല സാമൂഹ്യ ഉന്നമനത്തിനോ" ഏതാണ് ഇന്ത്യന്‍ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും അഭിലഷണീയമായിട്ടുള്ളത്? ഇന്ത്യയുടെ ചരിത്രപശ്ചാത്തലം കണക്കിലെടുക്കുമ്പോള്‍ ഇവയില്‍ ഏതാണ് ഇന്ന് കൂടുതല്‍ യോജിച്ചത് എന്നകാര്യം പരിഗണിക്കപ്പെടണം. അങ്ങനെ വരുമ്പോള്‍ ഒരു കലാകാരന്‍ എന്ന നിലക്ക് ഷേക്സ്പിയറോ, ഷായോ (വ്യക്തിപരമായി ഞാന്‍ കരുതുന്നത് ഷേക്സ്പിയര്‍ ആണെന്നാണ്) ഇന്ത്യയില്‍ ഇന്ന് പ്രസക്തരല്ല. ഇന്ത്യയെപോലുള്ള ഒരു ദരിദ്ര ജനതക്ക് "കല സാമൂഹ്യ മുന്നേറ്റത്തിന്" എന്നതു മാത്രമേ സ്വീകാര്യമാകൂ.

ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്; ശോഭനമായ ഒരു ഇന്ത്യക്കുവേണ്ടി പൊരുതുന്ന ജനതയോടൊപ്പം കലാകാരന്മാരും എഴുത്തുകാരും അണിചേരണം. മര്‍ദ്ദനവാഴ്ചക്കും അനീതിക്കുമെതിരെയുള്ള സാഹിത്യരചനകള്‍ നടത്തി ജനങ്ങളെ പ്രചോദിതരാക്കണം. മുന്തിയ സാഹിത്യരചനകളുടെ അഭാവം ഇന്നു നമുക്ക് നല്ല സാഹിത്യമോ കലയോ കഷ്ടിച്ചേ ഉള്ളൂ. ശരത് ചന്ദ്രദാസ്, പ്രേംചന്ദ് തുടങ്ങിയവരെവിടെ? കബീറും ഡിക്കന്‍സും എവിടെപോയി? കലാസാഹിത്യ സൃഷ്ടികളില്‍ ഒരു വലിയ വിടവു വന്നതായി തോന്നുന്നു. എല്ലാം വാണിജ്യവല്‍ക്കരിക്കപ്പെട്ടതുപോലെ! ജനലക്ഷങ്ങളുടെ ദുരിതമല്ല, പണമുണ്ടാക്കാനായി എഴുതുക എന്ന സ്ഥിതിയിലെത്തിച്ചേര്‍ന്നിരിക്കുന്നു. നല്ല സാഹിത്യകൃതികള്‍ക്കായി ഇന്ത്യവെമ്പുകയാണ്. ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളെക്കുറിച്ചെഴുതിയാല്‍ അത് കാട്ടുതീപോലെ പടരും. നമ്മുടെ എഴുത്തുകാര്‍ ഇത് ചെയ്യുന്നുണ്ടോ? അങ്ങനെ ചെയ്യാത്തപ്പോള്‍ , അവരുടെ രചനകള്‍ വിസ്മൃതിയില്‍ ആണ്ടുപോകുന്നുവെന്ന് പരിഭവിച്ചിട്ടെന്തുകാര്യം?

കലയും സാഹിത്യവും ജനസേവനത്തിനു വേണ്ടിയാണ്. എഴുത്തുകാരും കലാകാരന്മാരും ജനസാമാന്യത്തോട് അനുകമ്പയോടുകൂടി അവരുടെ കഷ്ടപ്പാടുകളെ തിരിച്ചറിയുന്നവരായിരിക്കണം. ഇംഗ്ലണ്ടിലെ ഡിക്കന്‍സ്, ഷാ, ഫ്രാന്‍സിലെ റൂസ്സോ, വാള്‍ട്ടയര്‍ , അമേരിക്കയിലെ തോമസ് പയിന്‍ , വാള്‍ട്ട് വിറ്റ്മാന്‍ , റഷ്യയിലെ ചേര്‍ണിഷെവ്സ്കി, ഗോര്‍ക്കി, ബംഗാളിലെ ശരത് ചന്ദ്ര ചാറ്റര്‍ജി, ഖാസി നസ്രുള്‍ ഇസ്ലാം തുടങ്ങിയവരെപ്പോലെ ഒരു നല്ല ജീവിതത്തിലേക്കുള്ള പോരാട്ടത്തില്‍ ജനങ്ങളെ പ്രചോദിതരാക്കണം. അനീതിയില്ലാത്ത സമത്വസുന്ദരമായ ലോകം ലക്ഷ്യമാക്കിക്കൊണ്ടായിരിക്കണം ഈ രചന. അപ്പോള്‍ മാത്രമെ സമൂഹം അവരെ ആദരിക്കുകയുള്ളൂ. കടപ്പാട്: ദി ഹിന്ദു-28.01.2012

*
ജ. മാര്‍ക്കണ്ഠേയ കട്ജു/വിവര്‍ത്തനം: എല്‍ പരമേശ്വരന്‍
ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാഹിത്യം സാമൂഹ്യസേവനത്തിന് മെച്ചപ്പെട്ട ഒരു ജീവിതത്തിനുവേണ്ടി ജനങ്ങള്‍ നടത്തുന്ന സമരങ്ങളെ സഹായിക്കുകയും മര്‍ദ്ദനവാഴ്ചക്കും അനീതിക്കുമെതിരായുള്ള വികാരങ്ങള്‍ ഉണര്‍ത്തിവിടുകയും ചെയ്യുക എന്നതായിരിക്കണം കലയുടെയും സാഹിത്യത്തിന്റെയും ലക്ഷ്യമെന്നതാണ് മറ്റൊരു വാദഗതി. ആംഗലസാഹിത്യത്തിന്റെ നെടും തൂണുകളായ ചാള്‍സ് ഡിക്കന്‍സും ജോര്‍ജ് ബര്‍ണാര്‍ഡ് ഷായും അമേരിക്കന്‍ സാഹിത്യകാരന്മാരായ വാള്‍ട്ട് വിറ്റ്മാന്‍ , മാര്‍ക്ടൈ്വന്‍ , ഹാരിയറ്റ് ബീച്ചര്‍ സ്റ്റോമി, അപ്ടണ്‍ സിന്‍ക്ലെയര്‍ , ജോണ്‍സ്റ്റൈന്‍ബെക് എന്നിവരും, ഫ്രഞ്ച് സാഹിത്യകാരന്മാരായ ബള്‍സാക്ക്, സ്റ്റെന്‍ദാല്‍ , ഫ്ളോബര്‍ , വിക്ടര്‍യൂഗോ തുടങ്ങിയവരും ജര്‍മന്‍കാരായ ഗോഥേ, ഷില്ലര്‍ , എറിക് മറിയറോമാര്‍ക്യൂ എന്നിവരും, സ്പാനിഷ് സാഹിത്യകാരന്‍ സെര്‍വാന്റിക്സ്, ദോസ്തോവ്സ്കി, മാക്സിംഗോര്‍ക്കി തുടങ്ങിയ റഷ്യന്‍ എഴുത്തുകാരും, ഹിന്ദിസാഹിത്യത്തിലെ പ്രേംചന്ദും, കബീറും, തമിഴിലെ സുബ്രഹ്മണ്യ ഭാരതിയും ഉര്‍ദ്ദു എഴുത്തുകാരായ നസീര്‍ , ഫെയ്സ്, ജോഷ്, മാന്‍ടോ മുതലായവരുമാണ് ഈ ചിന്താധാരയുടെ ഉപജ്ഞാതാക്കള്‍ .