Saturday, March 17, 2012

തൊഴില്‍ ഉറപ്പിനായി സമരത്തിലേക്ക്

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെയും സമ്മര്‍ദത്തിന്റെയും ഫലമായി രൂപപ്പെട്ടതാണല്ലോ തൊഴിലുറപ്പു നിയമം. തികച്ചും തൊഴിലാളി കേന്ദ്രീകൃതമായ ഈ നിയമം ഉദ്യോഗസ്ഥ കേന്ദ്രീകൃതമാകുന്നു എന്നതാണ് നിലവിലെ അവസ്ഥ. തൊഴിലുറപ്പു പദ്ധതിയെ തകര്‍ക്കാന്‍ വിവിധകേന്ദ്രങ്ങളില്‍ നിന്ന് വലിയ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഓരോ കുടുംബത്തിനും 100 ദിവസം തൊഴില്‍ ലഭിക്കാനുള്ള അവകാശം കാറ്റില്‍പറത്തുകയാണ്. ദേശീയ ശരാശരി കണക്കാക്കുമ്പോള്‍ 2009-10ല്‍ ഓരോ കുടുംബത്തിനും 54 തൊഴില്‍ദിനമാണ് ലഭിച്ചത്.

2010-11ല്‍ ഇത് 47 ആയി. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ 27 തൊഴില്‍ദിനം മാത്രമാണു ലഭിച്ചത്. ഗ്രാമീണമേഖലയിലെ കാര്‍ഷികാഭിവൃദ്ധിക്കും ഗ്രാമീണ ജനതയുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നതിനും ദാരിദ്ര്യലഘൂകരണത്തിനും ഒരു പരിധിവരെ പര്യാപ്തമായ ഈ നിയമത്തെ ഞെക്കിക്കൊല്ലുകയാണ്. കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും മാത്രമല്ല; കുറഞ്ഞ വരുമാനം, നഷ്ടം, കടം എന്നിവ കൊണ്ട് വിഷമിക്കുന്ന ചെറുകിട കര്‍ഷകര്‍ക്കുംകൂടി ബാധകമാണ് ഈ നിയമം. ദേശീയതലത്തില്‍ 20 മുതല്‍ 25 ശതമാനംവരെ ചെറുകിട കര്‍ഷകര്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി തൊഴിലുറപ്പു രംഗത്ത് വന്നിട്ടുണ്ട്. സാമ്പത്തിക കമ്മിയുടെ പേരുപറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഓരോ വര്‍ഷവും പദ്ധതിയുടെ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുകയാണ്.

2011ല്‍ 16,500 കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. സംസ്ഥാനങ്ങള്‍ ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന കാരണം കണ്ടുപിടിച്ച് ഒഴിഞ്ഞുമാറാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാതൃകാപരമായി നടപ്പാക്കിയ ഈ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നിര്‍ജീവമാക്കുകയാണ്്. ആസൂത്രണംമുതല്‍ നിര്‍വഹണം, മോണിറ്ററിങ് വരെയുള്ള എല്ലാ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ നിസ്സംഗത പ്രകടിപ്പിക്കുന്നു. അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതിയെ ഫലത്തില്‍ ഇല്ലായ്മ ചെയ്തു. തദ്ദേശസ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും തൊഴില്‍ നല്‍കാനുള്ള ആത്മാര്‍ഥമായ ശ്രമം നടത്തുന്നില്ല. കേരളത്തില്‍ 17,79,021 കുടുംബത്തിന് തൊഴില്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ട്. 100 ദിവസം തൊഴില്‍ ലഭിക്കേണ്ടത് ഇവരുടെ അവകാശമാണ്. എന്നാല്‍ 18,267 കുടുംബത്തിനാണ് ഇതുവരെ 100 ദിവസം തൊഴില്‍ ലഭിച്ചത്. ഈവര്‍ഷം ഇനി കൂടുതല്‍ പ്രതീക്ഷിക്കേണ്ടതുമില്ല. ഒരു ശതമാനം കുടുംബത്തിനുപോലും 100 ദിനം തൊഴില്‍ നല്‍കാത്ത സ്ഥിതി പരിതാപകരമാണ്. 100 ദിനം തൊഴില്‍ അവകാശമാണെന്നിരിക്കെ അതുനല്‍കാത്ത സര്‍ക്കാര്‍ , ന്യായമായ നഷ്ടപരിഹാരത്തുക നല്‍കാന്‍ ബാധ്യസ്ഥരാണ്. ഈവര്‍ഷം (2011-12) ഇതുവരെ 15 ദിവസത്തില്‍ താഴെ മാത്രം തൊഴില്‍ ലഭിച്ച കുടുംബത്തിന്റെ എണ്ണം 4,34,499 എന്നതും ഇതോടൊന്നിച്ച് കൂട്ടിവായിക്കുമ്പോള്‍ ഈ രംഗത്തെ കെടുകാര്യസ്ഥതയുടെ ആഴം എത്ര വലുതാണെന്നു കാണാം.

മാത്രമല്ല, തൊഴിലുറപ്പു രംഗം ഇന്ന് നിരവധി പ്രശ്നം അഭിമുഖീകരിക്കുന്നു. നിലവിലുള്ള നിയമ പരിരക്ഷപോലും തൊഴിലാളികള്‍ക്ക് അന്യമാകുകയാണ്. തൊഴിലിനുള്ള അപേക്ഷ സ്വീകരിക്കാനോ രസീത് നല്‍കാനോ പല തദ്ദേശസ്ഥാപനവും തയ്യാറാകുന്നില്ല. അപേക്ഷ ലഭിച്ചാല്‍ 15 ദിവസത്തിനകം തൊഴില്‍ നല്‍കണമെന്ന നിബന്ധന കാറ്റില്‍ പറത്തുന്നു. തൊഴിലില്ലായ്മ വേതനം ലഭിക്കാനുള്ള അര്‍ഹതയും നഷ്ടപ്പെടുത്തുന്നു. തൊഴില്‍സ്ഥലത്ത് കുടിവെള്ളം, പ്രഥമശുശ്രൂഷാ കിറ്റ്, വിശ്രമ സൗകര്യം എന്നിവ ഒരുക്കുന്നില്ല. വൃത്തിഹീനമായ പ്രദേശങ്ങളില്‍ പ്രവൃത്തിചെയ്യുന്നവര്‍ക്ക് കൈയുറയും ബൂട്ടും നല്‍കുന്നില്ല. തൊഴിലാളികളെ ബോധ്യപ്പെടുത്തി പ്രവൃത്തികളുടെ അളവ് എടുക്കുന്നില്ല. താമസസ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് പണിസ്ഥലമെങ്കില്‍ നല്‍കേണ്ട 10 ശതമാനം അധിക വേതനം നല്‍കുന്നില്ല. വേതനം 15 ദിവസത്തിനകം നല്‍കുന്നില്ലെന്നു മാത്രമല്ല മാസങ്ങള്‍ക്കുശേഷം നല്‍കുന്ന പഞ്ചായത്തുകളുമുണ്ട്. ജോലിക്കിടെ അപകടമുണ്ടാകുമ്പോള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. സംസ്ഥാനത്ത് ഓംബുഡ്സ്മാനെ നിശ്ചയിച്ചിട്ടില്ല. മേറ്റ്മാരെ വല്ലാതെ പീഡിപ്പിക്കുന്നു. കുടുംബശ്രീ സംവിധാനം തകര്‍ക്കുന്നു. ആവശ്യമായ ഷെല്‍ഫ് ഓഫ് പ്രോജക്ട്സിന് രൂപംനല്‍കുന്നില്ല. സര്‍വോപരി നമ്മുടെ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കാര്‍ഷികമേഖലയിലെയും അനുബന്ധ മേഖലകളിലെയും പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ തക്കവിധത്തില്‍ നിലവിലുള്ള നിയമവ്യവസ്ഥയില്‍ മാറ്റംവരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കു മുന്നില്‍ നിരവധി ആവശ്യം ഉന്നയിക്കുന്നു.

വര്‍ഷം ഒരു കുടുംബത്തിന് 200 ദിവസം തൊഴില്‍ നല്‍കുക, വേതനം 200 രൂപയായി വര്‍ധിപ്പിക്കുക, തൊഴില്‍സമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെയാക്കുക, എല്ലാ തൊഴിലാളികളെയും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കു കീഴില്‍ കൊണ്ടുവരിക, വേതനം 15 ദിവസത്തിനകം നല്‍കുക, അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതി നടപ്പാക്കുക, നെല്‍ക്കൃഷിയടക്കമുള്ള ജോലി ഭക്ഷ്യസുരക്ഷയുടെ ഭാഗമായി കണ്ട് പദ്ധതിക്കു കീഴില്‍കൊണ്ടുവരിക, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ അവകാശവും തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അവ നേടിയെടുക്കാന്‍ യൂണിയന്‍ പ്രക്ഷോഭത്തിന് തയ്യാറാകുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ മാര്‍ച്ച് 18 മുതല്‍ 25 വരെ സംസ്ഥാനതല വാഹനജാഥയും മാര്‍ച്ച് 28ന് കലക്ടറേറ്റ്/ സെക്രട്ടറിയറ്റ് മാര്‍ച്ചും നടത്തും. തൊഴിലുറപ്പുമേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും സമരത്തില്‍ ഭാഗഭാക്കാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

*
എം വി ബാലകൃഷ്ണന്‍ (എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

No comments: