ഇത് ക്ഷേത്രോത്സവങ്ങളുടെ കാലം. ആനയില്ലെങ്കില്‍ എന്തുത്സവം. ഉത്സവങ്ങളുടെ അവിഭാജ്യഘടകമാണ് ആന. ആനകളോടുള്ള മലയാളിയുടെ ഹൃദയബന്ധവും വാത്സല്യവും പ്രകടമാക്കുന്നതാണ് നമ്മുടെ ആഘോഷങ്ങളിലെല്ലാമുള്ള ആനയുടെ സാന്നിധ്യം. ഗ്രാമീണസ്വപ്നങ്ങള്‍ക്ക് മിഴിവേകുന്ന ഉത്സവകാഴ്ചയായിരുന്നു പണ്ട് നമുക്ക് ആനചന്തം.
ആനത്തലയോളമെന്നത് വലുപ്പത്തെക്കുറിച്ചുള്ള നമ്മുടെ ബോധത്തിന്റെ പാരമ്യമായിരുന്നു. ''ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ല'' എന്ന ചിന്ത നമ്മുടെ കുലീനത്വത്തിന്റെ തലയെടുപ്പായിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും മലയാളിയുടെ സാംസ്‌കാരികസത്തയുടെ നടപ്പന്തലുകളില്‍ നിന്നും നെറികേടിന്റെയും വാണിഭചിന്തയുടെയും പൂരപ്പറമ്പുകളിലേക്ക് ആനകള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ അഴിച്ചുമാറ്റപ്പെട്ടത് എങ്ങനെയാണ്. ആനകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളുടെ വാര്‍ത്തകള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ആനപരിപാലന ചട്ടങ്ങള്‍ കടലാസുകളില്‍ പഴങ്കഥകളാകുന്നു. ആനകള്‍ക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ നമ്മുടെ തന്നെ നിരന്തരമായ പാരമ്പര്യത്തോടുള്ള കൈയ്യേറ്റമാണ്. ആന ഉടമയുടെയോ, കരാറുകാരന്റെയോ, ആന പാപ്പാന്റെയോ പണക്കൊതിക്കു മുന്‍പില്‍ അമിതജോലി ചെയ്യേണ്ടി വരികയും മതിയായ പരിരക്ഷ ലഭിക്കാതെ പോവുകയും ചെയ്യുന്ന ആനകളെ അനാഥമായി വിടാന്‍ സര്‍ക്കാരിനോ നീതിബോധമുള്ള ഏതെങ്കിലും മലയാളിക്കോ കഴിയില്ല. അതുകൊണ്ടാണ് നാട്ടാനകളുടെ പരിപാലനത്തിനായും സംരക്ഷണത്തിനായുമുള്ള ചട്ടങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആനകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കും ഈ പീഡനങ്ങളോടുള്ള ആ ''വന്യജീവി'' യുടെ സ്വാഭാവിക പ്രതികരണങ്ങളായി പലപ്പോഴുമുണ്ടാകുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കും വിരാമമിടാന്‍ കഴിഞ്ഞ ഗവണ്‍മെന്റില്‍ വനം മന്ത്രിയായിരുന്ന ബിനോയ്‌വിശ്വം ഏറെ പണിപെട്ടിട്ടുണ്ട്. അതിന്റെ ഫലമാണ് ആനപരിപാലന ചട്ടങ്ങളുടെ കര്‍ശനമായ നടപ്പിലാക്കല്‍. ചട്ടങ്ങളുടെ നടത്തിപ്പിന് മലയാളനാടിന്റെ സംസ്‌കൃതിയെയും ആനകളെയും സ്‌നേഹിക്കുന്ന ജനങ്ങളുടെ സഹകരണം കൂടിയേ തീരൂ. അത്തരത്തിലുള്ള സഹകരണവും സമീപനവും ലഭിക്കുന്നില്ലെന്നതാണ് കേരളത്തിലവിടുന്നും ഇവിടുന്നും ലഭിക്കുന്ന വാര്‍ത്തകള്‍. ആനസംഘക്കാരുടെ തലവന്‍ ഭരണത്തലപ്പത്ത് വന്നപ്പോള്‍ ചട്ടങ്ങള്‍ ആവിയായിപ്പോയി. ചട്ടങ്ങള്‍ക്ക് കടലാസുവില. ആനകള്‍ക്ക് നരകജീവിതം വീണ്ടും.
ജനപങ്കാളിത്തവും സഹകരണവുമില്ലാതെ ഒരു നിയമവും അതിന്റെ പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പിലാക്കുക അസാധ്യമാണ്. ആന സംരക്ഷണനിയമം പാലിക്കുന്നതില്‍ ആനയുടമയ്‌ക്കൊപ്പം പാപ്പാനും കരാറുകാരനും ആഘോഷകമ്മറ്റി ഭാരവാഹികള്‍ക്കും ബാധ്യതയുണ്ട്. യാതൊരു വിശ്രമവുമില്ലാതെ ചുട്ടുപഴുത്ത ടാറിട്ട റോഡിലൂടെ മൈലുകളോളം ആനയെ എഴുന്നള്ളിക്കുന്ന അവസ്ഥക്ക് ഇനിയെങ്കിലും മാറ്റം വരണം. ആനയെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉദേ്യാഗസ്ഥര്‍ ദയവായി അതിനു തയ്യാറാകണം. മയക്കുവെടി വെക്കുന്നിടംവരെ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കുന്ന സ്ഥിതിക്ക് മാറ്റം വരണം. ചട്ടങ്ങള്‍ ലംഘിക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. ആന ഉടമസ്ഥന്മാരും ദേവസ്വം ഭാരവാഹികളുമായി ഒക്കെ ഒട്ടേറെ തവണ ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കൂടിയാലോചനകളും ചര്‍ച്ചകളും നിരര്‍ഥമായാല്‍ ഗവണ്‍മെന്റ് ഗവണ്‍മെന്റായി പ്രവര്‍ത്തിക്കണം. അതിനുള്ള ഇച്ഛാശക്തിയില്‍ കുറവ് വരാന്‍ പാടുള്ളതല്ല.
ആനസംരക്ഷണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ വന്നാല്‍ ആന സംരക്ഷണനിയമവും വന്യജീവി സംരക്ഷണനിയമവും പ്രയോഗിക്കപ്പെടണം. ആനയുടെ പരിരക്ഷ ഉറപ്പാക്കാന്‍ അവയ്‌ക്കൊപ്പം പ്രാരാബ്ധങ്ങളോടെ ജീവിക്കുന്ന ആനക്കാരുടെ ക്ഷേമവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആന പാപ്പാന്മാര്‍ക്ക് പരിശീലനം നല്‍കുന്ന പരിപാടി എന്തോ കാരണത്താല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വന്യജീവി പരിശീലനപരിപാടി ആരംഭിക്കണം. ഓരോ നാട്ടാനകളുടെയും വിശദവിവരങ്ങളടങ്ങിയ മൈക്രോചിപ് ഘടിപ്പിക്കല്‍ ശാസ്ത്രീയവും ആധുനികവുമായ സംരക്ഷണത്തിനു തീര്‍ച്ചയായി വഴിയൊരുക്കിയിട്ടുണ്ട്. എന്നാലിനിയും എത്രയോ നാട്ടാനകള്‍ക്ക് മൈക്രോചിപ് ഘടിപ്പിക്കാനുണ്ട്. മൈക്രോചിപ് ഘടിപ്പിക്കല്‍ മാത്രം പ്രശ്‌നത്തിന് മുഴുവന്‍ പ്രതിവിധിയല്ല. ആന സംരക്ഷണത്തിന് ജനങ്ങളും ഉത്സവക്കമ്മറ്റിക്കാരും ആന ഉടമകളും ഒത്തൊരുമിച്ച് മുന്നോട്ടിറങ്ങണം. ഉത്സവപ്പറമ്പുകളില്‍ ആനകളുടെ കണ്ണീര്‍ വീഴുന്ന അവസ്ഥക്ക് മാറ്റം വരണം.
ക്ഷേത്രോത്സവങ്ങളില്‍ ദൈവത്തേക്കാള്‍ പ്രാധാന്യം ആനകള്‍ക്കുണ്ടെന്ന അവസ്ഥക്ക് മാറ്റം വരണം. കമ്പോളക്കച്ചവട താല്‍പര്യങ്ങളുടെ ഫലമായി ആനകളോടുള്ള ക്രൂരത അവസാനിപ്പിക്കണം. അതിനു അവബോധവും ഒപ്പം നിയമം നടപ്പിലാക്കലും കൂടിയേ തീരൂ.
മലയാളത്തിന്റെ മക്കള്‍ സ്‌നേഹാക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയ അമ്മ, ആന എന്നിങ്ങനെയായിരുന്നു. ആ ആത്മബന്ധം കൈമോശം വരുവാന്‍ നാം അനുവദിച്ചുകൂടാ. സ്‌നേഹം വാരിക്കോരി ഇങ്ങോട്ട് തരുന്ന അമ്മയെപ്പോലെ, സ്‌നേഹം വാരിക്കോരി ഇങ്ങോട്ട് നല്‍കാനുള്ള ഒരു പ്രിയ ജീവിയായി നാട്ടാനകള്‍ ഉണ്ടാകുമെന്ന് നമുക്കുറപ്പ് വരുത്തണം. വംശനാശത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ആനകളെ രക്ഷിക്കാന്‍ എന്നും അവയുടെ മിത്രമായിരുന്ന മലയാളിക്കു കഴിയുന്നില്ലെങ്കില്‍ പിന്നെ മറ്റാര്‍ക്കാണ് അത് സാധ്യമാവുക. സ്വന്തം വിരലുകള്‍ നെഞ്ചിലേക്ക് ചൂണ്ടി നാം നമ്മോട് ചോദിക്കേണ്ട ചോദ്യമാണ്. മലയാളിക്കല്ലാതെ ആനയെ സംരക്ഷിക്കാന്‍, ലാളിക്കാന്‍ മറ്റാര്‍ക്കാണ് സാധ്യമാവുക.
*
ആര്‍ അജയന്‍ ജനയുഗം 16 മാര്‍ച്ച് 2012
Saturday, March 17, 2012
Subscribe to:
Post Comments (Atom)
1 comment:
ഇത് ക്ഷേത്രോത്സവങ്ങളുടെ കാലം. ആനയില്ലെങ്കില്‍ എന്തുത്സവം. ഉത്സവങ്ങളുടെ അവിഭാജ്യഘടകമാണ് ആന. ആനകളോടുള്ള മലയാളിയുടെ ഹൃദയബന്ധവും വാത്സല്യവും പ്രകടമാക്കുന്നതാണ് നമ്മുടെ ആഘോഷങ്ങളിലെല്ലാമുള്ള ആനയുടെ സാന്നിധ്യം. ഗ്രാമീണസ്വപ്നങ്ങള്‍ക്ക് മിഴിവേകുന്ന ഉത്സവകാഴ്ചയായിരുന്നു പണ്ട് നമുക്ക് ആനചന്തം.
ആനത്തലയോളമെന്നത് വലുപ്പത്തെക്കുറിച്ചുള്ള നമ്മുടെ ബോധത്തിന്റെ പാരമ്യമായിരുന്നു. ''ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ല'' എന്ന ചിന്ത നമ്മുടെ കുലീനത്വത്തിന്റെ തലയെടുപ്പായിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും മലയാളിയുടെ സാംസ്‌കാരികസത്തയുടെ നടപ്പന്തലുകളില്‍ നിന്നും നെറികേടിന്റെയും വാണിഭചിന്തയുടെയും പൂരപ്പറമ്പുകളിലേക്ക് ആനകള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ അഴിച്ചുമാറ്റപ്പെട്ടത് എങ്ങനെയാണ്.
Post a Comment