Sunday, March 18, 2012

കാലാതിവര്‍ത്തിയായ നേതൃസാന്നിധ്യം

സ: ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് പതിനാല് വര്‍ഷമായി. ശാസ്ത്രീയ കാഴ്ചപ്പാടോടെ ചുറ്റുപാടുകളെ സൂക്ഷ്മമായി വിലയിരുത്തിയ മാര്‍ക്സിസ്റ്റ് ആചാര്യനായിരുന്നു ഇ എം എസ്. മാര്‍ക്സിസം- ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതില്‍ സഖാവ് നല്‍കിയ സംഭാവന അവിസ്മരണീയമാണ്. രാഷ്ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്തുമാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. ഏത് പ്രശ്നത്തെയും മാര്‍ക്സിസം- ലെനിനിസത്തിന്റെ വെളിച്ചത്തില്‍ ലളിതമായി വിശദീകരിക്കുന്നതിന് അദ്ദേഹം കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് അമൂല്യ സംഭാവനയായി; കേരളീയജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ഐക്യപ്പെടുത്തി. സഖാവിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു. കേരളം ലോകത്തിനു നല്‍കിയ മഹാപ്രതിഭയാണ് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായ സ. ഇ എം എസ്.

ജന്മിത്തം കൊടികുത്തിവാണ ഘട്ടത്തിലാണ് ഇ എം എസ് വള്ളുവനാട്ടിലെ പ്രസിദ്ധ ജന്മികുടുംബത്തില്‍ പിറന്നത്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണസമരങ്ങളില്‍ ഇടപെട്ടാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചു. 1934 ലും 1938-40 ലും കെപിസിസി സെക്രട്ടറിയായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. സിപിഐ എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു.

ഇടത്- വലത് പ്രവണതകള്‍ക്കെതിരെ ശക്തമായി പൊരുതിയാണ് സഖാവിന്റെ രാഷ്ട്രീയജീവിതം മുന്നോട്ടു നീങ്ങിയത്. ഐക്യകേരളമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിന് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വം ഇ എം എസ് നല്‍കി. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയെ നയിക്കുവാന്‍ പാര്‍ടി നിയോഗിച്ചത് സഖാവിനെയാണ്. മാതൃകാപരമായ വികസനപദ്ധതികള്‍ക്ക് സഖാവ് നേതൃത്വം നല്‍കി. ഓരോ കാലഘട്ടത്തിലും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ മനസിലാക്കി അതിന് ഉതകുന്ന തരത്തിലുള്ള നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ ഇ എം എസ് എന്നും ജാഗ്രതകാട്ടി. അതിന്റെ ഭാഗമായാണ് കേരളത്തിന്റെ വികസന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് ഇ എം എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും മേഖലയില്‍ സഖാവ് നല്‍കിയ സംഭാവന കാലാതിവര്‍ത്തിയാണ്. കലയും സാഹിത്യവും സാധാരണക്കാരുടെ ജീവിതംകൂടി പരാമര്‍ശിക്കേണ്ടതുണ്ട് എന്ന നിലപാട് അദ്ദേഹം മുന്നോട്ടുവച്ചു. ഇത്തരം ഇടപെടലുകളാണ് തൊഴിലാളികള്‍ക്കും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും സാഹിത്യത്തിലും സംസ്കാരത്തിലും സ്ഥാനം അടയാളപ്പെടുത്തുന്നതിന് ഇടയാക്കിയത്.

കേരളചരിത്രത്തെ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന തരത്തില്‍ നാമകരണംചെയ്ത് കേരളത്തിന്റെ ഫ്യൂഡല്‍ ഘടനയുടെ സവിശേഷതയെ വ്യക്തമാക്കുന്നതിനും ഇ എം എസിന് കഴിഞ്ഞു. കേരള ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും ഈ സമീപനം വഴികാട്ടിയായി നിലനില്‍ക്കുന്നു. ഗുമസ്തന്മാരെ സൃഷ്ടിക്കുന്ന സംവിധാനമാക്കി വിദ്യാഭ്യാസത്തെ മാറ്റുന്ന കൊളോണിയല്‍ ഉള്ളടക്കത്തെ ഇ എം എസ് ചോദ്യംചെയ്തു. ശാസ്ത്ര-സാങ്കേതികവിദ്യയുടെ പഠനവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയ്ക്കും വേണ്ടി നിലയുറപ്പിച്ചു. എന്നാല്‍ , മാതൃഭാഷാ പഠനത്തിന്റെയും സാംസ്കാരിക ചരിത്രപഠനത്തിന്റെയും പ്രാധാന്യത്തെ കുറച്ചുകണ്ടതുമില്ല. കേരളത്തിന് അനുയോജ്യമായ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ഇടപെടല്‍ ജീവിതാന്ത്യംവരെ അദ്ദേഹം തുടര്‍ന്നു. മലയാളഭാഷയെ നവീകരിക്കുന്നതിനും വക്രീകരിക്കുന്നതിനെതിരായും നിലപാടെടുത്തു. മതവിശ്വാസികളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ഐക്യമെന്ന ആശയം ഇ എം എസിന്റെ പ്രധാനപ്പെട്ട കാഴ്ചപ്പാടായിരുന്നു. മാര്‍ ഗ്രിഗോറിയോസും ഇ എം എസും തമ്മില്‍ ഇക്കാര്യത്തില്‍ നടന്ന സംവാദം എന്നും നമുക്ക് വഴികാട്ടിയാണ്.

കേരളത്തിന്റെ വികസനത്തിന് ഏറെ സംഭാവന നല്‍കിയ ഇ എം എസ് കേന്ദ്രസംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യപരമായ രീതിക്കുവേണ്ടി എന്നും നിലകൊണ്ടു. സംസ്ഥാനങ്ങളുടെ ശരിയായ ആവശ്യങ്ങളെ പരിഗണിക്കാതിരിക്കുന്നത് ഫെഡറല്‍ ഘടനയ്ക്കും ദേശീയ ഐക്യത്തിനും തന്നെ പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നല്‍കുന്നതിനും അദ്ദേഹം തയ്യാറായി. വര്‍ത്തമാനകാലത്ത് ഈ കാഴ്ചപ്പാടിന് ഏറെ പ്രസക്തിയുണ്ട്. കേരളത്തിന്റെ ശരിയായ ആവശ്യങ്ങളെ പരിഗണിക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത്. ഇത് മനസിലാക്കി ഇടപെടുന്ന കാര്യത്തില്‍ വലിയ പോരായ്മ സംസ്ഥാന സര്‍ക്കാരും കാണിക്കുന്നു. അതിന് ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സ്വീകരിക്കുന്ന സമീപനം. കേരളത്തിന്റെ സുരക്ഷയ്ക്കും തമിഴ്നാടിന് ജലം ലഭിക്കുന്നതിനും ഉതകുന്ന തരത്തില്‍ പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ , ഇപ്പോള്‍ ഈ കാര്യത്തില്‍ അനങ്ങാപ്പാറ നയമാണ് കേന്ദ്രം പുലര്‍ത്തുന്നത്. ശരിയായ വിധത്തില്‍ കേന്ദ്രത്തെ ഇടപെടുവിക്കുന്നതിന് കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്ന് നിരവധി മന്ത്രിമാര്‍ ഉണ്ടായിട്ടും കഴിയുന്നില്ല.

ഇപ്പോള്‍ പ്രഖ്യാപിച്ച റെയില്‍വേ ബജറ്റില്‍ റെയില്‍വേ സോണ്‍ എന്ന ചിരകാല സ്വപ്നം പൂര്‍ത്തീകരിക്കപ്പെട്ടില്ല എന്നുമാത്രമല്ല പഴയ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ പുതുതായൊന്നും ലഭിച്ചതുമില്ല. ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കുന്ന ഘട്ടത്തില്‍ പോരായ്മകള്‍ ഉണ്ടെങ്കിലും കേരളം പരിഗണിക്കപ്പെട്ടുവരുന്നുണ്ടായിരുന്നു. കേരളത്തിന്റെ അടിസ്ഥാന വികസനത്തെ പരിഗണിക്കുന്നതിനു പോലും തയ്യാറാവാത്ത റെയില്‍വേ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. കേന്ദ്രബജറ്റിലും കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ബിഹാര്‍ , ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍ക്ക് തുക നീക്കിവച്ചു. കര്‍ഷക ആത്മഹത്യ മുതല്‍ എന്‍ഡോസള്‍ഫാന്‍വരെയുള്ള പ്രശ്നങ്ങളില്‍ പ്രത്യേക പാക്കേജ് ലഭിക്കേണ്ട കേരളത്തിനാവട്ടെ അര്‍ഹതപ്പെട്ട ഒന്നും നല്‍കിയില്ല. റിഫൈനറി മുതല്‍ തുറമുഖംവരെയുള്ള വികസന കാര്യത്തിലും കേരളം പരിഗണിക്കപ്പട്ടില്ല.

കേരളത്തെ ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് നദീജലസംയോജനവുമായി ബന്ധപ്പെട്ടത്. പമ്പ-അച്ചന്‍കോവിലാര്‍ -വൈപ്പാര്‍ പദ്ധതി കുട്ടനാട് ഉള്‍പ്പെടുന്ന മധ്യകേരളത്തെ മരുഭൂമിയാക്കുന്ന സ്ഥിതിയുണ്ടാക്കും. ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞ് സുപ്രീംകോടതിവിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്ന കേരളത്തിന്റെ വികാരം പരിഗണിക്കുന്നതിന് പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭൂപരിഷ്കരണനടപടികളെ എങ്ങനെ തകര്‍ക്കാം എന്ന് ഗവേഷണം നടത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . കേരളത്തിലെ ഏറ്റവും അധികം ആളുകള്‍ ആശ്രയിക്കുന്ന മേഖലയാണ് കാര്‍ഷികമേഖല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍ , യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നതോടെ കര്‍ഷക ആത്മഹത്യ തലപൊക്കി. ചുരുങ്ങിയ കാലയളവിനുള്ളില്‍ 46 കര്‍ഷകര്‍ ആത്മഹത്യചെയ്തു. കേന്ദ്രസര്‍ക്കാരാവട്ടെ രാസവളത്തിനുള്ള സബ്സിഡി പിന്‍വലിച്ച് കര്‍ഷകരുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയാണ്. ഇക്കാര്യത്തിലും ജനകീയ താല്‍പ്പര്യം സംരക്ഷിച്ച് ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ഗൂഢപദ്ധതികളും ആവിഷ്കരിക്കപ്പെടുന്നു.

കേരളത്തിന്റെ പ്രധാന സവിശേഷതയാണ് സാമൂഹ്യസുരക്ഷാ പദ്ധതികള്‍ . ഈ പദ്ധതികള്‍ ഒന്നിനു പുറകെ ഒന്നായി അട്ടിമറിക്കുകയാണ്. ഇ എം എസ് ഭവനപദ്ധതി ഇല്ലാതാക്കി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വേണ്ടെന്നു വച്ചു. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ ഇല്ലാതാക്കി. പിറക്കുന്ന കുട്ടികളുടെ പേരില്‍ 10,000 രൂപ നിക്ഷേപിക്കുന്ന പദ്ധതിപോലും വേണ്ടെന്നു വച്ചു. 5000 കോടി രൂപ ചെലവുവരുന്ന റോഡ് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന സര്‍ക്കാര്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതുപോലെ ആഗോളവല്‍ക്കരണ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വച്ച് കേരളത്തെ തകര്‍ക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ കാലുമാറ്റ രാഷ്ട്രീയം പ്രയോഗിച്ച് കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയ സംസ്കാരത്തെ തകര്‍ക്കാനും ശ്രമിക്കുന്നു.

ജനങ്ങള്‍ക്ക് ദുരിതംമാത്രം സംഭാവനചെയ്ത ഭരണവര്‍ഗ നയങ്ങള്‍ക്കെതിരെ നിരന്തരം പൊരുതിയ സഖാവായിരുന്നു ഇ എം എസ്. അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസകരമായ ബദലുകള്‍ രൂപപ്പെടുത്തുന്നതിനും അദ്ദേഹം പരിശ്രമിച്ചു. ഇത്തരം ബദല്‍ രൂപപ്പെടുത്തുന്നതിനും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനും കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ട കാലംകൂടിയാണിത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇ എം എസ് കാട്ടിയ പാത നമുക്ക് കരുത്ത് നല്‍കും. ജനകീയ താല്‍പ്പര്യങ്ങള്‍ക്കായി പാര്‍ടി നടത്തുന്ന പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്കാകണം. അതിലൂടെയേ അനുസ്മരണങ്ങളെ പോരാട്ടമാക്കി മാറ്റുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാഴ്ചപ്പാട് നിറവേറ്റാനാകൂ.

*
പിണറായി വിജയന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ: ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് പതിനാല് വര്‍ഷമായി. ശാസ്ത്രീയ കാഴ്ചപ്പാടോടെ ചുറ്റുപാടുകളെ സൂക്ഷ്മമായി വിലയിരുത്തിയ മാര്‍ക്സിസ്റ്റ് ആചാര്യനായിരുന്നു ഇ എം എസ്. മാര്‍ക്സിസം- ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതില്‍ സഖാവ് നല്‍കിയ സംഭാവന അവിസ്മരണീയമാണ്. രാഷ്ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്തുമാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. ഏത് പ്രശ്നത്തെയും മാര്‍ക്സിസം- ലെനിനിസത്തിന്റെ വെളിച്ചത്തില്‍ ലളിതമായി വിശദീകരിക്കുന്നതിന് അദ്ദേഹം കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് അമൂല്യ സംഭാവനയായി; കേരളീയജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ഐക്യപ്പെടുത്തി. സഖാവിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു. കേരളം ലോകത്തിനു നല്‍കിയ മഹാപ്രതിഭയാണ് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായ സ. ഇ എം എസ്.