Wednesday, March 21, 2012

ആഗോള മൂലധനത്തിന്റെ നയപ്രഖ്യാപനം രാഷ്ട്രപതി നടത്തുമ്പോള്‍

ഒരു തെരഞ്ഞെടുപ്പു തോല്‍വിയുണ്ടായി എന്നതുകൊണ്ടു മാത്രം ഇന്ത്യന്‍ ഭരണവര്‍ഗം അതിന്റെ ഭരണ, സാമ്പത്തികനയങ്ങള്‍ മാറ്റുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതിനാല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ വലിയ അത്ഭുതമൊന്നും ആരും പ്രതീക്ഷിച്ചിട്ടില്ല. ആഗോള മൂലധന ശക്തികളുടെയും സാമ്രാജ്യത്വത്തിന്റെയും ഇന്ത്യന്‍ കോര്‍പ്പറേറ്റ് ശക്തികളുടെയും താല്‍പര്യസംരക്ഷണം തന്നെയാണ് കോണ്‍ഗ്രസിന് പ്രധാനം. അതാണ് പൂര്‍ണമായും നയപ്രഖ്യാപനത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്. ദേശീയ തൊഴിലുറപ്പു പദ്ധതി, ആദിവാസി വനാവകാശ നിയമം, പൊതുമേഖലയെ സംരക്ഷിക്കല്‍ തുടങ്ങി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ജനോപകാര നടപടികളും പരിപാടികളും ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദം മൂലമായിരുന്നു.

വിദേശനയത്തിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് പൂര്‍ണ്ണമായി വിധേയമാകുന്ന അവസ്ഥ ഇടതുപക്ഷ സ്വാധീനം മൂലം ഉണ്ടായില്ല. ഇടതുപക്ഷ പിന്തുണയില്ലാത്ത രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഓരോ വര്‍ഷവും ഈ നയങ്ങളില്‍ നിന്നുള്ള പടിപടിയായുള്ള പിന്മാറ്റം ദൃശ്യമാണ്. ഇന്ത്യന്‍ ജനതയ്ക്ക് അനുദിനം ദുരിതം വര്‍ധിപ്പിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് ഈ വര്‍ഷവും നയപ്രഖ്യാപനത്തിന്റെ സന്ദേശം. എന്നാല്‍ നേട്ടങ്ങള്‍ കൊട്ടിഘോഷിക്കാന്‍ കണക്കുകളുടെയും യാഥാര്‍ഥ്യങ്ങളുടെയും പിന്‍ബലമില്ലാത്തതിനാല്‍ വിവിധ മേഖലകളുടെ തകര്‍ച്ചയുടെ ചിത്രവും അറിയാതെയാണെങ്കിലും നയപ്രഖ്യാപനത്തില്‍ നിറഞ്ഞിട്ടുണ്ട്.

വന്‍ അഴിമതികളുടെ കരിനിഴലില്‍ നില്‍ക്കുമ്പോഴും സത്യസന്ധമായ ഭരണമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് നയപ്രഖ്യാപനത്തിന്റെ ആമുഖത്തില്‍ പറയുന്നത്. ആരോഗ്യമേഖലയില്‍ കഴിഞ്ഞ ഏഴര വര്‍ഷമായി പൊതുനിക്ഷേപം കുറഞ്ഞത് പ്രതികൂലഫലങ്ങളുണ്ടാക്കി, ദാരിദ്ര്യം, പട്ടിണി, നിരക്ഷരത എന്നിവ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ജനങ്ങളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ പരോക്ഷമായ കുറ്റസമ്മതങ്ങളുണ്ട് നയപ്രഖ്യാപനത്തില്‍ . എന്നാല്‍ ഇതിനു കാരണമായ നയങ്ങള്‍ തിരുത്തില്ല. പൊതുനിക്ഷേപം വര്‍ധിപ്പിക്കുന്നതിനു പകരം പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങളെയാണ് പ്രധാന മേഖലകളില്‍ മുന്നോട്ടുവെക്കുന്നത്. ദാരിദ്ര്യം, പട്ടിണി, നിരക്ഷരത എന്നിവ തുടച്ചുനീക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ട് ജനങ്ങളുടെ ജീവിതമാര്‍ഗം സംരക്ഷിക്കുമെന്ന പ്രഖ്യാപനമല്ലാതെ വ്യക്തമായ പദ്ധതി പറയുന്നില്ല. ജനങ്ങള്‍ക്ക് തൊഴിലും നാടിന് വികസനവും നല്‍കിക്കൊണ്ട് സാമ്പത്തികസുരക്ഷ നേടും. സാമ്പത്തികവളര്‍ച്ച ദ്രുതഗതിയിലാക്കാന്‍ ഊര്‍ജസുരക്ഷ നേടും. പരിസ്ഥിതിയെ ദ്രോഹിക്കാത്ത വികസനമാണ് മറ്റൊരു ലക്ഷ്യം. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനും വൈവിധ്യത്തിനും ഹാനി വരുത്താതെ ആഭ്യന്തരസുരക്ഷ ഉറപ്പുവരുത്തുകയും ബാഹ്യമായ ഭീഷണികളെ നേരിടുകയും ചെയ്യും തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ട്.

വിദേശ മൂലധനത്തിന് കൂടുതല്‍ വാതില്‍ തുറന്നുകൊടുക്കുന്നത് സുപ്രധാനമായ പ്രവര്‍ത്തനമായി നയപ്രഖ്യാപനത്തില്‍ വിശേഷിപ്പിക്കുന്നു. നവ ലിബറല്‍ നയങ്ങള്‍ തുടരുമ്പോഴും സാമ്പത്തികവളര്‍ച്ച താഴേക്കാണെന്ന് നയപ്രഖ്യാപനത്തില്‍ സമ്മതിക്കുന്നു. നടപ്പു സാമ്പത്തികവര്‍ഷം ലോക സാമ്പത്തികവ്യവസ്ഥയ്ക്കു തന്നെ ഹാനികരമായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന നയപ്രഖ്യാപനത്തില്‍ ഇന്ത്യയുടെ സാമ്പത്തികനിലയെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ നല്‍കുന്നില്ല. 2010-11 സാമ്പത്തികവര്‍ഷം 8.4 ശതമാനം സാമ്പത്തികവളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്ത് നടപ്പു സാമ്പത്തികവര്‍ഷം ഏഴ് ശതമാനമായി അത് ചുരുങ്ങും. അടുത്ത സാമ്പത്തികവര്‍ഷം ഇത് എട്ട് ശതമാനത്തിനും ഒന്‍പത് ശതമാനത്തിനുമിടയിലേക്ക് ഉയരും. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഒന്‍പത് ശതമാനം സാമ്പത്തികവളര്‍ച്ചാനിരക്കും കാര്‍ഷികമേഖലയില്‍ നാല് ശതമാനം വളര്‍ച്ചാനിരക്കുമാണ് ലക്ഷ്യമാക്കുന്നത്. 2010-11 ല്‍ 4,60,000 കോടി രൂപ കാര്‍ഷികവായ്പയായി നല്‍കിയെന്ന് അഭിമാനിക്കുന്ന നയപ്രഖ്യാപനത്തില്‍ 2011-12ല്‍ ഇത് 4,75,000 കോടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്രയും നേട്ടങ്ങളുണ്ടാക്കിയെങ്കില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നതെന്താണെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ തുക നീക്കിവെക്കുമെന്ന് പറയുന്നില്ല. മാനദണ്ഡങ്ങള്‍ മാറ്റുമെന്നു മാത്രമാണ് പറയുന്നത്. കള്ളപ്പണം നിയന്ത്രിക്കാന്‍ ബിനാമി ഇടപാട് നിരോധന നിയമം കൊണ്ടുവരികയും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ഭേദഗതി ചെയ്യുകയും ചെയ്യും. കള്ളപ്പണം നിയന്ത്രിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണത്തിന്റെ അളവ് കണ്ടെത്താന്‍ സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് പഠനം നടത്തിക്കും. ആദായനികുതി വിഭാഗത്തിന് വിദേശത്ത് ഓഫീസുകള്‍ തുറന്നും ഇരട്ടനികുതി ഒഴിവാക്കാനും നികുതിവിവരങ്ങള്‍ കൈമാറാനുമുള്ള കരാറുകള്‍ കൊണ്ടുവന്നും കള്ളപ്പണം നിയന്ത്രിക്കാന്‍ ശ്രമിക്കും. അടുത്ത സാമ്പത്തികവര്‍ഷം 85 ലക്ഷം പേര്‍ക്കും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് എട്ട് കോടി ആളുകള്‍ക്കും തൊഴില്‍ മികവ് നല്‍കാനുള്ള 1500 പുതിയ ഐടിഐകളും 5000 മികവ് പരിശീലനകേന്ദ്രങ്ങളും സ്ഥാപിക്കാന്‍ 13000 കോടി രൂപ നീക്കിവെക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ഇത് നടപ്പാക്കുകയെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

*
വി ജയിന്‍ ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരു തെരഞ്ഞെടുപ്പു തോല്‍വിയുണ്ടായി എന്നതുകൊണ്ടു മാത്രം ഇന്ത്യന്‍ ഭരണവര്‍ഗം അതിന്റെ ഭരണ, സാമ്പത്തികനയങ്ങള്‍ മാറ്റുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതിനാല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ വലിയ അത്ഭുതമൊന്നും ആരും പ്രതീക്ഷിച്ചിട്ടില്ല. ആഗോള മൂലധന ശക്തികളുടെയും സാമ്രാജ്യത്വത്തിന്റെയും ഇന്ത്യന്‍ കോര്‍പ്പറേറ്റ് ശക്തികളുടെയും താല്‍പര്യസംരക്ഷണം തന്നെയാണ് കോണ്‍ഗ്രസിന് പ്രധാനം. അതാണ് പൂര്‍ണമായും നയപ്രഖ്യാപനത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്. ദേശീയ തൊഴിലുറപ്പു പദ്ധതി, ആദിവാസി വനാവകാശ നിയമം, പൊതുമേഖലയെ സംരക്ഷിക്കല്‍ തുടങ്ങി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ജനോപകാര നടപടികളും പരിപാടികളും ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദം മൂലമായിരുന്നു.