കാല്‍നൂറ്റാണ്ടു മുമ്പ് ചിന്ത പ്രസിദ്ധീകരിച്ച ഇ എം എസിന്റെ "കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍" എന്ന ഗ്രന്ഥത്തിന്റെ രണ്ടാം വാള്യത്തിലെ ഒരു അധ്യായത്തിന്റെ തലക്കെട്ട് "ചാക്കിടല്‍ശ്രമവും ഉപതെരഞ്ഞെടുപ്പും" എന്നാണ്. പിറവം ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുന്നേ സിപിഐ എമ്മിന്റെ നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ സെല്‍വരാജിനെ വിലക്കെടുത്തുള്ള ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കുതിരക്കച്ചവടം കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തില്‍ പുതിയ കാര്യമല്ലെന്ന് ഇ എം എസിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നു. വെറും രണ്ടംഗങ്ങളുടെമാത്രം ഭൂരിപക്ഷമുണ്ടായിരുന്ന ആദ്യ ഇ എം എസ് മന്ത്രിസഭയെ മറിച്ചിടാന്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ വിഫലശ്രമത്തിന്റെ തനിയാവര്‍ത്തനമാണ് രണ്ടംഗങ്ങളുടെമാത്രം ഭൂരിപക്ഷമുള്ള ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ പിറവം ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരത്തില്‍ തുടരാന്‍ ഇപ്പോള്‍ എടുത്തുപയറ്റിയ അടവ്. എന്നാല്‍ , അധികാരത്തിനുവേണ്ടി ജനാധിപത്യ മര്യാദകളെ കാറ്റില്‍ പറത്താന്‍ കോണ്‍ഗ്രസ് ഒരിക്കലും മടിച്ചിട്ടില്ല എന്നതിന്റെ ആദ്യ ഉദാഹരണമായിരുന്നില്ല 1957 ലെ കോണ്‍ഗ്രസിന്റെ കുതിരക്കച്ചവടശ്രമം എന്ന് ഇ എം എസ് ഓര്‍മിപ്പിക്കുന്നു.
"മുന്‍ തിരുകൊച്ചിയില്‍ ആദ്യത്തെ കോണ്‍ഗ്രസിതര ഗവണ്‍മെന്റെന്ന നിലയ്ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണെങ്കിലും പട്ടം താണുപിള്ളയുടെ ഗവണ്‍മെന്റ് നിലവില്‍ വന്നപ്പോള്‍ അതിനെ മറിച്ചിടുന്നതിന് ഈ അടവ് സമര്‍ഥമായി ഉപയോഗിച്ചിരുന്നു. അതുതന്നെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരായും ഉപയോഗിക്കാമെന്ന് കരുതി കമ്യൂണിസ്റ്റ് എംഎല്‍എമാരില്‍ ഒരാളെ ചാക്കിട്ടുപിടിക്കാന്‍ നോക്കി. എന്നാല്‍ ആ ശ്രമം അമ്പേ പരാജയപ്പെട്ടു".
കുളത്തുങ്കല്‍ പോത്തന്‍ തുടങ്ങി വമ്പന്‍ പണച്ചാക്കുകളുടെ സഹായത്തോടെ അന്ന് കോണ്‍ഗ്രസ് നേതൃത്വം ചാക്കിലാക്കാന്‍ ശ്രമിച്ചയാളും തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള ഒരു കമ്യൂണിസ്റ്റ് എംഎല്‍എയായിരുന്നു. ആര്യനാട് നിയോജകമണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ള. കമ്യൂണിസ്റ്റ് എംഎല്‍എമാരില്‍വച്ച് ഏറ്റവുമധികം രാഷ്ട്രീയ ദൗര്‍ബല്യമുള്ള ആളായിരുന്നു ബാലകൃഷ്ണപിള്ള എന്നും ഈ വസ്തുത അധികംവൈകാതെ പാര്‍ടിവിട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് അദ്ദേഹം തെളിയിച്ചുവെന്നും ഇ എം എസ് എഴുതുന്നു. എന്നാല്‍ , സെല്‍വരാജിനെപ്പോലെ തല്‍ക്ഷണം ചാക്കില്‍ക്കയറാന്‍ ദുര്‍ബലനായ ബാലകൃഷ്ണപിള്ളപോലും തയ്യാറായില്ല. ഇ എം എസിന്റെ തന്നെ വാക്കുകളില്‍ "പക്ഷേ തന്നെ പ്രലോഭിപ്പിക്കാന്‍വേണ്ടി വെച്ചുനീട്ടിയ സാമ്പത്തിക സഹായവാഗ്ദാനം പുച്ഛിച്ചുതള്ളുക മാത്രമല്ല അത് സംബന്ധിച്ച വസ്തുതകള്‍ ജനമധ്യേ തുറന്നുകാട്ടുകകൂടി ചെയ്തു. വിമോചന സമരവും കേന്ദ്ര ഇടപെടലും കഴിയുന്നതുവരെയും പിന്നീട് സ്വല്‍പ്പകാലവും അദ്ദേഹം പാര്‍ടിയില്‍ത്തന്നെ ഉറച്ചുനിന്നു".
കോണ്‍ഗ്രസിന്റെ ഈ പൊളിഞ്ഞ ശ്രമം എങ്ങനെയാണ് അന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തെയും അണികളെയും അനുഭാവികളെയും ബഹുജനങ്ങളെയും പൂര്‍വാധികം വാശിയോടെ നടന്നുവന്ന് ദേവികുളം ഉപതെരഞ്ഞെടുപ്പില്‍ പാര്‍ടി സ്ഥാനാര്‍ഥി റോസമ്മ പുന്നൂസിനെ വിജയിപ്പിക്കാന്‍ സഹായിച്ചതെന്ന ചരിത്രം ഇ എം എസ് വരച്ചുകാട്ടുന്നതിന് ഇന്ന് രാഷ്ട്രീയ പ്രസക്തിയുണ്ട്. യുഡിഎഫിന്റെ സമസ്ത മന്ത്രിമാരും പിറവത്ത് പണം വാരിവിതറി പ്രചാരണം നടത്തുന്ന ഈ സന്ദര്‍ഭത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതകൂടി വെളിവാക്കുന്നതാണ് ഇ എം എസിന്റെ വിവരണം.
"ചുരുക്കത്തില്‍ മന്ത്രിമാരൊഴിച്ചുള്ള പാര്‍ടിനേതാക്കളും പ്രചാരകരും, സംഘടനാ പ്രവര്‍ത്തനത്തില്‍ അനുഭവജ്ഞരായ ഒട്ടേറെ സാധാരണ പ്രവര്‍ത്തകര്‍ , അനുഭാവികളില്‍നിന്ന് പിരിക്കാവുന്നത്ര സംഖ്യ, വാഹനങ്ങള്‍ മുതലായവയെല്ലാം ദേവികുളം, പീരുമേട് എന്നീ താലൂക്കുകളില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് അന്നത്തെ ജീവന്‍മരണ സമരം പാര്‍ടി നടത്തിയത്".
നാലുവര്‍ഷം മുമ്പ് ചിന്ത പ്രസിദ്ധീകരിച്ച ഡോ. ടി എം തോമസ് ഐസക്കിന്റെ "വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍" എന്ന ഗ്രന്ഥത്തിന്റെ ഒന്നാം അധ്യായത്തില്‍ "കാലുമാറാന്‍ ഒരു ലക്ഷം" എന്ന തലക്കെട്ടില്‍ കോണ്‍ഗ്രസിന്റെ ഈ പാളിപ്പോയ ചാക്കിട്ടുപിടിത്തശ്രമം സരസമായി പ്രതിപാദിക്കുന്നുണ്ട്.
"കമ്യൂണിസ്റ്റ് എംഎല്‍എമാരോ പാര്‍ടി സ്വതന്ത്രരോ പണം വാങ്ങി "ജനാധിപത്യത്തെ സംരക്ഷിക്കാന്‍" തയ്യാറാകുമോ എന്നായിരുന്നു ആലോചന. തലസ്ഥാനത്തായിരുന്നു ചര്‍ച്ചകള്‍ . നിസ്വനായ കാട്ടാക്കട ബാലകൃഷ്ണപിള്ളയെയാണ് ഇരയായി കണ്ടെത്തിയത്. കോണ്‍ഗ്രസ് നേതാക്കളും മുതലാളിമാരും ചേര്‍ന്ന് അദ്ദേഹത്തിന് നിശ്ചയിച്ച വില ഒരു ലക്ഷം രൂപ. കുളത്തുങ്കല്‍ പോത്തന്‍ എന്ന പ്രമാണി പണം സ്പോണ്‍സര്‍ ചെയ്യാമെന്നേറ്റു. പണം കൊടുക്കാന്‍ പോകാനുള്ള ആളെയും നിശ്ചയിച്ചു. പക്ഷേ നവംബര്‍ 13ന് നോട്ടുകെട്ടുകളുമായി ചെന്ന ചാക്കിട്ടുപിടിത്ത ടീമിന്റെ പണം വാങ്ങാന്‍ ആരും ഉണ്ടായില്ല എന്നുമാത്രം".
എന്നാല്‍ അല്‍പ്പം വൈകിയെങ്കിലും അന്നും ഒരു "സെല്‍"വരാജിനെ കണ്ടെത്താന്‍ ആറുമാസം കഴിഞ്ഞപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധശക്തികള്‍ക്ക് കഴിഞ്ഞു. "തങ്ങള്‍ക്കൊത്തൊരുത്തനെ" കണ്ടെത്താന്‍ പോത്തനും കൂട്ടര്‍ക്കും കഴിഞ്ഞു എന്ന ചരിത്രവും തോമസ് ഐസക് രേഖപ്പെടുത്തുന്നു. "സര്‍വ സ്വതന്ത്രനായ ഉമേശ് റാവുവിനായിരുന്നു ആ നിയോഗം. മഞ്ചേശ്വരത്തുനിന്ന് എതിരില്ലാതെ നിയമസഭയിലെത്തിയ ഉമേശ്റാവുവിന്റെ പുതിയ വേഷം സര്‍ക്കാരിന് ഒരു പോറല്‍പോലുമേല്‍പ്പിച്ചില്ല". ദേവികുളം ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി റോസമ്മ പുന്നൂസ് ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. പിറവത്തിന് പറയാനുള്ളതും മറ്റൊന്നാകാന്‍ വഴിയില്ല.
*
എന്‍ മാധവന്‍കുട്ടി ദേശാഭിമാനി 13 മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
1 comment:

Post a Comment