അവതരണത്തിനുമുമ്പ് പൊതുബജറ്റിന്റെ ഉള്ളടക്കം ചോര്‍ന്നതിനെക്കുറിച്ച് 1956 ഫെബ്രുവരി 29ന് എ കെ ജി അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയപ്പോള്‍ ലോക്സഭയില്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു പറഞ്ഞു: "വളരെ ഗുരുതരമായ പിഴവാണ് സംഭവിച്ചത്. അന്വേഷിച്ച് സഭയില്‍ റിപ്പോര്‍ട്ടുവയ്ക്കാം". അടുത്തദിവസം ലോക്സഭയില്‍ നെഹ്റു എത്തിയത് ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പേരുവിവരങ്ങളുമായാണ്. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യം ബജറ്റിന് കല്‍പ്പിച്ചിരുന്ന പവിത്രത സൂചിപ്പിക്കുന്ന ലോക്സഭാചരിത്രത്തിലെ ഒരു ഏടാണത്. നെഹ്റു പ്രകടിപ്പിച്ച ഉന്നതമായ പാര്‍ലമെന്ററി ജനാധിപത്യ മര്യാദ ഉമ്മന്‍ചാണ്ടിയില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നുണ്ടാകില്ല. അതറിയുന്നതുകൊണ്ടാകണം മുഖ്യമന്ത്രി മൗനിയായിരുന്ന വേളയില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഇടപെട്ടതും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതും.
അവതരണത്തിനുമുമ്പ് ബജറ്റ് വിവരം ചോര്‍ന്നാല്‍ സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്ക് കോടികള്‍ ഉണ്ടാക്കാവുന്ന സംവിധാനമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ ബജറ്റിന്റെ "പവിത്രത" വിലപ്പെട്ടതാകുന്നു. ബജറ്റിനും അത് അവതരിപ്പിക്കപ്പെടുന്ന ജനപ്രതിനിധിസഭയ്ക്കും പവിത്രത പോയിട്ട് മാന്യതപോലും കല്‍പ്പിക്കാത്ത അവസ്ഥയിലേക്ക് നമ്മുടെ ജനാധിപത്യം തരംതാഴുകയാണോ എന്ന് സംശയിക്കണം. ബജറ്റിലൂടെ വരേണ്ട നികുതിനിര്‍ദേശങ്ങള്‍ ബജറ്റിനുമുമ്പുതന്നെ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് നാം നിത്യേനയെന്നോണം കാണുന്നു. റെയില്‍വേ ബജറ്റിലൂടെ വരേണ്ട ചരക്കുകൂലി വര്‍ധന ബജറ്റിനെയും ലോക്സഭയെയും മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചതും നാം ഈയിടെ കണ്ടു. യഥാര്‍ഥത്തില്‍ കമ്മിയായ ബജറ്റ് മിച്ച ബജറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഇതേ കെ എം മാണിതന്നെ കേരളനിയമസഭയില്‍ അവതരിപ്പിച്ചതും പിന്നീടത് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലടക്കം "കമ്മി" എന്ന് സ്ഥിരീകരിക്കപ്പെട്ടതും വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളം കണ്ടു. ബജറ്റില്‍ പറയുന്ന കാര്യങ്ങള്‍ക്കും കണക്കുകള്‍ക്കും വസ്തുതകളുമായി ഒരു ബന്ധവും വേണ്ട എന്നായിരിക്കുന്നു.
ബജറ്റ് ഒരു വഴിക്കും യഥാര്‍ഥ സാമ്പത്തികഗതി മറ്റൊരുവഴിക്കും. ഇതാകുന്നു നില. 2012-13 വര്‍ഷത്തേക്ക് ധനമന്ത്രി അവതരിപ്പിച്ച പൊതുബജറ്റിന്റെ സ്ഥിതിയും മറിച്ചല്ല. കണക്കുകളുടെ കബളിപ്പിക്കല്‍ വിദ്യയാണോ ഈ ധനമന്ത്രി നിയമസഭയിലവതരിപ്പിക്കുന്ന രേഖകളുടെ വിവരങ്ങളും? യുഡിഎഫ് സര്‍ക്കാര്‍ ഇത്തവണ അധികാരമേറ്റെടുത്തതിനു തൊട്ടുപിന്നാലെ, കഴിഞ്ഞ ജൂലൈയില്‍ കെ എം മാണി നിയമസഭയില്‍ ഒരു ധവളപത്രമവതരിപ്പിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റേത് സാമ്പത്തിക ദുര്‍ഭരണമാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള വിദ്യയായിരുന്നു അത്. കേരളം എല്ലാ സാമ്പത്തിക "സൂചക"ങ്ങളിലും താഴേക്കുപോയെന്നും അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെത്തിയെന്നുമാണ് കണക്കുകളുടെ കപടവിദ്യയിലൂടെ മാണി സ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ , ബജറ്റിനനുബന്ധമായി കെ എം മാണി ഇപ്പോള്‍ നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തികസര്‍വേ "ധവളപത്ര"ത്തിലൂടെ മാണി സഭയെ ധരിപ്പിച്ചതെല്ലാം അസത്യമായിരുന്നെന്ന് തെളിയിക്കുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷം (2005-06) മൊത്തം ദേശീയവരുമാനത്തിന്റെ 2.29 ശതമാനമായിരുന്ന റവന്യൂകമ്മി എല്‍ഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷം 1.38 ശതമാനം ആയി ചുരുങ്ങി. ധനകമ്മി 3.06 ശതമാനമായിരുന്നത് 2.91 ശതമാനമായി. റവന്യൂ വരവ് 13.30 ശതമാനമായിരുന്നത് 18.7 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനത്തിന്റെ തനതു നികുതിവരുമാനം 9.10 ശതമാനമായിരുന്നത് 23.14 ശതമാനമായി ഉയര്‍ന്നു. മൂലധനച്ചെലവ് (ഇതാണ് വികസനപ്രവര്‍ത്തനങ്ങളുടെ സൂചിക) വികസന നിരക്ക് 19.83 ശതമാനമായിരുന്നത് 40.51 ശതമാനമായി വര്‍ധിച്ചു. ഇതൊക്കെയായിരുന്നു സത്യം എന്ന് ഈ ബജറ്റ് ഘട്ടത്തില്‍ തെളിയുന്നു.
ഇതെല്ലാം മറച്ചുവയ്ക്കുന്നതായിരുന്നില്ലേ മാണിയുടെ ധവളപത്രം! ഇതുകൊണ്ടാണ് കെ എം മാണിയുടെ കണക്കുകള്‍ മാണിയുടെ രാഷ്ട്രീയ സൗകര്യപ്രകാരമുള്ളവയാണെന്നു പറയേണ്ടിവരുന്നത്. എല്‍ഡിഎഫ് ഭരണം സമാപിച്ചപ്പോള്‍ റവന്യൂ ചെലവുകളെല്ലാം കഴിഞ്ഞ് പദ്ധതി നടത്തിപ്പിന് മിച്ചമൊന്നും ഉണ്ടായിരുന്നില്ല എന്നും കമ്മി നിരന്തരം വര്‍ധിച്ചുവരികയായിരുന്നെന്നും ധവളപത്രത്തിലൂടെ നടത്തിയ പ്രഖ്യാപനം അസത്യമായിരുന്നെന്ന് സാമ്പത്തിക സര്‍വേ തെളിയിക്കുന്നു. എല്‍ഡിഎഫ് പടിയിറങ്ങിയപ്പോള്‍ 3000 കോടിയിലേറെ മിച്ചമുണ്ടായിരുന്നെന്നു തെളിയിക്കുന്നു. അപ്പോള്‍പ്പിന്നെ എന്തിനായിരുന്നു ആ കബളിപ്പിക്കല്‍ ധവളപത്രം? വാര്‍ഷികപദ്ധതി വെട്ടിച്ചുരുക്കുകയും വെട്ടിച്ചുരുക്കിയ പദ്ധതികളുടെ 50 ശതമാനം നടപ്പാക്കാതെ വിടുകയും ചെയ്യുന്ന ധനമന്ത്രിയാണ് ധവളപത്രത്തിലൂടെ പദ്ധതി നൂറുശതമാനത്തോളംവരെ നടപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റം പറഞ്ഞത് എന്നോര്‍ക്കണം. കേന്ദ്രനികുതിയില്‍നിന്നുള്ള ഓഹരിയില്‍ കാര്യമായ കുറവുവന്നിട്ടും സാമ്പത്തികനില മെച്ചപ്പെടുത്തി മുമ്പോട്ടുപോവുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് സാമ്പത്തിക സര്‍വേ സ്ഥിരീകരിച്ചിരിക്കുന്നു. സാമ്പത്തികസര്‍വേ സ്ഥിരീകരിക്കുന്ന സത്യങ്ങളെ തമസ്കരിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ പ്രതീതി ധവളപത്രത്തിലൂടെ സൃഷ്ടിച്ചതെന്തിനായിരുന്നെന്ന ചോദ്യത്തിനുള്ള മറുപടിയാണ് മാണിയുടെ ഇത്തവണത്തെ ബജറ്റ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍ ഏറ്റെടുക്കാതെയും താല്‍ക്കാലികമായുള്ള ആശ്വാസനടപടികള്‍ക്ക് മനസ്സുകാട്ടാതെയുമുള്ള ബജറ്റ് അഭ്യാസമാണ് മാണി നടത്തിയത്. സാമൂഹ്യക്ഷേമനടപടി, ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ആശ്വാസനടപടി, പരമ്പരാഗത വ്യവസായ രക്ഷയ്ക്കുള്ള നടപടി, കാര്‍ഷിക കടാശ്വാസത്തിനുള്ള നടപടി എന്നിവയെയൊക്കെ ഈ ബജറ്റ് തിരുത്തുന്നു. നിത്യേനയെന്നോണം കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനത്തിന്റെ ധനമന്ത്രിയാണ് താന്‍ എന്ന വിചാരംപോലും മാണിക്കില്ല. മറിച്ചായിരുന്നെങ്കില്‍ "ഹൈടെക് കൃഷി"ക്കല്ല കടാശ്വാസ നടപടികള്‍ക്കും കാര്‍ഷികോല്‍പ്പാദന വര്‍ധനയ്ക്കുമാകുമായിരുന്നു ഊന്നല്‍ .
ഹൈടെക് കൃഷി വരാന്‍പോകുന്ന അഗ്രി കോര്‍പറേറ്റുകളുടെ കരാര്‍ കൃഷിക്കുള്ള മണ്ണൊരുക്കലാണ്. 25,68,000 സ്ത്രീകളടക്കം 43,42,000 രേഖപ്പെടുത്തപ്പെട്ട തൊഴില്‍രഹിതരുണ്ട് എന്ന് സാമ്പത്തിക സര്‍വേയിലൂടെ വ്യക്തമാക്കുന്ന മന്ത്രിതന്നെയാണ് ബജറ്റിലൂടെ അവരുടെ തൊഴിലവസരങ്ങള്‍ക്കുമുമ്പില്‍ പെന്‍ഷന്‍പ്രായവര്‍ധനയിലൂടെ വാതില്‍ കൊട്ടിയടച്ചത്. ദേശീയതലത്തില്‍ വിലക്കയറ്റത്തെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്ന മന്ത്രിതന്നെയാണ് ചിലയിനങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് വാറ്റ് നിരക്ക് പരക്കെ ഉയര്‍ത്തി വിലക്കയറ്റത്തിന്റെ തീയിലേക്ക് എണ്ണ ഒഴിക്കുന്നത്; 1500 കോടിയോളം രൂപയുടെ അധികഭാരം ജനങ്ങളുടെ തലയില്‍ കയറ്റിവയ്ക്കുന്നത്. പ്രതീക്ഷിച്ച 1.67 ശതമാനത്തില്‍നിന്ന് റവന്യൂ കമ്മി 1.73 ശതമാനമായും 3.46 ശതമാനത്തില്‍നിന്ന് ധനകമ്മി 3.5 ശതമാനമായും ഉയരുകയാണ്. റവന്യൂകമ്മി 0.89 ശതമാനമാക്കി താഴ്ത്തുമെന്നും ഇത് ധനകമീഷന്‍ നിര്‍ദേശിച്ച 1.4 ശതമാനത്തിലും താഴെയാണെന്നും വരുത്തിത്തീര്‍ക്കുന്നത് മറ്റൊരു ജാലവിദ്യയിലൂടെയാണ്. ആസ്തി സൃഷ്ടിക്കാനുള്ള ഗ്രാന്റുകളെ മൂലധനച്ചെലവായി പരിഗണിക്കുന്ന വിദ്യ. ഇത്തരം വിദ്യകള്‍ക്ക് മറച്ചുപിടിക്കാവുന്നതല്ല യഥാര്‍ഥ സാമ്പത്തികചിത്രം. ആ ചിത്രം തെളിയുന്നത് 2011-12 ലേതിനെ അപേക്ഷിച്ച് പൊതുകടം 8062 കോടിയില്‍നിന്ന് 10,815 കോടിയിലേക്കുയരുന്നെന്നും മറ്റും വ്യക്തമാകുന്നിടത്താണ്. അതുകൊണ്ടുതന്നെ അയഥാര്‍ഥമായ അടിത്തറയില്‍നിന്നുകൊണ്ടാകുന്നു വികസനത്തെക്കുറിച്ചുള്ള മാണിയുടെ വാചകമടി.
*
പ്രഭാവര്‍മ ദേശാഭിമാനി 20 മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
1 comment:
അവതരണത്തിനുമുമ്പ് പൊതുബജറ്റിന്റെ ഉള്ളടക്കം ചോര്‍ന്നതിനെക്കുറിച്ച് 1956 ഫെബ്രുവരി 29ന് എ കെ ജി അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയപ്പോള്‍ ലോക്സഭയില്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു പറഞ്ഞു: "വളരെ ഗുരുതരമായ പിഴവാണ് സംഭവിച്ചത്. അന്വേഷിച്ച് സഭയില്‍ റിപ്പോര്‍ട്ടുവയ്ക്കാം". അടുത്തദിവസം ലോക്സഭയില്‍ നെഹ്റു എത്തിയത് ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പേരുവിവരങ്ങളുമായാണ്. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യം ബജറ്റിന് കല്‍പ്പിച്ചിരുന്ന പവിത്രത സൂചിപ്പിക്കുന്ന ലോക്സഭാചരിത്രത്തിലെ ഒരു ഏടാണത്. നെഹ്റു പ്രകടിപ്പിച്ച ഉന്നതമായ പാര്‍ലമെന്ററി ജനാധിപത്യ മര്യാദ ഉമ്മന്‍ചാണ്ടിയില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നുണ്ടാകില്ല. അതറിയുന്നതുകൊണ്ടാകണം മുഖ്യമന്ത്രി മൗനിയായിരുന്ന വേളയില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഇടപെട്ടതും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതും.
Post a Comment