Saturday, March 24, 2012

ഗുത്തിനിഹാലിട്ടലിത്താപ്പോ എന്നും മറ്റുമുള്ള കളികള്‍

സബ്ടൈറ്റിലുകള്‍ പണിമുടക്കിയാലും മലയാളിക്ക് സുഖമായി ഇരുന്നുകാണാവുന്നതേയുള്ളൂ ബ്യാരിഭാഷയില്‍ അതേപേരിലുരുവംകൊണ്ട ചലച്ചിത്രം. കെ പി സുവീരന്‍ എന്ന സംവിധായകന്‍ ചലച്ചിത്രത്തില്‍ പൂര്‍വജന്മഭാരംകൊണ്ട് പ്രേക്ഷകരെ നിഴല്‍പ്പഴുതില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കാത്തതിനാല്‍ സുഖമായി എന്ന പ്രയോഗത്തിന് അല്‍പംകൂടി അര്‍ഥവ്യാപ്തിയുണ്ട്. വ്യാപാരി എന്ന മലയാളവാക്കിന്റെ ചാര്‍ച്ചക്കാരനാണ് ബ്യാരി. കേരളത്തിന്റെയും കര്‍ണാടകത്തിന്റേയും തീരപ്രദേശങ്ങളില്‍ ഉരുവംകൊണ്ട സങ്കരഭാഷയ്ക്ക് മലയാളത്തിന്റെയും കന്നഡയുടെയും ചുവയുണ്ട്. മലയാളിക്ക് അത് മറുഭാഷാചിത്രമാണെന്ന് തോന്നുകയേയില്ല, ഭാഷ കൊണ്ടും ആവിഷ്കരിച്ച ജീവിതംകൊണ്ടും. ഭാഷയെ അപ്രസക്തമാക്കിമാറ്റുന്ന ദൃശ്യഭാഷകൊണ്ട് സമ്പന്നമാണ് ബ്യാരി എന്നത് അധികയോഗ്യതയായി വേറെകിടക്കുന്നു.

ഒളിച്ചുകളികളുടെ കഥയാണ് ബ്യാരിക്കു പറയാനുള്ളത്. ബ്യാരിഗ്രാമത്തില്‍ ഒളിച്ചുകളിക്കുന്ന കുട്ടികളില്‍നിന്നും ചലച്ചിത്രം ആരംഭിക്കുന്നു. അതേ കുട്ടികളില്‍ രണ്ടുപേര്‍ വളര്‍ന്നുവലുതായി അടച്ചിട്ട മുറിയില്‍ ലോകത്തോടും മതനിയമങ്ങളോടും പകരംവീട്ടാന്‍ ഒളിച്ചുകളിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു. നരകത്തിലെ തീയും അതിനുമേലെ മുടിനാരുചീന്തിപ്പണിത പാലവും സ്ത്രീയ്ക്കുമാത്രം വിധിക്കപ്പെട്ടതെന്ത് എന്നാണ് ബ്യാരിയുടെ ആഖ്യാനമത്രയും തലയറഞ്ഞ് ചിന്തിക്കുന്നത്.നിയമങ്ങള്‍ക്കെല്ലാം പുരുഷന്റെ ഗന്ധവും ഛായയുമാണുള്ളത്. മതപ്രമാണങ്ങളുടെ ഉള്ളിലും ഒളിഞ്ഞിരിപ്പുണ്ട് ദര്‍ഭമുനയോളം മൂര്‍ച്ചയുള്ള പുരുഷന്റെ ബുദ്ധി. സ്ത്രീയുടെ അനുഭവലോകങ്ങള്‍ അതിന്റെ കണ്ണില്‍ അടഞ്ഞതും ഇരുണ്ടതുമാണ്. ബ്യാരി അതിലേക്കാണ് യാത്രപോകുന്നത്. സദാ പൊട്ടിത്തെറിക്കുന്നവരോ പൊട്ടിക്കരയുന്നവരോ നയിക്കുന്ന ആഖ്യാനത്തിന്റെ ഏകതാനതയെ നിഷ്കരുണം മറികടന്ന് ബ്യാരി സ്ത്രീയുടെ ജീവിതത്തിന്റെ അര്‍ഥമന്വേഷിക്കുന്നു.

നാദിറ എന്ന പെണ്‍കുട്ടിയുടെ ലോകത്ത് അപ്രതീക്ഷിതമായി സംഭവിക്കുന്ന ചിലത് അവളുടെ ജീവിതത്തെ അവളുടേതല്ലാതാക്കിത്തീര്‍ക്കുന്നതാണ് ബ്യാരിയുടെ ഇതിവൃത്തം. ഒളിച്ചുകളിക്കുന്നതിനിടയില്‍ കളിക്കൂട്ടുകാരന്‍ നവാസിന്റെ കൈ ശരീരമന്വേഷിക്കുന്നതും കുതറിമാറി ഓടുന്നതിനിടയില്‍ വീണ് ചോരപൊടിയുന്നതുമാണ് അവളുടെ ഒന്നാം മുറിവ്. ശിലാതലത്തില്‍ പുരണ്ട ചോര അവളുടെ കുട്ടിത്തം അവസാനിച്ചെന്നു പ്രഖ്യാപിക്കുന്ന ചോരകൂടിയായിരുന്നു. സംഭ്രമത്തോടെ കരഞ്ഞ് വീട്ടിലെത്തുന്ന നാദിറയെ സ്വീകരിക്കുന്നത് അടുത്തമാസം അവളുടെ കല്യാണമാണ് എന്ന വാര്‍ത്തയാണ്. കല്യാണത്തെപ്പറ്റി അവള്‍ കേട്ടതത്രയും ഭീതിദമായ കാര്യങ്ങളാണ്. ഭര്‍ത്താവായി വരുന്നയാള്‍ കഴുത്തില്‍ ഞെക്കിപ്പിടിക്കും, വസ്ത്രം വലിച്ചു കീറും, വല്ലാതെ ഉപദ്രവിക്കും എന്നെല്ലാമാണ് അവളുടെ അറിവ്. തനിക്കു സംഭവിച്ചതൊന്നും തന്റെ മകള്‍ക്കു സംഭവിക്കരുതെന്നു പ്രാര്‍ഥിക്കുന്ന അവളുടെ ഉമ്മ കല്യാണമെന്നാലെന്തെന്നു വിശദീകരിച്ചുകൊടുക്കാന്‍ ആവതും യത്നിക്കുന്നുണ്ട്. കുട്ടിത്തം മാറിയിട്ടില്ലെങ്കിലും നവാസിന്റെ മനസ്സില്‍ അവളെ കല്യാണം കഴിക്കണമെന്നൊരു പൂതിയുണ്ട്. കല്യാണം കഴിക്കണമെങ്കില്‍ മീശവേണ്ടേ, ഉയരം വേണ്ടേ, നല്ല തടി വേണ്ടേ എന്നെല്ലാം അവള്‍ ലോകകാര്യജ്ഞാനം പ്രകടിപ്പിച്ചുതുടങ്ങിയപ്പോള്‍ അവന്‍ മിണ്ടാതിരിക്കുകയും ചെയ്തു.

ബഷീറിന്റെ "ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു"വിലെ ഒരു സന്ദര്‍ഭത്തെക്കുറിച്ച് ഇടയില്‍ പറയേണ്ടിയിരിക്കുന്നു. കുഞ്ഞുപാത്തുമ്മയ്ക്കുമുമ്പില്‍ ആയിഷ ഒരു അസാമാന്യ ഗാനം ആലപിക്കുന്നുണ്ടല്ലോ. ഗുത്തിനി ഹാലിട്ട ലിത്താപ്പോ, സഞ്ചിനി ബാലിക്ക ലുട്ടാപ്പി എന്നിങ്ങനെ പതഞ്ഞുയരുന്ന ആ പാട്ടുകേട്ടപ്പോള്‍ കുഞ്ഞുപാത്തുമ്മ വിചാരിച്ചത് പടച്ചോനോട് എന്തോ അപേക്ഷിക്കുകയാണെന്നാണ്. ചിലപ്പോള്‍ കെസ്സോ ബൈത്തോ ആവാനും സാധ്യതയുണ്ടെന്നു അവള്‍ക്കു തോന്നാതിരുന്നില്ല. പാടിത്തീരുവോളം അവള്‍ ഭക്തിയോടെ രണ്ടുകൈയും ഉയര്‍ത്തി ആമീന്‍ പിടിച്ചു. പാട്ടു തീര്‍ന്നപ്പോള്‍ ആമീന്‍ എന്നു പറയുകയും ചെയ്തു. ബ്യാരിയിലേക്കു തിരിച്ചുവരാം. നാദിറയുടെ കല്യാണദിവസം ചടങ്ങുകള്‍ മുറപോലെ നടന്നുകൊണ്ടിരിക്കെ അന്തരീക്ഷത്തില്‍ ഒരു ഗാനം ഉയര്‍ന്നുകേള്‍ക്കുന്നുണ്ടായിരുന്നു. വല്ല കെസ്സോ ബൈത്തോ ആണെന്നു തോന്നിപ്പിക്കുംവിധം ഇശല്‍വടിവു തികഞ്ഞ ആ പാട്ടിന്റെ വരികളും ഗുത്തിനി ഹാലിട്ട ലിത്താപ്പോ എന്നു തുടങ്ങുന്ന അസംബന്ധഗാനത്തിന്റേതു തന്നെയാണ്. ആളുകള്‍ ആമീന്‍പിടിക്കുകയും ആമീന്‍ പറയുകയും ചെയ്തിരിക്കണം. ഇത്രമാത്രമേയുള്ളൂ അസംബന്ധത്തിന്റെ ആചാരവഴികള്‍ എന്നു തലങ്ങും വിലങ്ങും പറയുന്ന ബ്യാരിക്ക് നിര്‍ണായകഘട്ടത്തില്‍ ബഷീര്‍ കൂട്ടിരിക്കുന്നതിന് വല്ലാത്തൊരു ഭാവസൗന്ദര്യമുണ്ട്്. നാദിറ ഭര്‍ത്താവ് റഷീദോടൊത്ത് അയാളുടെ വീട്ടിലേക്കു പോകുമ്പോള്‍ മേഘം ഒരുനാള്‍ താഴേക്കു വരും എന്നു തുടങ്ങുന്ന പാട്ട് പശ്ചാത്തലത്തിലൂണ്ട്. "മോഡമെ മോഡമേ നീനു കീലെ ബര്‍ണേ ഒരു നാള്‍". മേഘം താഴേക്കു വരികതന്നെ ചെയ്തു. ഇളയമകളുടെ കല്യാണത്തിന് പൊന്നും പണവും കണ്ടെത്താന്‍ വിഷമിച്ച് മരുമകനോട് സഹായമഭ്യര്‍ഥിക്കാനെത്തിയ നാദിറയുടെ ബാപ്പ വെട്ടൊന്ന് മുറിരണ്ട് എന്ന മട്ടില്‍ കാര്യങ്ങള്‍ അവതാളമാക്കിക്കഴിഞ്ഞിരുന്നു. റഷീദിന്റെ സമ്മതമോ അറിവോ ഇല്ലാതെ, പലമട്ടില്‍ ഉമ്മയുടെ സ്ഥിതി പറഞ്ഞ് പ്രലോഭിപ്പിച്ച്, അയാള്‍ നാദിറയെ കൈക്കുഞ്ഞോടൊത്ത് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. നാദിറയുടെ ജീവിതത്തിന്റെ മുറിവുകള്‍ അവള്‍പോലുമറിയാതെ സംഭവിച്ചുകൊണ്ടിരിക്കുന്നു. വേര്‍പിരിയലും മൊഴി ചൊല്ലലും അവിടെ സാധാരണകാര്യങ്ങള്‍ മാത്രമെന്ന് ചലച്ചിത്രം അതിനുമുമ്പേ കാണിച്ചുതന്നിട്ടുണ്ട്. ഒന്ന്, രണ്ട്, മൂന്ന് എന്നെണ്ണിത്തീര്‍ക്കാനുള്ള സമയം മതി ഒരു സ്ത്രീയുടെ ജീവിതത്തെ ഒരാള്‍ക്കു പറിച്ചെറിയാന്‍ . ആരും അയാളോട് ഒന്നും ചോദിക്കുകയില്ല. ആരും സ്ത്രീയുടെ ഭാഗം ചേര്‍ന്ന് ന്യായവിചാരണ ചെയ്യുകയുമില്ല. അതിനെല്ലാം നിയമത്തിന്റെയും ലോകക്രമത്തിന്റെയും സംരക്ഷണമുണ്ട്. ഒരു തെരുവുദൃശ്യത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മയായി അത് നാദിറയുടെ മനസ്സിലുണ്ട്. ഒരു കള്‍ച്ചറല്‍ ആക്ടിവിസ്റ്റിന്റെ കരങ്ങളായി ബ്യാരി രൂപാന്തരപ്പെട്ടുതുടങ്ങുന്നു. ചലച്ചിത്രം ജീവിതത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ , അത് ഓരോനിമിഷവും, അതിന്റെ ആയുധം മൂര്‍ച്ചപ്പെടുത്തിക്കൊണ്ടേയിരിക്കും.

ഉഗ്രപ്രതാപികളായ സംവിധായകരുടെ വംശത്തിലേക്ക് സുവീരന്‍ രംഗപ്രവേശം ചെയ്യുന്ന ദൃശ്യം ആദ്യ ഫ്രെയിം മുതല്‍ ആരംഭിക്കുന്നു. അതിനു തുണനല്‍കുന്ന നിര്‍മാതാവായി അല്‍ത്താഫ് ഹുസയിനും. അപ്രതീക്ഷിതമായ മറ്റൊരു മുറിവില്‍ നാദിറയുടെ കുഞ്ഞിനെ റഷീദിന്റെ ഉമ്മ അവരുടെ വീട്ടിലേക്ക് എടുത്തുകൊണ്ടുപോകുന്നു. അത്തരം ഘട്ടങ്ങളില്‍ വിളിക്കാതെതന്നെ കയറിവരാനിടയുള്ള പൂര്‍വമാതൃകകളുടെ സന്നാഹങ്ങളെ സംവിധായകന്‍ ദൂരത്തുനിര്‍ത്തുന്നതിന്റെ കാവ്യഭംഗി ശ്രദ്ധിക്കേണ്ടതാണ്. തന്റെ ദുസ്സഹമായ ഏകാന്തതയില്‍ കരച്ചിലില്‍ അഭയം തേടുന്നില്ല നാദിറ. തന്റെ കുഞ്ഞിനെ നോക്കാനും സുഖമില്ലാത്ത ഭാര്യയുടെ സ്ഥാനം പങ്കിടാനും നാദിറയെ കെട്ടിയാല്‍ കൊള്ളാമെന്ന് ഒരു പണക്കാരന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ നാദിറയുടെ ബാപ്പ സമര്‍ഥമായി തന്ത്രം മെനഞ്ഞ് റഷീദിനെക്കൊണ്ട് നാദിറയെ മൊഴി ചൊല്ലിച്ചു. അവള്‍ ഒരു കെട്ടിനു തയ്യാറായില്ല. തയ്യാറാകാന്‍ നിര്‍ബന്ധിച്ച പിതാവിനെ ഭ്രാന്തമായി നേരിടുകകൂടി ചെയ്തു അവള്‍ . തോറ്റുപോയ അയാള്‍ റഷീദിനെക്കൊണ്ട് നാദിറയെ വീണ്ടും കല്യാണം കഴിപ്പിക്കാനുള്ള വഴികള്‍ ആലോചിക്കുന്നു. റഷീദിനു സമ്മതമാണ്. മൊഴി ചൊല്ലിയ ഭര്‍ത്താവിനു അവളെ വീണ്ടും ഭാര്യയായി സ്വീകരിക്കണമെങ്കില്‍ ചില വ്യവസ്ഥകളൊക്കെയുണ്ട്. മറ്റൊരാള്‍ ഒരുദിവസത്തേക്കെങ്കിലും അവളുടെ ഭര്‍ത്താവായി വരികയും അവളെ മൊഴിചൊല്ലി സ്വതന്ത്രയാക്കുകയും വേണം. മൂന്നോനാലോ പേരു വിചാരിച്ചാലൊന്നും മാറ്റാനാവാത്ത ലോകനിയമമായതിനാല്‍ അത് അങ്ങനെത്തന്നെ സംഭവിക്കണം. അവിടെ അപമാനിതയാകുന്ന സ്ത്രീയുടെ മനസ്സ് നിയമങ്ങളുടെ പരിധിക്കു പുറത്താണ്. മാറ്റക്കല്യാണത്തിനു തയ്യാറായവരെത്തിരഞ്ഞുള്ള യാത്രയാണ് പിന്നെ. യാത്രകളെല്ലാം പരാജയപ്പെടുന്നിടത്താണ് നവാസിന്റെ പേര് ഉയര്‍ന്നുവന്നത്. നാദിറക്ക് ഒരു നല്ല കാര്യം വരുന്നതില്‍ അവനു സമ്മതമേയുള്ളൂ. ഒറ്റ ദിവസത്തേക്ക് ഒരു കരാര്‍ . കൂടെ കിടക്കുകപോലും ചെയ്യരുതെന്ന വ്യവസ്ഥ. ഭാര്യയായും ഭര്‍ത്താവായും ലോകത്തിനുമുമ്പില്‍ അഭിനയം. നിക്കാഹിന്റെ ബന്ധമോ അധികാരമോ അവകാശമോ ഇല്ലാത്ത വെറുമൊരു പൊട്ടന്‍കളി.

നവാസും നാദിറയും അടച്ചിട്ട ഒരു മുറിയില്‍ മറ്റാരെയോപോലെ അഭിനയിച്ചു കഴിയുന്ന രാത്രിയില്‍ നാദിറയുടെ ഉള്ളിലേക്ക് ചില ചോദ്യങ്ങള്‍ കടന്നുവരുന്നു. സ്ത്രീയെ പരിഹാസ്യമായ ആചാരങ്ങളിലേക്കു വലിച്ചെറിയുന്ന ചട്ടങ്ങള്‍ക്കുനേരെ അവളില്‍ കനല്‍ കനക്കുന്നു. നരകത്തിലെ തീയെക്കുറിച്ചു പറഞ്ഞ് അവന്റെ കൈകള്‍ തട്ടിമാറ്റിയ പഴയ ഒളിച്ചുകളി അവര്‍ക്ക് ഓര്‍മവരുന്നു. നിക്കാഹ് പവിത്രമായ ബന്ധമാണെങ്കില്‍ ഈ രാത്രി നരകത്തിലെ തീയിലേക്കുള്ള വഴിയാണെന്ന് അവള്‍ക്ക് ബോധ്യം വരുന്നു. ഉമ്മ വെയ്ക്കാനും കെട്ടിപ്പിടിക്കാനും പിന്നെ ആകാവുന്ന ദൂരങ്ങളിലൊക്കെ സഞ്ചരിക്കാനും അവള്‍ നവാസിനോട് അപേക്ഷിക്കുന്നു. ചെകുത്താനില്‍നിന്നും എന്നെ രക്ഷപ്പെടുത്തൂ അള്ളാഹുവിന്റെ പേരില്‍ എന്നാണ് അവളുടെ പ്രാര്‍ഥന. അടച്ചിട്ട മുറിയില്‍ ഒന്നും സംഭവിക്കില്ലെന്നു കരുതിയിരിക്കുന്ന നിയമങ്ങളെ വെട്ടിച്ച് അവര്‍ ഒളിച്ചുകളി ആരംഭിക്കുന്നിടത്ത് ബ്യാരി അവസാനിക്കുന്നു. ചലച്ചിത്രത്തിന്റെ ജീവിതം സമ്പൂര്‍ണമാകുന്നത് അതില്‍ നിറയുന്ന ഓരോ ചെറിയ ക്രിയാംശത്തിന്റെയും വിശിഷ്ടമായ ആഖ്യാനം കൊണ്ടാണെന്ന് ഫ്രെയിമുകള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. ബ്യാരി സകലസൗകര്യങ്ങളുടെയും മടിത്തട്ടില്‍ പിറന്നുവീണ കുഞ്ഞായിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ എന്ന് പാടാത്തപാട്ടിന്റെ മധുരമന്വേഷിക്കുന്ന ജോണ്‍കീറ്റ്സിന്റെ വഴിയില്‍നിന്ന് ആലോചിക്കേണ്ടതുമില്ല.

പരിമിതമായ ബജറ്റില്‍ , പരിമിതമായ സൗകര്യങ്ങളില്‍ , സുവീരന്‍ അപരിമിതമായ സൗന്ദര്യം തീര്‍ത്തു. തന്റെ പണിശാലയില്‍ അതൊന്ന് പൂര്‍ത്തിയാക്കിയെടുക്കാന്‍ അദ്ദേഹം നടിച്ച ഭാവസാമ്രാജ്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. തുറന്നു പറയലിന്റെ അഴകാണ് ബ്യാരിയുടെ കരുത്ത്. ആചാരങ്ങളുടെ ക്രൂരകര്‍മങ്ങള്‍ക്കെതിരെ, പ്രബലതയുടെ ദുശ്ശാഠ്യങ്ങള്‍ക്കെതിരെ, മതത്തിന്റെ വെളിച്ചം കടക്കാത്ത സിദ്ധാന്തങ്ങള്‍ക്കെതിരെ മനുഷ്യന്റെ ദുര്‍ബലമായ മനസ്സ് ഒരിക്കലെങ്കിലും പ്രതികരിക്കുകതന്നെ ചെയ്യും എന്ന് ബ്യാരി ഒച്ചവെയ്ക്കുന്നു. നല്ല ഗതിവേഗം, സാരവത്തായ സംഘര്‍ഷം, സംഭാഷണത്തിന്റെ ഈടുറപ്പ്, ക്രിയാംശത്തിന്റെ ഉപപത്തി, കഥാപാത്രനിര്‍മിതിയിലെ വിവേകം, പലഭാഗങ്ങള്‍ ഒരുമിച്ച് പൂര്‍ണവസ്തുവായിത്തീരുന്നതിലെ സമഗ്രത എന്നിങ്ങനെ തിരക്കഥയില്‍ത്തന്നെ ചന്തം തികഞ്ഞ് മുളച്ചുപൊന്തിയിരുന്നു ഫ്രെയിമുകളിലെ ബലിഷ്ഠമായ ആഖ്യാനത്തിന്റെ ആദിരൂപം എന്ന് ചിത്രത്തിന്റെ യാത്ര ഓരോ ഘട്ടത്തിലും തെളിവുനല്‍കുന്നുണ്ട്. സ്വാഭാവികതയാണ് ബ്യാരിയുടെ കഥപറച്ചിലിനു ഭംഗിപകരുന്നത്. ഒറ്റപ്പെടലിന്റെയും സഹനത്തിന്റെയും അപമാനത്തിന്റെയും ബഹിഷ്കരണത്തിന്റെയും ഒരു സ്ത്രീജീവിതത്തെ നാടകീയത നാലയലത്തുപോലും വരാതെ തിരക്കഥയിലും ആവിഷ്കരണത്തിലും സുവീരന്‍ കൈയടക്കത്തോടെ അവതരിപ്പിക്കുന്നു. ഓരോ അഭിനേതാവും അത് പരമാവധി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രദ്ധിക്കുന്നുമുണ്ട്. അഭിനേതാക്കളുടെ ശരീരഭാഷയെ കഥാപാത്രങ്ങളുടെ മാനസികലോകത്തിന്റെ പ്രതിഫലനമായി ചിട്ടപ്പെടുത്തുന്നതില്‍ നിതാന്തമായി ശ്രദ്ധവെച്ചിരിക്കുന്നു സംവിധായകന്‍ .

നാദിറയായി അഭിനയിച്ച മല്ലിക മിതത്വത്തിന്റെ ശക്തിയെന്തെന്നു വരഞ്ഞിടുകയാണ് ഓരോസാന്നിധ്യത്തിലും. തുളുമ്പിപ്പോകാതെ, ആവശ്യമായ പ്രതികരണങ്ങള്‍ മാത്രം സൃഷ്ടിച്ച്, ആഴത്തില്‍ അതു വിനിമയം ചെയ്ത്, അവര്‍ ആ കഥാപാത്രത്തെ മൊഴിചൊല്ലല്‍കഥാപാത്രങ്ങളുടെ സ്ഥിരം പ്രകടനങ്ങളില്‍നിന്നും രക്ഷിച്ച് ഉയരത്തിലേക്കുകൊണ്ടുപോയി. നാദിറയുടെ കുട്ടിക്കാലം അവതരിപ്പിച്ച അശ്വതിയും ഭാവപ്രകടനത്തില്‍ മിതത്വത്തിന്റെ അഴകുകാത്തു. മാമുക്കോയ അവതരിപ്പിച്ച നാദിറയുടെ പിതാവിന്റെ വേഷവും ഇതേഗണത്തില്‍ വരുന്നു. ഒരു വില്ലനായി നടിക്കാമായിരുന്നിട്ടും നിയമങ്ങളും സ്വാര്‍ഥതയും തീര്‍ത്ത വഴിയില്‍ , ചിലപ്പോള്‍ നിസ്സഹായനായിപ്പോലും നടക്കേണ്ടിവരുന്ന ഒരു ബ്യാരിവീട്ടുകാരന്റെ പച്ചയെ പ്രതിഫലിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. നവാസായി അഭിനയിച്ച പ്രജീഷും നവാസിന്റെ കുട്ടിക്കാലം അവതരിപ്പിച്ച സുദര്‍ശനും സ്വാഭാവികതയില്‍ത്തന്നെ നിന്നു. ക്ലൈമാക്സില്‍ പ്രജീഷിന്റെ ചില പ്രതികരണദൃശ്യങ്ങള്‍ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. അല്‍താഫ് ഹുസ്സയിനാണ് റഷീദിനെ അവതരിപ്പിക്കുന്നത്. അദ്ദേഹവും ഒരനക്കംപോലും നാടകീയതയിലേക്കു മാറിയില്ല.

കഥാപാത്രങ്ങള്‍ക്കെല്ലാം സവിശേഷവ്യക്തിത്വം തീര്‍ക്കാന്‍ കഴിഞ്ഞതാണ് ബ്യാരിയിലെ അഭിനയമുഹൂര്‍ത്തങ്ങളുടെ പകിട്ടുകൂട്ടിയത്. ആരും ശൂന്യതയില്‍ നിന്നും വരുന്നവരല്ല. ഫ്രെയിമുകള്‍ക്കപ്പുറത്ത് തിരയടിച്ചാര്‍ക്കുന്ന കടല്‍പോലെ ജീവിതം അവരുടെ പിറകിലുണ്ട്. ആകാശവും കടലും പോലും കഥാപാത്രങ്ങളാണ് ബ്യാരിയില്‍ . അവയുടെ അരികിലും കീഴിലുമാണല്ലോ ജീവിതം മിടിച്ചുനില്‍ക്കുന്നത്. സവിശേഷസന്ദര്‍ഭങ്ങളില്‍ തീം മ്യൂസിക് എന്ന നിലയില്‍ കേള്‍ക്കുന്നത് അല്ലാഹു അല്ലാഹു എന്ന ആവര്‍ത്തിക്കുന്ന സംബോധനയാണ്. പ്രാര്‍ഥനയുടെ താളമാണത്. അതിനകത്തുകിടക്കുന്നു സ്ത്രീയുടെ നിഷ്കാസിതജന്മം തേടിയുള്ള അന്വേഷണം. പശ്ചാത്തലസംഗീതം തീര്‍ത്തത് ചന്ദ്രനാണ്. മോഡമെ മോഡമെ എന്നു തുടങ്ങുന്ന പാട്ട് ലിപികളില്ലാത്ത ബ്യാരിഭാഷയ്ക്കുവേണ്ടി ശിവദാസ് പുറമേരിയാണെഴുതിയത്. ചലച്ചിത്രത്തിലെ ഒരു നിര്‍ണായകസന്ദര്‍ഭത്തിനു ഭാവപ്പൊലിമപകരുകയെന്ന കര്‍ത്തവ്യം ശിവദാസ് ഭംഗിയായി നിര്‍വഹിച്ചു. പാട്ടില്‍നിന്നും പോയിവരാവുന്ന ദൂരങ്ങളുണ്ട് ചലച്ചിത്രത്തിന്റെ ആഖ്യാനത്തിലുടനീളം. നാദിറയുടെ മനസ്സിനെ പാട്ടായി പരിവര്‍ത്തനം ചെയ്യുന്നതില്‍ സംഗീതസംവിധായകന്‍ വിശ്വജിത്തും ഗായിക മഞ്ജരിയും ഒരേപോലെ താളം കണ്ടെത്തി.

പാറക്കെട്ടുകളിലും കടലിലും കടലോരത്തും വീടുകളിലും ചന്തയിലും കുമിയുന്ന മനുഷ്യരുടെ മുഖങ്ങള്‍ പ്രകൃതിയിലേക്കു തുറന്ന ജാലകങ്ങള്‍ വഴി കാണുന്നതെങ്ങനെയെന്നു ധ്യാനിച്ച മുരളീകൃഷ്ണന്റെ ക്യാമറ ബ്യാരിയെ ഭദ്രമാക്കിയതിലെ പ്രധാനഘടകമാണ്. ചില അസംബന്ധഗാനങ്ങള്‍ ആവര്‍ത്തിച്ചുപാടുന്നതുപോലെ സംസ്കാരം സ്ത്രീയുടെ ജീവിതത്തിനുനേരെ ചൂണ്ടിയ വിരലുകള്‍ ആവര്‍ത്തിച്ച് മഹത്വവത്കരിക്കപ്പെടുന്നു. അവളുടെ ലോകത്തെ നിര്‍ണയിക്കാന്‍ അവള്‍ ഒരുങ്ങിനില്‍ക്കുന്നിടത്ത്, അടച്ചിട്ട വാതിലിനപ്പുറത്തെ ലോകം എന്നപോലെ, നിശ്ശബ്ദമായിരിക്കാനേ പുരുഷാധിപത്യത്തിന്റെയും പുരുഷകേന്ദ്രിത വിചാരങ്ങളുടെയും വക്താക്കള്‍ക്കു കഴിയൂ എന്നു പറയുകയായിരുന്നു നാദിറ എന്ന ബ്യാരിപെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ ഈ ചലച്ചിത്രം. അത് ഒരു മുദ്രാവചനം പോലെ കൂടെപ്പോരുന്നത് ചിത്രം കണ്ടിറങ്ങുമ്പോള്‍ അനുഭവപ്പെടുകതന്നെ ചെയ്യും. ഒറ്റയാവുന്നവരുടെ കഥകളോളം ലോകത്തെ തിരുത്തിനന്നാക്കാന്‍ തുനിയുന്നവര്‍ക്ക് കൂടെക്കൊണ്ടുനടക്കാന്‍ മറ്റൊന്നുമുണ്ടാവില്ലല്ലോ. ബ്യാരിയെ ഇന്ത്യന്‍ സിനിമാചരിത്രം കൂടെക്കൊണ്ടുനടക്കും.

*
രാജേന്ദ്രന്‍ എടത്തുംകര ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സബ്ടൈറ്റിലുകള്‍ പണിമുടക്കിയാലും മലയാളിക്ക് സുഖമായി ഇരുന്നുകാണാവുന്നതേയുള്ളൂ ബ്യാരിഭാഷയില്‍ അതേപേരിലുരുവംകൊണ്ട ചലച്ചിത്രം. കെ പി സുവീരന്‍ എന്ന സംവിധായകന്‍ ചലച്ചിത്രത്തില്‍ പൂര്‍വജന്മഭാരംകൊണ്ട് പ്രേക്ഷകരെ നിഴല്‍പ്പഴുതില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കാത്തതിനാല്‍ സുഖമായി എന്ന പ്രയോഗത്തിന് അല്‍പംകൂടി അര്‍ഥവ്യാപ്തിയുണ്ട്. വ്യാപാരി എന്ന മലയാളവാക്കിന്റെ ചാര്‍ച്ചക്കാരനാണ് ബ്യാരി. കേരളത്തിന്റെയും കര്‍ണാടകത്തിന്റേയും തീരപ്രദേശങ്ങളില്‍ ഉരുവംകൊണ്ട സങ്കരഭാഷയ്ക്ക് മലയാളത്തിന്റെയും കന്നഡയുടെയും ചുവയുണ്ട്. മലയാളിക്ക് അത് മറുഭാഷാചിത്രമാണെന്ന് തോന്നുകയേയില്ല, ഭാഷ കൊണ്ടും ആവിഷ്കരിച്ച ജീവിതംകൊണ്ടും. ഭാഷയെ അപ്രസക്തമാക്കിമാറ്റുന്ന ദൃശ്യഭാഷകൊണ്ട് സമ്പന്നമാണ് ബ്യാരി എന്നത് അധികയോഗ്യതയായി വേറെകിടക്കുന്നു.