Friday, March 23, 2012

കണക്കുകൊണ്ടുള്ള "ഗരീബി ഹഠാവോ"

ദാരിദ്ര്യം നിര്‍മാര്‍ജനംചെയ്യാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസും അതിന്റെ സര്‍ക്കാരും വ്യത്യസ്ത ഘട്ടങ്ങളില്‍ വ്യത്യസ്ത മുദ്രാവാക്യങ്ങള്‍ മുമ്പോട്ടുവയ്ക്കാറുണ്ട്. ഇതില്‍ ഏറ്റവും പ്രശസ്തമായതാണ് "ഗരീബി ഹഠാവോ". പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഒരു പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായാണ് ദാരിദ്ര്യം ഇല്ലാതാക്കും എന്നര്‍ഥമുള്ള ഈ മുദ്രാവാക്യം കോണ്‍ഗ്രസില്‍നിന്ന് ഇന്ത്യയിലാകെ അലയടിച്ചത്. പിന്നെ എത്രയോ കാലം കഴിഞ്ഞു. "ദരിദ്രര്‍ പട്ടിണികിടന്ന് മരിച്ചതല്ലാതെ" ദാരിദ്ര്യം മരിച്ചില്ല. അതിദരിദ്രരുടെ എണ്ണം വര്‍ഷം കടക്കുംതോറും ദശലക്ഷക്കണക്കിന് വര്‍ധിച്ചതുമാത്രം മിച്ചം. ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കോണ്‍ഗ്രസിനുപണ്ടേ ഇല്ലായിരുന്നു. ആഗോളവല്‍ക്കരണ കാലമായതോടെ ദരിദ്രരും ദാരിദ്ര്യവും കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും മുന്‍ഗണനാപട്ടികയില്‍ അവസാന ഇനമായിപ്പോലും സ്ഥാനംപിടിക്കാതായി.

ഭക്ഷ്യവില പത്തുശതമാനം വര്‍ധിച്ചാല്‍ മുപ്പതു ദശലക്ഷംപേര്‍ കൂടി തീവ്രദാരിദ്ര്യത്തിന്റെ ദുരിതത്തിലാണ്ടുപോവുമെന്നു വ്യക്തമാക്കുന്ന ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ ഇന്ത്യാ റിപ്പോര്‍ട്ട് യഥാര്‍ഥ അവസ്ഥയുടെ ഗൗരവം ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ അവസ്ഥ സാര്‍വദേശീയതലത്തില്‍ തങ്ങള്‍ക്കു നാണക്കേടുണ്ടാക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ഭരണാധികാരികള്‍ക്കറിയാം. അതേസമയം, ദാരിദ്ര്യം തുടച്ചുനീക്കുന്നതിനു പോയിട്ട് ചെറുതായി ഒന്നു കുറയ്ക്കുന്നതിനുപോലും തങ്ങളുടെ സബ്സിഡി വെട്ടിച്ചുരുക്കലടക്കമുള്ള നയനടപടികള്‍ സഹായിക്കില്ലെന്നതുമറിയാം. അപ്പോള്‍പ്പിന്നെ ലോകസമക്ഷം ദരിദ്രരുടെ എണ്ണം കുറയുകയാണ് ഇന്ത്യയില്‍ എന്നു വരുത്തിത്തീര്‍ക്കാന്‍ എന്താണു വഴി? ഈ ആലോചനയില്‍നിന്നാവണം കണക്കുകൊണ്ടുള്ള "ഗരീബി ഹഠാവോ" നടപ്പാക്കാന്‍ യുപിഎ ഭരണം നിശ്ചയിച്ചത്. ഇന്ത്യയിലെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നില ചെറുതാക്കി കാണിക്കാന്‍ കണക്കുകൊണ്ട് കൃത്രിമക്കളി നടത്തിപ്പോരികയാണ് കുറേക്കാലമായി ഡോ. മന്‍മോഹന്‍സിങ്ങും കൂട്ടരും. ദിവസം 22 രൂപ 40 പൈസ ചെലവാക്കാന്‍ കഴിയുന്ന ഗ്രാമവാസികളും 28.65 രൂപ ചെലവാക്കാന്‍ കഴിയുന്ന നഗരവാസികളും ദരിദ്രരല്ല എന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ആസൂത്രണ കമീഷന്‍ . ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ആസൂത്രണകമീഷനും മന്‍മോഹന്‍ സര്‍ക്കാരും ഇപ്പോള്‍ പറയുന്നത് 2004നും 2010നുമിടയ്ക്ക് ദരിദ്രരുടെ എണ്ണം കാര്യമായി കുറഞ്ഞു എന്നാണ്. ഒരു പൈസപോലും ചെലവാക്കാനില്ലാത്തവരെക്കൂടി ഈ പരിധിക്കുള്ളിലാക്കിയാല്‍ ഇന്ത്യയില്‍ ദരിദ്രരേ ഇല്ല എന്നു പ്രഖ്യാപിക്കാമായിരുന്നു മന്‍മോഹന്‍സിങ്ങിന്; ദാരിദ്ര്യം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്തതായി സാര്‍വദേശീയതലത്തില്‍ മേനി നടിക്കാനുമാവുമായിരുന്നു. പ്രധാനമന്ത്രി അധ്യക്ഷനായുള്ള ഒരു സമിതിയാണ് ലജ്ജാകരവും അസംബന്ധം നിറഞ്ഞതുമായ ഒരു കള്ളക്കളി കണക്കുകള്‍ മുന്‍നിര്‍ത്തി നടത്തുന്നത് എന്ന് ഓര്‍മിക്കണം. ഇങ്ങനെ ഒരു കള്ളക്കണക്ക് തയ്യാറാക്കിവച്ചിട്ട്, അതിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോഴും ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 40 ശതമാനവും ബിഹാറിലും ഛത്തീസ്ഗഢിലുമൊക്കെ 50 ശതമാനവും പേര്‍ ദാരിദ്ര്യരേഖയ്ക്കു കീഴിലാണ് എന്നു കാണാം. കൃത്രിമദാരിദ്ര്യരേഖ മാറ്റിനിര്‍ത്തി നോക്കിയാല്‍ യഥാര്‍ഥ ദരിദ്രരുടെ സംഖ്യ 70 ശതമാനത്തിനും 85 ശതമാനത്തിനുമിടയിലാണ് പല സംസ്ഥാനങ്ങളിലും. മന്‍മോഹന്‍സിങ്ങിന്റെയും കൂട്ടരുടെയും കള്ളക്കണക്കുകള്‍ക്കു മറച്ചുവയ്ക്കാനാവാത്ത പൊള്ളുന്ന ഇന്ത്യന്‍ യാഥാര്‍ഥ്യമാണത്.
എന്താണ് ഇങ്ങനെയൊരു കള്ളക്കണക്കുണ്ടാക്കാനുള്ള പ്രേരണ?

അവശേഷിക്കുന്ന സബ്സിഡികളും ക്ഷേമനടപടികളും നാമമാത്രമായ ഒരു വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്താം. ദിവസം 23 രൂപ ചെലവാക്കാനുള്ളവരെയാകെ സമ്പന്നരുടെ പട്ടികയിലേക്കു മാറ്റിനിര്‍ത്തി അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കാം. ആഗോളവല്‍ക്കരണത്തിന്റെ ശക്തികളുടെ കുറിപ്പടി നടപ്പാക്കലാണിത്. ജനജീവിതത്തെ എല്ലാ ആശ്വാസ ക്ഷേമനടപടികളും പിന്‍വലിച്ച് നിരാധാരമാക്കുന്നതിനുള്ള വിദ്യയാണിത്. ഈ കള്ളക്കണക്കുകള്‍ വ്യാപകമായ പട്ടിണിമരണങ്ങളിലേക്കാവും ഇന്ത്യയെ ഇനിയുള്ള ഘട്ടത്തില്‍ നയിക്കുക. കോര്‍പറേറ്റ് മേഖലയ്ക്ക് 50,000 കോടി രൂപയുടെ സൗജന്യങ്ങള്‍ നല്‍കുന്നവരാണ് ദരിദ്രകുടുംബങ്ങളില്‍ ന്യായവിലയ്ക്ക് അരി കിട്ടാനുള്ള അവസരംപോലും ഇല്ലാതാക്കുന്നത്. രാസവളം മുതല്‍ ഭക്ഷ്യവസ്തുക്കള്‍വരെയുള്ളവയ്ക്കുള്ള സബ്സിഡികള്‍ എടുത്തുകളയുന്നു. തൊട്ടതിനൊക്കെ ക്രമാതീതമായി വിലകയറ്റുന്നു. ഡീസലിന്റെയും മണ്ണെണ്ണയുടെയുംവരെ വിലനിര്‍ണയാധികാരം സര്‍ക്കാര്‍ സംവിധാനത്തില്‍നിന്നു സ്വതന്ത്രമാക്കാന്‍ പോവുന്നു. ഇങ്ങനെ എല്ലാ നിലയ്ക്കും ജനങ്ങളെ ഞെരിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്കുള്ള അവശേഷിച്ച നേര്‍ത്ത ആനുകൂല്യങ്ങള്‍കൂടി എടുത്തുകളയുന്നത് അപലപനീയമാണ്.

ദിവസം 26 രൂപ ചെലവിടാന്‍ കഴിവുള്ള ഗ്രാമീണരും 32 രൂപ ചെലവിടാന്‍ കഴിവുള്ള നഗരവാസികളും ദാരിദ്ര്യരേഖയ്ക്കു മുകളിലാണെന്ന് യുപിഎ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. തുടര്‍ന്നുള്ള നാലുമാസങ്ങളില്‍ എല്ലാ അവശ്യവസ്തുക്കളുടെയും വില ഉയരുകയായിരുന്നു. നികുതി ഉയരുകയായിരുന്നു. പണപ്പെരുപ്പത്തിന്റെ തോത് വര്‍ധിക്കുകയായിരുന്നു. എന്നിട്ടും ഇപ്പോള്‍ 22 രൂപ ഗ്രാമത്തിലും 28 രൂപ നഗരത്തിലുമുള്ളവരാകെ ദാരിദ്ര്യരേഖയ്ക്കു മുകളിലാണെന്ന് പ്രഖ്യാപിക്കാന്‍ ഈ സര്‍ക്കാര്‍ എന്ത് മാജിക് മാനദണ്ഡമാണുപയോഗിച്ചത്? പോഷകാഹാരക്കുറവുമൂലം ഏറ്റവുമധികം കുട്ടികള്‍ മരിക്കുന്ന രാജ്യങ്ങളുടെ നിരയിലാണ് ഇന്ത്യ എന്ന അന്താരാഷ്ട്ര ആരോഗ്യ റിപ്പോര്‍ട്ട് വന്നത് അടുത്തയിടെയാണ്. അത്തരം റിപ്പോര്‍ട്ടുകളില്‍ തെളിയുന്ന വിശന്നുകേഴുന്ന ഒരു ഇന്ത്യയുണ്ട്.

സോണിയ ഗാന്ധിക്കും മന്‍മോഹന്‍സിങ്ങിനും കാണാന്‍ കഴിയാത്ത ദരിദ്ര ഇന്ത്യ. അതിനെ കൊള്ളയടിച്ചാണ് കോമണ്‍വെല്‍ത്ത് കുംഭകോണം മുതല്‍ക്കുള്ള മഹാ കുംഭകോണങ്ങള്‍ ഈ സര്‍ക്കാര്‍ ആഘോഷിക്കുന്നത്. ആ ഗ്രാമീണ ഇന്ത്യക്കു മാപ്പുനല്‍കാനാവുന്ന തെറ്റല്ല മന്‍മോഹനും പ്ലാനിങ് കമീഷനും ചെയ്യുന്നത്. കള്ളക്കണക്കുകളുണ്ടാക്കി ദാരിദ്ര്യനിരക്ക് 3.4 ശതമാനം കുറഞ്ഞ് 29.8 ശതമാനമായി ചുരുങ്ങിയെന്നു ആസൂത്രണരേഖകളില്‍ ഇവര്‍ക്ക് എഴുതിവയ്ക്കാം. ഏട്ടിലെ പശു പുല്ലു തിന്നില്ല. അതിദരിദ്രര്‍ക്ക് ആ കണക്കുകൊണ്ടു പട്ടിണി മാറില്ല. സ്വയംതൊഴില്‍ മേഖലയില്‍ നിന്നുപോലും 25.1 ദശലക്ഷം പേര്‍ പുറത്തായി എന്നും സ്ഥിരം തൊഴില്‍മേഖലയില്‍നിന്ന് പാതിയോളംപേര്‍ ഒഴിവായി എന്നും താല്‍ക്കാലിക തൊഴില്‍മേഖലയില്‍നിന്ന് 21.9 ദശലക്ഷം പേര്‍ പുറത്തായി എന്നും തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്ന അതേ ഘട്ടത്തിലാണ് ദാരിദ്ര്യത്തിനു പകരം ദരിദ്രരെ ഇല്ലായ്മചെയ്യുന്ന വഞ്ചനാപരമായ കണക്കുകള്‍കൊണ്ട് ആസൂത്രണകമീഷന്‍ രാജ്യത്തെയും ലോകത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്; വലിയ ഒരു വിഭാഗം ജനങ്ങളെ ദാരിദ്ര്യരേഖയ്ക്ക് പുറത്തേക്ക് കൃത്രിമമായി കൊണ്ടുവന്ന് ആനുകൂല്യങ്ങള്‍ നിഷേധിച്ച് കൊടുംപട്ടിണിയിലേക്കു തള്ളുന്നത്. ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണനയങ്ങള്‍ ഉപേക്ഷിച്ച് തൊഴില്‍ നിര്‍മാണ- സബ്സിഡി പുനസ്ഥാപിക്കല്‍ - ക്ഷേമ ആശ്വാസ പരിപാടികള്‍ ഉടന്‍ നടപ്പാക്കുന്നില്ലെങ്കില്‍ വര്‍ഷംതോറും ശതകോടീശ്വരന്മാരുടെ എണ്ണം കൂട്ടുന്ന ഈ രാജ്യം ശതകോടിക്കണക്കിനാളുകളുടെ പട്ടിണിമരണത്തിന് സമാധാനം പറയേണ്ടിവരും.

*
ദേശാഭിമാനി മുഖപ്രസംഗം 22 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദാരിദ്ര്യം നിര്‍മാര്‍ജനംചെയ്യാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസും അതിന്റെ സര്‍ക്കാരും വ്യത്യസ്ത ഘട്ടങ്ങളില്‍ വ്യത്യസ്ത മുദ്രാവാക്യങ്ങള്‍ മുമ്പോട്ടുവയ്ക്കാറുണ്ട്. ഇതില്‍ ഏറ്റവും പ്രശസ്തമായതാണ് "ഗരീബി ഹഠാവോ". പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഒരു പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായാണ് ദാരിദ്ര്യം ഇല്ലാതാക്കും എന്നര്‍ഥമുള്ള ഈ മുദ്രാവാക്യം കോണ്‍ഗ്രസില്‍നിന്ന് ഇന്ത്യയിലാകെ അലയടിച്ചത്. പിന്നെ എത്രയോ കാലം കഴിഞ്ഞു. "ദരിദ്രര്‍ പട്ടിണികിടന്ന് മരിച്ചതല്ലാതെ" ദാരിദ്ര്യം മരിച്ചില്ല. അതിദരിദ്രരുടെ എണ്ണം വര്‍ഷം കടക്കുംതോറും ദശലക്ഷക്കണക്കിന് വര്‍ധിച്ചതുമാത്രം മിച്ചം. ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കോണ്‍ഗ്രസിനുപണ്ടേ ഇല്ലായിരുന്നു. ആഗോളവല്‍ക്കരണ കാലമായതോടെ ദരിദ്രരും ദാരിദ്ര്യവും കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും മുന്‍ഗണനാപട്ടികയില്‍ അവസാന ഇനമായിപ്പോലും സ്ഥാനംപിടിക്കാതായി.