Wednesday, March 14, 2012

പോര്‍നിലങ്ങളിലെ അവകാശക്കൊയ്ത്ത്

തുച്ഛമായിരുന്നു എഴുപതുകളില്‍ സംസ്ഥാന ജീവനക്കാരുടെ വേതനം. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കിന് പ്രതിമാസം ലഭിച്ചത് പിഎഫ് വിഹിതം കഴിച്ച് 187.80 രൂപ. നാലാം ക്ലാസ് ജീവനക്കാരന് 155.80 രൂപ. മൂന്നംഗ കുടുംബത്തിന് കഷ്ടിച്ച് കഴിയണമെങ്കില്‍ 270 രൂപ വേണമെന്ന് കാണിച്ച് എന്‍ജിഒ യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നോട്ടീസിറക്കി. താമസിയാതെ ഇത് കേരളമെങ്ങും പ്രചരിച്ചു. മറ്റുമേഖലകളെ അപേക്ഷിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ ഇന്ന് ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകള്‍ ഉണ്ടാവാനിടയാക്കിയ ദീര്‍ഘ സമരങ്ങള്‍ക്കുള്ള തീപ്പൊരിയായിരുന്നു അത്. തങ്ങളെ എക്കാലവും ശത്രുക്കളായി കണ്ട കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ അഹന്തയുടെ കൊമ്പൊടിച്ച ചരിത്രവുമുണ്ട് കേരളത്തിലെ അധ്യാപകരുടെയു ജീവനക്കാരുടെയും പോരാട്ടങ്ങള്‍ക്ക്.

1972 ഡിസംബര്‍ 24. മഹത്തായ സമരത്തിന്റെ കാഹളം. ശമ്പള കമീഷനെ നിയമിക്കുക, നൂറ് രൂപ ഇടക്കാലാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്കിന് 21 സംഘടനകളുടെ സംയുക്ത സമര സമിതി ആഹ്വാനം. ഇ പത്മനാഭന്‍ കണ്‍വീനര്‍ . സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും യാതനാപൂര്‍ണവുമായ സമരം 1973 ജനുവരി 10ന് തുടങ്ങി. സമരവേലിയേറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഭരണകക്ഷി അനുകൂല സംഘടനകളും പണിമുടക്ക് പ്രഖ്യാപിച്ചു. വൈകാതെ അവര്‍ പിന്മാറി. ജനുവരി 23 മുതല്‍ പണിമുടക്കുമെന്ന് പ്രഖ്യാപിച്ച അധ്യാപക സംയുക്ത സമിതി പിന്‍മാറിയപ്പോള്‍ വി വി ദക്ഷിണാമൂര്‍ത്തി അടക്കമുള്ള നേതാക്കള്‍ വിയോജിച്ചു. 23 മുതല്‍ പണിമുടക്കാന്‍ അവര്‍ സ്വകാര്യ സ്കൂള്‍ അധ്യാപകരെ ആഹ്വാനം ചെയ്തു. 17ന് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരും പണിമുടക്കില്‍ .

അടിച്ചമര്‍ത്തലുകളുടെ ഘോഷയാത്രയായി പിന്നെ. അവശ്യസേവന നിയമമായ എസ്മ പ്രയോഗം. ഈ കരിനിയമപ്രകാരം പണിമുടക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ വാറണ്ടില്ലാതെ അറസ്റ്റുചെയ്ത് ഒരു വര്‍ഷംവരെ തടവിലിടാം. പണിമുടക്കിയവര്‍ സര്‍വീസില്‍ തിരിച്ചുവരില്ലെന്ന് മുഖ്യമന്ത്രി സി അച്യുതമേനോന്റെ ഭീഷണി. ചങ്ങനാശ്ശേരി സപ്ലൈ ഓഫീസിലെ മേരി കുര്യനെയും ശാന്തമ്മയെയും പുരുഷ പൊലീസുകാര്‍ രാത്രി വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. കൈക്കുഞ്ഞിനൊപ്പമാണ് ശാന്തമ്മയുടെ അറസ്റ്റ്. സമരപ്രചാരണത്തിന് മൈക്ക് പാടില്ലെന്ന് ഉത്തരവ്. തൃശൂരില്‍ പ്രചാരണത്തിന് ഉപയോഗിച്ച ചെണ്ട കസ്റ്റഡിയില്‍ . നൂറ് കണക്കിനാളുകള്‍ക്ക് സസ്പെന്‍ഷന്‍ . ബ്രിട്ടീഷ് ഭരണത്തില്‍പോലും ഇല്ലാത്തവിധം ഉപജീവനപ്പടി നിഷേധിച്ചു. ജനുവരി 18ന് പൊലീസ് തിരുവനന്തപുരം എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് കൈയേറി നേതാക്കളെ അറസ്റ്റ് ചെയ്ത് മര്‍ദിച്ചു. 31ന് കോട്ടയം യൂണിയന്‍ ഓഫീസില്‍ റെയ്ഡും അറസ്റ്റും. സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ്സുകാരും ഭരണകക്ഷിക്കാരും സമരവളണ്ടിയര്‍മാരെ അക്രമിച്ചു. പ്രതീക്ഷിച്ചതിലും നീണ്ട പണിമുടക്കും സര്‍ക്കാരിന്റെ മര്‍ദനമുറകളും കാരണം മനസ്സാന്നിധ്യം നഷ്ടപ്പെട്ട പണിമുടക്കിയ ജീവനക്കാരില്‍ ഒരു വിഭാഗം പിടിച്ചുനില്‍ക്കാന്‍ പാടുപെട്ടു. മാര്‍ച്ച് മൂന്നിന് സമര സമിതി നേതാക്കള്‍ യോഗം ചേര്‍ന്ന് പണിമുടക്ക് നിരുപാധികം പിന്‍വലിച്ചു. നൂറു കണക്കിന് ജീവനക്കാര്‍ ജയിലില്‍ . ആയിരങ്ങള്‍ സസ്പെന്‍ഷനില്‍ . പിരിച്ചുവിട്ടവര്‍ ഏറെ. സര്‍ക്കാരിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് യാചിക്കാതെ പ്രബുദ്ധ കേരളത്തിന്റെ ഭാവിയില്‍ പ്രതീക്ഷ അര്‍പ്പിച്ചായിരുന്നു ആ പിന്‍വാങ്ങല്‍ .

ഇ പത്മനാഭന്‍ പറഞ്ഞു "ഇതൊരു പരാജയപ്പെട്ട സമരമല്ല. നിങ്ങള്‍ പരാജിതരുമല്ല. മുറിവേറ്റ സിംഹക്കുട്ടികളാണ്. തല ഉയര്‍ത്തിപ്പിടിച്ച് ഓഫീസുകളിലേക്ക് കടന്നുചെല്ലുക".
29 കൊല്ലത്തിനു ശേഷം 2002 മാര്‍ച്ചില്‍ വീണ്ടുമൊരു സമരവേനല്‍ . മുഖ്യമന്ത്രി പദത്തില്‍ എ കെ ആന്റണി. 1973നെ അപേക്ഷിച്ച് ജീവനക്കാരുടെ സമ്പൂര്‍ണ പങ്കാളിത്തം. ആനുകൂല്യങ്ങളും ക്ഷാമബത്തയും നിഷേധിച്ചതിനെതിരെയായിരുന്നു സമരം. ഇവയില്‍ നിന്ന് കവര്‍ന്നെടുത്ത 500 കോടി രൂപ ഉപയോഗിച്ച് കര്‍ഷകര്‍ക്കും തൊഴിലില്ലാത്ത യുവാക്കള്‍ക്കും പദ്ധതി ആരംഭിക്കുമെന്ന് ആന്റണി. ഫെബ്രുവരി ആറിന് മുഴുവന്‍ സംഘടനകളും പണിമുടക്ക് ആരംഭിച്ചു. അടിച്ചമര്‍ത്തലും ശക്തം. എസ്മ പ്രകാരം 36 വനിതകളടക്കം 533 പേര്‍ ജയിലില്‍ . മര്‍ദനം രൂക്ഷമാവുന്തോറും സമരം ശക്തമായി. ഗത്യന്തരമില്ലാതെ മാര്‍ച്ച് ഒമ്പതിന് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായി. ആനുകൂല്യങ്ങള്‍ തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചു. ജീവനക്കാരുടെ ഐക്യം കാത്തുസൂക്ഷിച്ച് പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിസ്ഥാനം ഒഴിയുംമുമ്പ് ആനുകൂല്യങ്ങളെല്ലാം നല്‍കേണ്ടി വന്നു ആന്റണിക്ക്. അന്നത്തെക്കാള്‍ ഐക്യത്തിലാണ് ഇന്ന് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ . ആനുകൂല്യങ്ങള്‍ കവരാനുള്ള നീക്കങ്ങള്‍ ഈ ഐക്യത്തിന്റെ മതില്‍ക്കെട്ടില്‍ തട്ടിത്തകരുന്നു. സിവില്‍ സര്‍വീസിനെ അഴിമതി വിമുക്തമാക്കാനുള്ള പുരോഗമന സര്‍വീസ് സംഘടനകളുടെ ശ്രമങ്ങളും സജീവം.

*
ടി രാജന്‍ ദേശാഭിമാനി 14 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തുച്ഛമായിരുന്നു എഴുപതുകളില്‍ സംസ്ഥാന ജീവനക്കാരുടെ വേതനം. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കിന് പ്രതിമാസം ലഭിച്ചത് പിഎഫ് വിഹിതം കഴിച്ച് 187.80 രൂപ. നാലാം ക്ലാസ് ജീവനക്കാരന് 155.80 രൂപ. മൂന്നംഗ കുടുംബത്തിന് കഷ്ടിച്ച് കഴിയണമെങ്കില്‍ 270 രൂപ വേണമെന്ന് കാണിച്ച് എന്‍ജിഒ യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നോട്ടീസിറക്കി. താമസിയാതെ ഇത് കേരളമെങ്ങും പ്രചരിച്ചു. മറ്റുമേഖലകളെ അപേക്ഷിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ ഇന്ന് ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകള്‍ ഉണ്ടാവാനിടയാക്കിയ ദീര്‍ഘ സമരങ്ങള്‍ക്കുള്ള തീപ്പൊരിയായിരുന്നു അത്. തങ്ങളെ എക്കാലവും ശത്രുക്കളായി കണ്ട കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ അഹന്തയുടെ കൊമ്പൊടിച്ച ചരിത്രവുമുണ്ട് കേരളത്തിലെ അധ്യാപകരുടെയു ജീവനക്കാരുടെയും പോരാട്ടങ്ങള്‍ക്ക്.