കേന്ദ്ര ബജറ്റിനു മുന്നോടിയായി ധനമന്ത്രി പ്രണബ് മുഖര്‍ജി 2011-12 കാലയളവിലെ സാമ്പത്തിക സര്‍വേ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗത്തെപ്പറ്റി അരുണിമയാര്‍ന്ന ഒരു ചിത്രം വരച്ചുകാട്ടാനായിരുന്നു ധനമന്ത്രിയുടെ ശ്രമം. സര്‍വേ സംബന്ധിച്ച് ഇതിനകം ലഭ്യമായ വിവരങ്ങള്‍ ആത്മവിശ്വാസത്തിനും ആശ്വാസത്തിനും ഇടനല്‍കുന്നവയല്ല. മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തന്റെ നയപ്രഖ്യാപനപ്രസംഗത്തിലും ഇന്നലെ ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക സര്‍വേയിലും വച്ചുപുലര്‍ത്തുന്ന പ്രത്യാശയ്ക്കു വിരുദ്ധമായ ചിത്രമാണ് വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനതോത് സമീപകാലത്തെ ഏറ്റവും താഴ്ന്ന 6.9 ശതമാനം മാത്രമാണ്. അനുകൂല കാലാവസ്ഥയില്‍ കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിച്ചതും സേവനമേഖലയിലെ മികച്ച പ്രകടനവുമാണ് ഇന്നത്തെ നിലയിലെങ്കിലും വളര്‍ച്ചാനിരക്ക് പിടിച്ചുനിര്‍ത്താനായത്. 2011 ഏപ്രില്‍ മുതല്‍ ഡിസംബര്‍വരെയുള്ള ഒമ്പതു മാസക്കാലത്തെ വ്യാവസായിക വളര്‍ച്ച കേവലം 3.6 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷമാകട്ടെ ഇത് 8.3 ശതമാനമെത്തിയിരുന്നു. മൂലധന രൂപീകരണത്തില്‍ നടപ്പുസാമ്പത്തികവര്‍ഷത്തില്‍ നേരിയ പുരോഗതി കൈവരിക്കാനായെങ്കിലും ഏതാനും വര്‍ഷങ്ങളായി ഇതില്‍ കണ്ടുവരുന്ന ക്രമാനുഗതമായ കുറവ് രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
2011-12 കാലയളവില്‍ കാര്‍ഷികമേഖല രണ്ടര ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. മൊത്തം ദേശീയ ഉല്‍പ്പാദനത്തില്‍ കാര്‍ഷികമേഖലയുടെ സംഭാവന 13.9 ശതമാനം മാത്രമാണ്. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ള മനുഷ്യവിഭവശേഷിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വസ്തുതകള്‍ ഭരണാധികാരികളെ ഇരുത്തി ചിന്തിപ്പിക്കാന്‍ മതിയായതാണ്. മനുഷ്യാധ്വാനവും അതിനു ലഭിക്കുന്ന വിലയും തമ്മിലുള്ള നീതിരഹിതവും ഭീമവുമായ അന്തരത്തിലേക്കാണ് സര്‍ക്കാരിന്റെ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ കാര്‍ഷികമേഖലയില്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍ക്ക് ഒന്നാമത്തെ കാരണം അനുകൂല കാലാവസ്ഥയാണ്. ഇക്കാലയളവിലെ ഭക്ഷ്യധാന്യഉല്‍പ്പാദനം 250.42 ദശലക്ഷം ടണ്ണായിരിക്കും. മറ്റൊന്ന് കാര്‍ഷികമേഖലയ്ക്ക് മുന്‍വര്‍ഷങ്ങളില്‍നിന്ന് ഭിന്നമായി വായ്പ ലഭ്യമാക്കുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ കാണിച്ച ശുഷ്‌കാന്തിയാണ്. കാര്‍ഷിക വായ്പ 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 3,75,000 കോടി രൂപ വായ്പ നല്‍കിയ സ്ഥാനത്ത് 4,46,779 കോടി രൂപയാണ് ഇക്കൊല്ലം വിതരണം ചെയ്തത്. എന്നാല്‍ ഈ നേട്ടത്തിന്റെ വെളിച്ചത്തില്‍ കാര്‍ഷിക മേഖലയുടെ യഥാര്‍ഥ ചിത്രം വിസ്മരിക്കരുത്. രാജ്യത്തുടനീളം കര്‍ഷക ആത്മഹത്യകള്‍ നിര്‍ബാധം തുടരുകയാണ്. കാര്‍ഷികമേഖലയെ മെച്ചപ്പെടുത്താനെന്ന പേരില്‍ മള്‍ട്ടി ബ്രാന്റ് റീടെയില്‍ ശൃംഖലകള്‍ വഴി വിദേശനിക്ഷേപം കൊണ്ടുവരുന്നതിനെപ്പറ്റി സാമ്പത്തിക സര്‍വെ സൂചന നല്‍കുന്നു. യു പി എ സര്‍ക്കാര്‍ അതിന്റെ നവഉദാരീകരണ നയങ്ങള്‍ ഉപേക്ഷിക്കാന്‍ ഇനിയും സന്നദ്ധമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
വിദേശ വാണിജ്യരംഗവും അതുവഴി ഇന്ത്യയുടെ അടവുശിഷ്ടവും ഒട്ടും പ്രതീക്ഷാനിര്‍ഭരമായ ചിത്രമല്ല കാഴ്ചവയ്ക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കയറ്റുമതി വളര്‍ച്ച 40.5 ശതമാനമായിരുന്നത് ഡിസംബറില്‍ ഗണ്യമായി കുറഞ്ഞു. ഇറക്കുമതിയാവട്ടെ അതിവേഗം ഉയര്‍ന്നു. ഫലമോ 2011 ഓഗസ്റ്റില്‍ നമുക്കുണ്ടായിരുന്ന 322.2 ബില്യണ്‍ യു എസ് ഡോളറിന്റെ വിദേശനാണ്യ ശേഖരം 2012 ജനുവരി ആകുമ്പോഴേക്കും 292.8 ബില്യനായി ചുരുങ്ങി. മൊത്തവില സൂചിക പ്രകാരം പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുതന്നെ തുടരുന്നു. ഭക്ഷ്യ വിലക്കയറ്റത്തില്‍ കുറവുണ്ടായതായി സാമ്പത്തിക സര്‍വെ അവകാശപ്പെടുന്നു. വിലക്കയറ്റത്തിനു കടിഞ്ഞാണിടാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല അതിനുതകുന്ന യാതൊരു നടപടിക്കും യു പി എ സന്നദ്ധമായിട്ടില്ല. ഭക്ഷ്യസുരക്ഷാ നിയമം പാസാക്കുകയും പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കുകയും വഴി വിലനിയന്ത്രിക്കാനും സാധാരണക്കാര്‍ക്ക് ആശ്വാസം പകരാനും കഴിയും. അതിന് ശക്തമായ ബഹുജനസമ്മര്‍ദ്ദം തന്നെ വേണ്ടിവരും.
കുറഞ്ഞ വളര്‍ച്ചാനിരക്കിലും ഇന്ത്യ ലോകത്തെ അതിവേഗ വളര്‍ച്ചാ പാതയിലുള്ള രാജ്യമായി തുടരുന്നുവെന്നാണ് സാമ്പത്തികസര്‍വേയുടെ അവകാശവാദം. അമേരിക്കയിലേയും യൂറോപ്പിലേയും കടുത്ത സാമ്പത്തിക കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ കണക്കുകളില്‍ ആ അവകാശവാദം ന്യായീകരിക്കപ്പെട്ടേക്കാം. എന്നാല്‍ ഇന്ത്യയിലെ വിശാല ജനവിഭാഗങ്ങളുടെ ജീവിതയാഥാര്‍ഥ്യവും ഈ അവകാശവാദവും പൊരുത്തപ്പെടില്ല എന്നതാണ് വസ്തുത. മുകേഷ് അംബാനിയേയും വിദര്‍ഭയില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകനേയും ഒരേകണ്ണുകൊണ്ടു നോക്കിക്കാണുന്ന മായാജാലമാണ് സാമ്പത്തികസര്‍വേയുടെ കണക്കുകള്‍. ദിനംപ്രതി ഇരുപതുരൂപയില്‍ താഴെമാത്രം വരുമാനം ലഭിക്കുന്ന 77 ശതമാനം ജനങ്ങളേയും സ്വിറ്റ്‌സര്‍ലാന്‍ഡ് അടക്കം നികുതി സ്വര്‍ഗങ്ങളില്‍ നിക്ഷേപം നടത്തുന്ന കള്ളപ്പണക്കാരേയും ഒരേപോലെ വീക്ഷിക്കുന്ന നവഉദാരീകരണ നയങ്ങള്‍ക്കു കരുത്തുപകരുകയാണ് സര്‍വേയുടെ ലക്ഷ്യം. ഇന്ന് അവതരിപ്പിക്കുന്ന ബജറ്റ് ഇന്ത്യയിലെ ജനങ്ങള്‍ക്കായി എന്താണ് കരുതിവച്ചിരിക്കുന്നത് എന്നതിന്റെ സൂചനയാണ് സര്‍വേ നല്‍കുന്നത്.
*
ജനയുഗം മുഖപ്രസംഗം 16 മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment