Sunday, March 11, 2012

കലൈമണി ത്രിവര്‍ണപതാക ഉയര്‍ത്തി; ജാതീയത നടുങ്ങി

പുതുക്കോട്ടൈ: ഉയര്‍ന്ന ജാതിക്കാരുടെ മര്‍ദനത്തെയും ഭീഷണിയെയും തുടര്‍ന്ന് റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ കഴിയാതിരുന്ന ദളിത് പഞ്ചായത്ത് പ്രസിഡന്റ് സാര്‍വദേശീയ മഹിളാ ദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ ഉയര്‍ന്ന ജാതിക്കാരുടെ അതിശക്തമായ വെല്ലുവിളി തട്ടിമാറ്റിയാണ് സിപിഐ എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കരുവാടത്തെരുവ് പഞ്ചായത്ത് പ്രസിഡന്റ് കലൈമണി അണ്ണാദുരൈ ഓഫീസിനു മുന്നില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയത്.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പതാക ഉയര്‍ത്താനെത്തിയ കലൈമണിയെ ഉയര്‍ന്ന ജാതിക്കാര്‍ തടയുകയായിരുന്നു. സിപിഐ എം പിന്തുണയോടെയാണ് ഇവര്‍ പ്രസിഡന്റായത്. അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ട ഇവരെ പതാകയുയര്‍ത്താന്‍ അനുവദിക്കില്ലെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. എതിര്‍പ്പിനെത്തുടര്‍ന്ന് പതാകയുമായി തൊട്ടടുത്തുള്ള പഞ്ചായത്തു വക സ്കൂളിലെത്തിയ കലൈമണിയെ അവിടെയും തടഞ്ഞുവച്ച് ക്രൂരമായി മര്‍ദിച്ചു. പതാക ഉയര്‍ത്തല്‍ തടഞ്ഞതും മര്‍ദിച്ചതും ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല.

ഇതേത്തുടര്‍ന്ന് സിപിഐ എമ്മും തമിഴ്നാട് അയിത്തോച്ചാടന മുന്നണിയും പ്രശ്നം ഏറ്റെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ ചിന്നദുരൈയുടെ നേതൃത്വത്തില്‍ ജില്ലയൊട്ടുക്ക് ദളിത് പീഡനത്തിനെതിരെ വ്യാപക പ്രചാരണം സംഘടിപ്പിച്ചു. ആരെതിര്‍ത്താലും സാര്‍വദേശീയ മഹിളാ ദിനത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കലൈമണിതന്നെ പതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. വ്യാഴാഴ്ച അഞ്ഞൂറോളം സിപിഐ എം പ്രവര്‍ത്തകര്‍ കരുവാടത്തെരുവിലെത്തിയെങ്കിലും പൊലീസ് തടഞ്ഞു. അമ്പതുപേരെ മാത്രമേ പഞ്ചായത്ത് ഓഫീസ് പരിസരത്തേക്ക് കടത്തിവിടൂ എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രധാന നേതാക്കള്‍ക്കൊപ്പമാണ് കലൈമണി പതാക ഉയര്‍ത്തിയത്.

*
ദേശാഭിമാനി ൦൯ മാര്‍ച്ച് ൨൦൧൨

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉയര്‍ന്ന ജാതിക്കാരുടെ മര്‍ദനത്തെയും ഭീഷണിയെയും തുടര്‍ന്ന് റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ കഴിയാതിരുന്ന ദളിത് പഞ്ചായത്ത് പ്രസിഡന്റ് സാര്‍വദേശീയ മഹിളാ ദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ ഉയര്‍ന്ന ജാതിക്കാരുടെ അതിശക്തമായ വെല്ലുവിളി തട്ടിമാറ്റിയാണ് സിപിഐ എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കരുവാടത്തെരുവ് പഞ്ചായത്ത് പ്രസിഡന്റ് കലൈമണി അണ്ണാദുരൈ ഓഫീസിനു മുന്നില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയത്.