Tuesday, March 13, 2012

പിറവം തെരഞ്ഞെടുപ്പിന്റെ നാനാര്‍ഥങ്ങള്‍

പിറവം തെരഞ്ഞെടുപ്പ് ഒമ്പതുമാസത്തെ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞിരിക്കുന്നു. അനൂപ് ജേക്കബ് തോറ്റാല്‍ നിയമസഭയില്‍ ഭൂരിപക്ഷമുണ്ടെങ്കില്‍പ്പോലും ഭരണത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടിക്ക് ധാര്‍മികമായി അര്‍ഹതയില്ലെന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗം ഷിബു ബേബിജോണ്‍ പറയുന്നു. കോണ്‍ഗ്രസ് വോട്ടുചെയ്താല്‍ പതിനായിരം വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുമെന്ന് ചീഫ് വിപ്പ് പറയുന്നു. കോണ്‍ഗ്രസിന്റെ സത്യസന്ധതയും ആത്മാര്‍ഥതയും ഇത്ര നഗ്നമായി ചോദ്യംചെയ്തിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചതായി കാണുന്നില്ല. വാലില്ലാത്ത പശുവിനെ "പോന്ത" കടിച്ചാല്‍ പ്രതികരിക്കാന്‍ വയ്യല്ലോ. യുഡിഎഫ് നേതൃനിരയിലെ മൂന്ന് പ്രമുഖരും പറയുന്നത് പിറവത്തെ ജയത്തെപ്പറ്റിയല്ല, തോല്‍വിയെപ്പറ്റിയാണ്. അതുകൊണ്ടുതന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ മനസ്സിലെ അങ്കലാപ്പ് ദിവസംപ്രതി കൂടാന്‍ കാരണം. എന്നാലും, എങ്കിലും ചേര്‍ത്തുമാത്രമേ അവര്‍ക്ക് പറയാന്‍ കഴിയുന്നുള്ളൂ. അത്ര പിടിപ്പുകെട്ട ഭരണമാണ് ഒമ്പതുമാസം ഉമ്മന്‍ചാണ്ടി മന്ത്രിസഭ കേരളീയര്‍ക്ക് കാഴ്ചവച്ചത്.

ഉമ്മന്‍ചാണ്ടിഭരണത്തെ വിലയിരുത്തിയാല്‍ വട്ടപ്പൂജ്യമാണ് നല്‍കാനുള്ളത്. ക്ഷേമപെന്‍ഷനുകളെല്ലാം അട്ടിമറിച്ചു. ആറുമാസമായി കര്‍ഷകതൊഴിലാളി പെന്‍ഷന്‍ നല്‍കിയിട്ടില്ല. ഈ അനുഭവം 2001ലെ യുഡിഎഫ് ഭരണവുമായി സമ്മതിദായകര്‍ തുലനംചെയ്യുന്നു. അന്ന് പെന്‍ഷന്‍തുക 120 രൂപയില്‍നിന്ന് അഞ്ചുവര്‍ഷത്തിനകം ഒരു രൂപപോലും വര്‍ധിപ്പിച്ചില്ല. 28 മാസം പെന്‍ഷന്‍ നല്‍കാതെ കുടിശ്ശിക വരുത്തി. 2006ല്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് ക്ഷേമപെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് നല്‍കിയതും 400 രൂപയായി വര്‍ധിപ്പിച്ചതും. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ചു. എല്‍ഡിഎഫ് വന്നശേഷമാണ് 113 കോടി രൂപ ക്ഷേമനിധിയിലേക്ക് നല്‍കി പദ്ധതിക്ക് ജീവന്‍ നല്‍കിയത്. നവജാതശിശുക്കളുടെ പേരില്‍ പതിനായിരം രൂപ നിക്ഷേപിച്ച് പ്രായപൂര്‍ത്തിയാകുമ്പോള്‍ പലിശസഹിതം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയും അട്ടിമറിച്ചു. 20 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ നഷ്ടത്തിലാക്കി. എല്‍ഡിഎഫ് ഭരണത്തില്‍ പൊതുമേഖലയിലെ 32 സ്ഥാപനങ്ങള്‍ ലാഭത്തിലായിരുന്നു. ഈ തുക ഉപയോഗിച്ച് 10 പുതിയ പൊതുമേഖലാ വ്യവസായങ്ങള്‍ ആരംഭിച്ചു.

യുഡിഎഫ് വന്നശേഷം വൈദ്യുതിചാര്‍ജ് കൂട്ടി. പവര്‍കട്ടും ലോഡ്ഷെഡിങ്ങും നടപ്പാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. വൈദ്യുതി കണക്ഷന്‍ സൗജന്യങ്ങള്‍ എടുത്തുകളഞ്ഞു. സര്‍വകലാശാലകള്‍ ജനാധിപത്യവിരുദ്ധമായി കൈയടക്കി. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ പിരിച്ചുവിട്ട് സഹകരണസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥഭരണം അടിച്ചേല്‍പ്പിച്ചു. സ്ഥലംമാറ്റത്തിന്റെ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് അഴിമതിക്ക് സൗകര്യമുണ്ടാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭദ്രമാണെന്ന് കോടതിയില്‍ മൊഴിനല്‍കി. പോരാത്തതിന്, ഇടുക്കിജില്ല തമിഴ്നാട്ടില്‍ ലയിപ്പിക്കണമെന്ന് അവിടെയുള്ള കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ട് കേരളീയരെ ഒന്നടങ്കം അപമാനിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രശ്നം കൈകാര്യംചെയ്യുന്നതിലാണ് ഉമ്മന്‍ചാണ്ടിഭരണത്തിന്റെ പിടിപ്പുകേട് പൂര്‍ണമായും പ്രതിഫലിച്ചത്. നദീജലസംയോജനം മധ്യതിരുവിതാംകൂറിലെ ജനങ്ങളുടെ കുടിവെള്ളംപോലും ഇല്ലാതാക്കുമെന്നറിഞ്ഞിട്ടും ഈ തീരുമാനം കേരളത്തിന് ബാധകമല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും കേരളീയരെ വഞ്ചിച്ചു.

ഈ സാഹചര്യത്തിലാണ് പിറവത്തെ പരാജയത്തില്‍നിന്ന് തലയൂരാന്‍ ഉമ്മന്‍ചാണ്ടി ഉറക്കമിളച്ച് ശ്രമിക്കുന്നത്. നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജിനെ രാജിവയ്പിച്ചു. രാജിയുടെ പിറകിലെ നാടകത്തിന്റെ രഹസ്യമാകെ പുറത്തുവന്നുകഴിഞ്ഞു. പിറവത്തെ പരാജയഭീതിയാണ് രാജിയുടെ സമയം നിശ്ചയിക്കാനിടവരുത്തിയതെന്നത് പകല്‍പോലെ വ്യക്തമാണ്. പിറവത്തെ സമ്മതിദായകര്‍ക്ക് ഇക്കാര്യത്തില്‍ സംശയമൊന്നുമില്ല.

ഇതെഴുതുന്നയാള്‍ ഒമ്പതാം തീയതി പിറവത്തുണ്ടായിരുന്നു. സെല്‍വരാജിന്റെ രാജിവാര്‍ത്ത ടിവി ചാനലുകള്‍ തുടര്‍ച്ചയായി ചര്‍ച്ചചെയ്ത് ആഘോഷിക്കുന്ന വേളയിലാണ് ഞാന്‍ സമ്മതിദായകരില്‍ ചിലരെക്കണ്ടത്. അവര്‍ ഒരു സംശയവുമില്ലാതെയാണ് പ്രതികരിച്ചത്. വിഭാഗീയതയാണ് സെല്‍വരാജിനെ മനംമടുപ്പിച്ചതെന്ന പ്രസ്താവന പരിഹാസ്യമായാണ് ജനങ്ങള്‍ കണ്ടത്. മാര്‍ച്ച് എട്ടിനാണോ വിഭാഗീയത സെല്‍വരാജിന് അനുഭവപ്പെട്ടത്. അതിനുമുമ്പ് മനംമടുപ്പിച്ചെങ്കില്‍ എന്തിനാണ് തെരഞ്ഞെടുപ്പില്‍ പാര്‍ടിചിഹ്നത്തില്‍ മത്സരിച്ചത്. എന്തിനാണ് പാര്‍ടി ജില്ലാകമ്മിറ്റിയില്‍ വീണ്ടും അംഗമായത്. ജില്ലാകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടശേഷമാണോ വിഭാഗീയതയുണ്ടെന്ന് സെല്‍വരാജ് കണ്ടുപിടിച്ചത്? കളങ്കമില്ലായിരുന്നെങ്കില്‍ രാജി ഒരു മാസം മുമ്പാകാമായിരുന്നില്ലേ? രാജിയുടെ പിറകില്‍ വലിയതോതില്‍ പണം കൈമാറ്റം നടന്നിട്ടുണ്ടെന്ന് പിറവത്തെ സമ്മതിദായകര്‍ വിശ്വസിക്കുന്നു. അവരില്‍നിന്ന് സ്വയം ഉയര്‍ന്നുവന്ന ചോദ്യങ്ങളാണ് മേലുദ്ധരിച്ചത്.

സെല്‍വരാജ് സാമാന്യം നീണ്ട ഒരു പ്രസ്താവന തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയതായി കാണുന്നു. മാതൃഭൂമിയും മനോരമയും അത് വലിയ പ്രാധാന്യത്തോടെ നല്‍കി. സെല്‍വരാജിന്റെ മനസ്സിന്റെ പതറിച്ചയും ചാഞ്ചാട്ടവും കാപട്യവും പ്രത്യക്ഷമായി പ്രതിഫലിപ്പിക്കുന്നതാണ് പ്രസ്താവന. താന്‍ ഔദ്യോഗിക പക്ഷക്കാരനായിരുന്നു എന്നു പറയുന്നു. പാര്‍ടിക്കകത്ത് ഔദ്യോഗികവും അനൗദ്യോഗികവുമായി പക്ഷമില്ല. പിണറായി വിജയന്‍ പാര്‍ടി സംസ്ഥാനസമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്ത സെക്രട്ടറിയാണ് എന്ന ബോധ്യമെങ്കിലും നാലുപതിറ്റാണ്ടിന്റെ പാര്‍ടിപ്രവര്‍ത്തന പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്ന സെല്‍വരാജിന് ഇല്ലാതെപോയോ? അടുത്ത വാചകത്തില്‍ സെല്‍വരാജ് "കണ്ണൂര്‍ലോബി"യെ അധിക്ഷേപിക്കുന്നു. എറണാകുളം ജില്ലാസെക്രട്ടറിയായി എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത് സെല്‍വരാജിന് രുചിക്കുന്നില്ല. പിറവം തെരഞ്ഞെടുപ്പിന്റെ ചുമതല കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനാണെന്നത് സഹിക്കാന്‍ കഴിയുന്നില്ല. എന്തുകൊണ്ട് ശര്‍മയോ എറണാകുളത്ത് ജനിച്ച മറ്റാരെങ്കിലുമോ ചുമതലക്കാരായില്ല എന്നതാണ് ചോദ്യം.

ഇത്തരത്തില്‍ സങ്കുചിതവികാരം കുത്തിയിളക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് വിഭാഗീയത വളര്‍ത്തി പിറവത്ത് മുതലെടുക്കാന്‍ കഴിയുമെന്ന വ്യാമോഹംമൂലമാണ്. നേതാക്കളെ ജനിച്ച പ്രദേശം നോക്കി അളന്നുതൂക്കുന്ന ഏര്‍പ്പാട് സിപിഐ എമ്മിലില്ല; ഉണ്ടാവുകയുമില്ല. സെല്‍വരാജിന്റെ മനസ്സില്‍ തളംകെട്ടിനിര്‍ത്തിയ വിഷമാണ് മറനീക്കി പുറത്തേക്കൊഴുകുന്നത്. തിരുവനന്തപുരം ജില്ലാ നേതൃത്വത്തെ പുച്ഛത്തോടെയാണ് സെല്‍വരാജ് കാണുന്നത്. എന്തേ പാര്‍ടിക്കകത്തുള്ളപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇനി യുഡിഎഫ് ആഗ്രഹിക്കുന്നതും ആജ്ഞാപിക്കുന്നതും ചെയ്യുകയേ സെല്‍വരാജിന് ഗതിയുള്ളൂ. സിപിഐ എമ്മിനെ ആക്ഷേപിക്കുന്ന പ്രസ്താവനയും ലേഖനവുമെല്ലാം യുഡിഎഫ് പിറവത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ അജന്‍ഡയാണെന്നു കാണാന്‍ വിഷമമില്ല. തന്റെ രാജിക്ക് പിറവം തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് പറയുകയും പിറവത്തേക്ക് യുഡിഎഫിനായി കത്തി രാകിക്കൊടുക്കുകയുംചെയ്യുന്ന സെല്‍വരാജ് ഓരോ ദിവസവും സ്ഥിരതയില്ലാതെ ഓരോന്ന് പറയുകയാണ്. ഈ വിഷം മനസ്സില്‍ കുത്തിനിറച്ച് എന്തിന് ഇതേവരെ ജില്ലാകമ്മിറ്റിയില്‍ തുടര്‍ന്നു. രാജിയുടെ സൂത്രധാരന്മാര്‍ ആരൊക്കെയെന്ന് വ്യക്തമായിക്കഴിഞ്ഞു. ഈ രാജി ഉമ്മന്‍ചാണ്ടിയെ തിരിഞ്ഞുകുത്തുമെന്ന് വൈകാതെ തിരിച്ചറിയാന്‍ കഴിയും. സങ്കുചിതവും ഹീനവുമായ വികാരം കുത്തിയിളക്കാനുള്ള സെല്‍വരാജിന്റെ ശ്രമവും ഫലിക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ അത്ര വിഡ്ഢികളാണെന്ന് കരുതുന്നവര്‍ നിരാശരാകും. പിറവം തെരഞ്ഞെടുപ്പുഫലം കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂ ആയി മാറാന്‍ പോവുകയാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന പശ്ചാത്തലവും ഉമ്മന്‍ചാണ്ടിയുടെ ഉറക്കംകെടുത്തും. 403 അംഗങ്ങളുള്ള, യുപി നിയമസഭയില്‍ അജിത്സിങ്ങിന്റെ പാര്‍ടിയുമായി മുന്നണിയുണ്ടാക്കിയിട്ടും കോണ്‍ഗ്രസിന് 28 സീറ്റാണ് കിട്ടിയത്. യുവരാജാവായി വാഴിക്കാന്‍ കാത്തുവച്ച രാഹുല്‍ഗാന്ധിയും പ്രിയങ്കയും അവിടെ കഴിയാവുന്നതൊക്കെ ചെയ്തിരുന്നു. ഫലമെന്തെന്ന് വ്യക്തമായിക്കഴിഞ്ഞു. രാഹുല്‍ പരാജയം സ്വയം ഏറ്റെടുത്തു. പഞ്ചാബിലും ഗോവയിലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. പരാജയത്തില്‍നിന്ന് ഒരു പാഠവും പഠിച്ചില്ല. വിലക്കയറ്റമാണ് പരാജയകാരണമെന്ന് സോണിയ പറയുന്നു. എന്നിട്ടും ചരക്കുകൂലി 20 ശതമാനം വര്‍ധിപ്പിച്ചു. യാത്രക്കൂലി വര്‍ധിപ്പിക്കാന്‍ പോകുന്നു. പെട്രോള്‍ ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. എല്ലാ ഭാരവും ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്ന നയം തുടരുകയാണ്. പിറവം തെരഞ്ഞെടുപ്പിന് ഈ പശ്ചാത്തലംകൂടിയുണ്ടെന്നോര്‍ക്കണം. സമ്മതിദായകരോട് വോട്ട് ചോദിക്കാനുള്ള അര്‍ഹതപോലും യുഡിഎഫിന് നഷ്ടപ്പെട്ടു എന്നതാണ് സത്യം.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 13 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പിറവം തെരഞ്ഞെടുപ്പ് ഒമ്പതുമാസത്തെ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞിരിക്കുന്നു. അനൂപ് ജേക്കബ് തോറ്റാല്‍ നിയമസഭയില്‍ ഭൂരിപക്ഷമുണ്ടെങ്കില്‍പ്പോലും ഭരണത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടിക്ക് ധാര്‍മികമായി അര്‍ഹതയില്ലെന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗം ഷിബു ബേബിജോണ്‍ പറയുന്നു. കോണ്‍ഗ്രസ് വോട്ടുചെയ്താല്‍ പതിനായിരം വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുമെന്ന് ചീഫ് വിപ്പ് പറയുന്നു. കോണ്‍ഗ്രസിന്റെ സത്യസന്ധതയും ആത്മാര്‍ഥതയും ഇത്ര നഗ്നമായി ചോദ്യംചെയ്തിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചതായി കാണുന്നില്ല. വാലില്ലാത്ത പശുവിനെ "പോന്ത" കടിച്ചാല്‍ പ്രതികരിക്കാന്‍ വയ്യല്ലോ. യുഡിഎഫ് നേതൃനിരയിലെ മൂന്ന് പ്രമുഖരും പറയുന്നത് പിറവത്തെ ജയത്തെപ്പറ്റിയല്ല, തോല്‍വിയെപ്പറ്റിയാണ്. അതുകൊണ്ടുതന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ മനസ്സിലെ അങ്കലാപ്പ് ദിവസംപ്രതി കൂടാന്‍ കാരണം. എന്നാലും, എങ്കിലും ചേര്‍ത്തുമാത്രമേ അവര്‍ക്ക് പറയാന്‍ കഴിയുന്നുള്ളൂ. അത്ര പിടിപ്പുകെട്ട ഭരണമാണ് ഒമ്പതുമാസം ഉമ്മന്‍ചാണ്ടി മന്ത്രിസഭ കേരളീയര്‍ക്ക് കാഴ്ചവച്ചത്.