1950 ഏപ്രില്‍ . കോഴിക്കോട് മുതലക്കുളത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പൊതുയോഗം തുടങ്ങാന്‍ പോകുന്നു. നടുക്കണ്ടി മുഹമ്മദ് കോയയുടെ അനൗണ്‍സ്മെന്റ്:
"സഖാക്കളേ, യോഗം ആരംഭിക്കും മുമ്പ് അനുഗൃഹീത ഗായകന്‍ കോഴിക്കോട് അബ്ദുള്‍ഖാദര്‍ വിപ്ലവഗാനം പാടും. തുടര്‍ന്ന് ഇ എം എസും എ കെ ജിയും പ്രസംഗിക്കും. ശേഷം വീണ്ടും ഖാദര്‍ക്ക പാട്ട് തുടരും. സഖാവ് പി എം കാസിം എഴുതി ബാബുരാജ് ട്യൂണ്‍ ചെയ്ത ഗാനങ്ങളും പാടും".
അക്കാലത്തെ പൊതുയോഗവേദികളില്‍ പതിവായിരുന്നു ഇത്.
കൊയിലാണ്ടിയില്‍ ചേര്‍ന്ന ജില്ലാ സമ്മേളന പൊതുയോഗത്തെക്കുറിച്ച് പ്രമുഖ സാഹിത്യകാരന്‍ യു എ ഖാദര്‍ ഓര്‍ക്കുന്നു: "പാന്റ്സും കോട്ടും ധരിച്ച പൊക്കംകൂടിയയാള്‍ പാട്ടുപാടി. ജനാവലി താളംപിടിച്ച് പാടിയിളകുന്നു. പിറകില്‍ ഹാര്‍മോണിയത്തിന്റെ കട്ടയില്‍ വിരല്‍പായിച്ച് മാന്ത്രികസ്വരധാര പടര്‍ത്തുന്ന ചുരുളന്‍മുടിക്കാരന്‍ .....സംഗീതത്തിലൂടെ വിപ്ലവധാര പടര്‍ത്തിയ രണ്ടു യുവ ഗായകര്‍ . സംഗീതംപൊഴിക്കുന്ന കാലത്തിന്റെ പിറവിക്കായി പാടിയവര്‍ - എം എസ് ബാബുരാജും അബ്ദുള്‍ഖാദറും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വേദികളില്‍ പുതിയകാലത്തിന്റെ പാട്ടുകള്‍ പാടി പദംപദംമുന്നേറാന്‍ സംഗീതത്തിലൂടെ ഉശിരും ഉണര്‍വുമേകിയവര്‍ ....എം എസ് ബാബുരാജിനും കോഴിക്കോട് അബ്ദുള്‍ഖാദറിനും അങ്ങനെയൊരു അരങ്ങുണ്ടായിരുന്നു. മലയാളി എന്നും "പാടാനോര്‍ക്കുന്ന മധുരിതഗാന"ങ്ങളിലൂടെ അനശ്വരതയിലേക്കുയര്‍ന്ന ഇവരുടെ സര്‍ഗജീവിതത്തോട് പാര്‍ടി കടപ്പെട്ടിരിക്കുന്നു. ഇവര്‍ മാത്രമല്ല, മച്ചാട്ട് കൃഷ്ണന്‍ , മച്ചാട്ട് വാസന്തി, ശാന്താ പി നായര്‍ , പി കെ മേദിനി.... ഒരുപാട് വേദികളില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കായി പാടിയവര്‍ ഏറെ.
ആത്മാവുകൊണ്ടു പാടിയ വിഷാദത്തിന്റെ ഗാനമാലികയാണ് മലയാളിക്ക് കോഴിക്കോട് അബ്ദുള്‍ഖാദര്‍ . "എങ്ങനെ നീ മറക്കും കുയിലേ" എന്ന ഗാനത്തിലൂടെ മലയാളത്തിന്റെ സൈഗാളായി വളര്‍ന്നു അബ്ദുള്‍ഖാദര്‍ . കണ്ണൂരിലും തലശേരിയിലും കോഴിക്കോട്ടും മട്ടാഞ്ചേരിയിലുമെല്ലാം പാര്‍ടിയോഗങ്ങളില്‍ പാടിനടന്നു കേരളത്തിന്റെ ഈ "പോള്‍ റോബ്സണ്‍". തീരാത്ത അധ്വാനത്തില്‍ ശ്വാസംമുട്ടിയ ജനതയെ പാട്ടിലൂടെ ബാബുരാജും അബ്ദുള്‍ഖാദറും സമരോത്സുകരാക്കി. കൊല്‍ക്കത്തയില്‍നിന്നെത്തിയ ജാന്‍ മുഹമ്മദിന്റെ മകന്‍ സബീര്‍ ബാബുവാണ് പിന്നീട് മലയാളിയുടെ സംഗീതഭാവുകത്വത്തെ മാറ്റിമറിച്ച ബാബുരാജായി മാറിയത്. ജെ എസ് ലസ്ലി ആന്‍ഡ്രൂസ്-മാനിനി ദമ്പതികളുടെ മകനാണ് അബ്ദുള്‍ ഖാദര്‍ . "പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ" എന്ന പാട്ടിലൂടെ അബ്ദുള്‍ഖാദര്‍ മലയാളമനസ്സിനെ മധുരിപ്പിച്ചത് അമ്പതുകളിലായിരുന്നു. 1950-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പ് പ്രചാരണം ഇവര്‍ പാടി നയിച്ചു. "പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ച് കരയുന്ന"വര്‍ക്ക് പാട്ടിലുടെ പുതിയ സ്വപ്നങ്ങള്‍ നല്‍കി. ആത്മീയ കാപട്യത്തെ വിമര്‍ശിച്ച് അരങ്ങിലും വെള്ളിത്തിരയിലുമെത്തിയ "കണ്ടംബെച്ച കോട്ടി"ലും ചെറുകാടിന്റെ നമ്മളൊന്നിലുമടക്കം ബാബുരാജും അബ്ദുള്‍ഖാദറും അനശശ്വരമുദ്ര ചാര്‍ത്തിയ പാട്ടുകള്‍ ഇന്നും പഴയതലമുറയുടെ ചുണ്ടുകളിലുണ്ട്. "പൊട്ടിക്കു പാശം സമരാവേശമേ കൊളുത്തു വീരയുവാവേ നീ" എന്ന ഗാനവുമായി പടനയിക്കാന്‍ ആഹ്വാനമരുളിയ ഈ ഗായകര്‍ സമത പൂക്കുന്ന ലോകത്തെ പാട്ടിലൂടെ വിരിയിച്ചു.
ബാബുരാജും അബ്ദുള്‍ഖാദറും പെരുമ്പാവൂരില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ പ്രചാരണത്തിന് പാടിനടന്നത് ജി ദേവരാജന്‍ പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്. കലാസമിതി പ്രസ്ഥാനം മലബാറില്‍ ചുവടുറപ്പിച്ചപ്പോള്‍ അതിന്റെ അരങ്ങിലും അണിയറയിലും പടപ്പാട്ടുകാരായും ഇവരുണ്ടായിരുന്നു. നാടോടിസംഗീതത്തിന്റെ മുഗ്ധഭാവവും ഗ്രാമീണതയുടെ ലാളിത്യവുമായി സിനിമയിലും നാടകത്തിലുമെന്നല്ല, മലയാളിയുടെ അനുഭൂതി മണ്ഡലത്തിലാകെ കണ്ണീരും സ്വപ്നങ്ങളും പെയ്യിച്ച പാട്ടുകാരാണ് അബ്ദുള്‍ഖാദറും ബാബുരാജും. മനുഷ്യാത്മാവിന്റെ ഏകാന്തനിലവിളികള്‍ക്ക് വിഷാദത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും സ്വപ്നത്തിന്റെ ഈണവും സ്വരവും പകര്‍ന്ന് വികാരനിര്‍ഭരമായി ആവിഷ്കരിച്ച ഗായകര്‍ മാത്രമല്ല വിപ്ലവപ്രസ്ഥാനത്തിന്റെ പദചലനത്തിന് പ്രതിബദ്ധതയുടെ രാഗംപകര്‍ന്ന സംഗീതകാരന്മാര്‍കൂടിയാണ് ബാബുരാജും അബ്ദുള്‍ഖാദറുമെന്നത് "എങ്ങനെ നാം മറക്കും".
*
പി വി ജീജോ ദേശാഭിമാനി 13 മാര്‍ച്ച് 2012
Wednesday, March 14, 2012
എങ്ങനെ മറക്കും, ഉള്ളുണര്‍ത്തിയ ഈണങ്ങള്‍
Subscribe to:
Post Comments (Atom)
1 comment:
1950 ഏപ്രില്‍ . കോഴിക്കോട് മുതലക്കുളത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പൊതുയോഗം തുടങ്ങാന്‍ പോകുന്നു. നടുക്കണ്ടി മുഹമ്മദ് കോയയുടെ അനൗണ്‍സ്മെന്റ്:
"സഖാക്കളേ, യോഗം ആരംഭിക്കും മുമ്പ് അനുഗൃഹീത ഗായകന്‍ കോഴിക്കോട് അബ്ദുള്‍ഖാദര്‍ വിപ്ലവഗാനം പാടും. തുടര്‍ന്ന് ഇ എം എസും എ കെ ജിയും പ്രസംഗിക്കും. ശേഷം വീണ്ടും ഖാദര്‍ക്ക പാട്ട് തുടരും. സഖാവ് പി എം കാസിം എഴുതി ബാബുരാജ് ട്യൂണ്‍ ചെയ്ത ഗാനങ്ങളും പാടും".
അക്കാലത്തെ പൊതുയോഗവേദികളില്‍ പതിവായിരുന്നു ഇത്.
Post a Comment