Sunday, March 25, 2012

ജനദ്രോഹത്തിന്റെ ഹൈവേയിലേക്ക്

സംസ്ഥാന സമ്പദ്വ്യവസ്ഥയെ ആഗോള സമ്പദ്വ്യവസ്ഥയുമായി സമന്വയിപ്പിച്ച് വികസനത്തിന്റെ ഹൈവേയിലേക്ക് കേരളത്തെ നയിക്കുകയെന്നതാണ് ലക്ഷ്യമെന്ന് കെ എം മാണി ബജറ്റിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. യുഡിഎഫിന്റെ അഖിലേന്ത്യാ രൂപമായ രണ്ടാം യുപിഎയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനുവേണ്ടി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റും ഹൈവേയിലേക്കുതന്നെയാണ് നയിക്കുന്നത്; ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ, നവലിബറല്‍ നയങ്ങളുടെ ഹൈവേയിലേക്ക്. 45,940 കോടി രൂപയുടെ സേവനനികുതി വര്‍ധന, എക്സൈസ് നികുതി വര്‍ധന എന്നിവയിലൂടെ അതിരൂക്ഷമായ വിലക്കയറ്റത്തിലേക്ക് രാജ്യത്തെ തള്ളിനീക്കുക- അതായത് വിലക്കയറ്റത്തിന്റെ ഹൈവേയിലേക്ക് നയിക്കുകയാണ് പ്രണബ് മുഖര്‍ജി ചെയ്തത് എന്നര്‍ഥം. റെയില്‍വേയുടെ ചരക്ക് കടത്തുകൂലിയും യാത്രനിരക്കും വര്‍ധിപ്പിച്ചുകൊണ്ട് ചെയ്തതും ജീവിതദുരിതത്തിന്റെ ഹൈവേയിലേക്ക് നയിക്കുകതന്നെ. യുപിഎ സര്‍ക്കാര്‍ ചെയ്യുന്നതുപോലെ ചെയ്യുക, അതാണ് യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം.

കേരളത്തിലെ ബജറ്റുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അധികനികുതിഭാരം അടിച്ചേല്‍പ്പിച്ചാണ് ആഗോള സമ്പദ്വ്യവസ്ഥയുമായി സമന്വയിപ്പിച്ച വികസന ഹൈവേയിലേക്ക് മാണി കേരളത്തെ നയിക്കുന്നത്. വാറ്റ് നാലില്‍നിന്ന് അഞ്ച് ശതമാനമായും പന്ത്രണ്ടരയില്‍നിന്ന് 13 ശതമാനമായും വര്‍ധിപ്പിച്ചുമാത്രം 1200 കോടി രൂപയാണ് പിരിച്ചെടുക്കുന്നത്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാക്കും. മാത്രമല്ല, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും വിപണി ഇടപെടലിനും പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനും പര്യാപ്തമായ നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ലതാനും. ഭൂനികുതി ഒറ്റയടിക്ക് ഇരട്ടിയാക്കിയിരിക്കുന്നു. സ്റ്റാമ്പ് ഡ്യൂട്ടികള്‍ യുക്തിസഹമായി പരിഷ്കരിക്കുമെന്ന ഭീഷണിയും മാണിയുടെ ബജറ്റിലുണ്ട്. കാര്‍ഷികമേഖല പുനരുദ്ധരിക്കാന്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിക്കുന്ന ബജറ്റാകും താന്‍ അവതരിപ്പിക്കുകയെന്ന് മാണി നേരത്തെ അവകാശപ്പെടുകയുണ്ടായി. അത് പാഴ്വാക്കായി. ഇടതു സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുകയും കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലായ്മ ചെയ്യുകയും ചെയ്തതാണ്. ഈ സര്‍ക്കാര്‍ വന്ന് ആറു മാസം കഴിഞ്ഞപ്പോഴേക്കും കര്‍ഷക ആത്മഹത്യ നിത്യസംഭവമായി. കടക്കെണിയില്‍നിന്ന് കര്‍ഷകരെ മോചിപ്പിക്കാനും അവര്‍ക്ക് സഹായം നല്‍കാനും ബജറ്റില്‍ മൂര്‍ത്തമായ നിര്‍ദേശങ്ങളൊന്നുമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതും ഇനിയും നടപ്പാക്കിയിട്ടില്ലാത്തതുമായ വിള ഇന്‍ഷുറന്‍സിനെപ്പറ്റി മൗനം പാലിക്കുന്നു. കേരളത്തിലെ കാര്‍ഷികമേഖലയെ രക്ഷിക്കാന്‍ ഗ്രീന്‍ഹൗസ് കൃഷിസമ്പ്രദായം നടപ്പാക്കുമെന്നാണ് മാണിയുടെ പ്രഖ്യാപനം. ഇസ്രയേലിയന്‍ മാതൃക പിന്തുടരാനാണത്രേ കൃത്രിമമാര്‍ഗത്തില്‍ ഉല്‍പ്പാദന വര്‍ധന ലക്ഷ്യമിട്ട് ഈ സമ്പ്രദായം കൊണ്ടുവരുന്നത്. ഏതെങ്കിലും പഠനം നടത്തിയിട്ടാണോ, പ്രായോഗികമാണെന്നു ബോധ്യപ്പെട്ടിട്ടാണോ ഗ്രീന്‍ഹൗസ് സമ്പ്രദായത്തെക്കുറിച്ച് വാചാലമാകുന്നതെന്നു വ്യക്തമല്ല.

കാര്‍ഷികമേഖലയില്‍ കോര്‍പറേറ്റുകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കുക, കരാര്‍കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ ഇതിന്റെ പിന്നിലുണ്ട്. കൃഷി നഷ്ടമായതിനാല്‍ പ്രയാസപ്പെടുന്ന ചെറുകിട കൃഷിക്കാര്‍ തങ്ങളുടെ കൃഷിസ്ഥലം വന്‍കിടക്കാര്‍ക്ക് വാടകയ്ക്ക് നല്‍കണമെന്നും അങ്ങനെ വന്‍കിടക്കാര്‍ കൃഷിചെയ്യുമെന്നും അവിടെ ചെറുകിട കൃഷിക്കാരന് പണിയെടുത്ത് ജീവിക്കാമെന്നും യുപിഎ സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. അതായത്, കാര്‍ഷികമേഖലയില്‍ പുത്തന്‍ ഫ്യൂഡലിസം അടിച്ചേല്‍പ്പിക്കുക എന്ന നവലിബറല്‍ നയം. അതിനനുസൃതമായ നയസമീപനം മാണിയും സ്വീകരിക്കുന്നതിന്റെ സൂചന ഈ ബജറ്റിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ തോട്ടങ്ങളുടെ അഞ്ചു ശതമാനം ഭൂമി റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ അനുവദിക്കുകയും കശുമാവ് തോട്ടങ്ങളെക്കൂടി ഭൂപരിധി നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്ത ഭാവനാശാലിയാണല്ലോ ധനമന്ത്രി മാണി. സ്ഥാനത്തും അസ്ഥാനത്തും പിപിപിയെക്കുറിച്ച്, സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് മാണി വാചാലനാകുന്നുണ്ട്. ഇതേ ധനമന്ത്രി സമര്‍പ്പിച്ച കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സ്ഥിതിവിവര കണക്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കൈവരിച്ച വമ്പിച്ച നേട്ടത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. 12 പൊതുമേഖലാ സ്ഥാപനങ്ങള്‍മാത്രം ലാഭത്തിലുണ്ടായിരുന്നിടത്ത് 29 സ്ഥാപനം ലാഭത്തിലായി എന്ന് ആ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ പൊതുമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതിന് ബജറ്റില്‍ ശ്രമിക്കേണ്ടതായിരുന്നു. എന്നാല്‍ , പൊതുമേഖലാ വ്യവസായങ്ങളെയും പരമ്പരാഗതമേഖലയെയും പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തത്. കഴിഞ്ഞ സര്‍ക്കാര്‍ പൊതുമേഖലയില്‍ പുതുതായി ആരംഭിക്കാന്‍ തുടക്കമിട്ട ഒമ്പത് സ്ഥാപനത്തെക്കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചതേയില്ല. പകരം ബസ് ഷെല്‍ട്ടറും കുടിവെള്ള വിതരണവും പൊതുമൂത്രപ്പുരകളുമെല്ലാം പിപിപി മോഡലില്‍ , അതായത് മുക്കാല്‍ഭാഗം സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1980ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലാളി ക്ഷേമപെന്‍ഷനുകള്‍ക്ക് രാജ്യത്താദ്യമായി തുടക്കംകുറിച്ചത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അന്നാണ് പ്രഖ്യാപിച്ചത്. അന്ന് ധനമന്ത്രിയായിരുന്ന മാണി സിപിഐ എം നേതൃത്വത്തിലുള്ള മുന്നണിയുടെ തീരുമാനം നടപ്പാക്കുകയായിരുന്നു. അന്ന് 40 രൂപയായിരുന്നു പെന്‍ഷന്‍ . 2006ലെ എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലമായപ്പോള്‍ 110 രൂപയായിരുന്നു. അത് നാലു കൊല്ലംകൊണ്ട് 400 രൂപയായി വര്‍ധിപ്പിച്ചതിനു പുറമെ എല്ലാ ക്ഷേമപെന്‍ഷനുകളും അടുത്ത അഞ്ചുവര്‍ഷംകൊണ്ട് പടിപടിയായി 1000 രൂപയായി വര്‍ധിപ്പിക്കുമെന്നും 2010-11 ലെ ബജറ്റില്‍ തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയമായും നയപരമായും തൊഴിലാളി ക്ഷേമനിധികളോടും ക്ഷേമപെന്‍ഷനുകളോടും എതിര്‍സമീപനമാണ് രഹസ്യമായും പരസ്യമായും സ്വീകരിച്ചുപോന്നിട്ടുള്ളത്. ഇപ്പോള്‍ വാര്‍ധക്യ- അഗതി- വിധവാ പെന്‍ഷനുകള്‍ , കേന്ദ്ര ഗ്രാന്റിന്റെ ബലത്തില്‍ 400ല്‍ നിന്ന് 525 രൂപയാക്കിയപ്പോള്‍ കര്‍ഷകത്തൊഴിലാളികളുള്‍പ്പെടെ ഏറ്റവും പാവപ്പെട്ട തൊഴിലാളികളെ അവഗണിച്ചു. ആറു മാസമായി ആ പെന്‍ഷനുകള്‍ നല്‍കുന്നുമില്ല. അതുകൊണ്ട് ചുരുങ്ങിയത് 525 രൂപ എന്ന നിരക്കിലെങ്കിലും ഈ വര്‍ഷംതന്നെ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് കുടിശ്ശിക സഹിതം വിതരണംചെയ്യണം. കര്‍ഷക പെന്‍ഷന്‍ പദ്ധതി 2009-10ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ആവിഷ്കരിച്ചത്. ആദ്യഘട്ടമായി നെല്‍കൃഷിക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുകയുംചെയ്തു. എന്നാല്‍ , യുഡിഎഫ് സര്‍ക്കാരാണ് കര്‍ഷക പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ചതെന്ന അവാസ്തവ പ്രചാരണം നടത്തുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ പി പി ജോര്‍ജ് കൃഷിമന്ത്രിയായിരിക്കെ കൃഷിക്കാരില്‍നിന്ന് വന്‍തുക സ്ഥിരനിക്ഷേപമായി പിരിച്ച് ആവിഷ്കരിച്ച കര്‍ഷക പെന്‍ഷന്‍ പദ്ധതി സമ്പൂര്‍ണ പരാജയമായിരുന്നു. ഒരാള്‍ക്കുപോലും ആ പെന്‍ഷന്‍ കിട്ടിയിട്ടില്ല; നിക്ഷേപിച്ച തുകയും നല്‍കിയില്ല.

മാണി അവതരിപ്പിച്ച ബജറ്റ് യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും മുഴുവന്‍ എതിര്‍പ്പിനിരയായിരിക്കുന്നു. പെന്‍ഷന്‍ പ്രായം വര്‍ധിക്കുമ്പോള്‍ ഓരോ വര്‍ഷവും പതിനായിരക്കണക്കിനു യുവാക്കളെയാണ് ദോഷകരമായി ബാധിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ തീയതി ഏകീകരിച്ചു, അതും പെന്‍ഷന്‍ പ്രായവര്‍ധനയും തുല്യമാണ് എന്നാണ് ഉമ്മന്‍ചാണ്ടിയും മാണിയും പറയുന്നത്. ഭരണസൗകര്യം, പുതിയ നിയമനത്തിനുള്ള സൗകര്യം, പെന്‍ഷന്‍ പറ്റുന്നവരുടെ സൗകര്യം എന്നിവയെല്ലാം പരിഗണിച്ച് ഉചിതമാണെന്നു കണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ തീയതി ഏകീകരിച്ചത്. അധ്യാപകരുടെ കാര്യത്തില്‍ സ്വീകരിച്ചുവരുന്ന സമീപനം മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാധകമാക്കി എന്നുമാത്രം. അതുവഴി പുതിയ നിയമനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നികത്തുകയും ചെയ്തു. അതില്‍ത്തന്നെ എന്തെങ്കിലും പോരായ്മകളും പ്രായോഗിക പ്രശ്നങ്ങളുമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഈ സര്‍ക്കാരിന് നടപടിയെടുക്കാം. എന്നാല്‍ , മാണിയുടെ ബജറ്റില്‍ ചെയ്തിരിക്കുന്നത് അതല്ല. കേരളത്തിലെ സിവില്‍ സര്‍വീസിന്റെ തുടക്കംമുതല്‍ നിലനില്‍ക്കുന്ന അടിസ്ഥാനപരമായ സംഗതി അപ്പാടെ മാറ്റിയിരിക്കുന്നു. പെന്‍ഷന്‍ പ്രായം 55ല്‍ നിന്ന് 56 ആയാണ് ഇപ്പോള്‍ കൂട്ടിയതെങ്കില്‍ പടിപടിയായി അത് 60 വയസ്സുവരെ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഒരു പടിയാണ് കടക്കുന്നത്. ഈ മാറ്റം ചെറുതല്ല, അടിസ്ഥാനപരമാണ്. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാത്തതുകൊണ്ട് ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന വിഷമത്തേക്കാള്‍ പതിന്മടങ്ങാണ് ജോലി കിട്ടാന്‍ അര്‍ഹതയുണ്ടായിട്ടും കിട്ടാത്തവരുടേത്. റിട്ടയര്‍ ചെയ്താല്‍ പെന്‍ഷന്‍ കിട്ടും. ജോലി കിട്ടാഞ്ഞാലോ എന്നതാണ് പ്രശ്നം. വാസ്തവത്തില്‍ ജീവനക്കാരെയും യുവജന-വിദ്യാര്‍ഥി വിഭാഗങ്ങളെയും രണ്ട് തട്ടിലാക്കുക, അവരെ തെറ്റിക്കുക എന്ന ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ട്. അതേസമയം, മുഴുവന്‍ പെന്‍ഷന് 30 വര്‍ഷ സേവനം വേണമെന്ന ചട്ടം ഭേദഗതി വരുത്തി 25 വര്‍ഷമായി കുറയ്ക്കാനും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടി വേണം. കാരണം, പബ്ലിക് സര്‍വീസ് കമീഷന്‍ മുഖേന ജോലി ലഭിക്കുന്നത് 40 വയസ്സ് കഴിഞ്ഞിട്ടും മറ്റുമാണ്. 15 വര്‍ഷത്തെ സര്‍വീസുപോലുമില്ലാത്തവരാണ് ഏറെയും. അതും പരിഗണിക്കപ്പെടണം. ഇത്തരത്തില്‍ എല്ലാവശങ്ങളും പരിഗണിച്ച് തീരുമാനമെടുക്കുന്നതിനു പകരം ബജറ്റിലൂടെ നിര്‍ണായകവും അടിസ്ഥാനപരവുമായ മാറ്റം വരുത്തുകയും അത് സമൂഹത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

പുതിയ ധനാഗമ മാര്‍ഗങ്ങളെക്കുറിച്ചും വിഭവസമാഹരണത്തെക്കുറിച്ചുമെല്ലാം വാചാലനായ മാണി താന്‍തന്നെ ബജറ്റിന് രണ്ടു ദിവസംമുമ്പ് പുറത്തിറക്കിയ ഇക്കണോമിക് റിവ്യൂവിനെക്കുറിച്ച് മൗനം പാലിക്കുന്നു. കഴിഞ്ഞ വര്‍ഷം അധികാരമേറ്റ ഇവര്‍ കൊണ്ടുവന്ന ധവളപത്രത്തില്‍ പറഞ്ഞത് എല്‍ഡിഎഫ് കേരളത്തെ സാമ്പത്തികമായി തകര്‍ത്തുവെന്നാണ്. എന്നാല്‍ , ഇക്കണോമിക് റിവ്യൂവില്‍ പറയുന്നത് 2010-11ല്‍ സംസ്ഥാനം റെക്കോഡ് സാമ്പത്തിക വളര്‍ച്ച നേടി എന്നാണ്. 9.13 ശതമാനത്തിന്റെ വളര്‍ച്ച. അധിക നികുതി അടിച്ചേല്‍പ്പിക്കാതെ നിലവിലുള്ളത് കാര്യക്ഷമമായി പിരിച്ച് നികുതി വരുമാനത്തില്‍ 20 ശതമാനംവീതം ഓരോ വര്‍ഷവും വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. ഒറ്റ ദിവസം ഓവര്‍ഡ്രാഫ്റ്റില്ലാത്ത, ഒറ്റ ദിവസം ട്രഷറി പൂട്ടാത്ത, ശമ്പളപരിഷ്കരണവും ക്ഷാമബത്തയും കൃത്യസമയത്ത് നല്‍കിയ, ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് കൃത്യമായി നല്‍കിയ, വ്യവസായപുരോഗതി കൈവരിച്ച, കര്‍ഷക ആത്മഹത്യ തടഞ്ഞ ഭരണം- കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക പുരോഗതി ത്വരിതപ്പെടുത്തിയ ആ സര്‍ക്കാര്‍ പോയശേഷം ഒരു പുതുക്കിയ ബജറ്റും ഇപ്പോള്‍ ഒരു സമ്പൂര്‍ണ ബജറ്റും അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പുതുക്കിയ ബജറ്റിലെ നിര്‍ദേശങ്ങള്‍ ജലരേഖയാണെന്നത് വേറെകാര്യം. ക്ഷേമപദ്ധതികള്‍ അട്ടിമറിച്ചും വിലക്കയറ്റം രൂക്ഷമാക്കിയും ജനജീവിതം ദുസ്സഹമാക്കുന്ന നിര്‍ദേശങ്ങളടങ്ങിയ ബജറ്റാണ് വന്നിരിക്കുന്നത്. ജനവികാരം കണക്കിലെടുത്ത് ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകണം.

*
വി എസ് അച്യുതാനന്ദന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സംസ്ഥാന സമ്പദ്വ്യവസ്ഥയെ ആഗോള സമ്പദ്വ്യവസ്ഥയുമായി സമന്വയിപ്പിച്ച് വികസനത്തിന്റെ ഹൈവേയിലേക്ക് കേരളത്തെ നയിക്കുകയെന്നതാണ് ലക്ഷ്യമെന്ന് കെ എം മാണി ബജറ്റിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. യുഡിഎഫിന്റെ അഖിലേന്ത്യാ രൂപമായ രണ്ടാം യുപിഎയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനുവേണ്ടി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റും ഹൈവേയിലേക്കുതന്നെയാണ് നയിക്കുന്നത്; ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ, നവലിബറല്‍ നയങ്ങളുടെ ഹൈവേയിലേക്ക്. 45,940 കോടി രൂപയുടെ സേവനനികുതി വര്‍ധന, എക്സൈസ് നികുതി വര്‍ധന എന്നിവയിലൂടെ അതിരൂക്ഷമായ വിലക്കയറ്റത്തിലേക്ക് രാജ്യത്തെ തള്ളിനീക്കുക- അതായത് വിലക്കയറ്റത്തിന്റെ ഹൈവേയിലേക്ക് നയിക്കുകയാണ് പ്രണബ് മുഖര്‍ജി ചെയ്തത് എന്നര്‍ഥം. റെയില്‍വേയുടെ ചരക്ക് കടത്തുകൂലിയും യാത്രനിരക്കും വര്‍ധിപ്പിച്ചുകൊണ്ട് ചെയ്തതും ജീവിതദുരിതത്തിന്റെ ഹൈവേയിലേക്ക് നയിക്കുകതന്നെ. യുപിഎ സര്‍ക്കാര്‍ ചെയ്യുന്നതുപോലെ ചെയ്യുക, അതാണ് യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം.