സിപിഐ എമ്മിന്റെ 20-ാം കോണ്‍ഗ്രസ് ഏപ്രില്‍ നാലുമുതല്‍ ഒമ്പതുവരെ കോഴിക്കോട്ട് നടക്കും. ഭാവിയിലേക്ക് പാര്‍ടിയുടെ രാഷ്ട്രീയവും തന്ത്രപരവുമായ നിലപാട് നിശ്ചയിക്കുന്ന പരമോന്നതസമിതിയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ കോണ്‍ഗ്രസിനുശേഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പാര്‍ടിയുടെ തുടര്‍ന്നുള്ള സംഘടനാപ്രവര്‍ത്തനം ഏതുദിശയില്‍ നീങ്ങണമെന്ന് തീരുമാനിക്കുകയും ചെയ്യുന്ന വേദികൂടിയാണ് കോണ്‍ഗ്രസ്. പ്രധാന പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന വേദിയുമാണിത്. പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസിനുശേഷമുള്ള നാലുവര്‍ഷം, വികസിത മുതലാളിത്ത രാജ്യങ്ങളുടെ സമ്പദ്ഘടനകളെ ചുറ്റിവരിഞ്ഞ ആഗോള മുതലാളിത്ത പ്രതിസന്ധിക്ക് സാക്ഷിയായി. ഇത്തരം രാജ്യങ്ങളില്‍ പിന്തുടര്‍ന്ന നവ ഉദാരനയങ്ങള്‍, തൊഴിലില്ലായ്മ പെരുകുന്നതിനും ജനങ്ങളുടെ ജീവനോപാധികള്‍ക്കുമേല്‍ കടുത്ത കടന്നാക്രമണത്തിനും കാരണമായി. മുതലാളിത്തം വ്യവസ്ഥ എന്നനിലയില്‍ പ്രതിസന്ധിയില്‍നിന്നും ചൂഷണത്തില്‍നിന്നും വിമുക്തമല്ലെന്ന് ഇത് ഒരിക്കല്‍ക്കൂടി തെളിയിച്ചു. തങ്ങളുടെ അവകാശങ്ങളും ജീവനോപാധികളും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിലും പ്രസ്ഥാനങ്ങളിലും അടുത്തകാലത്തായി കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ അണിനിരക്കുകയാണ്. നവ ഉദാരനയങ്ങള്‍ക്കെതിരെ പ്രതിരോധം പടുത്തുയര്‍ത്താനും ഇടതുപക്ഷബദല്‍ കെട്ടിപ്പടുക്കാനുമുള്ള സാധ്യത ലോകമെമ്പാടും വളര്‍ന്നുവരികയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഇടതുപക്ഷമുന്നേറ്റം ഇതിന് സാക്ഷ്യപത്രമാണ്.
രണ്ടു ദശകമായി രാജ്യത്ത് നടപ്പാക്കിവരുന്ന ഉദാരവല്‍ക്കരണവും യുപിഎ സര്‍ക്കാര്‍ ഇത് തീവ്രമായി മുന്നോട്ടുകൊണ്ടുപോകുന്ന സാഹചര്യവും ചേര്‍ന്ന് രണ്ട് വ്യത്യസ്ത ഇന്ത്യയെ വളര്‍ത്തിക്കൊണ്ടുവരുകയാണിന്ന്. ഒന്നാമത്തെ ഇന്ത്യ, അതായത്, നവ ഉദാരനയങ്ങളുടെ ഗുണഭോക്താക്കളുടെ ഇന്ത്യ- രാജ്യത്തെയും വിദേശത്തെയും വന്‍കിട മുതലാളിമാര്‍, ധനമൂലധന- റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടക്കാര്‍, നാടിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ ലൈസന്‍സ് കിട്ടിയ മറ്റുള്ളവര്‍ എന്നിവരുടെ രാജ്യം. രണ്ടാമത്തെ ഇന്ത്യ- കോടിക്കണക്കിന് സാധാരണക്കാരുടെ രാജ്യം- വിവിധ വിഭാഗം തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, കൈവേലക്കാര്‍ തുടങ്ങി താഴ്ന്നവരുമാനം ലഭിക്കുന്നവരുടെ രാജ്യം. ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെ സാമൂഹികമായി അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ ഇതില്‍പ്പെടുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷികത്തകര്‍ച്ച, പരമ്പരാഗത ജീവിതമാര്‍ഗങ്ങളുടെ നാശം എന്നിവയുടെ ഇരകളാണ് ഇവര്‍. ശമ്പളം ലഭിക്കുന്നവര്‍ക്കുതന്നെ തുച്ഛമായ തുകയാണ്, ഒരുവിധ സാമൂഹികസുരക്ഷയുമില്ല. ഇത്തരം ജനവിഭാഗങ്ങളെ എങ്ങനെ സംഘടിപ്പിക്കാമെന്നും പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കാന്‍ പാകത്തിലേക്ക്&ാറമവെ;അവരുടെ പ്രശ്നങ്ങള്‍ എങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാമെന്നും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും.
അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യം എങ്ങനെ വളര്‍ത്തിയെടുക്കാമെന്നും യോജിച്ച പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാമെന്നും ചര്‍ച്ച നടക്കും. ജാതി, ലിംഗം, വര്‍ഗീയത എന്നിവയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക അടിച്ചമര്‍ത്തലിന്റെ ഫലമായി ദുരിതങ്ങള്‍ പേറുന്നവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പോരാട്ടം വിപുലമാക്കുകയും അത് ഇടതുപക്ഷ- ജനാധിപത്യപ്രസ്ഥാനത്തിന്റെ പൊതുവേദിയുടെ അവിഭാജ്യഘടകമാക്കി മാറ്റുകയും ചെയ്യണം. ഈ വിഷയവും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും. സാമ്രാജ്യത്വത്തിനെതിരായി ഏറ്റവും സുസ്ഥിരമായ പോരാട്ടം നടത്തുന്ന ശക്തിയാണ് സിപിഐ എം. സ്വതന്ത്ര വിദേശനയത്തില്‍നിന്ന് വ്യതിചലിച്ച് കഴിഞ്ഞവര്‍ഷങ്ങളില്‍ യുപിഎ സര്‍ക്കാര്‍ എങ്ങനെ അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തില്‍ എത്തിച്ചേര്‍ന്നുവെന്ന് നാം കണ്ടു. ഇത് നമ്മുടെ ദേശീയ പരമാധികാരത്തില്‍ പ്രതികൂലമായ പ്രത്യാഘാതം സൃഷ്ടിക്കുകയും ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്കെതിരായ സാമ്പത്തികനയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുകയും ചെയ്തു. നമ്മുടെ ദേശീയ പരമാധികാരം സംരക്ഷിക്കാന്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും എങ്ങനെ ശക്തമായി സംഘടിപ്പിക്കാമെന്നും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും.
രാഷ്ട്രീയപ്രമേയത്തില്‍ ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം പാര്‍ടിയുടെ സ്വതന്ത്രമായ പങ്കും പ്രവര്‍ത്തനങ്ങളും എങ്ങനെ വളര്‍ത്താമെന്നും അതിന്റെ രാഷ്ട്രീയ അടിത്തറയും സ്വാധീനവും എങ്ങനെ വികസിപ്പിക്കാമെന്നുമാണ്. ഇതിനായി പാര്‍ടി അടിസ്ഥാനവര്‍ഗങ്ങളുടെ പോരാട്ടങ്ങള്‍ സംഘടിപ്പിക്കണം- തൊഴിലാളിവര്‍ഗത്തിന്റെയും ദരിദ്രകര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും- ഇവരാണ് യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്നത്. നവ ഉദാരനയങ്ങള്‍ വിവിധ വിഭാഗം ജനങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തമായി പഠിക്കുകയും അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുകയും ചെയ്യണം. ഇത്തരം നയങ്ങള്‍ ഏറ്റവും മോശമായ രീതിയില്‍ ബാധിച്ച അസംഘടിതമേഖലാ തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, ദരിദ്രകര്‍ഷകര്‍, ദരിദ്രഗ്രാമീണര്‍ എന്നിവരുടെ സുദീര്‍ഘ പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയെന്നതും പാര്‍ടിയൊന്നാകെതന്നെ പോരാട്ടത്തിലേക്ക് നീങ്ങുകയെന്നതും പ്രധാന കടമയായി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും. ഇന്ത്യയില്‍ വര്‍ഗീയത ഭരണവര്‍ഗത്തിന്റെ തന്ത്രങ്ങളുമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു. തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കാനും നവ ഉദാരനയങ്ങള്‍ക്ക് കരുത്തുപകരാനുമായി അവര്‍ അതിനെ ഉപയോഗിക്കുന്നു. ബിജെപിയായാലും ശിവസേനയായാലും മറ്റേതെങ്കിലും വര്‍ഗീയശക്തിയായാലും അവര്‍ വന്‍കിട മുതലാളിമാരുടെയും സ്വതന്ത്ര കമ്പോളനയങ്ങളുടെയും അടിയുറച്ച വക്താക്കളാണ്.
ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളുടെ പ്രവര്‍ത്തനം, വര്‍ഗീയശക്തികളുടെ ഭരണം എങ്ങനെ വന്‍കിട ബിസിനസുകാര്‍ക്കും ഭൂപ്രഭുക്കള്‍ക്കും ദാസ്യവൃത്തി ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ട് നവ ഉദാരനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടം ഒരേപോലെ പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയമായി ഇതിന്റെ അര്‍ഥം, രണ്ട് വന്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളായ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരേപോലെ നേരിടുകയെന്നാണ്. ഇന്നത്തെ സാഹചര്യത്തില്‍ നിര്‍ണായക പ്രാധാന്യം നല്‍കേണ്ടത് സിപിഐ എമ്മിനെയും അതിന്റെ സ്വതന്ത്രമായ വളര്‍ച്ചയെയും രാജ്യവ്യാപകമായി ശക്തിപ്പെടുത്തുന്നതിനാണ്. ഇതോടൊപ്പം നാം ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും ഇടതുപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനായി എല്ലാ ഇടതുപക്ഷശക്തികളെയും ഒന്നിച്ച് അണിനിരത്തുകയും ചെയ്യണം. വന്‍കിട ബൂര്‍ഷ്വാകളുടെയും ബൂര്‍ഷ്വ- ഭൂപ്രഭു വ്യവസ്ഥയുടെയും പ്രതിനിധികളായ പാര്‍ടികള്‍ക്ക് ബദലായി യഥാര്‍ഥ ഇടതുപക്ഷ ജനാധിപത്യസഖ്യം കെട്ടിപ്പടുക്കാനായി പാര്‍ടി പ്രവര്‍ത്തിക്കണം. തൊഴിലാളിവര്‍ഗത്തെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സമൂഹത്തില്‍ അധ്വാനിച്ച് ജീവിക്കുന്ന മറ്റു ജനവിഭാഗങ്ങളെയും,പോരാട്ടങ്ങളിലൂടെയും ഐക്യപ്രസ്ഥാനങ്ങളിലൂടെയും അണിനിരത്താന്‍ നമുക്ക് കഴിയുമ്പോഴാണ് ഇടതുപക്ഷ ജനാധിപത്യസഖ്യം ഉയര്‍ന്നുവരിക. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ഇത്തരമൊരു സഖ്യം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി, ജനകീയപ്രശ്നങ്ങളിലും മതനിരപേക്ഷത സംരക്ഷിക്കുന്നതിലും പാര്‍ടിക്ക് മറ്റു ജനാധിപത്യ- മതനിരപേക്ഷ പാര്‍ടികളുടെ സഹകരണം തേടേണ്ടിവരും. പത്തൊമ്പതാം കോണ്‍ഗ്രസിനുശേഷമുള്ള കാലം പ്രയാസമേറിയതും തീക്ഷ്ണവുമായിരുന്നു.
പാര്‍ടിക്ക് ഏറ്റവും കൂടുതല്‍ ശക്തിയുള്ള പശ്ചിമബംഗാളില്‍ കടുത്ത ആക്രമണം നേരിട്ടു. കഴിഞ്ഞ കോണ്‍ഗ്രസിനുശേഷം പശ്ചിമബംഗാളില്‍ 570ല്‍പ്പരം അംഗങ്ങളുടെയും അനുഭാവികളുടെയും ജീവന്‍ പാര്‍ടിക്ക് നഷ്ടപ്പെട്ടു. ലോക്സഭ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ടിക്ക് നേരിട്ട തിരിച്ചടിയുടെ സാഹചര്യത്തില്‍ ഈ കടന്നാക്രമണം രൂക്ഷമായി. നമ്മുടെ പാര്‍ടി ഈ സാഹചര്യം അതിവേഗം നേരിടുകയും നഷ്ടപ്പെട്ട പിന്തുണ വീണ്ടെടുക്കാനായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുകയും ചെയ്യണം. ചില പ്രത്യയശാസ്ത്രപ്രശ്നങ്ങളെക്കുറിച്ചുള്ള രേഖ ചര്‍ച്ചചെയ്ത് അംഗീകരിക്കുകയെന്നതാണ് പാര്‍ടി കോണ്‍ഗ്രസിന്റെ മറ്റൊരു മുഖ്യകര്‍ത്തവ്യം. കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ കരട് പാര്‍ടിയുടെ എല്ലാതലങ്ങളിലും ചര്‍ച്ചചെയ്ത് കഴിഞ്ഞു. മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി അതിന്റെ സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ ധാരണ സ്ഥിരമായി പുതുക്കേണ്ടതുണ്ട്.
സമകാല ലോകത്ത് ഒട്ടേറെപ്പേര്‍, ഇടതുപക്ഷത്തുള്ളവരില്‍ ചിലര്‍പോലും സാമ്രാജ്യത്വം എന്ന് വിശേഷിപ്പിക്കാവുന്ന ശക്തി നിലനില്‍ക്കുന്നതായി തിരിച്ചറിയുന്നില്ല. ഇന്നത്തെ ലോകത്ത് സാമ്രാജ്യത്വം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കേണ്ടത് നമ്മുടെ ചുമതലയാണ്. ആഗോള ധനമൂലധനം മുതലാളിത്തത്തെ നയിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്ത ഇക്കാലത്ത് തൊഴിലാളിവര്‍ഗത്തിന് വിപ്ലവശക്തിയുടെ പങ്ക് നിറവേറ്റാന്‍ കഴിയുമെന്ന് വിശ്വസിക്കാത്തവരുമുണ്ട്. തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവകരമായ പങ്ക് ആവര്‍ത്തിച്ച് പ്രഖ്യാപിക്കണം. അതേസമയം, സാമ്രാജ്യത്വ ആഗോളവല്‍ക്കരണം രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വിലയിരുത്തുകയും ചെയ്യണം. രാഷ്ട്രീയ, പ്രത്യയശാസ്ത്ര, ഭൗതിക മണ്ഡലങ്ങളിലും ഇന്ത്യന്‍ സാഹചര്യങ്ങളിലും വര്‍ഗസമരം ഏതുരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് നിശ്ചയിക്കണം. പുതിയ ജനവിഭാഗങ്ങളിലേക്കും മേഖലകളിലേക്കും ഇറങ്ങിച്ചെന്ന് പത്തുലക്ഷത്തിലേറെ അംഗങ്ങളുള്ള സിപിഐ എമ്മിന്റെ സംഘടനയെ അഖിലേന്ത്യാ ശക്തിയായി കൂടുതല്‍ കരുത്തോടെ വളര്‍ത്തിയെടുക്കണം. ഇതിനാവശ്യമായ സംഘടനാനടപടികള്‍ പാര്‍ടി കോണ്‍ഗ്രസ് തീരുമാനിക്കും. ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന് ആതിഥ്യംവഹിക്കുന്ന കേരളം, ദശകങ്ങള്‍ നീളുന്ന പോരാട്ടത്തിന്റെയും ത്യാഗങ്ങളുടെയും ഫലമായി സുശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ബഹുജന അടിത്തറയും കെട്ടിപ്പടുത്ത സംസ്ഥാനമാണ്. ഭാവിയിലെ എല്ലാ വെല്ലുവിളികളെയും നേരിടാനും രാജ്യത്ത് സിപിഐ എമ്മിന്റെയും ഇടതുപക്ഷ- ജനാധിപത്യ ശക്തികളുടെയും മുന്നേറ്റത്തിനും ആഹ്വാനം ഉയരാന്‍ പോകുന്ന പാര്‍ടി കോണ്‍ഗ്രസിന് ഉചിതമായ വേദിയാണിത്.
*
പ്രകാശ് കാരാട്ട് ദേശാഭിമാനി 31 മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
1 comment:
സിപിഐ എമ്മിന്റെ 20-ാം കോണ്‍ഗ്രസ് ഏപ്രില്‍ നാലുമുതല്‍ ഒമ്പതുവരെ കോഴിക്കോട്ട് നടക്കും. ഭാവിയിലേക്ക് പാര്‍ടിയുടെ രാഷ്ട്രീയവും തന്ത്രപരവുമായ നിലപാട് നിശ്ചയിക്കുന്ന പരമോന്നതസമിതിയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ കോണ്‍ഗ്രസിനുശേഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പാര്‍ടിയുടെ തുടര്‍ന്നുള്ള സംഘടനാപ്രവര്‍ത്തനം ഏതുദിശയില്‍ നീങ്ങണമെന്ന് തീരുമാനിക്കുകയും ചെയ്യുന്ന വേദികൂടിയാണ് കോണ്‍ഗ്രസ്. പ്രധാന പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന വേദിയുമാണിത്. പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസിനുശേഷമുള്ള നാലുവര്‍ഷം, വികസിത മുതലാളിത്ത രാജ്യങ്ങളുടെ സമ്പദ്ഘടനകളെ ചുറ്റിവരിഞ്ഞ ആഗോള മുതലാളിത്ത പ്രതിസന്ധിക്ക് സാക്ഷിയായി. ഇത്തരം രാജ്യങ്ങളില്‍ പിന്തുടര്‍ന്ന നവ ഉദാരനയങ്ങള്‍, തൊഴിലില്ലായ്മ പെരുകുന്നതിനും ജനങ്ങളുടെ ജീവനോപാധികള്‍ക്കുമേല്‍ കടുത്ത കടന്നാക്രമണത്തിനും കാരണമായി. മുതലാളിത്തം വ്യവസ്ഥ എന്നനിലയില്‍ പ്രതിസന്ധിയില്‍നിന്നും ചൂഷണത്തില്‍നിന്നും വിമുക്തമല്ലെന്ന് ഇത് ഒരിക്കല്‍ക്കൂടി തെളിയിച്ചു. തങ്ങളുടെ അവകാശങ്ങളും ജീവനോപാധികളും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിലും പ്രസ്ഥാനങ്ങളിലും അടുത്തകാലത്തായി കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ അണിനിരക്കുകയാണ്. നവ ഉദാരനയങ്ങള്‍ക്കെതിരെ പ്രതിരോധം പടുത്തുയര്‍ത്താനും ഇടതുപക്ഷബദല്‍ കെട്ടിപ്പടുക്കാനുമുള്ള സാധ്യത ലോകമെമ്പാടും വളര്‍ന്നുവരികയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഇടതുപക്ഷമുന്നേറ്റം ഇതിന് സാക്ഷ്യപത്രമാണ്.
Post a Comment