Saturday, March 17, 2012

ഉല്‍പ്പാദനമാന്ദ്യത്തിന് പരിഹാരമില്ല; ദരിദ്രരെ കൂടുതല്‍ ഞെരുക്കുന്നു

രാഷ്ട്രം ഇന്ന് നേരിടുന്ന ഏറ്റവും വലിയ മൂന്ന് സാമ്പത്തികപ്രശ്നങ്ങള്‍ ഇവയാണ്. 1) വിലക്കയറ്റം. 2) തൊഴിലില്ലായ്മ. 3) പെരുകുന്ന വിദേശ വ്യാപാരകമ്മി. ഇവ മൂന്നിനും പ്രണബ് മുഖര്‍ജിയുടെ ബജറ്റില്‍ ലവലേശം പരിഹാരമില്ല. വിലക്കയറ്റം രൂക്ഷമാക്കുന്ന നടപടികളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. പെട്രോളിയം സബ്സിഡി 25000 കോടിയും വളം സബ്സിഡി 6000 കോടിയും കുറച്ചിരിക്കുന്നു. ഇവയുടെ വിലവര്‍ധന ഉറപ്പായി. റേഷന്‍ കടകളിലൂടെ അരിയും മറ്റും സാധാരണക്കാര്‍ക്ക് നിയന്ത്രിതവിലയ്ക്ക് വിതരണം ചെയ്യുന്നതിനുപകരം പാവങ്ങള്‍ക്ക് സബ്സിഡി പണമായി നല്‍കാന്‍ പോവുകയാണ്. ഇഷ്ടമുള്ള വിലയ്ക്ക് പൊതുകമ്പോളത്തില്‍നിന്ന് വാങ്ങാം.

വളത്തിനും പാചകവാതകത്തിനും ഈ വര്‍ഷംമുതല്‍ നടപ്പാക്കിത്തുടങ്ങും. റേഷന്‍ വിതരണത്തിന് ഈ പുതിയ സമ്പ്രദായം ആധാര്‍ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നടപ്പാക്കാനാകുമെന്നാണ് പറയുന്നത്. ഊഹക്കച്ചവടത്തിനുമേലുണ്ടായിരുന്ന നാമമാത്രമായ നികുതി വെട്ടിക്കുറച്ചിരിക്കുകയാണ്. അതേസമയം സേവനനികുതിയും എക്സൈസ് നികുതിയും പരക്കെ ഉയര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ വിലക്കയറ്റത്തിന് പ്രധാനകാരണം ഊഹക്കച്ചവടമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. പ്രത്യക്ഷ നികുതിയില്‍ 4500 കോടി വേണ്ടെന്നുവച്ചിരിക്കുന്നു. കോര്‍പറേറ്റുകളില്‍നിന്ന് നികുതി പിരിക്കാന്‍ തയ്യാറല്ല. കള്ളപ്പണത്തില്‍നിന്ന് ഒരു തുകയും ബജറ്റില്‍ വകയിരുത്തിയിട്ടില്ല. അതേസമയം പൊതുമേഖലാ ഓഹരിവില്‍പ്പനയിലൂടെ 30,000 കോടി സമാഹരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പണക്കാരുടെ കൈയില്‍നിന്ന് പ്രത്യക്ഷനികുതി വഴിയും കള്ളപ്പണം പിടിച്ചെടുക്കല്‍വഴിയും വരുമാനം സമാഹരിക്കുന്നതിനുപകരം വിലക്കയറ്റം സൃഷ്ടിക്കുന്ന പരോക്ഷ നികുതികളെയാണ് ആശ്രയിക്കുന്നത്.

ആഡംബരവസ്തുക്കളുടെമേലുള്ള എക്സൈസ് നികുതി വര്‍ധിപ്പിക്കുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ, സേവന നികുതിയും മറ്റും പൊതുവില്‍ ഉയര്‍ത്തിയിരിക്കുകയാണ്. മൊത്തം സര്‍ക്കാര്‍ചെലവ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനംമാത്രമാണ് വര്‍ധിക്കുന്നത്. 6.9 ശതമാനം മാത്രമുള്ള വളര്‍ച്ചയില്‍നിന്ന് സമ്പദ്ഘടനയെ കരകയറ്റാന്‍ ഈ വര്‍ധന അപര്യാപ്തമാണ്. സാമ്പത്തികവളര്‍ച്ച 6.7 ശതമാനമായി ഇടിഞ്ഞ 2008-09ല്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ എടുത്ത നടപടികളും ഇപ്പോള്‍ സ്വീകരിച്ച നടപടികളും താരതമ്യപ്പെടുത്തിയാല്‍ ഉല്‍പ്പാദനമാന്ദ്യത്തിന് പരിഹാരം ഈ ബജറ്റിലില്ല എന്ന് വ്യക്തമാണ്. രാജ്യത്തിന്റെ അടവുശിഷ്ട കമ്മി ദേശീയവരുമാനത്തിന്റെ 3.6 ശതമാനമായിട്ടുണ്ട്. ഇത് സാധാരണനിലയുടെ ഇരട്ടിയാണ്. ഈ പശ്ചാത്തലത്തില്‍ വിദേശവിനിമയക്കുഴപ്പം ഒഴിവാക്കുന്നതിന് ബജറ്റ് കാണുന്ന ഒറ്റമൂലി വിദേശമൂലധനത്തെ കൂടുതല്‍ ആകര്‍ഷിക്കുകയാണ്. ഇതിനുവേണ്ടിയുള്ള ഉദാരവല്‍ക്കരണ നടപടികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നടപടികള്‍ രാഷ്ട്രത്തിന്റെ സ്വാശ്രയത്വത്തെ തുരങ്കംവയ്ക്കുകയും വിദേശമൂലധനത്തിന്മേലുള്ള ആശ്രിതത്വം വര്‍ധിപ്പിക്കുകയുംചെയ്യും.

(ഡോ. ടി എം തോമസ് ഐസക്)

ദരിദ്രരെ കൂടുതല്‍ ഞെരുക്കുന്നു

വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ബജറ്റിലൂടെ ധനമന്ത്രി പ്രണബ് മുഖര്‍ജി പണപ്പെരുപ്പത്തിന്റെ ഗതിവേഗം കൂട്ടാന്‍ വഴിയൊരുക്കുകയാണ്. വിലവര്‍ധന സൃഷ്ടിക്കുന്നവിധത്തില്‍ പരോക്ഷനികുതികള്‍ ഉയര്‍ത്തിയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും രാസവളത്തിന്റെയും വില വര്‍ധിപ്പിക്കുന്നതരത്തില്‍ സബ്സിഡികള്‍ കുറച്ചും ഇപ്പോള്‍ത്തന്നെ വിലക്കയറ്റത്തില്‍ ഞെരുങ്ങുന്ന രാജ്യത്തെ കൂടുതല്‍ രൂക്ഷമായ പണപ്പെരുപ്പത്തിലേക്ക് ധനമന്ത്രി നയിക്കുകയാണ്. പണപ്പെരുപ്പം പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വരുമാനത്തില്‍ വരുത്തുന്ന ചോര്‍ച്ചയുടെ ആഘാതം വലുതായിരിക്കും.

കണക്കുകളെ ചെറുതായി കാണാന്‍ കഴിയില്ല. ഉദാഹരണത്തിന്, പെട്രോളിയം ഇതര ചരക്കുകളുടെ ഇറക്കുമതിത്തീരുവയുടെ സ്റ്റാന്‍ഡേര്‍ഡ് നിരക്കില്‍ രണ്ട് ശതമാനം വര്‍ധനയും (12ല്‍നിന്ന് 14 ശതമാനമാക്കി) മെറിറ്റ് നിരക്കുകളില്‍ ഒരു ശതമാനം വര്‍ധനയും വരുത്തി. ഇതിന്റെ ഫലമായി ഇറക്കുമതിത്തീരുവയിനത്തില്‍ കേന്ദ്രഖജനാവിലേക്ക് ഒരൊറ്റ വര്‍ഷം എത്തുന്ന തുക 1,50,075 കോടിയില്‍നിന്ന് 1,93,729 കോടിയായി വര്‍ധിച്ചു; 30 ശതമാനത്തോളമാണ് വര്‍ധന. ഇതിനുപുറമെയാണ് ഭക്ഷ്യേതര സബ്സിഡികള്‍ കുറയ്ക്കാനുള്ള ധനമന്ത്രിയുടെ തീരുമാനം; പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും രാസവളത്തിനും ഉള്‍പ്പെടെ. നടപ്പ് സാമ്പത്തികവര്‍ഷത്തെ പുതുക്കിയ കണക്കുപ്രകാരം രാസവള സബ്സിഡി ഇനത്തില്‍ ചെലവിട്ടത് 67,199 കോടി രൂപയാണ്, 2012-13ല്‍ ഇത് 60,974 കോടിയായി താഴും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡി ബില്‍ ഇക്കൊല്ലത്തെ 68,481 കോടിയില്‍നിന്ന് അടുത്തവര്‍ഷം 43,580 കോടി രൂപയായി കുറയും.

ആഗോളവിപണിയില്‍ എണ്ണവില ഉയരുകയും പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം എണ്ണവിലയില്‍ ഇനിയും വര്‍ധന സൃഷ്ടിക്കാനുള്ള സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്ന അവസരത്തില്‍ സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്നത് ഉപയോക്താക്കളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തും. "നികുതി-ജിഡിപി അനുപാതം ഉയര്‍ത്താനും ചെലവുകള്‍ കുറയ്ക്കാനുമായി" സാമ്പത്തിക അച്ചടക്കം പാലിക്കാനെന്ന പേരിലാണ് ധനമന്ത്രി സാധാരണക്കാര്‍ക്കുമേല്‍ താങ്ങാനാകാത്ത ഭാരം അടിച്ചേല്‍പ്പിക്കുന്നത്. നികുതിവരുമാനം ഉയര്‍ത്താനായി രാജ്യത്തെ 10.5 ശതമാനം വരുന്ന സമ്പന്നര്‍ക്കുമേല്‍ കൂടുതല്‍ നികുതി ചുമത്താന്‍ അദ്ദേഹം തയ്യാറല്ല. പ്രത്യക്ഷനികുതിയുടെ മേഖലയില്‍ ഇടത്തരക്കാരെ പ്രീണിപ്പിക്കാനായി ആദായനികുതിയുടെ പരിധി ഉയര്‍ത്തിയിട്ടുണ്ട്. ആദായനികുതിയിലെ ഇളവും പ്രത്യക്ഷനികുതിയുടെ മറ്റു ചില മേഖലകളിലെ ഇളവുകളും കൂടിച്ചേര്‍ന്ന് മൊത്തം 4800 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടാക്കുന്നു.
എന്നാല്‍ , ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചതിനുപുറമെ, സേവനനികുതി ഉയര്‍ത്തിയും സേവനനികുതിയുടെ പരിധിയില്‍ കൂടുതല്‍ മേഖലകളെ കൊണ്ടുവന്നും ഈ നഷ്ടത്തേക്കാള്‍ കൂടുതല്‍ വരുമാനം സൃഷ്ടിക്കുന്നു. ദരിദ്രജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഭാരം സൃഷ്ടിക്കുന്ന പരോക്ഷനികുതികള്‍ കൂടുതലായി ചുമത്തപ്പെടുന്ന അവസ്ഥയിലേക്ക് രാജ്യം മടങ്ങിപ്പോവുകയാണ്. ഈ ബജറ്റ് മുന്നോട്ടുവയ്ക്കുന്ന നികുതിനയം അങ്ങേയറ്റം പിന്തിരിപ്പനാണ്. പദ്ധതികള്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രി സ്വീകരിച്ചിട്ടുള്ള മാര്‍ഗം യഥാര്‍ഥത്തില്‍ പാവപ്പെട്ടവര്‍ക്ക് ഗുണകരമാണോ? വളര്‍ച്ച കൂടുതല്‍ സമഗ്രമാക്കാനെന്ന പേരില്‍ അവതരിപ്പിച്ച രണ്ട് വമ്പന്‍ പദ്ധതികള്‍ പരിഗണിക്കുക. പാവപ്പെട്ടവര്‍ക്ക് സബ്സിഡിയോടെ ഭക്ഷ്യസാമഗ്രികള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയും തൊഴില്‍ നല്‍കാനും ക്രയശേഷി വര്‍ധിപ്പിക്കാനുമുള്ള ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയും.പാവപ്പെട്ടവര്‍ക്കായി വിപുലമായ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ , ഭക്ഷ്യസബ്സിഡി ഇനത്തില്‍ 2011-12ല്‍ 73,000 കോടി നീക്കിവച്ച സ്ഥാനത്ത് അടുത്തവര്‍ഷം 75,000 കോടിമാത്രമേ വകയിരുത്തിയിട്ടുള്ളൂ. വിപുലമായ ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തം; മാത്രമല്ല, സബ്സിഡി ചെലവ് കുറയ്ക്കുന്നതിലൂടെ പൊതുവിതരണസമ്പ്രദായംതന്നെ പരിമിതപ്പെടുത്തുകയാണ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയെക്കുറിച്ച് വളരെയേറെ പ്രതീക്ഷകളും പ്രചാരവും നിലനിന്നിരുന്നു. എന്നാല്‍ , 2010-11ല്‍ തൊഴിലുറപ്പുപദ്ധതിയില്‍ 35,841 കോടി രൂപ ചെലവിട്ട സ്ഥാനത്ത് നടപ്പുവര്‍ഷം ഇത് 31,000 കോടിയായി ചുരുങ്ങി. 2012-13ല്‍ വിഹിതം 33,000 കോടിമാത്രമായാണ് ഉയര്‍ത്തിയത്. ഉയര്‍ന്ന പണപ്പെരുപ്പനിരക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ധന തീരെ അപര്യാപ്തമാണ്. തൊഴിലുറപ്പുപദ്ധതിയുടെ കാര്യത്തില്‍ വാചകമടിമാത്രമാണ് കേന്ദ്രം നടത്തുന്നത്.

അതേസമയം, ഈ ബജറ്റ് സാമ്പത്തിക അച്ചടക്കത്തില്‍മാത്രമാണ് ഊന്നുന്നതെന്നും ഒരു വിഭാഗത്തിനും ഗുണം നല്‍കുന്നില്ലെന്നും കരുതാമോ? അത് ശരിയല്ല. ധനമൂലധനത്തിന്റെ കാര്യം പൊതുവായും വിദേശമൂലധനത്തിന്റെ കാര്യം പ്രത്യേകമായും എടുക്കുക. ഓഹരികമ്പോളത്തിലെ കൈമാറ്റങ്ങള്‍ക്കുള്ള നികുതിയില്‍ 20 ശതമാനം കുറവാണ് വരുത്തിയത് (0.125 ശതമാനത്തില്‍നിന്ന് 0.1 ശതമാനമാക്കി). വരുമാനംമാത്രം ഉദ്ദേശിച്ചുള്ളതല്ല ഈ നികുതി, കമ്പോളത്തില്‍ വന്‍കിടക്കാര്‍ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ആവര്‍ത്തിച്ചുള്ള ഓഹരികൈമാറ്റങ്ങള്‍ നടത്തുന്നത് നിരുത്സാഹപ്പെടുത്താന്‍കൂടി ലക്ഷ്യമിട്ടാണ്. കൂടാതെ, അടിസ്ഥാനസൗകര്യ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനെന്ന പേരില്‍ , വിദേശവായ്പകളുടെ പലിശ തിരിച്ചടവിനുള്ള നികുതി അടുത്ത മൂന്നുവര്‍ഷത്തേക്ക് 20ല്‍നിന്ന് അഞ്ച് ശതമാനമായി കുറച്ചു.

മാത്രമല്ല, മാന്ദ്യം നേരിടുന്ന ഓഹരികമ്പോളത്തിലേക്ക് ഇടത്തരം നിക്ഷേപകരെ ആകര്‍ഷിച്ച് കൊണ്ടുവന്ന് വന്‍കിടക്കാര്‍ക്ക് നേട്ടം കൊയ്യാനും അവസരമൊരുക്കുകയാണ്. പ്രതിവര്‍ഷം 10 ലക്ഷം രൂപയില്‍ കുറവ് വരുമാനമുള്ളവര്‍ക്കായി രാജീവ്ഗാന്ധി ഇക്വിറ്റി സേവിങ് സ്കീം എന്ന പദ്ധതിപോലും ആവിഷ്കരിച്ചിരിക്കുന്നു; അരലക്ഷം രൂപവരെ നിക്ഷേപിക്കുന്നവര്‍ക്ക് 50 ശതമാനം നികുതിയിളവും നല്‍കും. വന്‍കിട മൂലധനശക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടത്തരക്കാരെ എറിഞ്ഞുകൊടുക്കുകയാണ്. ഒടുവിലായി, രാജ്യത്തെ ഓഹരികമ്പോളത്തിലേക്ക് ഈയിടെ പ്രവേശനം അനുവദിച്ച വിദേശ വ്യക്തിഗതനിക്ഷേപകര്‍ക്ക് ഇന്ത്യന്‍ കോര്‍പറേറ്റ് ബോണ്ടുകളും വാങ്ങാന്‍ അനുമതി നല്‍കി. 2011-12ല്‍ ഓഹരിവില്‍പ്പനവഴി 40,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും 14,000 കോടിമാത്രമാണ് ലഭിച്ചത്. ഇക്കുറി 30,000 കോടിയാണ് ലക്ഷ്യമിടുന്നത്. ധനകമ്മി കുറയ്ക്കാന്‍ ധനമന്ത്രിക്ക് ഈ തുക ആവശ്യമാണ്. ഈ നടപടികളിലൂടെ സാമ്പത്തിക അച്ചടക്കം പാലിക്കുമെന്ന് ഉറപ്പാക്കുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്.

സാമ്പത്തിക അച്ചടക്കം നല്ലതാണോ അല്ലയോ എന്നത് മറ്റൊരു കാര്യം. എന്നാല്‍ , സ്പെക്ട്രം വില്‍പ്പനവഴി വന്‍വരുമാനം ലഭിച്ചിട്ടും പല മേഖലകളില്‍ ചെലവ് ചുരുക്കിയിട്ടും ധനകമ്മി ജിഡിപിയുടെ 4.6 ശതമാനമാക്കാന്‍ ലക്ഷ്യമിട്ടത് 5.9ല്‍ നില്‍ക്കുകയാണ്. 2012-13ല്‍ ഇത് 5.1 ശതമാനമായി താഴ്ത്തുമെന്നാണ് മന്ത്രിയുടെ പ്രത്യാശ. എത്ര വിജയിക്കുമെന്ന് ഉറപ്പില്ല. രാജ്യത്ത് "സാമ്പത്തികപരിഷ്കാരം" നടപ്പാക്കിയതിന്റെ ഖ്യാതി സ്വയം അവകാശപ്പെടുന്ന ധനമന്ത്രി വികസിതരാജ്യങ്ങളിലെ നയരൂപീകരണ കര്‍ത്താക്കളുടെ അതേഅവസ്ഥയില്‍ താന്‍ എത്തിയതായും അവകാശപ്പെടുന്നു. ഈ അവസ്ഥ ഇന്ത്യയുടെ ചുമലില്‍ പുതിയ "ഉത്തരവാദിത്തം" ഏല്‍പ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ , ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം, സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് സഹായം, കോര്‍പറേറ്റുകള്‍ക്ക് പ്രീണനം തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നാണ് ബജറ്റ് വായിക്കുമ്പോള്‍ വ്യക്തമാകുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള നിര്‍ദേശമൊന്നും ബജറ്റിലില്ല.

(സി പി ചന്ദ്രശേഖര്‍)

*
ദേശാഭിമാനി 17 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാഷ്ട്രം ഇന്ന് നേരിടുന്ന ഏറ്റവും വലിയ മൂന്ന് സാമ്പത്തികപ്രശ്നങ്ങള്‍ ഇവയാണ്. 1) വിലക്കയറ്റം. 2) തൊഴിലില്ലായ്മ. 3) പെരുകുന്ന വിദേശ വ്യാപാരകമ്മി. ഇവ മൂന്നിനും പ്രണബ് മുഖര്‍ജിയുടെ ബജറ്റില്‍ ലവലേശം പരിഹാരമില്ല. വിലക്കയറ്റം രൂക്ഷമാക്കുന്ന നടപടികളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. പെട്രോളിയം സബ്സിഡി 25000 കോടിയും വളം സബ്സിഡി 6000 കോടിയും കുറച്ചിരിക്കുന്നു. ഇവയുടെ വിലവര്‍ധന ഉറപ്പായി. റേഷന്‍ കടകളിലൂടെ അരിയും മറ്റും സാധാരണക്കാര്‍ക്ക് നിയന്ത്രിതവിലയ്ക്ക് വിതരണം ചെയ്യുന്നതിനുപകരം പാവങ്ങള്‍ക്ക് സബ്സിഡി പണമായി നല്‍കാന്‍ പോവുകയാണ്. ഇഷ്ടമുള്ള വിലയ്ക്ക് പൊതുകമ്പോളത്തില്‍നിന്ന് വാങ്ങാം.