കണ്ണൂരിലെത്തുന്നവര്‍ ആദ്യം തിരക്കുന്ന കേന്ദ്രങ്ങളിലൊന്ന് പയ്യാമ്പലമാണ്. മനോജ്ഞമായ കടല്‍ തീരംമാത്രമല്ല അത്; കേരളീയ ജീവിതം മാറ്റിമറിക്കാന്‍ അവിശ്രമം പോരാടിയ നിരവധി ധീരദേശാഭിമാനികള്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണുകൂടിയാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുതല്‍ ഡോ. സുകുമാര്‍ അഴീക്കോടുവരെയുള്ളവര്‍ . ഇ കെ നായനാരുടെ സ്മൃതിമണ്ഡപമാണ് ആദ്യം. അവിടെ സ്വന്തം പിതാവിന്റെ, മുത്തച്ഛന്റെ കുഴിമാടത്തിനുമുന്നിലെന്നപോലെ കണ്ണടച്ച് വികാരവായ്പോടെ ആദരാഞ്ജലിയര്‍പ്പിക്കുന്ന ജനങ്ങള്‍ പതിവു കാഴ്ച.
മലയാളികള്‍ക്ക് സ്നേഹത്തിന്റെ നിറവാണ് നായനാര്‍ . ഹൃദയശുദ്ധിയോടെ നന്മ വിതറിയ ജനനായകന്‍ . കണ്ണൂര്‍ -തളിപ്പറമ്പ് ദേശീയപാതയില്‍ കല്യാശേരിയിലെ നായനാരുടെ വീടായ ശാരദാസ് ഇപ്പോഴും സജീവം. ശാരദാസിന്റെ വാതില്‍ എപ്പോഴും നായനാരെ സ്നേഹിക്കുന്നവര്‍ക്കായി തുറന്നുവച്ചിരിക്കുന്നു. അദ്ദേഹമില്ലെങ്കിലും ആ ഓര്‍മകളുമായെത്തുന്നവരെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാന്‍ ഭാര്യ ശാരദടീച്ചറുണ്ട്. 1958 സെപ്തംബര്‍ 28നായിരുന്നു അവരുടെ വിവാഹം. അന്ന് നായനാര്‍ പാര്‍ടി കോഴിക്കോട് ജില്ലാ സെക്രട്ടറി. കെ പി ആര്‍ ഗോപാലന്റെ അനന്തരവളായ ശാരദ കല്യാശേരി സ്കൂള്‍ അധ്യാപികയും. കല്യാശേരി വായനശാലയിലായിരുന്നു വിവാഹം. അന്നു രാത്രി നായനാര്‍ തിരുവനന്തപുരത്ത് പാര്‍ടി സംസ്ഥാന കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍പോയി. നവവധുവും ഒപ്പമുണ്ടായിരുന്നു. 1958ല്‍ കോഴിക്കോട് നടന്ന പാര്‍ടിസമ്മേളനം ശാരദടീച്ചര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. വിവാഹം കഴിഞ്ഞ് ഏറെ നാളായില്ല. ജില്ലാ സെക്രട്ടറിയായിരുന്ന നായനാര്‍ സ്വയം കാറോടിച്ചാണ് കോഴിക്കോട്ടേക്ക് പോയത്. ഒപ്പം നവവധുവും. ജീവിതത്തില്‍ ആദ്യമായും അവസാനമായുമാണ് നായനാര്‍ ഓടിച്ച കാറില്‍ സഞ്ചരിച്ചത്. കൊയിലാണ്ടിയില്‍ പപ്പന്‍ മാഷുടെ വീട്ടിലാണ് താമസിച്ചത്. സമ്മേളനത്തില്‍ നിരവധി സഖാക്കളുടെ ഭാര്യമാര്‍ എത്തിയിട്ടുണ്ടായിരുന്നു. അവരെയൊക്കെ പരിചയപ്പെടാനായി. നായനാരുടെ കൂടെ കുറേക്കാലം ജീവിച്ചിട്ടും ശാദരടീച്ചര്‍ വിരലിലെണ്ണാവുന്ന പാര്‍ടി സമ്മേളനങ്ങളിലേ പങ്കെടുത്തിട്ടുള്ളൂ. അദ്ദേഹം മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനും അവര്‍ മുഴുവന്‍ സമയ കുടുംബിനിയുമായിരുന്നു.
ആത്മകഥയില്‍ (കാലം മായ്ക്കാത്ത ഓര്‍മകള്‍) നായനാര്‍ എഴുതുന്നു: "ഭാരതീയ നിയമമനുസരിച്ചു ഭാര്യ പുരുഷന്റെ പകുതിഭാഗമാണ്. അപ്പോള്‍ ശാരദ എന്നോടൊത്തു രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പോരേണ്ടതാണെന്നു ഞാന്‍ പറയാറുണ്ട്. പക്ഷേ, കുട്ടികളും വീടും ഉള്ളതുകൊണ്ടു ശാരദയെ അതില്‍നിന്ന് ഒഴിവാക്കുന്നു. ശാരദക്കുവേണ്ടി കൂടി ഞാന്‍ പണിയെടുക്കുന്നു. അത് കേള്‍ക്കുമ്പോള്‍ ശാരദ ചിരിച്ചു തലയാട്ടും". അതിനുള്ള കാരണം നായനാര്‍തന്നെ കണ്ടെത്തിയിട്ടുണ്ട്- "കെ പി ആറിന്റെ മരുമകളല്ലേ. അവര്‍ക്ക് അതൊന്നും പുത്തരിയല്ല".
സമരവീര്യത്താല്‍ ഊതിക്കാച്ചിയെടുത്തതായിരുന്നു ശാരദീച്ചറുടെയും ജീവിതം. പി കൃഷ്ണപിള്ള, കേരളീയന്‍ , അമ്മാവനായ കെ പി ആര്‍ എന്നിവരുടെയൊക്കെ പോരാട്ടങ്ങള്‍ക്ക് അവരും സാക്ഷിയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ച 1948ലെ രാത്രികളില്‍ അമ്മാമന്മാരെ തേടിയെത്തിയ പൊലീസ് വീട് തകര്‍ത്തു. ബൂട്ടിട്ടകാലുകള്‍ മുറിനിറയെ ഓടിനടന്നു. വീട്ടിലെ സ്ത്രീകളുടെ ശരീരത്തിലും അവ ആഞ്ഞുപതിച്ചു. അന്നു ഭീഷണി മുഴക്കി നായാട്ടു നടത്തിയ പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്ന വീട്ടില്‍ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ താമസിച്ചപ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ടെന്ന് ടീച്ചര്‍ .
പാര്‍ടി മാത്രമായിരുന്നു നായനാരുടെ ചിന്തകളിലെന്നും. കാലത്ത് എഴുന്നേറ്റാല്‍ പത്രവായന. ആദ്യം ദേശാഭിമാനി. വള്ളിപുള്ളി വിടാതെ വായിക്കും. ജയിലില്‍ കിടന്നപ്പോള്‍ തുടങ്ങിയ ശീലമാണത്. തുടര്‍ന്നു കുറിപ്പെടുക്കും. പ്രസംഗത്തില്‍ പറയാനുള്ള കാര്യങ്ങളായിരിക്കും അത്. ഉണരുന്നതുമുതല്‍ ഉറങ്ങുന്നതുവരെ പാര്‍ടിക്കാര്യം മാത്രം. വഴിയിലിറങ്ങിയാലും സ്ഥിതി വ്യത്യസ്തമല്ല. ഒരോ സ്ഥലത്ത് എത്തുമ്പോഴും പറയും. ഇവിടെ ഒളിവില്‍ താമസിച്ചിട്ടുണ്ട്. ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. ഇവിടെ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 29 വര്‍ഷത്തിനു ശേഷമാണ് നായനാര്‍ ഭാര്യയും കുട്ടികളുമൊത്തു കഴിഞ്ഞത്. പാര്‍ടി പ്രവര്‍ത്തനത്തിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് വന്നാല്‍ കല്യാശേരിയില്‍ വന്നു ഭാര്യയെയും മക്കളെയും കാണുകയായിരുന്നു പതിവ്.
കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പൈസ ചോദിച്ചാല്‍ നായനാര്‍ക്ക് പിശുക്കന്‍ കാരണവരുടെ സ്വഭാവമാണ്. നൂറുരൂപ ചോദിച്ചാല്‍ അഞ്ചുരൂപയാണ് തരിക. ഒരോ പൈസക്കും കണക്കുണ്ട്. "പാര്‍ടീന്ന് കിട്ടുന്ന ശമ്പളം ഇത്രയൊക്കെയേ ഉള്ളൂ. മറ്റുള്ളവരുടെ പത്രാസ് നമുക്ക് വേണ്ട. ഒരു കമ്യൂണിസ്റ്റുകാരന്റെ ഭാര്യക്കും മക്കള്‍ക്കും അധികം മോഹം പാടില്ല"- നായനാര്‍ വാചാലനാകും. അങ്ങനെ എത്രയെത്ര ഓര്‍മകള്‍ . ടീച്ചറുടെ കണ്ണില്‍ നനവ് പടര്‍ന്നു.
*
ജയകൃഷ്ണന്‍ നരിക്കുട്ടി് ദേശാഭിമാനി ൦൭ മാര്‍ച്ച് 2012
Sunday, March 11, 2012
കല്യാശേരിയില്‍നിന്ന് കത്തിപ്പടര്‍ന്ന സമരജീവിതം
Subscribe to:
Post Comments (Atom)
1 comment:
കണ്ണൂരിലെത്തുന്നവര്‍ ആദ്യം തിരക്കുന്ന കേന്ദ്രങ്ങളിലൊന്ന് പയ്യാമ്പലമാണ്. മനോജ്ഞമായ കടല്‍ തീരംമാത്രമല്ല അത്; കേരളീയ ജീവിതം മാറ്റിമറിക്കാന്‍ അവിശ്രമം പോരാടിയ നിരവധി ധീരദേശാഭിമാനികള്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണുകൂടിയാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുതല്‍ ഡോ. സുകുമാര്‍ അഴീക്കോടുവരെയുള്ളവര്‍ . ഇ കെ നായനാരുടെ സ്മൃതിമണ്ഡപമാണ് ആദ്യം. അവിടെ സ്വന്തം പിതാവിന്റെ, മുത്തച്ഛന്റെ കുഴിമാടത്തിനുമുന്നിലെന്നപോലെ കണ്ണടച്ച് വികാരവായ്പോടെ ആദരാഞ്ജലിയര്‍പ്പിക്കുന്ന ജനങ്ങള്‍ പതിവു കാഴ്ച.
മലയാളികള്‍ക്ക് സ്നേഹത്തിന്റെ നിറവാണ് നായനാര്‍ . ഹൃദയശുദ്ധിയോടെ നന്മ വിതറിയ ജനനായകന്‍ . കണ്ണൂര്‍ -തളിപ്പറമ്പ് ദേശീയപാതയില്‍ കല്യാശേരിയിലെ നായനാരുടെ വീടായ ശാരദാസ് ഇപ്പോഴും സജീവം. ശാരദാസിന്റെ വാതില്‍ എപ്പോഴും നായനാരെ സ്നേഹിക്കുന്നവര്‍ക്കായി തുറന്നുവച്ചിരിക്കുന്നു.
Post a Comment