Saturday, March 24, 2012

പരമാധികാരം അടിയറവയ്ക്കരുത്

ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടനയില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയതാണ്. എന്നാല്‍ , അതിമഹത്തായ ഈ പരമാധികാരം പടിപടിയായി ചോര്‍ത്തിക്കളയുന്ന നടപടിയാണ് മന്‍മോഹന്‍സിങ് സര്‍ക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ-അമേരിക്ക ആണവ സഹകരണ കരാറില്‍ ഒപ്പുവച്ചതും അമേരിക്കയുമായി തന്ത്രപരമായ ബന്ധം ഊട്ടിയുറപ്പിച്ചതും ഉദാഹരണങ്ങള്‍ . ഊര്‍ജകമ്മി അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാഷ്ട്രത്തിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും ഊര്‍ജം കൂടിയേ തീരു. കമ്മി പരിഹരിക്കാന്‍ വേണ്ടതൊക്കെ ചെയ്യണം. ഇറാനില്‍നിന്ന് പ്രകൃതിവാതകം വാങ്ങാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇറാനുമായി ചര്‍ച്ച നടത്തുകയുണ്ടായി. ഇറാനില്‍നിന്ന് പൈപ്പ്ലൈന്‍വഴി പ്രകൃതിവാതകം ഇന്ത്യയിലെത്തിക്കാന്‍ ധാരണയായി. എന്നാല്‍ , അമേരിക്കന്‍ ഐക്യനാടുകളുടെ സമ്മര്‍ദം മൂലം ഈ പരിപാടി ഉപേക്ഷിച്ചു.

ഇറാനില്‍നിന്ന് ഇന്ത്യ തുടര്‍ച്ചയായി എണ്ണ വാങ്ങുന്നുണ്ട്. ഇപ്പോള്‍ എണ്ണ വാങ്ങുന്നതില്‍ വിലക്കേര്‍പ്പെടുത്താന്‍ അമേരിക്ക നഗ്നമായി ഇടപെടുകയാണ്. ഇറാന്‍ അണുബോംബ് നിര്‍മിക്കുന്നതായി ഭീതി പരത്തി ആ രാജ്യത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. ഉപരോധം അടിച്ചേല്‍പ്പിച്ചതോടെ ഒരു രാജ്യവും ഇറാനുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടുകൂടാ എന്നാണ് അമേരിക്കയുടെ നിര്‍ബന്ധം. ഉപരോധത്തില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളെ ഒഴിവാക്കിയതായി വാര്‍ത്ത കാണുന്നു. എന്നാല്‍ , ഇന്ത്യയും ചൈനയും ഇറാനില്‍നിന്ന് എണ്ണ വാങ്ങാന്‍ പാടില്ലപോലും. ഇന്ത്യയുടെ ഉത്തമ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇറാനില്‍നിന്ന് എണ്ണ വാങ്ങേണ്ടത് അത്യാവശ്യമാണ്. അതിന് അമേരിക്കയുടെ അനുമതി വേണമെന്നു പറയുന്നത് പരമാധികാരമല്ല തനി അടിമത്തമാണ്. പാകിസ്ഥാന്‍ ഇറാനില്‍നിന്ന് പ്രകൃതിവാതകം വാങ്ങാന്‍ വിലക്ക് ലംഘിച്ച് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യക്കെതിരെ അമേരിക്ക നോട്ടീസയച്ചുപോലും. അമേരിക്കയുടെ വിലക്ക് തള്ളിക്കളയാനുള്ള ആര്‍ജവം മന്‍മോഹന്‍സര്‍ക്കാര്‍ കാണിക്കണം. അല്ലെങ്കില്‍ അത് ഇന്ത്യക്കാര്‍ക്ക് നാണക്കേടുണ്ടാക്കും. നമ്മുടെ പരമാധികാരരാഷ്ട്രം കോളനിരാഷ്ട്രമാക്കി മാറ്റരുത്. അത് ഇന്ത്യക്കാര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല.

*
ദേശാഭിമാനി മുഖപ്രസംഗം 24 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...