Thursday, March 15, 2012

മാലാഖമാരുടെ അതിജീവനസമരം

അവഗണനയും അടിമപ്പണിയും സഹിച്ച് വെളുത്ത കുപ്പായങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരുന്ന നൈറ്റിംഗേലുകള്‍ പാടിത്തുടങ്ങിയിരിക്കുന്നു. വെറും പാട്ടല്ല, വര്‍ഗബോധത്തിന്റെ സംഘശക്തിയുടെ ഉണര്‍ത്തുപാട്ട്. വിശേഷണങ്ങളുടെ നിറച്ചാര്‍ത്തുകളില്ലാതെ പറയട്ടെ, അവര്‍ അതിജീവനത്തിനായുള്ള സമരത്തിലാണ്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച്, കാലങ്ങളായി തങ്ങള്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന നീതിയെക്കുറിച്ച്, നഷ്ടബോധത്തോടെയാണെങ്കിലും അവര്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. രോഗാതുരമായ ഒരു കാലം മനുഷ്യനു നിശ്ചിതമാണ്. ആ നിശ്ചയത്തിന്റെ നിലനില്‍പ് മനുഷ്യരെ നിസ്സഹായരാക്കി മാറ്റുന്നു. ആ നിസ്സഹായതയെ ധനസമ്പാദനത്തിനായുള്ള മാര്‍ഗമാക്കി മാറ്റിയ സ്വകാര്യ ആശുപത്രികള്‍ ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിെന്‍റയും വന്‍കൊട്ടാര സമുച്ചയങ്ങളായി ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആ കോട്ടകളിലെ അകത്തളങ്ങളിലെ നിലവിളികള്‍ ഇത്രയും കാലം അവിടെത്തന്നെ അലിഞ്ഞില്ലാതാവുകയായിരുന്നു.

വിളിച്ചാല്‍ വിളി കേള്‍ക്കുമെന്നവകാശപ്പെടുന്ന അമ്മമാരും മുട്ടുവിന്‍ തുറക്കപ്പെടുമെന്നു പറയുന്ന അച്ചന്‍മാരും നടത്തുന്ന ആശുപത്രികളില്‍ തങ്ങളുടെ അനുഭവം മറിച്ചാണെന്നു ബോധ്യപ്പെട്ട നഴ്സുമാര്‍ , സിറിഞ്ചും ഡ്രിപ്സെറ്റും മാത്രമല്ല, തങ്ങളുടെ കയ്യില്‍ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമേന്താന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു. ആശുപത്രിയുടെ ഉള്‍ത്തളങ്ങള്‍ വിട്ട് വിശാലമായ സമരമുഖത്തേക്ക് അവരിറങ്ങിയപ്പോള്‍ അഹന്തയുടെ ആള്‍രൂപങ്ങളായ ആശുപത്രി മുതലാളിമാര്‍ അന്തംവിട്ടു. കായികമായി അടിച്ചമര്‍ത്താന്‍ ആദ്യം നോക്കി. പിന്നീട് സമരത്തിനെതിരെ, നഴ്സുമാരുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്തുകൊണ്ട് പത്രങ്ങളില്‍ വന്‍പരസ്യം നല്‍കി. അവര്‍ക്കെതിരെ അനാവശ്യമായ ആരോപണങ്ങളഴിച്ചുവിട്ടു. പക്ഷെ സത്യം ജനത്തിനറിയാവുന്നതുകൊണ്ട് ആ പ്രചാരവേല എങ്ങും ഏശിയില്ല.

എറണാകുളത്തെ അമൃതയിലെയും ലേക്ഷോറിലെയും കൊല്ലത്തെ ശങ്കേഴ്സിലെയുമൊക്കെ മാനേജ്മെന്‍റുകള്‍ക്ക് തല്‍ക്കാലം സമരക്കാരോട് സന്ധി ചെയ്യേണ്ടിവന്നു. അവര്‍ എഗ്രിമെന്‍റില്‍നിന്നും വ്യതിചലിച്ചാല്‍ പൂര്‍വാധികം ശക്തിയായി സമരം തുടങ്ങുമെന്ന് യുണൈറ്റഡ് നഴ്സസ് യൂണിയന്‍ എറണാകുളം ജില്ലാ പ്രസിഡന്‍റും അമൃതാ ആശുപത്രിയിലെ മുന്‍ജീവനക്കാരനുമായ ജിതിന്‍ പറയുന്നു. സമരമുഖങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമായി നിന്നത് ഡിവൈഎഫ്ഐയും ഇടതുപക്ഷ സംഘടനകളുമാണ്. അവരുടെ പിന്തുണയിലാണ് സമരം ഇത്രയും ശക്തമായതും ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്കു വഴിവെച്ചതും. അതില്‍നിന്നും പാഠമുള്‍ക്കൊണ്ടാണ് സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പണിയെടുക്കുന്ന നഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ തയ്യാറെടുക്കുന്നത്. സമരപരമ്പരകള്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ. മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്ന ബീനാ ബേബി അധികൃതരുടെ ക്രൂരമായ മാനസിക പീഡനത്തിനിരയായി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ ഇത്രയുംകാലം അടക്കിവച്ചിരുന്ന ആത്മരോഷത്തിന്റെ തീക്കാറ്റഴിച്ചുവിട്ടത്. ആ തീ കേരളത്തില്‍ ആളിപ്പടരാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ജാതി-മത കക്ഷി ഭേദമെന്യേ അവര്‍ സമരത്തിനിറങ്ങി. എന്നിട്ടും സമരത്തിന് വര്‍ഗീയതയുടെ നിറം പകരാന്‍ മാനേജ്മെന്‍റുകള്‍ മല്‍സരിച്ചു. കത്തോലിക്കാസഭ നടത്തുന്ന ഒരാശുപത്രിയില്‍ ജീവനക്കാര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തില്ലെങ്കി ല്‍ മൂന്നു ദിവസത്തെ ശമ്പളം കട്ടുചെയ്യും- ക്രിസ്തുമത വിശ്വാസിയായ ലിജു വേങ്ങല്‍ സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തില്‍ 450 ഓളം ആശുപത്രികള്‍ സ്വകാര്യ - സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ നിയമാവലിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവ ചുരുക്കം മാത്രം. സ്വകാര്യ ആശുപത്രികളിലേറെയും അംഗീകാരമില്ലാത്ത നഴ്സിംഗ് സ്കൂളുകളില്‍ പഠിച്ച, ശരിയായ പരിശീലനം നേടിയിട്ടില്ലാത്തവരെയാണ് തുച്ഛമായ ശമ്പളം നല്‍കി ജോലിക്കു നിര്‍ത്തിയിരിക്കുന്നത്. വേണ്ടുംവണ്ണം പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത നഴ്സുമാര്‍ രോഗികളെ ശുശ്രൂഷിക്കുന്നുണ്ടെന്നത് വളരെ ഗൗരവമായി കാണേണ്ട വസ്തുതയാണ്. സര്‍വകലാശാലാ നിയമാവലിയില്‍ പെട്ട ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനായി സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്ന, കോഴ്സ് പൂര്‍ത്തിയാക്കിയവരെ നന്നായി അവര്‍ ചൂഷണം ചെയ്യുന്നു. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതിനാല്‍ അവര്‍ നിശ്ശബ്ദം എല്ലാം സഹിക്കുന്നു. കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് 2009ലാണ് നേഴ്സുമാരുടെ മിനിമം വേതനം 8600 രൂപ ആയി നിശ്ചയിച്ചത്. പുതുതായി നിയമിക്കുന്ന സ്റ്റാഫ് നഴ്സിന് അടിസ്ഥാന ശമ്പളവും അധിക അലവന്‍സും ക്ഷാമബത്തയുമുള്‍പ്പെടെ 8762 രൂപയും പിഎഫ്, ഇഎസ്ഐ, ടിഎ, ഐസിയു അലവന്‍സ്, റിസ്ക് അലവന്‍സ്, വാഷിംഗ് അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ശമ്പളത്തോടൊപ്പം നല്‍കേണ്ടതാണ്. അതുപോലെ സ്റ്റാഫ് നഴ്സ് ന് മേല്‍പറഞ്ഞ അലവന്‍സുകള്‍ ഉള്‍പ്പെടെ അടിസ്ഥാന ശമ്പളമായി 9035 രൂപയും നല്‍കേണ്ടതാണ്. കേരള നഴ്സസ് മിനിമം വേജസ് സാലറി ആക്ട് 2009 എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും നാളിതുവരേയ്ക്കും ഒരു സ്വകാര്യ ആശുപത്രിയും അതു നടപ്പിലാക്കിയിട്ടില്ല.

എറണാകുളത്തെ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ലേക്ഷോര്‍ ആശുപത്രിയിലും സമരം ചെയ്ത നഴ്സുമാര്‍ ഉന്നയിച്ച പ്രധാന ആവശ്യം ശമ്പളപരിഷ്കരണമായിരുന്നു. 3000 രൂപയ്ക്കുപോലും ജോലിയെടുക്കുന്ന നഴ്സുമാര്‍ അവിടെയുണ്ട്. ആശുപത്രികളിലെ നഴ്സ് - രോഗി അനുപാതം 1 : 3 ആയിരിക്കെ മതിയായ നഴ്സുമാരുടെ അഭാവത്തില്‍ ഒരേസമയം അവര്‍ക്കു 12 - 15 രോഗികളെ നോക്കേണ്ടിവരുന്നു. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന സിന്ധു പറയുന്നു: "ഒരേസമയം പതിനഞ്ചു രോഗികളെ വരെ നോക്കണം. ഡ്യൂട്ടിയ്ക്കു കയറി മണിക്കൂറുകള്‍ കഴിഞ്ഞാലും സമാധാനത്തോടെ ഒന്നിരുന്ന് ഭക്ഷണം കഴിക്കാനോ ഒന്നു ബാത്ത്റൂമില്‍ പോവാനോ പറ്റാത്ത അവസ്ഥയാണ്. ഒന്നിരുന്നാല്‍ അപ്പോള്‍ വിളിവരും. കിട്ടുന്നതാണെങ്കില്‍ വെറും 3500 രൂപ. ആരും അങ്ങോട്ടുമിങ്ങോട്ടും ചോദ്യമില്ല. കിട്ടുന്നത് വാങ്ങും. സമരം തുടങ്ങിയതില്‍ പിന്നെ ഞങ്ങള്‍ക്ക് ധൈര്യമായി". ഒരു പുത്തന്‍ ഉണര്‍വോടെ സിന്ധു പറഞ്ഞുനിര്‍ത്തി. പല സ്വകാര്യ ആശുപത്രികളും മെയില്‍ നഴ്സുമാരെ ഡ്യൂട്ടിക്കെടുക്കുന്നതു നിര്‍ത്തിയിരിക്കുന്നു. ഇത്രയും കാലം "അടങ്ങിയൊതുങ്ങി" ജോലി ചെയ്തിരുന്ന സ്ത്രീകളായ നഴ്സുമാര്‍ സമരത്തിനിറങ്ങിയത്, പുരുഷന്മാരായ നഴ്സുമാര്‍ കാരണമെന്നാണ് മാനേജ്മെന്റുകളുടെ വാദം. അതുകൊണ്ടാണ് മെയില്‍ നഴ്സുമാര്‍ക്ക് പല ആശുപത്രികളും പ്രവേശനം നിര്‍ത്തിവെച്ചത്. സ്ത്രീകളാകുമ്പോള്‍ കുറഞ്ഞ കൂലിക്ക് കൂടുതല്‍ അടിമപ്പണി ചെയ്യിക്കാമല്ലോ. സമരവുമായി ബന്ധപ്പെട്ട് നഴ്സുമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ തികച്ചും മനുഷ്യാവകാശപരമായിരുന്നു.

മതിയായ കൂലി, മാന്യമായി തൊഴിലെടുക്കാനുള്ള അവസരം, ഡ്യൂട്ടിസമയം നിജപ്പെടുത്തുക, ഗര്‍ഭിണിയാകുമ്പോള്‍ നിര്‍ബന്ധപൂര്‍വം ജോലിയില്‍ നിന്നൊഴിവാക്കാതിരിക്കുക, ഓഫ് ലീവുകള്‍ , റിസ്ക് അലവന്‍സ് എന്നിവ അനുവദിക്കുക തുടങ്ങിയവയായിരുന്നു ആ ആവശ്യങ്ങള്‍ . സമരം നടന്ന ആശുപത്രികളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നു പറയുന്നുവെങ്കിലും അതൊന്നും ഇതുവരെയും പ്രാബല്യത്തില്‍ വന്നിട്ടില്ല. മാനേജ്മെന്റുകളുടെ കരിനിയമങ്ങള്‍ക്കും ദാക്ഷിണ്യമില്ലാത്ത പെരുമാറ്റത്തിനുമെതിരെ അമ്പതോളം ആശുപത്രി മാനേജ്മെന്റുകള്‍ക്ക് സമരക്കാര്‍ നോട്ടീസയച്ചിട്ടുണ്ട്. ഒരാശുപത്രി മാനേജ്മെന്‍റിന്നും നോട്ടീസയയ്ക്കാതെ തങ്ങള്‍ സമരത്തിനിറങ്ങിയിട്ടില്ലെന്ന് സമരനേതാക്കള്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി സമരം നടക്കുന്ന ഗോകുലം മെഡിക്കല്‍ കോളേജിലെ അധികാരികള്‍ ഇത് നിഷേധിച്ചു. സമരക്കാര്‍ തെളിവു നിരത്തിയപ്പോള്‍ മാനേജ്മെന്‍റിനു മറുപടിയില്ലാതായി. ഫെബ്രുവരി 9ന് നോട്ടീസയച്ച് 14 ദിവസം കഴിഞ്ഞിട്ടും മാനേജ്മെന്‍റ് മറുപടി പറയാനോ ചര്‍ച്ചയ്ക്കോ മുതിര്‍ന്നില്ല. മാനേജ്മെന്‍റ് ഗുരുതരമായ അലംഭാവം കാട്ടിയതിനെ തുടര്‍ന്നാണ് തങ്ങള്‍ സമരമാരംഭിച്ചതെന്ന് ഓള്‍ ഇന്ത്യാ പ്രൈവറ്റ് നഴ്സസ് അസോസിയേഷന്‍ ഗോകുലം യൂണിറ്റ് പ്രസിഡന്‍റ് നിജാം പറയുന്നു. മാനേജ്മെന്‍റ് കാണിക്കുന്ന കടുത്ത നിസ്സംഗതയില്‍ പ്രതിഷേധിച്ച്, നിജാം, അഭിലാല്‍ എന്നിവര്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്.

അവിടെ സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് നിരത്താനുള്ള പരാതികള്‍ക്ക് ഒരവസാനവുമില്ല. ഐസിയുവില്‍ ജോലി ചെയ്യുന്ന ദിവ്യയ്ക്ക് 3000 രൂപയാണ് ശമ്പളം. പിഎഫിലേക്കെന്നും പറഞ്ഞ് ശമ്പളത്തില്‍നിന്നും നല്ലൊരു തുക പിടിക്കും. പക്ഷേ ഇതുവരെ ആര്‍ക്കും അതു കിട്ടിയതായി അറിവില്ല. സാലറി സ്ലിപ്പ് എന്ന സമ്പ്രദായമേയില്ല. ശമ്പളം അടുത്തുള്ള ബാങ്കിെന്‍റ എറ്റിഎമ്മില്‍നിന്നുമെടുക്കാം. ഇവിടെ പണിയെടുക്കുന്ന നഴ്സുമാര്‍ അറ്റന്‍ഡര്‍മാരുടെ പണിയും ക്ലാസ് ഫോര്‍ ജീവനക്കാരുടെ പണിയും ചെയ്യണം. ഡയാലിസിസിനുവേണ്ടിയുള്ള ആസിഡിന്റെ 65 കാനുകള്‍ താഴത്തെ നിലയില്‍നിന്നും ആറാം നിലവരെ തനിക്കു ചുമക്കേണ്ടിവന്നുവെന്നു ജോസ് പറയുന്നു. എന്നാലും വേണ്ടില്ല, ഒന്നരലക്ഷം വരെ ഡോക്ടര്‍മാര്‍ക്ക് കൊടുക്കുമ്പോള്‍ 8000 രൂപയെങ്കിലും തങ്ങള്‍ക്കു തന്നുകൂടേ? ജോസിന്റെ പരാതി നീളുന്നു. അവിടുത്തെ നൈറ്റ് ഡ്യൂട്ടിയെന്നത് 15 മണിക്കൂറാണ്. വൈകിട്ട് 5ന് ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പിറ്റേന്നു രാവിലെ 8 മണിക്കാണ് പുറത്തിറങ്ങാന്‍ കഴിയുന്നത്. രാവിലെ 8 മണിക്കു കയറുന്നവര്‍ രാത്രി 7 മണിവരെ ജോലി ചെയ്യണം. മെഡിക്കല്‍ ഐസിയു, ന്യൂറോ ഐസിയു എന്നിവിടങ്ങളിലാണെങ്കില്‍ ഡ്യൂട്ടി സമയം 16 - 17 മണിക്കൂര്‍ വരെ നീളും. പലപ്പോഴും പത്തും പതിനഞ്ചും രോഗികളുടെ ചുമതല ഒരു നഴ്സിനുതന്നെ ഏല്‍ക്കേണ്ടിവരും. അതേക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ , ഒരു ബസ്സില്‍ ആളുകളെത്രയധികമാണെങ്കിലും അവരെയെല്ലാം കണ്ടക്ടര്‍ ഒറ്റയാളല്ലേ നിയന്ത്രിക്കുന്നത്- മാനേജ്മെന്‍റ് മറുചോദ്യം കൊണ്ട് നഴ്സുമാരുടെ വായടക്കുന്നു.

ജോലിയില്‍ പ്രവേശിച്ച് അഞ്ചു വര്‍ഷമായിട്ടും 7000 രൂപ ശമ്പളം വാങ്ങിക്കുന്ന അനുഗോപാല്‍ മാനേജ്മെന്‍റിനെതിരെ പൊട്ടിത്തെറിക്കുന്നു. എച്ച്1 എന്‍1ന്നുള്ള പ്രതിരോധ കുത്തിവെയ്പിനുള്ള ചെലവായ 450 രൂപ തങ്ങളുടെ കയ്യില്‍നിന്നും തന്നെയാണ് വഹിച്ചത്- അയാള്‍ കൂട്ടിച്ചേര്‍ത്തു. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ കാര്യമാണ് കഷ്ടം. പത്തുപേര്‍ക്ക് ഒരു ബാത്ത്റൂമാണുള്ളത്. സമയം കിട്ടാത്തതുകാരണം പ്രാഥമിക കൃത്യങ്ങള്‍ ആശുപത്രിയില്‍ ചെന്നശേഷം പോലും പലര്‍ക്കും നിര്‍വഹിക്കേണ്ടിവരുന്നു. ഒരു കുടുസുമുറിയില്‍ മൂന്നുപേര്‍ വീതം. ബാക്കിയുള്ളവര്‍ക്ക് ചെറിയ ഹാളിലെ ഡോര്‍മിറ്ററിയാണ്. ക്യാന്‍റീനിലെ കൊള്ളയെക്കുറിച്ചും ഇവര്‍ക്കു പരാതിയുണ്ട്. ഭക്ഷണവിലയിലും ഇവര്‍ക്ക് യാതൊരിളവുമില്ല. ഒരു ചപ്പാത്തിക്ക് 7 രൂപ. ഒരു ചായയ്ക്ക് 8 രൂപ. മാസം 3000വും 4000വും ശമ്പളം വാങ്ങുന്ന, ജില്ലയ്ക്ക് പുറത്തുനിന്നും വന്നു ജോലി ചെയ്യുന്നവര്‍ എങ്ങനെ ഈ പൊള്ളുന്ന വിലയ്ക്ക് ഭക്ഷണം വാങ്ങിക്കഴിക്കും? രാത്രിയില്‍ പലരും ഒന്നും കഴിക്കാറില്ലെന്ന് അവര്‍ പറയുന്നു. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ക്യാന്‍റീനില്‍നിന്ന് ഭക്ഷണമില്ലെന്ന ബോര്‍ഡ് തൂക്കി. രാത്രി പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചില്ല. ഒടുവില്‍ നാട്ടുകാരിടപെട്ടാണ് അവര്‍ക്കു ഹോസ്റ്റലില്‍ കയറാന്‍ കഴിഞ്ഞത്. ബോണ്ടായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരിക്കുന്നത് തിരിച്ചുചോദിച്ചാല്‍ 10,000 ഉം 25000 ഉം കെട്ടിവെക്കണമെന്നു പറയും. വിദേശത്ത് ജോലി തേടിപ്പോകാതിരിക്കാന്‍ പാസ്പോര്‍ട്ടുള്‍പ്പെടെ അവര്‍ വാങ്ങിവെച്ചിട്ടുണ്ട്. നീതി കിട്ടും വരെ ഈ സമരത്തിനൊരവസാനമുണ്ടാവില്ലെന്ന് അവര്‍ തറപ്പിച്ചു പറയുന്നു. 270ഓളം നഴ്സുമാര്‍ ഇവിടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജോലി സാധ്യത മുന്നില്‍ കണ്ടാണ് ലക്ഷങ്ങള്‍ വായ്പയെടുത്ത് പലരും നഴ്സിംഗ് പഠിക്കുന്നത്. പഠനം കഴിഞ്ഞ് ബോണ്ടുവ്യവസ്ഥയില്‍ തുച്ഛമായ ശമ്പളത്തിനു ജോലി ചെയ്യുമ്പോള്‍ വായ്പ എങ്ങനെ മുടങ്ങാതടയ്ക്കും?

ലോണെടുത്തു പഠിച്ചവരില്‍ 70% പേരും പലവിധത്തിലുള്ള ജപ്തി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സമരപ്പന്തലിലിരുന്ന് ലേഖ ചോദിക്കുന്നു: "ജോലിയെടുത്ത് ലോണിന്റെ കടം വീട്ടാമെന്നാണ് വിചാരിച്ചത്. അടവിനുള്ള തുക പോലും ശമ്പളമായി കിട്ടുന്നില്ല. പലിശയും പലിശയുടെ പലിശയുമായി ഒന്നും അടയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്". ഇങ്ങനെ ഓരോ സമരമുഖത്തുനിന്നും അവസാനിക്കാത്ത പരിവേദനങ്ങളാണ് ഉയരുന്നത്. നഴ്സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നു. കമ്മീഷനും കൈക്കൂലിയുമായി വലിയൊരു വിഭാഗം ഡോക്ടര്‍മാര്‍ വന്‍തുക കൈപ്പറ്റി സാമൂഹ്യപദവിയുടെ ഉന്നതശ്രേണികളില്‍ വിലസുമ്പോള്‍ , അവരുടെ വിജയങ്ങളില്‍ ഭാഗഭാക്കായ, രോഗികള്‍ക്ക് ശരിക്കും അത്താണികളായ, നഴ്സുമാര്‍ പരിഗണിക്കപ്പെടുന്നത് വെറും പരിചാരകരായി മാത്രം. മാന്യമായ തൊഴില്‍പദവി നഴ്സുമാര്‍ക്കുണ്ടെന്നത് അംഗീകരിക്കപ്പെടണമെങ്കില്‍ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ക്കും അതേ മനോഭാവമുണ്ടാവണം. നഴ്സുമാരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിയ്ക്കപ്പെട്ട ബലരാമന്‍ കമ്മിറ്റി കണ്ടെത്തിയ കാര്യങ്ങളും നഴ്സുമാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളും ഒന്നുതന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സമഗ്രമായ നിയമനിര്‍മ്മാണം ഈ മേഖലയില്‍ ആവശ്യമുണ്ട്. തുച്ഛമായ ശമ്പളം സംബന്ധിച്ചും ചൂഷണങ്ങളെ സംബന്ധിച്ചും കമ്മിറ്റി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. നഴ്സിംഗ് ഡയറക്ടറേറ്റിന്റെ ആവശ്യകതയും കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. ഡോ. എസ് ബലരാമന്‍ ചെയര്‍മാനും ഡോ. പ്രസന്നകുമാരി കണ്‍വീനറുമായ കമ്മിറ്റി മെയ് ഒന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രശ്നപരിഹാരത്തിന് കമ്മിറ്റി റിപ്പോര്‍ട്ട് ബലമേകുമെന്ന് പ്രതീക്ഷിക്കാം. അമൃതയിലും കോലഞ്ചേരിയിലും സമരം ഒത്തുതീര്‍പ്പായ മറ്റ് ആശുപത്രികളിലും നഴ്സുമാരില്‍നിന്നും സംഘടനാപ്രവര്‍ത്തനം നടത്തില്ലെന്ന് മാനേജ്മെന്റ് എഴുതി വാങ്ങി. പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നു അവിടുത്തെ മാനേജ്മെന്‍റുകള്‍ കരുതണ്ട. സ്വകാര്യ ആശുപത്രികളില്‍ പുറത്തറിയാതെ കിടക്കുന്ന എത്രയോ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇനിയുമുണ്ട്, തൊഴില്‍ നിയമലംഘനങ്ങളുണ്ട്. അവയെക്കുറിച്ചന്വേഷിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതു ചെയ്യാതിരുന്നാല്‍ ആരോഗ്യമേഖല സ്തംഭനാവസ്ഥയിലേക്കു നീങ്ങും. ഭീതിദമായ അത്തരം അവസ്ഥകള്‍ സംജാതമാകാതെ നോക്കേണ്ട ഉത്തരവാദിത്വം ഗവണ്‍മെന്‍റിനുണ്ട്. അല്ലെങ്കില്‍ ലോകം കണ്ട വന്‍ തൊഴിലാളിസമരങ്ങള്‍പോലെ ഈ സമരവും ആളിപ്പടരും. അതിനു തെളിവാണ് സമരത്തില്‍ പങ്കെടുത്തവരുടെ കരുത്തും നിശ്ചയദാര്‍ഢ്യവും.

*
കെ ആര്‍ മായ ചിന്ത വാരിക 09 മാര്‍ച്ച് 2012

2 comments:

മുക്കുവന്‍ said...
This comment has been removed by the author.
മുക്കുവന്‍ said...

ആശുപത്രികളിലെ നഴ്സ് - രോഗി അനുപാതം 1 : 3 ആയിരിക്കെ മതിയായ നഴ്സുമാരുടെ അഭാവത്തില്‍ ഒരേസമയം അവര്‍ക്കു 12 - 15 രോഗികളെ നോക്കേണ്ടിവരു....

wow wow.. how much is patient's fees per day?
1:3 what a logic... who ever put his has no brain.