Sunday, March 11, 2012

സ്വാര്‍ഥരെ ലക്ഷ്യമിട്ട് കാര്യസിദ്ധി പൂജ

എല്ലാ പൂജകളും സ്വന്തം കാര്യം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണെന്നിരിക്കെ പ്രത്യേക കാര്യസിദ്ധി പൂജയ്ക്ക് എന്താണ് പ്രസക്തി?

പ്രസക്തിയുണ്ടോ ഇല്ലയോ എന്ന ചിന്തകള്‍ക്കപ്പുറം കേരളത്തിലെ ചെറുകിട വന്‍കിട ക്ഷേത്രങ്ങളില്‍ പ്രത്യേക കാര്യസിദ്ധിപൂജ പടര്‍ന്നുപിടിക്കുകയാണ്. മസാലദോശയിലേയ്ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി സ്‌പെഷ്യല്‍ മസാലദോശ എന്നുപേരിട്ടു വിലകൂട്ടി വില്‍ക്കുന്ന വെജിറ്റേറിയന്‍ വ്യാപാര തന്ത്രം മാത്രമാണിത്.

കാര്യസിദ്ധി പൂജയുടെ മനശാസ്ത്രം ശ്രദ്ധേയമാണ്. ഓരോ ആളുകള്‍ക്കും എന്തെങ്കിലും കാര്യം സാധിക്കാനുണ്ടാകും. അതിനായി ദൈവപ്രീതി ലഭിക്കേണ്ടതുണ്ടെന്ന അന്ധവിശ്വാസമുള്ളവരാണ് ഈ ആധ്യാത്മിക കെണിയില്‍ കുടുങ്ങുന്നത്. ജോലി കിട്ടുക, പരീക്ഷയില്‍ വിജയിക്കുക, വിവാഹം ഉറപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ മനുഷ്യജീവിതത്തില്‍ അനിവാര്യമാകയാല്‍ പാവം ജനങ്ങള്‍ ഈ തന്ത്രീ തന്ത്രത്തില്‍ കുടുങ്ങുക സ്വാഭാവികം.

വിവാഹം ഉറപ്പിക്കാന്‍ വേണ്ടി ഗണപതിക്ഷേത്രത്തില്‍ കാര്യസിദ്ധി പൂജ നടത്തിയിട്ട് എന്തുകാര്യം. സ്വന്തം കല്യാണംപോലും നടത്താന്‍ കഴിയാത്ത ഒരു പാവം മിത്താണല്ലോ ഗണപതി.
കാര്യസിദ്ധിപൂജയ്ക്കു ബദലെന്നോണം മറ്റൊരു പൂജയുടെ പരസ്യവും കണ്ടുതുടങ്ങിയിട്ടുണ്ട്. അത് കാളിക്ഷേത്രങ്ങളെ കേന്ദ്രമാക്കിയാണ്. ശത്രുസംഹാര പുഷ്പാഞ്ജലി.
ബന്ധുശത്രുവായപ്പോള്‍ നിഗ്രഹിക്കാനായി പരമശിവന്‍ പറഞ്ഞുവിട്ട രണ്ട് കക്ഷികളാണല്ലോ വീരഭദ്രനും ഭദ്രകാളിയും. കാളി ക്ഷേത്രങ്ങളില്‍ ശത്രുസംഹാര പൂജ നടത്തിയാല്‍ അനിഷ്ടക്കാരെയെല്ലാം ആപ്പിലാക്കാമെന്ന കുത്സിതചിന്തയാണ് ഈ പൂജനടത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. നമ്മുടെ പട്ടാള സങ്കേതങ്ങളിലെല്ലാം എല്ലാ മതക്കാരുടെയും ആരാധനാലയങ്ങളുണ്ടെങ്കിലും ശത്രുരാജ്യങ്ങള്‍ക്കെതിരേ ഒരു സൈന്യവ്യൂഹവും ശത്രുസംഹാരപൂജ നടത്താറില്ല. ശത്രുവിനെതിരെ ആയുധം സമാഹരിച്ചു പ്രയോഗിക്കുകയാണ് സൈന്യം ചെയ്യുന്നത്. ആരും ശത്രുക്കളല്ല എന്ന ചിന്തയില്‍ നിന്നു മാത്രമേ സംഹാരശ്രമങ്ങളില്ലാത്ത ദിനരാത്രങ്ങളെ ഉയര്‍ത്തിയെടുക്കാന്‍ കഴിയൂ. എന്നാല്‍ വലിയ പരസ്യങ്ങള്‍ നല്‍കി ശത്രുസംഹാര പൂജയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലേയ്ക്ക് കേരളം മാറിയിരിക്കുന്നു.

കാര്യസിദ്ധിപൂജയും ശത്രുസംഹാരപൂജയും മനുഷ്യനില്‍ സ്വാര്‍ഥമോഹവും ശത്രുതാമനോഭാവവും വര്‍ധിപ്പിക്കും. സ്‌നേഹം എന്ന അനശ്വര വികാരത്തെയാണ് ഈ രണ്ടു മനോഭാവങ്ങളും തള്ളിപ്പറയുന്നത്.

ജീവിതയാത്രയുടെ പക്വത നിറഞ്ഞ അവസാനകാലത്ത് വിഗ്രഹപ്രതിഷ്ഠകളെ നിരാകരിക്കുകയാണ് നാരായണഗുരു ചെയ്തത്. എന്നാല്‍ ഗുരുവില്‍ വാണിജ്യസാധ്യത കണ്ടെത്തിയവര്‍ ഗുരുമന്ദിരങ്ങള്‍ എന്ന പേരില്‍ നിരവധി നാരായണക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെ കണ്ടുവരുന്ന പണ്ടില്ലാത്ത ഒരു പരിപാടിയാണ് ചതയപൂജ. ശ്രീനാരായണന്റെ ജന്മദിനമായ ചിങ്ങത്തിലെ ചതയത്തില്‍ നടത്തുന്ന ആരാധനയല്ലിത്. ഓരോ മാസത്തെയും ചതയം നക്ഷത്രദിനത്തില്‍ നടത്തുന്ന പ്രത്യേക പൂജയാണിത്. ഗുരുവിരുദ്ധമായ അന്ധവിശ്വാസത്തെ നട്ടു നനച്ചു വളര്‍ത്താമെന്നല്ലാതെ സാമൂഹ്യനേട്ടമോ സാംസ്‌കാരിക നേട്ടമോ ഒന്നും ഇതുകൊണ്ടു സംഭവിക്കുന്നില്ല. പുതിയ പൂജാരീതികള്‍ സൃഷ്ടിക്കുക എന്ന അനാവശ്യകതയും ഈ ആവിര്‍ഭാവത്തിലുണ്ട്. ശ്രീനാരായണഗുരുവിന്റെ രൂപമാണല്ലൊ ഇതിനു വിധേയമാകുന്നത് എന്നോര്‍ക്കുമ്പോള്‍ ദുഃഖം തോന്നും. സാരമില്ല. മഹാകവി കുമാരനാശാന്റെ വരികള്‍ സാന്ത്വനവചനമായി സ്വീകരിക്കാവുന്നതാണ്. വ്യാപാരമേ ഹനനമാം വനവേടനുണ്ടോ വ്യാപന്നമായ് കഴുകനെന്ന് കപോതമെന്ന്!

വ്യവസായശൃംഖല വിപുലമാക്കണമെന്ന ലക്ഷ്യത്തോടെ എല്ലാ മതങ്ങളും പുതിയ ഉല്‍പന്നങ്ങള്‍ കമ്പോളത്തിലിറക്കാറുണ്ട്. പല്ലും നഖവും മുടിയും മുഖം തുടച്ച തുണിയുമെല്ലാം ഈ നവസംരംഭങ്ങളില്‍ പെടുന്നു. കാര്യസിദ്ധിപൂജ അതിന്റെ സൂപ്പര്‍ലേറ്റീവ് ഡിഗ്രിയിലാണ് നിലകൊള്ളുന്നത്. സ്വാര്‍ഥലാഭ ചിന്തയില്ലാതെ ഒരു സാമുദായിക മണ്‍ഗോപുരത്തിനും നിലനില്‍ക്കാന്‍ കഴിയില്ല.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം 11 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എല്ലാ പൂജകളും സ്വന്തം കാര്യം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണെന്നിരിക്കെ പ്രത്യേക കാര്യസിദ്ധി പൂജയ്ക്ക് എന്താണ് പ്രസക്തി?

പ്രസക്തിയുണ്ടോ ഇല്ലയോ എന്ന ചിന്തകള്‍ക്കപ്പുറം കേരളത്തിലെ ചെറുകിട വന്‍കിട ക്ഷേത്രങ്ങളില്‍ പ്രത്യേക കാര്യസിദ്ധിപൂജ പടര്‍ന്നുപിടിക്കുകയാണ്. മസാലദോശയിലേയ്ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി സ്‌പെഷ്യല്‍ മസാലദോശ എന്നുപേരിട്ടു വിലകൂട്ടി വില്‍ക്കുന്ന വെജിറ്റേറിയന്‍ വ്യാപാര തന്ത്രം മാത്രമാണിത്.