Friday, March 9, 2012

പൊതുജനാരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു എംഗല്‍സാണ് ശരി

അതിഗുരുതരമായ മുതലാളിത്ത പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ക്സിസത്തിന്റെ സമകാലീന പ്രസക്തി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ചരിത്രം അവസാനിച്ചുവെന്നും ഇനി ഉദാരമുതലാളിത്തത്തിന്റെ കാലഘട്ടമാണെന്നും ബൂര്‍ഷ്വാ സാമ്പത്തിക വിദഗ്ദരും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും പ്രഖ്യാപിച്ചു. എന്നാലിപ്പോള്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും മനുഷ്യരാശിയുടെ വസ്തുനിഷ്ഠ സാമൂഹ്യവികാസ നിയമങ്ങള്‍ ആവിഷ്കരിച്ച മാര്‍ക്സാണ് ശരിയെന്നും ഇവരില്‍ മിക്കവരും സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്.

മാര്‍ക്സിയന്‍ സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ മൌലിക സംഭാവനകള്‍ നല്‍കിയ മാര്‍ക്സിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഫ്രെഡറിക്ക് എംഗല്‍സിന്റെ പൊതുജനാരോഗ്യമേഖലയിലെ സംഭാവനകള്‍ക്കും സാര്‍വദേശീയ അംഗീകാരം ലഭിച്ചുവരികയാണ്. സാമൂഹ്യാരോഗ്യരംഗത്തെ സമകാലീന പ്രവണതകള്‍ കണക്കിലെടുത്ത് എംഗല്‍സാണ് ശരിയെന്ന് പൊതുജനാരോഗ്യ വിദഗ്ദര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ആഗോളവല്‍ക്കരണ നയങ്ങള്‍ പിന്തുടരുന്ന വികസിതരാജ്യങ്ങളിലടക്കം ജനങ്ങളുടെ ആരോഗ്യനിലവാരം വന്‍ തകര്‍ച്ചയെ നേരിടുകയാണ്. ലോകബാങ്കിന്റെ നിര്‍ദേശപ്രകാരം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യസേവന മേഖലയില്‍ മുതല്‍ മുടക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയി. സേവനമേഖലകള്‍ വമ്പിച്ച സ്വകാര്യവല്‍ക്കരണത്തിന് വിധേയമാക്കപ്പെട്ടു. സാധാരണക്കാര്‍ക്ക് ചികിത്സ അപ്രാപ്യമായി.

വിദേശ നാണയ വിനിമയകമ്മി കുറയ്ക്കാനെന്നപേരില്‍ ലോകബാങ്കിന്റെ നിബന്ധനപ്രകാരം ഭക്ഷ്യവസ്തുക്കളില്‍നിന്നും നാണ്യവിളകളിലേക്ക് കാര്‍ഷിക ഉല്‍പ്പാദനം മാറ്റിയതിനെത്തുടര്‍ന്ന് നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്ഷാമം പടര്‍ന്നുപിടിച്ചു. ഭക്ഷ്യസുരക്ഷ അപകടത്തിലായി. കുടിവെള്ളം കച്ചവടച്ചരക്കായതോടെ ശുദ്ധജല ദൌര്‍ലഭ്യം വ്യാപകമായി. ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചു. അനാരോഗ്യകരങ്ങളായ ഭക്ഷണപദാര്‍ഥങ്ങള്‍ വിപണനംചെയ്യുന്ന ഹോട്ടല്‍ ശൃംഖലകളും ഭക്ഷണവ്യാപാരവും ശക്തമായതിനെത്തുടര്‍ന്ന് ജീവിതരീതി രോഗങ്ങള്‍ വര്‍ധിക്കാന്‍ തുടങ്ങി. ഭക്ഷണം, പാര്‍പ്പിടം, ശുദ്ധജലം, വിദ്യാഭ്യാസം തുടങ്ങിയവ ജനങ്ങള്‍ക്ക് നിഷേധിക്കുന്ന ആഗോളവല്‍ക്കരണ നയങ്ങളാണ് ലോകമെമ്പാടും ആരോഗ്യമേഖലയുടെ പ്രതിസന്ധിക്ക് കാരണമെന്ന് പൊതുജനാരോഗ്യ വിദഗ്ദരും ലോകരോഗ്യസംഘടന, യൂണിസെഫ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.

ജര്‍മന്‍ ഡോക്ടറും രാഷ്ടീയപ്രവര്‍ത്തകനും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും സമകാലീനനുമായിരുന്ന റഡോള്‍ഫ് വിര്‍ക്കോയാണ് (1811-1902) രോഗത്തിന്റെയും രോഗാവസ്ഥയുടെയും സാമൂഹിക ഉറവിടങ്ങളെപ്പറ്റി സമഗ്രമായ കാഴ്ച്ചപ്പാട് ആദ്യമായി അവതരിപ്പിച്ചത്. പോളിഷ് വംശജരായ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ താമസിച്ചിരുന്ന അപ്പര്‍സിലേസ്യ എന്ന പ്രദേശത്ത് 1847ല്‍ ടൈഫസ് പകര്‍ച്ചവ്യാധി ബാധിച്ച് ആയിരക്കണക്കിനാളുകള്‍ മരിച്ചു. ഇതേപ്പറ്റി അന്വേഷിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ പത്തോളജിസ്റുകൂടിയ റഡോള്‍ഫ് വിര്‍ക്കോയേയാണ് ജര്‍മന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. വിര്‍ക്കോ അപ്പര്‍സിലേസ്യ സന്ദര്‍ശിച്ച് രോഗബാധയുടെ അടിസ്ഥാനകാരണങ്ങളെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ജര്‍മന്‍സര്‍ക്കാരിന് സമര്‍പ്പിച്ചു. അപ്പര്‍സിലേസ്യ റിപ്പോര്‍ട്ട് എന്ന പേരിലറിയപ്പെടുന്ന ഈ രേഖയിലാണ് രോഗങ്ങളുടെ സാമൂഹ്യ ഉറവിടങ്ങളിലേക്ക് വിര്‍ക്കോ വൈദ്യലോകത്തിന്റെ ശ്രദ്ധക്ഷണിച്ചത്. ദാരിദ്ര്യവും പോഷണക്കുറവും ശുദ്ധജല ദൌര്‍ബല്യവും പരിസര ശുചിത്വമില്ലായ്മയും, സാധാരണക്കാരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന നികുതിനയങ്ങളും കാര്‍ഷികബന്ധങ്ങളുമാണ് പകര്‍ച്ചവ്യാധിക്കുള്ള അടിസ്ഥാനകാരണം എന്ന് വിര്‍ക്കോ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹ്യാരോഗ്യം എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് അപ്പര്‍സിലേസ്യ റിപ്പോര്‍ട്ടിലാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ ജനാധിപത്യാവകാശങ്ങള്‍ ഉറപ്പാക്കിയും, കൃഷിഭൂമി കര്‍ഷകര്‍ക്ക് നല്‍കിയും, നികുതി നിയമങ്ങള്‍ ദരിദ്രര്‍ക്കനുകൂലമായി മാറ്റിയും മാത്രമേ അപ്പര്‍സിലേസ്യയിലെ ജനങ്ങളുടെ പകര്‍ച്ചവ്യാധിയടക്കമുള്ള ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ എന്നും വിര്‍ക്കോ ചൂണ്ടിക്കാട്ടി.

കമ്യൂണിസ്റ് മാനിഫെസ്റോ പ്രസിദ്ധീകരിച്ച അതേ വര്‍ഷമാണ് (1848) അപ്പര്‍സിലേസ്യ റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചതെന്നത് യാദൃച്ഛികമല്ല. ഫ്രെഡറിക് എംഗല്‍സിന്റെ ഇംഗ്ളണ്ടിലെ തൊഴിലാളി വര്‍ഗത്തിന്റെ സ്ഥിതി (Condition of Working Class in England) എന്ന പഠനഗ്രന്ഥത്തെ ആശ്രയിച്ചാണ് താന്‍ അപ്പര്‍സിലേസ്യ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് വിര്‍ക്കോ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യവസായവല്‍ക്കരണത്തിന്റെ ആദ്യകാലഘട്ടത്തില്‍ ഇംഗ്ളണ്ടിലെ തൊഴിലാളിവര്‍ഗത്തിന്റെ ജീവിതദുരിതങ്ങളാണ് എംഗല്‍സ് ഈ പുസ്തകത്തില്‍ പരിശോധിക്കുന്നത്. അക്കാലത്ത് തൊഴിലാളികളെ ബാധിച്ചിരുന്ന മിക്ക രോഗങ്ങളും ദുസ്സഹമായ ജീവിത സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന് എംഗല്‍സ് കണ്ടെത്തുന്നുണ്ട്. തൊഴിലാളികളുടെയിടയില്‍ വ്യാപകമായി കണ്ടുവന്ന ക്ഷയം, സിലിക്കോസിസ്, ന്യൂമോകോണിയോസിസ് എന്നീ ശ്വാസകോശരോഗങ്ങളും ലെഡ് പോയിസണിങ്ങ് തുടങ്ങിയ രോഗങ്ങളും തൊഴില്‍ജന്യ കാരണങ്ങളാലുണ്ടാകുന്നതാണെന്ന് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളേക്കാള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ പഠനത്തില്‍ എംഗല്‍സ് വ്യക്തമാക്കി.

1848ലെ അപ്പര്‍സിലേസ്യ റിപ്പോര്‍ട്ടിനേക്കാള്‍ നാലുവര്‍ഷം മുമ്പ് 1844 പ്രസിദ്ധീകരിക്കപ്പെട്ട എംഗല്‍സിന്റെ വേണ്ടത്ര പ്രചാരം കിട്ടാതെപോയ പുസ്തകത്തിലാണ് ആരോഗ്യത്തിന്റെ സമൂഹ്യ ഉറവിടങ്ങളെപ്പറ്റി ആദ്യമായി സൂചിപ്പിച്ചതെന്ന് വിര്‍ക്കോ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ജീവിതസാഹചര്യങ്ങളാണ് അടിസ്ഥാനപരമായി മനുഷ്യരുടെ ആരോഗ്യസ്ഥിതി നിശ്ചയിക്കുന്ന നിര്‍ണായകഘടകങ്ങളെന്ന എംഗല്‍സിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിര്‍ക്കോ അപ്പര്‍സിലേസ്യ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലോക മുതലാളിത്ത പ്രതിസന്ധിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ നടക്കുന്ന അന്വേഷണങ്ങള്‍ മാര്‍ക്സിസത്തിലെത്തി നില്‍ക്കുന്നതുപോലെ ആഗോള ആരോഗ്യപ്രതിസന്ധികള്‍ക്ക് കാരണമായ സാമൂഹിക സാമ്പത്തികഘടകങ്ങളെ സംബന്ധിച്ചു നടക്കുന്ന അന്വേഷണങ്ങള്‍ പൊതുജനാരോഗ്യപ്രവര്‍ത്തകരെ എംഗല്‍സിലേക്കും റഡോള്‍ഫ് വിര്‍ക്കോയിലേക്കും എത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ആരോഗ്യത്തിന്റെ സാമൂഹ്യ ഉറവിടങ്ങളെക്കുറിച്ചു പഠിക്കാന്‍ ഒരു കമീഷനെ (Commission on Social Determinant of Health) നിയോഗിച്ചത്. 2008ല്‍ പ്രസിദ്ധീകരിച്ച കമീഷന്റെ റിപ്പോര്‍ട്ട് ലോകമെമ്പാടുമുള്ള സാമൂഹ്യാരോഗ്യപ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്തുവരികയാണ്. മറ്റ് മാര്‍ക്സിസ്റ് ക്ളാസിക്കുകളോടൊപ്പം എംഗല്‍സിന്റെ ഗ്രന്ഥവും നിരവധി പ്രസാധകര്‍ പുനഃപ്രസിദ്ധീകരിക്കുകയും നിരവധി മെഡിക്കല്‍ സര്‍വകലാശാലകളിലെ സാമൂഹ്യാരോഗ്യ വിഭാഗങ്ങളില്‍ പഠനവിഷയമാക്കുകയും ചെയ്തുവരികയാണ്.

*
ഡോ. ബി ഇക്ബാല്‍ ദേശാഭിമാനി 10 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അതിഗുരുതരമായ മുതലാളിത്ത പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ക്സിസത്തിന്റെ സമകാലീന പ്രസക്തി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ചരിത്രം അവസാനിച്ചുവെന്നും ഇനി ഉദാരമുതലാളിത്തത്തിന്റെ കാലഘട്ടമാണെന്നും ബൂര്‍ഷ്വാ സാമ്പത്തിക വിദഗ്ദരും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും പ്രഖ്യാപിച്ചു. എന്നാലിപ്പോള്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും മനുഷ്യരാശിയുടെ വസ്തുനിഷ്ഠ സാമൂഹ്യവികാസ നിയമങ്ങള്‍ ആവിഷ്കരിച്ച മാര്‍ക്സാണ് ശരിയെന്നും ഇവരില്‍ മിക്കവരും സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്.