Friday, March 9, 2012

കുതിരക്കച്ചവടവും വര്‍ഗവഞ്ചനയും

അധികാരം നിലനിര്‍ത്താന്‍ പണംനല്‍കി എംഎല്‍എമാരെ വിലയ്ക്കെടുക്കുന്ന കോണ്‍ഗ്രസ് ശൈലി കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് ഉമ്മന്‍ചാണ്ടി. നെയ്യാറ്റിന്‍കരയിലെ ജനങ്ങളെ വഞ്ചിച്ച് ആര്‍ ശെല്‍വരാജ് എംഎല്‍എസ്ഥാനം രാജിവെയ്ക്കുമ്പോള്‍, എന്തൊരാശ്വാസമാണ് ഉമ്മന്‍ചാണ്ടിയ്ക്ക്. പിറവത്തെ ആസന്നമായ തോല്‍വിയുടെ സമ്മര്‍ദ്ദം ശെല്‍വരാജിന്റെ മിന്നല്‍രാജി കൊണ്ട് മറികടക്കാം എന്ന ആഗ്രഹം അദ്ദേഹത്തിന് തീര്‍ച്ചയായും ആകാം. പിറവം ഉപതിരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ പാര്‍ടിയോടും മുന്നണിയോടും ജനങ്ങളോടും ചെയ്ത ഈ കൊടുംചതിയ്ക്ക് ശെല്‍വരാജ് കൈപ്പറ്റിയ കോടികളെത്ര എന്ന ചോദ്യം എല്ലാ നാവിന്‍ തുമ്പിലുമുണ്ട്.

യുഡിഎഫിലേക്ക് പോകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, "അതിലും നല്ലത് ആത്മഹത്യചെയ്യുന്നതല്ലേ''—എന്നാണ് ശെല്‍വരാജ് തിരിച്ചുചോദിച്ചത്. രാഷ്ട്രീയപോരാട്ടത്തിന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ സ്വപക്ഷത്തെ ഒറ്റികൊടുത്ത് മറുപക്ഷത്തിനു വിടുപണിചെയ്ത ശെല്‍വരാജ് രാഷ്ട്രീയമായി ആത്മഹത്യ ചെയ്തുകഴിഞ്ഞു. എന്തിന് ഇനി യുഡിഎഫില്‍ ഔപചാരികമായി ചേരണം? പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ധന്യവേളയില്‍, ഇങ്ങനെയൊരു രാജിയും ആരോപണങ്ങളും കൊണ്ട് യുഡിഎഫിന് ചെയ്യുന്ന സേവനത്തിനുതന്നെ കോടികള്‍ പ്രതിഫലം കിട്ടിയിട്ടുണ്ടാകും എന്നതിലും സംശയമില്ല.

"ജനങ്ങള്‍ എപ്പോഴും രാഷ്ട്രീയത്തില്‍ വഞ്ചനയുടെയും ആത്മവഞ്ചനയുടെയും വിഡ്ഡികളായ ഇരകളായിരുന്നിട്ടുണ്ട്. ധാര്‍മികവും മതപരവും സാമൂഹികവുമായ വാക്ജാലങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പിന്നില്‍ ഒരു വര്‍ഗത്തിന്റെയല്ലെങ്കില്‍ മറ്റൊരു വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ കണ്ടുപിടിക്കാന്‍ അവര്‍ പഠിക്കുന്നതുവരെ എപ്പോഴും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും'' എന്ന് ലെനിന്‍ വിലയിരുത്തിയിട്ടുണ്ട്. ജനങ്ങളെ അങ്ങനെ വിഡ്ഡികളാക്കാനുള്ള ആസൂത്രണവും ചിട്ടപ്പെടുത്തലും ശെല്‍വരാജിന്റെ രാജി, പ്രസ്താവന, അതിനോടുള്ള മാധ്യമപ്രതികരണം, യുഡിഎഫ് മനോഭാവം എന്നിവയില്‍ കാണാം.

രാജിവെച്ച് ശെല്‍വരാജ് ഒരു പ്രസ്താവന എഴുതിത്തയ്യാറാക്കി വിതരണത്തിന് നല്‍കി. അത് വായിക്കുന്നവര്‍ക്ക് മുഖത്തുനോക്കി ചോദിക്കാവുന്നതാണ്; 'താങ്കള്‍ ഇന്നലെവരെ ഏതു ലോകത്തായിരുന്നു' എന്ന്. രാജിവെച്ച എംഎല്‍എയെ മാധ്യമങ്ങള്‍ കൂട്ടത്തോടെ ഉയര്‍ത്തിപ്പിടിച്ച് രംഗത്തുവന്നു. തീറ്റയ്ക്ക് കൂടുതുറന്നുകിട്ടുമ്പോഴുള്ള വളര്‍ത്തുജന്തുക്കളുടെ ആര്‍ത്തിയോടെയാണ് 'മാര്‍ക്സിസ്റ്റ് വിശകലന' വിദഗ്ദരായ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെപ്പോലുള്ളവര്‍ ചാനല്‍ ക്യാമറകള്‍ക്കുമുന്നിലേക്ക് ഓടിയെത്തിയത്.

രാജിവെച്ച സമയവും സാഹചര്യവും പരിശോധിക്കുക. സിപിഐ എമ്മിന്റെ സമുന്നതരായ നേതാക്കള്‍ക്കൊപ്പം അദ്ദേഹം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിയമസഭയില്‍ പങ്കെടുത്തുവരികയായിരുന്നു. പാര്‍ടിയില്‍ തനിക്ക് എന്തെങ്കിലും പ്രശ്നം നേരിടുന്നുവെന്ന് അവിടെയാരോടും പറഞ്ഞിട്ടില്ല. അങ്ങനെയൊരു സൂചനപോലും അദ്ദേഹമാര്‍ക്കും നല്‍കിയില്ല. ഇന്നലെ സഭ തീര്‍ന്നു. നേതാക്കളെല്ലാം പിറവത്തേയ്ക്കു മടങ്ങി. അപ്പോഴാണ് ശെല്‍വരാജിന്റെ രാജി. അതിന്റെ കാരണമായി പറയുന്നതോ, പാര്‍ടി അദ്ദേഹത്തെ പീഡിപ്പിക്കുന്നുവെന്നും. പാര്‍ടിയില്‍ പൊടുന്നനെ തനിക്കെതിരെ എന്തെങ്കിലും നീക്കമുണ്ടായി എന്നോ ഇന്നലെ രാത്രി കിടക്കാന്‍ പോകുമ്പോള്‍ ജില്ലാനേതൃത്വം ഒരുചുമട് അവഗണന തന്റെ തലയില്‍വെച്ചുതന്നു എന്നോ ശെല്‍വരാജിന് പറയാനില്ല. ധരിച്ച വസ്ത്രം മുതല്‍ വീടും ഇതുവരെയുള്ള ജീവിതവുമെല്ലാമാണ് ശെല്‍വരാജിന് പാര്‍ടി നല്‍കിയത്.

ഫെബ്രുവരി പത്തിനാണ് സിപിഐ എം സംസ്ഥാന സമ്മേളനം കഴിഞ്ഞത്. ഒരുമാസം പിന്നിട്ടു. സംസ്ഥാനത്ത് ആദ്യംനടന്ന ജില്ലാ സമ്മേളനം തിരുവനന്തപുരത്തായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നുവെങ്കില്‍ അത് മൂപ്പിച്ച് പഴുപ്പിക്കാന്‍ ഇത്രയും കാലമെടുക്കില്ലല്ലോ. പിന്നെന്തിന് ഈ സമയം തെരഞ്ഞെടുത്തു? ഈ ദിവസം തെരഞ്ഞെടുത്തു? പിറവത്തിനുവേണ്ടിയെന്നല്ലാതെ എന്തുത്തരമുണ്ട് ശെല്‍വരാജിന്?

കമ്യൂണിസ്റ്റ് പാര്‍ടിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് സ്വന്തം ഘടകത്തില്‍ ഉന്നയിക്കാം. അവിടെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഉപരിഘടകത്തെ സമീപിക്കാം. പാര്‍ടിക്കകത്ത് നിര്‍ഭയം എന്തും തുറന്നു പറയാം. അങ്ങനെ എന്തെങ്കിലും താന്‍ ചെയ്തതായി ശെല്‍വരാജ് അവകാശപ്പെട്ടിട്ടില്ല. എസ്എഫ്ഐയിലൂടെ വന്ന്, പാര്‍ടി ഏരിയാസെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായുമൊക്കെ പ്രവര്‍ത്തിച്ച ഒരാള്‍ക്ക് സംഘടനാപരമായ അവകാശങ്ങളെയും അവസരങ്ങളെയും കുറിച്ച് സന്ദേഹമുണ്ടാകേണ്ടതില്ല. അജ്ഞതയല്ല ശെല്‍വരാജിനെ നയിച്ചതെന്നര്‍ത്ഥം. രാജിക്ക് കാരണമായത് പാര്‍ടിനേതൃത്വത്തോടുള്ള വിരോധമോ അതൃപ്തിയോ അല്ല എന്നും വ്യക്തമാണ്. അങ്ങനെയെങ്കില്‍ തന്റെ ഘടകത്തില്‍ ഒരക്ഷരം ഉരിയാടാമായിരുന്നുവല്ലോ-എന്നെങ്കിലും.

ഇവിടെ തീരുമാനിച്ചുറപ്പിച്ച രംഗങ്ങളാണരങ്ങേറിയത്. ആദ്യം രാജിക്കത്ത് തയാറാക്കി സ്പീക്കര്‍ക്ക് കൊടുക്കുന്നു. തുടര്‍ന്ന് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കുന്നു. നെയ്യാറ്റിന്‍കര ഗസ്റ്റ്ഹൌസില്‍ ക്യാമ്പ് ചെയ്ത് പത്രസമ്മേളനത്തിനൊരുങ്ങുന്നു. പത്രക്കാര്‍ക്ക് നേരത്തെ തയാറാക്കി കോപ്പിയെടുത്ത സുദീര്‍ഘ പ്രസ്താവന വിതരണംചെയ്യുന്നു. പൊടുന്നനെയുള്ള പ്രകോപനമില്ല; തനിക്കെതിരെ പാര്‍ടി നടപടിയെടുത്തു എന്ന് ആക്ഷേപമില്ല; നേരിയ അനിഷ്ടംപോലം മുമ്പ് പ്രകടിപ്പിച്ചിട്ടുമില്ല. അക്ഷരാര്‍ഥത്തില്‍ നാടകീയമായ തീരുമാനമാണ് വന്നത്. അവിടെയാണ്, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ ഘടകമെന്ത് എന്ന ചോദ്യം ഉയരുന്നത്. ഇന്നലെവരെ പ്രവര്‍ത്തിക്കുകയും തന്നെ താനാക്കുകയും ചെയ്ത പ്രസ്ഥാനത്തോടും രാഷ്ട്രീയത്തോടും ഒരിറ്റ് കൂറോ നന്ദിയോ ഉണ്ടായിരുന്നുവെങ്കില്‍ ഈ പ്രഖ്യാപനം പിറവം വോട്ടെടുപ്പ് കഴിയുംവരെയെങ്കിലും മാറ്റിവെക്കുമായിരുന്നില്ലേ? അവിടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി രാപ്പകല്‍ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരെ വിഷമിപ്പിക്കുന്ന ഇത്തരമൊരു വഞ്ചന കാണിച്ചാല്‍, അത് പൊറുക്കാവുന്നതിനപ്പുറമാണെന്ന് ശെല്‍വരാജിന് അറിയാത്തതാവില്ല.

യഥാര്‍ഥത്തില്‍ യുഡിഎഫിന്റെ കോടാലിക്കൈയാണിന്ന് ശെല്‍വരാജ്. ജനാധിപത്യത്തിനുപുറത്തുള്ള കളി ഉമ്മന്‍ചാണ്ടി ശക്തിപ്പെടുത്തിയിരിക്കുന്നു. ജനങ്ങള്‍ നല്‍കാത്ത ഭൂരിപക്ഷം പണംകൊണ്ട് നേടിയെടുക്കാം എന്ന് തെളിയിച്ച യുപിഎ ഭരണം കേന്ദ്രത്തിലുള്ളപ്പോള്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കാനുമാകില്ല. പിറവം പോയാലും ഭരണംപോകാതിരിക്കാന്‍ ശെല്‍വരാജിന്റെ വില ഒടുക്കുന്നതിന് ഉമ്മന്‍ചാണ്ടി മടിച്ചുനില്‍ക്കേണ്ടതില്ല-അതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. എത്രയാണ് ആ വിലയെന്നേ അറിയാനുള്ളൂ. അതിന് ഇടനിലക്കാരായത് ആരൊക്കെ എന്നതും പുറത്തുവരേണ്ടതുണ്ട്.

കൂറുമാറ്റക്കാരെയും നയവഞ്ചകരെയും കേരളം മുമ്പും കണ്ടിട്ടുണ്ട്. അവരുടെയൊക്കെ മുഖത്ത് തുടക്കത്തിലെങ്കിലും ചെറിയ ജാള്യമുണ്ടായിരുന്നു. ഇവിടെ ശെല്‍വരാജിന്റെ മുഖത്ത് അത്തരമൊന്ന് കണ്ടില്ല. എന്തോ ചവച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ച അദ്ദേഹത്തിന്റെ ഓരോവാക്കിലും ആംഗ്യവിക്ഷേപത്തിലും കണ്ടത്, കൌശലക്കാരനായ കുറ്റവാളിയുടെ സൂത്രങ്ങളാണ്. പറ്റിപ്പോയതല്ല; കല്‍പ്പിച്ചുകൂട്ടിയുള്ളതാണ് തന്റെ ഓരോ നീക്കങ്ങളുമെന്ന് ശെല്‍വരാജ് പറയാതെ പറഞ്ഞു.

ഒരു എംഎല്‍എ പോയതുകൊണ്ട് സിപിഐ എമ്മിനോ എല്‍ഡിഎഫിനോ വിശേഷിച്ച് ഇപ്പോള്‍ എന്തെങ്കിലും സംഭവിക്കാനില്ല. കൂറുമാറ്റത്തിലൂടെയും കുറുക്കുവഴിയിലൂടെയും അധികാരത്തിലേക്കില്ലെന്ന് സിപിഐ എം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. ആ നിലയ്ക്ക്, പിറവത്തിനുമുമ്പ് യുഡിഎഫിനെ ഒന്ന് മുന്നോട്ട് തള്ളുക; എല്‍ഡിഎഫിനെ ആകുംവിധം അലോസരപ്പെടുത്തുക എന്ന കര്‍ത്തവ്യമാണ് ശെല്‍വരാജ് ഭംഗിയായി നിറവേറ്റിയത്. തീര്‍ച്ചയായും സിപിഐ എമ്മിന്റെ പ്രവര്‍ത്തകരെയും അനുഭാവികളെയും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നവരെയും ഒന്ന് കുത്തി നോവിച്ചു. ഇന്നലെവരെ ഒന്നിച്ചുനിന്നവരെ അമ്പരപ്പിക്കുംവിധം വഞ്ചിച്ചു. വഞ്ചിക്കപ്പെടുന്നത് സിപിഐ എം ആകുമ്പോള്‍ വഞ്ചകന്‍ നായകനാകുന്ന രസതന്ത്രമാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ എന്നതുകൊണ്ട് കുറച്ചുദിവസം ശെല്‍വരാജ് കൊണ്ടാടപ്പെടും. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് യുഡിഎഫ് കരുനീക്കിയത്. അക്കാര്യത്തില്‍ പക്ഷെ വിപരീതഫലമുണ്ടാകാനാണിട. പിറവത്ത് ജയിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനം അപകടത്തില്‍ എന്നാണ് യുഡിഎഫിന്റെ പ്രധാന പ്രചാരണം. ഇനി അതിന് അടിസ്ഥാനമില്ല. പിറവത്ത് അത്തരം വികാരങ്ങളുണര്‍ത്തി യുഡിഎഫിന് വോട്ടുതേടാന്‍ പരിമിതി വന്നിരിക്കുന്നു.

കമ്യൂണിസ്റ്റുകാര്‍ക്കും പാര്‍ടിയെ സ്നേഹിക്കുന്നവര്‍ക്കും ശെല്‍വരാജ് തികഞ്ഞ വര്‍ഗവഞ്ചകനാണ്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ അത്യധ്വാനംചെയ്ത് ജയിപ്പിച്ച പ്രവര്‍ത്തകരെ മാത്രമല്ല, ഒരു നാടിനെത്തന്നെ അദ്ദേഹം വഞ്ചിച്ചിരിക്കുന്നു. മാപ്പര്‍ഹിക്കാത്ത ഒറ്റുകാരന്റെ പുലമ്പലുകളായി ശെല്‍വരാജിന്റെ ആരോപണങ്ങള്‍ തള്ളിപ്പോകുന്നതും അതുകൊണ്ടുതന്നെ. ഇനിയുള്ള ചര്‍ച്ചകളില്‍ ശെല്‍വരാജാകില്ല; ഉത്തരേന്ത്യന്‍ മാതൃക കേരളത്തിലേക്ക് ശെല്‍വരാജിലൂടെ കടത്തിക്കൊണ്ടുവന്ന കാലുമാറ്റ രാഷ്ട്രീയത്തിന്റെ വൃത്തികേടുകളാണ് വിചാരണ ചെയ്യപ്പെടുക.

*
പി എം മനോജ് ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

"ജനങ്ങള്‍ എപ്പോഴും രാഷ്ട്രീയത്തില്‍ വഞ്ചനയുടെയും ആത്മവഞ്ചനയുടെയും വിഡ്ഡികളായ ഇരകളായിരുന്നിട്ടുണ്ട്. ധാര്‍മികവും മതപരവും സാമൂഹികവുമായ വാക്ജാലങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പിന്നില്‍ ഒരു വര്‍ഗത്തിന്റെയല്ലെങ്കില്‍ മറ്റൊരു വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ കണ്ടുപിടിക്കാന്‍ അവര്‍ പഠിക്കുന്നതുവരെ എപ്പോഴും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും'' എന്ന് ലെനിന്‍ വിലയിരുത്തിയിട്ടുണ്ട്. ജനങ്ങളെ അങ്ങനെ വിഡ്ഡികളാക്കാനുള്ള ആസൂത്രണവും ചിട്ടപ്പെടുത്തലും ശെല്‍വരാജിന്റെ രാജി, പ്രസ്താവന, അതിനോടുള്ള മാധ്യമപ്രതികരണം, യുഡിഎഫ് മനോഭാവം എന്നിവയില്‍ കാണാം.

Anonymous said...

സീ പീ എം നേതാക്കളുടെ ചെല്ലം ചുമക്കാന്‍ മനസ്സില്ലാത്ത ഒരു നട്ടെല്ലുള്ള പ്രാദേശിക പ്രവര്‍ത്തകന്‍ ആണ് ശേല്‍വരാജന്‍, പിന്നെ സീ പീ എം പോലെ ഒരു പാര്‍ടിക്ക് പണി കൊടുത്തു പോകുമ്പോള്‍ ജീവന് തന്നെ ആപത്താണ് ആ സമയം മറ്റൊരു സപ്പോര്‍തില്ലാതെ ജീവിക്കാന്‍ കഴിയില്ല എം വി രാഘവന് ആ സമയം കരുണാകരന്‍ സപ്പോര്‍ട്ട് നല്‍കി അല്ലെങ്കില്‍ അയാളെ തിരുവനതപുരത്ത് വെട്ടി ഇട്ടേനെ, നെയ്യടിന്‍ കരയില്‍ കുറെ പദ്ധതികള്‍ പെട്ടെന്ന് അനുവദിച്ചാല്‍ അത് നെയ്യാടിന്‍ കരക്കാര്‍ക്കല്ലേ ഗുണം അല്ലാതെ കൊണ്ട്രക്ടര്‍ ശെല്‍വ രാജന്‍ അല്ലല്ലോ , നിങ്ങള്‍ പറയുന്ന കോടികള്‍ ഒക്കെ അപ്പോള്‍ പണ്ട് ഒറ്റ രാത്രി കൊണ്ട് ഭരണം വലിച്ച നമ്പാടനും കിട്ടിക്കാണുമല്ലോ ? കോടികള്‍ വാങ്ങിയാല്‍ അത് ഒന്നുകില്‍ വല്ലയിടത്തും വെയ്ക്കണം അല്ലെങ്കില്‍ ബാങ്കില്‍ ഇടണം അത് നിങ്ങള്‍ക്ക്ക് കണ്ടു പിടിച്ചു കാട്ടമല്ലോ? പാര്ര്ടിയില്‍ നിന്നും പുറത്താക്കല്‍ പ്രഖ്യാപിച്ച മഹാന്മാരെപോലെ പണം ഒന്നും ശെല്‍വ രാജന്‍ സംപാദിച്ചിട്ടില്ല എന്നാണു നെയ്യടിന്കരയിലെ ജനങ്ങള്‍ പറയുന്നത് ആറുമാസത്തിനകം ഇലക്ഷന്‍ വരുമ്പോള്‍ ശേല്‍വരാജനെക്കള്‍ മികച്ച ഒരാളിനെ നിര്‍ത്തി ജയിക്കാമല്ലോ? ഏതായാലും ഭരണം ഇപ്പോള്‍ വേണ്ട എന്ന് പറഞ്ഞു പിന്നെ എന്തിനു ഇത്ര ബേജാര്?