ആഹാരത്തിന്റെ അളവ് മാത്രമല്ല, അതിലെ പോഷകാംശം കൂടി പ്രശ്‌നമാണ്. ആരോഗ്യത്തോടെ പഴയതും പുതിയതുമായ തലമുറകള്‍ വളരാന്‍ നല്ല ഭക്ഷണം വേണം. നല്ല ഭക്ഷണമെന്നതിനര്‍ഥം ഒരുപാട് കൊഴുപ്പും എണ്ണയും കലര്‍ന്ന രാസവസ്തുക്കള്‍ ചേര്‍ത്ത 'ജങ്ക് ഫുഡ്' എന്നല്ല. നിത്യജീവിതത്തില്‍, കര്‍മ്മനിരതനാവാനാവശ്യമായ ഘടകങ്ങള്‍ ലഭിക്കുന്ന ഭക്ഷണമാണ് ഉദ്ദേശിച്ചത്. അതില്ലെങ്കില്‍ വെറുതെ വയറ് നിറച്ചാലും പലതരം രോഗങ്ങള്‍ കാരണം ജീവിതം ദുരിതമയമാവും. മുന്നാം ലോകത്തിലെ കുട്ടികളുടെയെങ്കിലും പ്രധാന പ്രശ്‌നം ന്യൂട്രീഷന്റെ അഭാവമാണ്.
ഈയിടെ ഇറങ്ങിയ 'ഹങ്കാമ' റിപ്പോര്‍ട്ടും സിറ്റിസണ്‍സ് അലയന്‍സ് എഗെയ്ന്‍സ്റ്റ് മാല്‍ന്യൂട്രീഷന്റെ ഇടപെടലും, ഈ പ്രശ്‌നത്തെ ആഗോളതലത്തില്‍ ഒരിക്കല്‍കൂടി ഉണര്‍ത്തിവിട്ടു.
ഈ റിപ്പോര്‍ട്ട് 9 സംസ്ഥാനങ്ങളിലെ 112 ജില്ലകളില്‍ നിന്ന് നടത്തിയ പഠനമാണ്. അതുപ്രകാരം 48 ശതമാനം കുട്ടികളും, രൂക്ഷമായ തൂക്കക്കുറവ് അനുഭവിക്കുന്നു. ഏതാണ്ട് 24 മാസമാകുമ്പോഴേക്കും 58 ശതമാനം കുട്ടികളുടെ വളര്‍ച്ച മുരടിക്കുന്നു. ശിശുമരണങ്ങള്‍ ഭീഷണമായ സ്ഥിതിയില്‍ വളരുന്നു എന്ന് വ്യക്തമായതോടെയാണ്, ഈ വിഷയം ഇന്ന് ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടത്. മുമ്പും പലതവണ ഈ ഗുരുതരമായ പ്രശ്‌നം, സാമൂഹിക അനീതിയുടെ ഏറ്റവും വലിയ ലക്ഷണമായി പലരും വ്യക്തമാക്കിയിരുന്നു. എല്ലായ്‌പോഴും, പ്രശ്‌നത്തെക്കുറിച്ച് ഏറെ പറയുകയും, പരിഹാരം തേടാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു സ്ഥിതി.
ഇന്ത്യയില്‍ ഒരു നൂറ് ശിശു സംരക്ഷണ പദ്ധതികളുണ്ടെങ്കിലും, പ്രശ്‌നം ഇന്നും ഗുരുതരമാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം 40 ലക്ഷം പേര്‍ പോഷകകുറവ് കൊണ്ട് മരിക്കുന്നു. ഇത് ബംഗാള്‍ ക്ഷാമത്തില്‍ മരിച്ചവരേക്കാള്‍ അധികമാണെന്ന് അമര്‍ത്ത്യാസെന്നും, ഴാങ് ഡ്രീസും ചേര്‍ന്നു നടത്തിയ 'ഹംഗര്‍ ആന്റ് പബ്ലിക് ആക്ഷന്‍' എന്ന ഗ്രന്ഥം പറയുന്നു. കുട്ടികളുടെ ബുദ്ധികുറവ്, വലുതാവുമ്പോള്‍ പ്രതിരോധം കുറഞ്ഞ് വിവിധതരം രോഗങ്ങള്‍, തൊഴില്‍ ശേഷികുറവ് തുടങ്ങി ദൂരവ്യാപകമായ ഫലങ്ങള്‍ പോഷകാഹാരകുറവ് കൊണ്ടുണ്ടാകും. അമ്മമാര്‍ക്ക് ഗര്‍ഭകാലത്ത് നല്ല ഭക്ഷണം കിട്ടാതാകുമ്പോള്‍ തന്നെ, ഭാവി തലമുറയുടെ ഇരുണ്ടവിധി എഴുതികഴിഞ്ഞിരിക്കും. അമര്‍ത്ത്യാസെന്‍ ഇതെക്കുറിച്ച് വളരെ ദീര്‍ഘമായി പ്രതിപാദിക്കുന്നു.
ഇന്ത്യയില്‍ ശിശു പോഷകക്കുറവ് വളരെ ഉയര്‍ന്നതാണ്. പോഷകാഹാരപ്രശ്‌നത്തിന്റെ മാനുഷികവും സാമ്പത്തികവുമായ ബാധ്യതകള്‍ സര്‍ക്കാര്‍ വേണ്ടത്ര ഏറ്റെടുക്കാത്തതാണ് പ്രശ്‌നം. വലിയൊരു വിഭാഗം കുട്ടികളും സ്ത്രീകളും ഗുരുതരമായ പോഷകാഹാരക്കുറവ് എന്ന കെണിയില്‍പെട്ടിട്ടും, അതൊരു രാഷ്ട്രീയ പ്രശ്‌നമാകാത്തതെന്തുകൊണ്ട് എന്നതാണ് കാര്യം. രാഷ്ട്രീയ ഇച്ഛാശക്തി എത്രയും വേഗം ചെന്നെത്തേണ്ടതാണിത്. പോഷകാഹാരം ഒരു മനുഷ്യാവകാശമായി കണ്ട് പരിഹാരം തേടണം. അതും വേഗത്തില്‍. അല്ലെങ്കില്‍ പരിഹാരങ്ങള്‍ക്കു മുമ്പ് മറ്റൊരു തലമുറ കൂടി ശിഥിലമാകും.
പോഷകാഹാര പരിഹാരങ്ങളെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. സര്‍ക്കാരും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് പദ്ധതികളും അവയെ പ്രായോഗികതലത്തിലെത്തിക്കലും ചെയ്യുന്നില്ല എന്നതാണ് മിക്ക പഠനങ്ങളും പറയുന്നത്. പ്രധാനപ്രതികള്‍ രാഷ്ട്രീയക്കാരും ഉദേ്യാഗസ്ഥരും തന്നെ. പ്രശ്‌നം ഇത്ര രൂക്ഷമാകാന്‍ കാരണമതാണെന്ന് സെന്‍ ആവര്‍ത്തിച്ച് പറയുന്നു. ഒരേതരം പദ്ധതികള്‍ അവ എത്രതന്നെ പരിഹാരക്ഷമമല്ലെങ്കിലും, വീണ്ടും ആവര്‍ത്തിക്കുവാന്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തീരെ ഭാവനാശൂന്യവും നിരുത്തരവാദിത്തപരവുമാണത്. വരുമാനക്കുറവോ സാമ്പത്തിക പുരോഗതിയോ ഇല്ലാത്തതാണ് പോഷകാഹാരപ്രശ്‌നമുണ്ടാക്കുന്നതെന്ന അബദ്ധവാദം ഇന്നുമുണ്ട്.
അതൊന്നും ശരിയല്ല. എത്ര സാമ്പത്തിക വളര്‍ച്ചയുണ്ടായാലും വലിയൊരു വിഭാഗം പോഷകകുറവ് അനുഭവിക്കും. ബംഗ്ലാദേശിലെ പ്രതിശീര്‍ഷ മൊത്തദേശീയ വരുമാനം, ഇന്ത്യയുടേതിന്റെ പകുതി മാത്രമാണ്. അവിടത്തെ ശിശുമരണവും വളര്‍ച്ച മുരടിപ്പും ഇന്ത്യയുടെതിലും കുറവാണ്. നാം ആവര്‍ത്തിക്കുന്ന ചില വാദങ്ങള്‍, നമ്മുടെ പ്രവര്‍ത്തനക്ഷമതക്കുറവിനെ മറച്ചുപിടിക്കാനാണ്. ദേശീയവരുമാനം നമ്മുടെതിലും ഏറെ കുറവുള്ള ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍പോലും ശിശുസംരക്ഷണം ഇവിടത്തേതിലും മെച്ചമാണ്. അതായത് രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഒരു പ്രശ്‌നമാണിത് എന്ന് നാം തിരിച്ചറിയണം. ആരോഗ്യമുള്ള ശിശു, ആരോഗ്യമുള്ള ജനത എന്നതാവണം പ്രധാന അജണ്ട.
ആഗോള പഠനങ്ങള്‍ പ്രകാരം, കുറെ ഭക്ഷണം ഇറക്കികൊടുത്ത് പരിഹാരം കാണാവുന്നതല്ല ഈ പ്രശ്‌നം. അതിനോട് സമഗ്രമായൊരു ''ലൈഫ് സൈക്കിള്‍'' സമീപനം വേണം. അതാണ് സ്ത്രീയുടെ ഗര്‍ഭകാലം തൊട്ട് തുടങ്ങുന്ന സമഗ്രസമീപനം. അതിനു തക്ക ആരോഗ്യപരിപാലന കേന്ദ്രങ്ങളുടെ നെറ്റ് വര്‍ക്ക് ഗ്രാമങ്ങളിലടക്കം സജീവമാകണം. ന്യൂട്രീഷനെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് വെക്കുക എന്ന പേരില്‍ ലോകബാങ്ക് 2006 ല്‍ ഒരു പ്രസിദ്ധീകരണം ഇറക്കിയിരുന്നു.'കോപന്‍ഹേഗന്‍ സമ്മതി' പ്രകാരം ഏറ്റവും പ്രധാനപ്പെട്ട 17 നിക്ഷേപകഗണനകളില്‍ ഒന്ന് ന്യൂട്രീഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആയിരുന്നു. അതായത്, ലോകം ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു.
ലോകബാങ്ക് പഠനം, വികസനഘടന, ഭരണത്തിന്റെ സ്വഭാവം, പൊതുബോധം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ന്യൂട്രീഷന്‍ പ്രശ്‌നത്തില്‍ ഉള്‍ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചത് ശ്രദ്ധേയമാണ്. ഇതൊരു പ്രത്യക്ഷ, ലളിത പ്രശ്‌നമല്ല എന്ന തിരിച്ചറിവ് അത് തരുന്നു. അത്രയൊക്കെ ഗൗരവമായി നാമതിനെ കാണുന്നില്ല. ഇന്ത്യയില്‍ പദ്ധതികളുടെ എണ്ണത്തില്‍ കുറവില്ല. നേരത്തെ പറഞ്ഞപോലെ, അവയിലെത്രയെണ്ണം ഫലപ്രദമാകുന്നു എന്ന പഠനമില്ല. ഫലപ്രദമല്ലെങ്കില്‍, നിര്‍ത്തി മറ്റൊന്ന് ശ്രമിക്കാനുള്ള ഭാവനയോ, താല്പര്യമോ, ശേഷിയോ ഇല്ല. സമുദായവുമായി ശക്തമായി രാഷ്ട്രീയവും ഭരണവും പ്രശ്‌നാധിഷ്ഠിതമായി ഇടപെടുമ്പോഴേ, പരിഹാരസാധ്യതയുണ്ടാകൂ.
താഴ്തല ഇടപെടലുകളും, അവലോകനങ്ങളും വേണം. ഗ്രാമീണ നഗരതലങ്ങള്‍ക്ക് വേറെ വേറെ പദ്ധതികള്‍ വേണം. ഉള്‍ക്കാഴ്ചയുള്ള പഞ്ചായത്ത്/ മുന്‍സിപാലിറ്റി/ കോര്‍പ്പറേഷനുകള്‍ വേണം. കാത്തിരിക്കാന്‍ നേരമില്ല.
ഒരു രാജ്യത്തെ പകുതി കുട്ടികള്‍ നല്ല ഭക്ഷണമില്ലാതെ വളര്‍ച്ച മുരടിച്ചു കഴിയുന്നു.
ഇനി കാത്തിരിപ്പ് വയ്യ.
*
പി എ വാസുദേവന്‍ ജനയുഗം 19 മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
1 comment:
ആഹാരത്തിന്റെ അളവ് മാത്രമല്ല, അതിലെ പോഷകാംശം കൂടി പ്രശ്‌നമാണ്. ആരോഗ്യത്തോടെ പഴയതും പുതിയതുമായ തലമുറകള്‍ വളരാന്‍ നല്ല ഭക്ഷണം വേണം. നല്ല ഭക്ഷണമെന്നതിനര്‍ഥം ഒരുപാട് കൊഴുപ്പും എണ്ണയും കലര്‍ന്ന രാസവസ്തുക്കള്‍ ചേര്‍ത്ത 'ജങ്ക് ഫുഡ്' എന്നല്ല. നിത്യജീവിതത്തില്‍, കര്‍മ്മനിരതനാവാനാവശ്യമായ ഘടകങ്ങള്‍ ലഭിക്കുന്ന ഭക്ഷണമാണ് ഉദ്ദേശിച്ചത്. അതില്ലെങ്കില്‍ വെറുതെ വയറ് നിറച്ചാലും പലതരം രോഗങ്ങള്‍ കാരണം ജീവിതം ദുരിതമയമാവും. മുന്നാം ലോകത്തിലെ കുട്ടികളുടെയെങ്കിലും പ്രധാന പ്രശ്‌നം ന്യൂട്രീഷന്റെ അഭാവമാണ്.
Post a Comment