Tuesday, March 20, 2012

കൊമ്പനുപിറകെ മോഴയും

രണ്ടു ബജറ്റുകളുടെയും പൊതുസ്വഭാവം ഒന്നുതന്നെ. ഒരേ തത്വശാസ്ത്രം, ഒരേ സമീപനം. സബ്സിഡി കുറച്ച് കമ്മി ചുരുക്കുമെന്ന് കേന്ദ്രബജറ്റ് ശഠിക്കുന്നു. നികുതിനിരക്ക് കൂട്ടലാണ് സ്വീകാര്യമെന്ന് സംസ്ഥാന ബജറ്റ് അടിവരയിടുന്നു. കേന്ദ്രബജറ്റിന്റെ സമ്പന്ന പക്ഷപാതിത്വം പകല്‍പോലെ വ്യക്തം. രാസവളത്തിനും ഇന്ധനത്തിനും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും നല്‍കുന്ന സബ്സിഡി, രണ്ടുതരത്തില്‍ ജനങ്ങള്‍ക്ക് ഗുണംചെയ്യും. ഒന്ന്, കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിക്കൊണ്ട്. രണ്ട്, കാര്‍ഷിക-വ്യവസായ ഉല്‍പ്പാദനച്ചെലവുചുരുക്കി ദീര്‍ഘകാല വികസനം ഉറപ്പാക്കിക്കൊണ്ട്. പക്ഷേ, സബ്സിഡികള്‍ മറ്റെന്തിനേക്കാളും യുപിഎയുടെ ഉറക്കംകെടുത്തുന്നു. അതുകൊണ്ട് അവ കുറയ്ക്കാന്‍തന്നെയാണ് ബജറ്റ് നിര്‍ദേശം. മൂന്നു സബ്സിഡികള്‍ക്കുംകൂടി (മേജര്‍ സബ്സിഡികള്‍ എന്നാണ് അതിനു പേര്) 2010-11 സാമ്പത്തികവര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 1,31,212 കോടി രൂപയാണ് (2ജി സ്പെക്ട്രം അഴിമതിത്തുകയേക്കാള്‍ ഏറെ താഴെ!). ഏറ്റവുമൊടുവിലെ കേന്ദ്ര സാമ്പത്തിക സര്‍വേയില്‍ ഈ കണക്കുണ്ട്. അതേസമയം വന്‍കിടക്കാര്‍ക്ക് തന്‍വര്‍ഷം നികുതി ഇളവുകളും ആനുകൂല്യങ്ങളുമായി നല്‍കിയത് 5,70,293 കോടി രൂപ (സാമ്പത്തിക സര്‍വേ പേജുകള്‍ 58, 60). കോര്‍പറേറ്റുകള്‍ക്കുമാത്രം കോരിച്ചൊരിഞ്ഞത് 88,263 കോടി രൂപ. കസ്റ്റംസ് തീരുവമാത്രം 2,28,500 കോടി രൂപ. വന്‍കിടക്കാര്‍ക്ക് നല്‍കുന്ന ഇളവുകളുടെയും ആനുകൂല്യങ്ങളുടെയും 23 ശതമാനമേ വരൂ സബ്സിഡികള്‍ .

നികുതിയിളവുകള്‍ പകുതിയാക്കിയാല്‍ സബ്സിഡികള്‍ നിലനിര്‍ത്തുകമാത്രമല്ല, നല്ല തോതില്‍ വര്‍ധിപ്പിക്കാനുമാകും. കമ്മി വര്‍ധിക്കുകയുമില്ല. അതിന് കേന്ദ്രം തയ്യാറല്ല. മാത്രമല്ല, സ്വത്ത് നികുതിനിരക്കില്‍ ബജറ്റ് മാറ്റം വരുത്തിയില്ല. കടപ്പത്ര കൈമാറ്റ നികുതിനിരക്ക് 20 ശതമാനം കുറച്ചു. ഓഹരിവില്‍പ്പനയിലൂടെ ലഭിക്കുന്ന ആദായത്തിന്മേല്‍ നികുതി ചുമത്തിയില്ല. എന്നാല്‍ , എക്സൈസ് നികുതിയും സേവനനികുതിയും രണ്ടുശതമാനം ഉയര്‍ത്തി യഥാക്രമം 27,280 കോടി രൂപയുടെയും 18,650 കോടി രൂപയുടെയും അധികഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. ആഭ്യന്തര ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിന്മേലുള്ള സെസ്സ് നിരക്ക് ടണ്ണിന് 2500 രൂപയായിരുന്നത് 4500 രൂപയാക്കി ഉയര്‍ത്തി 5000 കോടിയുടെ ഭാരംകൂടി കയറ്റിവച്ചു. ഇവയ്ക്കെല്ലാം പുറമെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്ന 30,000 കോടി രൂപയുടെ വരുമാനം. കൊമ്പനുപിറകെ മോഴയും എന്ന മട്ടിലാണ് കേരള ബജറ്റും.

കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ അതിവേഗപാത, ജില്ലകള്‍തോറും വിമാനത്താവളം, ഹൈടെക് കൃഷി ഇങ്ങനെ നീളുന്നു ബജറ്റ് നിര്‍ദേശങ്ങള്‍ . ബജറ്റിന്റെ അടിസ്ഥാനശിലകളായ ഈ വക കാര്യങ്ങള്‍ ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെടാതെപോകുന്നു. ഭൂപരിഷ്കാരം, വിദ്യാഭ്യാസ പരിഷ്കാരം, സാക്ഷരതാപ്രസ്ഥാനം, ജനകീയാസൂത്രണം എന്നീ നടപടികളിലൂടെ കൈവരിച്ച സാമൂഹ്യനീതി, മെല്ലെ കേരളത്തില്‍ കൈമോശംവരികയാണ്. പകരം ഒരു വിഭാഗമാളുകള്‍ ദുരൂഹമാര്‍ഗങ്ങളിലൂടെ സ്വത്തും വരുമാനവും രാഷ്ട്രീയശക്തിയും സമാഹരിക്കുന്നു. തെരഞ്ഞെടുപ്പുവേളകളില്‍ പണശക്തി പ്രകടിപ്പിക്കുന്ന അത്തരക്കാരുടെ അഭിനിവേശങ്ങളാണ് ജില്ലകള്‍തോറും വിമാനത്താവളങ്ങളും ഹൈടെക് കൃഷിയും മറ്റും. സംസ്ഥാനത്തെ കൃഷിക്കാരില്‍ ബഹുഭൂരിപക്ഷവും ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള നാമമാത്ര-ചെറുകിട കൃഷിക്കാരായിരിക്കെ അവരുടെ അഭിവൃദ്ധി ലക്ഷ്യമാക്കിയ നടപടികളാണ് ഹൈടെക്കിനേക്കാള്‍ അത്യാവശ്യം. നിലവിലുള്ള റോഡുകളുടെയും ജങ്ഷനുകളുടെയും വികസനത്തെ തള്ളി, ഗതാഗതവികസനം അതിവേഗപാതയിലേക്ക് ചുരുക്കപ്പെടുകയാണ്. എട്ടുമാസത്തിനിടയ്ക്ക് 24 കൃഷിക്കാര്‍ ആത്മഹത്യചെയ്ത വയനാട്ടിന്റെ അടിയന്തരാവശ്യം വിമാനത്താവളമാണോ എന്ന് അവിടെനിന്നുള്ള മന്ത്രിയെങ്കിലും വ്യക്തമാക്കേണ്ടതാണ്. 1512 കോടി രൂപയുടെ അധിക നികുതിവരുമാനമാണ് സംസ്ഥാന ബജറ്റ് ലക്ഷ്യമിടുന്നത്. വാറ്റ് നികുതിനിരക്കും മോട്ടോര്‍വാഹനങ്ങളുടെ വാങ്ങല്‍ വിലയിന്മേല്‍ നികുതി വര്‍ധിപ്പിച്ചുമാണ് ഇത്രയും തുക സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ നടപടി വിലക്കയറ്റം വര്‍ധിപ്പിക്കാന്‍ ഇടയാക്കും എന്നതില്‍ സംശയമില്ല. അതേസമയം സര്‍ക്കാര്‍ കമ്പോളത്തിലിടപെട്ട് പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ച് ബജറ്റില്‍ നിര്‍ദേശമില്ലതാനും. സംസ്ഥാനത്തെ ലക്ഷക്കണക്കായ ചെറുകിട വ്യാപാരികളെ അലട്ടുന്ന വിദേശമൂലധന നിക്ഷേപത്തെക്കുറിച്ച് ബജറ്റ് നിശബ്ദമാണ്; കേന്ദ്രം അക്കാര്യത്തില്‍ വാചാലമാകുമ്പോഴും. കേന്ദ്രം നൂറുശതമാനം വിദേശമൂലധനത്തിന് ചെറുകിട വ്യാപാരമേഖല തുറന്നിടുമ്പോള്‍ കേരളം മാറിനില്‍ക്കില്ല എന്ന സൂചനയാണ് ഈ നിശബ്ദത.

അഗതി-വിധവ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം സ്വാഗതംചെയ്യുമ്പോള്‍തന്നെ, മൂന്നുലക്ഷത്തി മുപ്പത്തയ്യായിരം ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന തൊഴില്‍രഹിതവേതനത്തില്‍ നാമമാത്ര വര്‍ധനപോലും വരുത്തിയില്ല. കര്‍ഷകത്തൊഴിലാളി പെന്‍ഷനും വര്‍ധിപ്പിച്ചില്ല. അതേസമയം പെന്‍ഷന്‍പ്രായം ഉയര്‍ത്തുകയുംചെയ്തു. 43.42 ലക്ഷം ചെറുപ്പക്കാര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ചെയ്ത് തൊഴിലിനുവേണ്ടി കാത്തിരിക്കുമ്പോഴാണ് മേല്‍നടപടി. ഏറെ ഘോഷിച്ച് നടപ്പാക്കിയ സ്വയംതൊഴില്‍ സംരംഭകത്വ പരിപാടി മുഖേന എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് ഇക്കണോമിക് റിവ്യൂവിലോ ബജറ്റിലോ കണക്കില്ല. അതേസമയം ഓവര്‍സീസ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് മുഖേന 2010-11ല്‍ 74 പേരെ വിദേശത്തേക്ക് (44ഉം നേഴ്സുമാരാണ്) അയച്ചെന്ന് ഇക്കണോമിക് റിവ്യൂ വെളിപ്പെടുത്തുന്നു. പതിനൊന്നരലക്ഷം വിദേശമലയാളികള്‍ തിരിച്ചെത്തിക്കഴിഞ്ഞു. വിദേശത്ത് ജോലിചെയ്തുകൊണ്ടിരിക്കുന്ന 228 ലക്ഷംപേരില്‍ നല്ലൊരുശതമാനം ഉടന്‍ തിരികെ പോരുമെന്ന കാര്യത്തില്‍ സംശയംവേണ്ട. രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കെയാണ് പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള തീരുമാനം. ധന ഉത്തരവാദിത്തനിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് ശഠിച്ചുകൊണ്ടിരുന്ന കേന്ദ്രസര്‍ക്കാര്‍ , നടപ്പുവര്‍ഷത്തെ ബജറ്റില്‍ ലക്ഷ്യമിട്ടത് 4.6 ശതമാനം ധനകമ്മിയാണ്. സാമ്പത്തികവര്‍ഷം അവസാനത്തോടടുക്കുമ്പോള്‍ കമ്മി ആറുശതമാനത്തോളമായി. ഇടതുപക്ഷ സര്‍ക്കാര്‍ കടംവങ്ങി കമ്മി വര്‍ധിപ്പിച്ചെന്നും സംസ്ഥാനത്തെ കടക്കെണിയിലാഴ്ത്തിയെന്നും വിലപിക്കുകമാത്രമല്ല കൂടെക്കൂടെ ധവളപത്രമിറക്കുകയുംചെയ്ത യുഡിഎഫ് സര്‍ക്കാര്‍ , കടംവാങ്ങലില്‍ ഒരു പിശുക്കും കാട്ടിയില്ല. എല്‍ഡിഎഫിന്റെ അവസാനവര്‍ഷം അധികമായി വാങ്ങിയ പൊതുകടം 6699 കോടി രൂപയാണ്. യുഡിഎഫ് വാങ്ങിയ അധിക പൊതുകടം 7704 കോടി രൂപയും.

സംസ്ഥാനത്തിന്റെ ഏറ്റവും ദുര്‍ബലവശമാണ് കാര്‍ഷികമേഖല. നെല്‍കൃഷി ഭൂമിയുടെ അളവിലും ഉല്‍പ്പാദനത്തിലും ഇടിവുണ്ടായി. നെല്‍കൃഷി ഭൂമി 20,828 ഹെക്ടര്‍ കുറഞ്ഞു. നെല്ല് ഉല്‍പ്പാദനത്തില്‍ 75,598 മെട്രിക് ടണ്‍ കുറവുണ്ടായി. എല്‍ഡിഎഫ് ഭരണത്തില്‍ നെല്‍കൃഷി ഭൂമിയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു എന്നോര്‍ക്കണം. നാളികേരം, ചായ, അടയ്ക്ക, കപ്പ, കശുവണ്ടി, ഏലം, മഞ്ഞള്‍ എന്നിവയുടെയെല്ലാം ഉല്‍പ്പാദനം ഇടിഞ്ഞു. അഖിലേന്ത്യാതലത്തിലും ഏറ്റവും താഴ്ന്ന വളര്‍ച്ചനിരക്കാണ് കാര്‍ഷികമേഖല കാഴ്ചവച്ചത്- വെറും 2.5 ശതമാനം. കാര്‍ഷികമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കി പല സ്വീകാര്യങ്ങളായ നിര്‍ദേശങ്ങളും സംസ്ഥാന ബജറ്റിലുണ്ട്. കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച പുതുക്കിയ ബജറ്റിലും പല നിര്‍ദേശങ്ങളുമുണ്ടായിരുന്നു. ഇവ നിലനില്‍ക്കെയാണ് എട്ടുമാസത്തിനകം പ്രതിമാസം ആറ് എന്ന നിരക്കില്‍ 48 കര്‍ഷകര്‍ ജീവന്‍ വെടിഞ്ഞത്.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 21 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രണ്ടു ബജറ്റുകളുടെയും പൊതുസ്വഭാവം ഒന്നുതന്നെ. ഒരേ തത്വശാസ്ത്രം, ഒരേ സമീപനം. സബ്സിഡി കുറച്ച് കമ്മി ചുരുക്കുമെന്ന് കേന്ദ്രബജറ്റ് ശഠിക്കുന്നു. നികുതിനിരക്ക് കൂട്ടലാണ് സ്വീകാര്യമെന്ന് സംസ്ഥാന ബജറ്റ് അടിവരയിടുന്നു. കേന്ദ്രബജറ്റിന്റെ സമ്പന്ന പക്ഷപാതിത്വം പകല്‍പോലെ വ്യക്തം. രാസവളത്തിനും ഇന്ധനത്തിനും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും നല്‍കുന്ന സബ്സിഡി, രണ്ടുതരത്തില്‍ ജനങ്ങള്‍ക്ക് ഗുണംചെയ്യും. ഒന്ന്, കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിക്കൊണ്ട്. രണ്ട്, കാര്‍ഷിക-വ്യവസായ ഉല്‍പ്പാദനച്ചെലവുചുരുക്കി ദീര്‍ഘകാല വികസനം ഉറപ്പാക്കിക്കൊണ്ട്. പക്ഷേ, സബ്സിഡികള്‍ മറ്റെന്തിനേക്കാളും യുപിഎയുടെ ഉറക്കംകെടുത്തുന്നു. അതുകൊണ്ട് അവ കുറയ്ക്കാന്‍തന്നെയാണ് ബജറ്റ് നിര്‍ദേശം