Saturday, March 24, 2012

ആരവമൊഴിഞ്ഞിടത്തെ ദൃശ്യരൂപങ്ങള്‍

അരങ്ങില്‍ അമ്പരപ്പിക്കുന്ന ദൃശ്യ വിന്യാസങ്ങള്‍ ഒരുക്കുന്ന നാടക സംവിധായകനാണ് സുവീരന്‍ . നാടകം എന്ന സംഘര്‍ഷങ്ങളുടെ കലയെ സ്ഫോടനാത്മകമായി തന്നെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിലുള്ള അസാധാരണമായ മെയ്വഴക്കമാണ് ഈ സംവിധായകന്റെ പ്രത്യേകത. ഇതിവൃത്തം ആവശ്യപ്പെടുന്നതിനുമപ്പുറം ക്രിയാംശങ്ങളുടെ വെടിക്കെട്ടുകള്‍ തീര്‍ക്കുന്നുവെന്ന നിരൂപക വിമര്‍ശനങ്ങളൊന്നും സുവീരന്‍ ശ്രദ്ധിക്കാറില്ല. നാടകങ്ങള്‍ സിനിമാറ്റിക് ആകുന്നുവെന്ന പരാതികള്‍ക്ക് അറുതിയില്ല. എന്നാല്‍ "ബ്യാരി" എന്ന ആദ്യ സിനിമയ്ക്കുതന്നെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതോടെ സുവീരനിലെ ചലച്ചിത്രകാരനെ സിനിമാലോകം ഞെട്ടലോടെയാണ് അറിഞ്ഞത്.


അക്ഷരാര്‍ഥത്തില്‍ ഒരു സിനിമാറ്റിക് വാര്‍ത്തയായിരുന്നു അത്. സിനിമയുടെ മാസ്മരിക പ്രപഞ്ചത്തില്‍ ഒറ്റ നക്ഷത്രമായി ഒറ്റ ദിവസം കൊണ്ട് ഉദയം ചെയ്യുകയായിരുന്നു. ആളും ഉടയവരും ആരവവുമില്ലാത്തതെന്ന് കരുതിയ ഒരു ഭാഷയിലേക്കാണ് സുവീരന്‍ ക്യാമറയുമായി ഇറങ്ങിയത്. ഇപ്പോള്‍ ബ്യാരി ഭാഷ ഇന്ത്യ കാതോര്‍ക്കുന്ന ഭാഷയാണ്. സുവീരന്‍ ഇന്ത്യ കണ്‍പാര്‍ക്കുന്ന സംവിധായകനും. കേരളത്തിന്റെ വടക്കേ അറ്റത്ത് കര്‍ണാടകത്തോട് ചേര്‍ന്ന് കിടക്കുന്ന കടലോര നിവാസികളുടെ ഭാഷയില്‍ ആദ്യ സിനിമ നിര്‍മിക്കാന്‍ സുവീരന്‍ കാണിച്ച ധൈര്യത്തിന് അവാര്‍ഡിനോളം വലിപ്പമുണ്ട്. മടപ്പള്ളി ഗവ.കോളേജില്‍ സുവോളജി വിദ്യാര്‍ഥിയായിരിക്കെയാണ് പി എം താജിന്റെ രചനയില്‍ വടകര വരദ അവതരിപ്പിച്ച "എന്നും പ്രിയപ്പെട്ട അമ്മ"യില്‍ മൃത്യുഞ്ജയനായി വേഷമിട്ട് നാടകത്തിലെത്തിയത്.

കോളേജില്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തകനായും സ്റ്റുഡന്റ് എഡിറ്ററായും യുയുസിയായും പ്രവര്‍ത്തിച്ചു. നാടകത്തിന്റെ മാത്രം വഴികളില്‍ അലഞ്ഞും എരിപൊരികൊണ്ടും ജീവിച്ച ഒരു കലാകാരന്‍ കുറച്ച് ദിവസങ്ങളായി അനുമോദനങ്ങളാലും സ്നേഹപ്രകടനങ്ങളാലും വല്ലാതെ വീര്‍പ്പുമുട്ടുന്നു. പൂമാലകളാല്‍ അലങ്കരിച്ച തുറന്ന ജീപ്പിലായിരുന്നു ദേശീയ അവാര്‍ഡ് ജേതാവിനെ ജന്മനാടായ അഴിയൂരിലേക്ക് ആനയിച്ചത്. തൊഴിലാളികളും കലാകാരന്മാരും ഒരു നാടൊന്നാകെ ജേതാവിനെ വിജയാശംസകള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ചു. അഴിയൂരിലെ പ്രശസ്ത ആയുര്‍വേദ ഭിഷഗ്വരനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ പി കുഞ്ഞിരാമന്‍ വൈദ്യരുടെയും കൗസല്യ അമ്മയുടെയും എട്ടു മക്കളില്‍ ഇളയവനാണ് സുവീരന്‍ . അഴിയൂര്‍ ഈസ്റ്റ് യുപി സ്കൂള്‍ , അഴിയൂര്‍ ഹൈസ്കൂള്‍ , കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ്, മടപ്പള്ളി ഗവ. കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചു. തുടര്‍ന്ന് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷം പെര്‍ഫോമിങ് ആര്‍ട്സില്‍ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ ബിരുദം നേടി. പത്താം ക്ലാസ് മുതല്‍ സുവീരന്‍ നാടകം സംവിധാനം ചെയ്തു തുടങ്ങി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്റര്‍സോണ്‍ മത്സരത്തില്‍ ഏഴുതവണ നല്ല നാടകത്തിനുള്ള സമ്മാനം കരസ്ഥമാക്കി.

1977ല്‍ "ഉടമ്പടിക്കോലം", 2002ല്‍ "അഗ്നിയും വര്‍ഷവും", 2008ല്‍ "ആയുസ്സിന്റെ പുസ്തകം" എന്നീ നാടകങ്ങള്‍ക്ക് കേരള സംഗീത നാടക അക്കാദമിയുടെ നിരവധി അവാര്‍ഡുകള്‍ നേടി. പഞ്ചാബ്, ഹിന്ദി ഭാഷകള്‍ സമന്വയിപ്പിച്ച് "യെര്‍മ" എന്ന നാടക പരീക്ഷണത്തിന് പഞ്ചാബ് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി. ഗുജറാത്ത്, ജബല്‍പൂര്‍ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളില്‍ നാടക പ്രവര്‍ത്തനം നടത്തി ദളിത് ജനവിഭാഗത്തിന്റെ ആദരവ് നേടി. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ദേശീയതല നാടക മത്സരങ്ങളിലും സമ്മാനാര്‍ഹനായി. ഭൂപല്‍കാക്കര്‍ എന്നവിഖ്യാത ചിത്രകാരനോടൊപ്പം മുംബൈയില്‍ ഡിസൈന്‍ എക്സിക്യൂട്ടീവായി പ്രവര്‍ത്തിച്ചു. ഫരീദാമേത്തയുടെ കാലിസല്‍വാര്‍ എന്ന ഹിന്ദി ചലചിത്രത്തിന്റെ അണിയറയിലും പ്രവര്‍ത്തിച്ചു. മലയാളത്തില്‍ ഉദയനാണ് താരം, കഥപറയുമ്പോള്‍ എന്നീ ചിത്രങ്ങളില്‍ വേഷങ്ങള്‍ ചെയ്തു. "ക്രോസ് ഡിസ്ട്രാക്ഷന്‍" "മേരിയും ലോറന്‍സും" "സൗണ്ട് മെഷീന്‍" എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനായി.

?-ഇനി ബ്യാരിയുടെ വിശേഷങ്ങള്‍ .

ബ്യാരി നിനച്ചിരിക്കാതെയാണ് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഒരു ദിവസം അഴിയൂരിലെ എന്റെ വീട്ടില്‍ അല്‍ത്താഫ് ഹുസൈന്‍ എന്നൊരാള്‍ എന്നെ കാണാന്‍ വന്നു. അയാള്‍ക്ക് ഒരു സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്. ഒരു സ്ക്രിപ്റ്റുമായിട്ടാണ് അയാളുടെ വരവ്. മതസൗഹാര്‍ദത്തെ ആസ്പദമാക്കിയുള്ള ഒരു കഥ. അയാളുടെ നാട്ടില്‍ നിരന്തരമായി നടക്കുന്ന മതസ്പര്‍ധകളും സംഘര്‍ഷങ്ങളുമൊക്കെ കോര്‍ത്തിണക്കി സാഹോദര്യം ഉദ്ഘോഷിക്കുന്ന ഒരു കഥയായിരുന്നു അത്. കഥ കേട്ടതോടെ ഞാന്‍ മറ്റൊന്നും ആലോചിക്കാതെ ഒഴിഞ്ഞുമാറി. ഈ സിനിമ ചെയ്യാന്‍ പറ്റിയ ആള്‍ ഞാനല്ലെന്നും ഒരു നല്ല സംവിധായകനെ കൊണ്ട് സിനിമ ചെയ്യിക്കണമെന്നും ഞാന്‍ അയാളെ ഉപദേശിച്ചു. ഒരു കൊമേഴ്സ്യല്‍ സെറ്റപ്പില്‍ മാത്രമേ ഇത് ചെയ്യാനാവുകയുള്ളൂവെന്ന് ഞാന്‍ അയാളെ ബോധ്യപ്പെടുത്തി.

?- കൈയില്‍ വന്ന നിര്‍മാതാവിനെ കൈവിട്ട് കളയുന്നത് ശരിയാണോ.

അതെ, അതുതന്നെയാണ് അല്‍ത്താഫ് ഹുസൈനെയും അത്ഭുതപ്പെടുത്തിയത്. ഇയാളെന്തൊരു മനുഷ്യനാണ് എന്ന മട്ടിലാണ് എന്നെ നോക്കിയത്. അയാള്‍ എന്റെ ആയുസ്സിന്റെ പുസ്തകം എന്ന നാടകം കണ്ടിരുന്നു. കൂടാതെ ബ്യാരി ഭാഷക്ക് മലയാളവുമായി നല്ല ബന്ധമുണ്ട്. തങ്ങളുടെ പൂര്‍വികര്‍ മലയാളികളാണെന്ന് അവര്‍ വിശ്വസിക്കുന്നു. മലയാളിയായ ഒരു സംവിധായകനെകൊണ്ട് ചിത്രം ചെയ്യിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ബ്യാരിഭാഷ അറിയില്ല. അവിടുത്തെ സംസ്കാരം, ജിവിതരീതി ഒന്നുമറിയില്ല. മലയാളത്തിലാണെങ്കില്‍ ഒരു കൈനോക്കാമെന്ന് ഞാന്‍ അയാളോട് സൂചിപ്പിച്ചു. എന്നാല്‍ ബ്യാരി ഭാഷയിലല്ലാതെ ഒരു സിനിമയെടുക്കാന്‍ അയാള്‍ക്കും താല്‍പര്യമില്ല. അങ്ങനെ അല്‍ത്താഫ് ഹുസൈന്‍ തെല്ലു പരിഭവത്തോടെ തിരിച്ചു പോവുകയാണുണ്ടായത്.

?-പിന്നീട് വീണ്ടും ബ്യാരിയിലേക്ക് എങ്ങനെയെത്തി.

അയാള്‍ നാട്ടിലെത്തി വീണ്ടും ഫോണ്‍ ചെയ്യുകയുണ്ടായി. അതായത് അവരുടെ നാട്ടില്‍ താമസിച്ച് ഭാഷയും സംസ്കാരവും പഠിച്ച് ഒരു സിനിമ ചെയ്യണമെന്ന് അയാളുടെ അതിരറ്റ ആഗ്രഹം ഒന്നുകൂടി പ്രകടിപ്പിച്ചു. അങ്ങനെയാണ് ചന്ദ്രഗിരിപ്പുഴ കടന്ന് മംഗലാപുരത്തെ സൂറത്ത്കല്ലിലെത്തി ബ്യാരിയെ അടുത്തറിയാന്‍ തുടങ്ങിയത്. അവിടുത്തെ സ്ത്രീകളുടെ വേവലാതിപൂണ്ട മുഖങ്ങള്‍ , വിളറിവെളുത്ത പ്രകൃതങ്ങള്‍ , അമ്പരപ്പ് മുറ്റി നില്‍ക്കുന്ന ഭാവങ്ങള്‍ ...... ഒരു സിനിമയുടെ പ്രത്യേകതകളും ദൃശ്യ വിന്യാസങ്ങളും മനസ്സിലേക്ക് ചേക്കേറാന്‍ തുടങ്ങി. അങ്ങനെയാണ് ബ്യാരി ഉള്ളില്‍ നിറയുന്നത്. യൂസ്ഡ് വുമണ്‍ . ലൈംഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ട് വലിച്ചെറിയപ്പെട്ട സ്ത്രീത്വം. വ്യഭിചാര വ്യവസ്ഥയെ അരക്കിട്ട് ഉറപ്പിക്കുന്ന വിവാഹ സങ്കല്‍പം. ഇഷ്ടംപോലെ മൊഴി ചൊല്ലി അനാഥമാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ . ഇതൊക്കെയാണ് ബ്യാരിയുമായി അടുക്കാന്‍ എന്നെ ആകര്‍ഷിച്ച ഘടകങ്ങള്‍ .

?- സ്ത്രീകളുടെ പ്രശ്നങ്ങള്‍ നാടക അരങ്ങുകളിലും ശ്രദ്ധേയമായിരുന്നല്ലോ.

നമ്മുടെ സമൂഹത്തിലെ ഏറ്റവും പരിഗണന അര്‍ഹിക്കേണ്ട വിഭാഗം സ്ത്രീ സമൂഹമാണ്. ദളിത് വിഭാഗം, സ്ത്രീകളുടെ ദുരിത ജീവിതം, അവരുടെ പ്രശ്നങ്ങള്‍ നേരത്തെയും എന്നെ ആകര്‍ഷിച്ചിരുന്നു. അധികാരഘടനയുടെ കൈകള്‍ എപ്പോഴും നീളുന്നത് ഇത്തരം വിഭാഗങ്ങള്‍ക്കു നേരെയാണ്. അതുകൊണ്ടുതന്നെ നമ്മുടെ മുഖ്യധാരാ വിപ്ലവ പ്രസ്ഥാനങ്ങള്‍ ഈ മേലയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ബ്യാരിയിലെ നാദിറ എന്ന കഥാപാത്രം സ്വപ്നങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ട പെണ്‍കുട്ടിയാണ്. തലാഖ് ചൊല്ലലിന്റെ ഇരയായവള്‍ . അവളുടെ അമ്പരപ്പും ബ്യാരി സമുദായത്തിലെ ചോദ്യം ചെയ്യപ്പെടേണ്ട വ്യവസ്ഥയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

?- ചിത്രത്തിന്റെ നിര്‍മാണഘട്ടം വിശദീകരിക്കാമോ.

ബ്യാരി ഭാഷക്ക് ലിപിയില്ലെന്നറിയാമല്ലോ. ഞാന്‍ അവിടെയെത്തി ബ്യാരി സമുദായക്കാരുടെ സംസ്കാരവും മറ്റും മനസ്സിലാക്കാന്‍ അവരുടെ സാഹിത്യകൃതികള്‍ തേടി അലഞ്ഞു. ഇംഗ്ലീഷ് പരിഭാഷകളൊന്നും ഇവിടെ കിട്ടാനില്ല. ലൈബ്രറികളിലും അക്കാദമികളിലും ഒരുപാട് പരിശോധന നടത്തി. അങ്ങനെയാണ് ബ്യാരിയില്‍പ്പെട്ട നോവലിസ്റ്റ് സാറാ അബൂബക്കറുടെ പുസ്തകത്തെക്കുറിച്ച് അറിയുന്നത്. അതില്‍നിന്ന് ഇതിവൃത്തത്തിന്റെ ഒരു ബീജം കണ്ടെടുക്കാനായി. ബ്യാരി ഭാഷ മനസ്സിലാക്കാന്‍ രണ്ട് സുഹൃത്തുക്കളെ പരിഭാഷക്കായി നിര്‍മാതാവായ അല്‍ത്താഫ് ഹുസൈന്‍ ഏര്‍പ്പാടാക്കി. ഒരു വര്‍ഷത്തോളം സിനിമയുടെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയെടുക്കാന്‍ നിരന്തരമായ അലച്ചിലിലായിരുന്നു.

?- സിനിമയിലെ കാസ്റ്റിങ്.

ഇതില്‍ പ്രധാനമായും നാദിറ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ നടിയെയായിരുന്നു ആവശ്യം. രണ്ട്, മൂന്ന് ഗെറ്റപ്പുകളില്‍ അവതരിപ്പിക്കേണ്ട കഥാപാത്രമായതിനാല്‍ ആദ്യം മുതലെ മല്ലികയുടെ ഛായ എന്റെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമായി ബന്ധപ്പെട്ടപ്പോള്‍ മല്ലികക്ക് തിരക്കാണെന്നും അഞ്ച് ലക്ഷം രൂപയോളം വേണ്ടിവരുമെന്നുമാണ് പറഞ്ഞത്. മാമുക്കോയ, അംബികാ മോഹന്‍ , കെ ടി എസ് പടന്ന തുടങ്ങിയ അഭിനേതാക്കളെ നേരത്തെ കാസ്റ്റ് ചെയ്തിരുന്നു. നിര്‍മാതാവിനെ സംബന്ധിച്ചിടത്തോളം ചെറിയ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കേണ്ട ചിത്രമായതിനാല്‍ മല്ലികയെവച്ച് സിനിമ ചെയ്യിനാകില്ലെന്ന് ബോധ്യപ്പെട്ടു. നവ്യാനായരുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവരും പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രൊജക്ട് കൈയൊഴിയുകയാണുണ്ടായത്. സിനിമാ നിര്‍മാണം മുന്നോട്ടുപോവില്ലെന്ന് കരുതിയപ്പോഴാണ് ഒരു സുഹൃത്ത് വഴി മല്ലികയെ നേരിട്ട് ബന്ധപ്പെടുന്നത്. അപ്പോഴാണ് ഒരുകാര്യം മനസ്സിലായത്. മല്ലിക ഈ പ്രൊജക്ടിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന്. അവര്‍ ബ്യാരി എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. ഇതിനിടയില്‍ ആരോ കളിക്കുകയായിരുന്നു. 2002 മുതല്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് നിരന്തരമായി ചര്‍ച്ചകളും പ്രൊജക്ടുമായി അലയുന്നവനാണ് ഞാന്‍ . ഇതും നടക്കാതിരിക്കാനാണ് ചിലരുടെ ശ്രമം.

?- മല്ലികയുടെ അഭിനയം.

ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ നടിയാണ് അവര്‍ . കഥ കേട്ടപ്പോള്‍ തന്നെ ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് തനിക്ക് ചെയ്യാനാകുമെന്ന് മല്ലിക ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഥാപാത്രത്തിന്റെ കരുത്തില്‍ അവര്‍ക്ക് നല്ല ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. ?- മലയാള സിനിമയില്‍ താങ്കളുടെ വരവിനെ തടസ്സപ്പെടുത്താന്‍ ആര്‍ക്കെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നോ. പ്രത്യേകിച്ച് സൂപ്പര്‍ താരങ്ങളോ സംവിധായകരോ തടസ്സമായി നില്‍ക്കുന്നുവെന്ന് അര്‍ഥമാക്കേണ്ട. എന്നാല്‍ ആരും കാണാത്ത ചില പ്രതിഭാസങ്ങള്‍ മലയാള സിനിമയെ നിയന്ത്രിക്കുന്നുണ്ട്. അത് സാമ്രാജ്യത്വം എന്നൊക്കെ പറയുന്നതുപോലെ പ്രത്യേകിച്ച് ആരെയും ചൂണ്ടിക്കാണിക്കാനാവില്ല. മലയാള സിനിമ ഇന്നും ഓരോ സീന്‍ കഴിയുമ്പോഴും തേങ്ങ ഉടച്ചും പൂജ നടത്തിയും സിനിമക്ക് പേരിടാന്‍ കവടി നിരത്തിയും മുടന്തുകയാണ്. സ്പിരിച്വലിസമാണ് ഈ കലയെ മുന്നോട്ട് നയിക്കുന്നതെന്നാണ് ഇവര്‍ കരുതുന്നത്. ദൈവം മരിച്ചുവെന്ന നീഷെയുടെ വെളിപാടുകളൊന്നും മലയാള സിനിമ പ്രവര്‍ത്തകരില്‍ പലരും കേട്ടിട്ടുപോലുമില്ല. ഇതിനെയെല്ലാം മറികടക്കുന്ന പുതിയ ചെറുപ്പക്കാരുടെ ഒരുനിര സിനിമയില്‍ കടന്നുവന്നിട്ടുണ്ട്. ഇന്ത്യന്‍ റുപ്പിയും ചാപ്പാക്കുരിശും സോള്‍ട്ട് ന്‍ പെപ്പറും മറ്റും ഇതിന് ഉദാഹരണങ്ങളാണ്. സോഷ്യല്‍ റിയലിസം സര്‍ഗാത്മക മുദ്രയാക്കുന്ന ശ്രീനിവാസനെപ്പോലുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളുമാണ് മലയാളത്തിന് ആവശ്യം.

?- ബ്യാരി അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ.

സിനിമയുടെ നിര്‍മാണത്തിന്റെ ഒരോ ഘട്ടത്തിലും ഒരു പാട് പരീക്ഷണ കടമ്പകള്‍ ഉണ്ടായിരുന്നു. ഒന്നാമത് ഒരുപാട് സാമ്പത്തിക പിന്‍ബലമുള്ള ഒരു യൂണിറ്റായിരുന്നില്ല. എഴുതപ്പെട്ട സീനുകള്‍ പൂര്‍ണമായ സമ്പന്നതയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നിര്‍മാണം നിര്‍ത്തിവയ്ക്കേണ്ട സ്ഥിതിപോലുമുണ്ടായി. പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ആര്‍ക്കും വിശ്വാസമില്ലായിരുന്നു. ചിത്രീകരണത്തിനായി ഉപയോഗിച്ച ഒരു വീട് ഏത് സമയവും പൊളിച്ച് വില്‍ക്കാന്‍ കാത്തിരിക്കുകയാണ് ഉടമസ്ഥന്‍ . സീനുകള്‍ പെര്‍ഫക്ഷനില്‍ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധമുണ്ട്. ചിത്രത്തില്‍ അറക്കാന്‍ കൊണ്ടുപോകുന്ന ഒരു ആട് തന്റെ ഇണയെ അവസാനമായി പ്രാപിക്കുന്ന ഒരു സീനുണ്ട്. രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ആടിനെ തരപ്പെടുത്തി വച്ചിരുന്നു. ഷൂട്ടിങ് സമയത്ത് എത്ര കിണഞ്ഞ് ശ്രമിച്ചിട്ടും ഈ സീന്‍ ശരിയാവുന്നില്ല. പിന്നീടാണ് അറിയുന്നത് വാഹനാപകടത്തില്‍ പരിക്കേറ്റ് "പൗരുഷം" നഷ്ടപ്പെട്ട ആടായിരുന്നു അതെന്ന്. പെര്‍ഫക്ഷന്‍ കംപ്ലീറ്റ് അല്ലാത്തതിനാല്‍ പുരസ്കാരങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. ബ്യാരി പുരസ്കാരങ്ങള്‍ക്കായി നിര്‍മിച്ച ചിത്രവുമായിരുന്നില്ല.

?- സിനിമ കര്‍ണാടകത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നോ.

ഇതൊരു മൊഴിചൊല്ലലിന്റെ കണ്ണീര്‍ക്കഥയാണെന്നും അള്ളാഹു വെറുക്കപ്പെട്ട മൊഴി ചൊല്ലലിന്റെ ഇതിവൃത്തമാണെന്നും തദ്ദേശീയരായ ആരോടും പറഞ്ഞിരുന്നില്ല. യഥാര്‍ഥ പള്ളിയില്‍നിന്നുതന്നെ ചില സീനുകള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. സിനിമ പൂര്‍ത്തീകരിച്ചതോടെയാണ് പള്ളികളില്‍ നിന്നും മറ്റും എതിര്‍പ്പുണ്ടായത്. സിനിമ കാണരുതെന്നും ഈ സിനിമ ബ്യാരി ഭാഷയെയും മുസ്ലിം സമുദായത്തെയും അപമാനിക്കാനുള്ളതാണെന്ന് പ്രചാരണമുണ്ടായി. പള്ളിക്കോ ഖുര്‍ ആനോ സിനിമ എതിരല്ലെന്ന് ഒരു വിഭാഗം ചെറുപ്പക്കാര്‍ ആശയ പ്രചാരണം നടത്തുക പോലുമുണ്ടായി. അവിടുത്തെ രണ്ട് തിയറ്ററുകളിലായി ഇരുപത്തിയഞ്ചോളം ദിവസങ്ങള്‍ സിനിമ ഓടി. ഒരേ സമുദായത്തിലുള്ളവര്‍ രണ്ട് ചേരികളിലായി സിനിമയെക്കുറിച്ച് ചര്‍ചകള്‍ തുടങ്ങി. ദേശീയ അവാര്‍ഡ് ലഭിച്ചതോടെ എതിര്‍പ്പുകള്‍ക്ക് ശക്തി കുറഞ്ഞതായാണ് വിവരം. നിരവധി ബ്യാരിക്കാര്‍ ഫോണിലൂടെ അഭിനന്ദിച്ചിട്ടുണ്ട്. ഇത് തന്നെയാണ് സിനിമയുടെ യഥാര്‍ഥ അവാര്‍ഡെന്ന് ഞാന്‍ കരുതുന്നു.

?- നാടക സിനിമാ പ്രവര്‍ത്തനങ്ങളോട് കുടുംബത്തിന്റെ സമീപനം

കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ സയന്‍സ് ഗ്രൂപ്പെടുത്ത് എന്നെ ചേര്‍ത്തത് അച്ഛന് ഞാന്‍ ഒരു ഡോക്ടറാകണമെന്ന ആഗ്രഹത്തില്‍ നിന്നാണ്. അച്ഛന്‍ ആയുര്‍വേദ വൈദ്യനും സംസ്കൃത ഭാഷയില്‍ പണ്ഡിതനുമായിരുന്നു. എട്ടു മക്കളില്‍ ഏഴുപേരും ഡോക്ടറായിട്ടില്ല. ഇളയവനായ എന്നെയെങ്കിലും ഡോക്ടറാക്കനാണ് അച്ഛന്റെ ആഗ്രഹം. നിര്‍മലഗിരിയിലെത്തിയതോടെ നേരത്തെയുള്ള നാടകാഭിരുചി ശക്തിപ്പെടുകയാണുണ്ടായത്. ക്ലാസില്‍ കൃത്യമായി എത്താറില്ലെങ്കിലും പാസായി. മടപ്പള്ളി കോളേജില്‍ ബിഎസ്സിക്ക് ചേര്‍ന്നെങ്കിലും നാടക പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വടകര വരദയില്‍ അഭിനയിക്കുകയും ചെയ്തു. ബിഎസ്സി കഴിഞ്ഞതിന് ശേഷം സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാനുള്ള തീരുമാനം അച്ഛനെ ഞെട്ടിച്ചു. ഒന്നുകില്‍ അകത്ത് അല്ലെങ്കില്‍ പുറത്ത് എന്നാണ് അച്ഛന്‍ പറഞ്ഞത്. കിരീടത്തിലെ മോഹന്‍ലാലിന്റെ അവസ്ഥപോലെയായി ജീവിതം. തീരുമാനമെടുക്കാന്‍ അധികം ആലോചിക്കേണ്ടിവന്നില്ല. അങ്ങനെ ഞാന്‍ കുടുംബത്തിന്റെ അരങ്ങില്‍നിന്ന് പുറത്തായി. പിന്നീടൊരിക്കലും വീട്ടുകാരില്‍ നിന്ന് ജീവിക്കാന്‍ അഞ്ച് പൈസക്ക് കൈനീട്ടിയിട്ടില്ല, ഇന്നുവരെ.

?- അച്ഛനുമായി എന്നെന്നേക്കുമായി പിണങ്ങിയോ.

അച്ഛന്‍ കമ്യൂണിസ്റ്റ് മനസ്സുള്ള ഉറച്ച കോണ്‍ഗ്രസ്സുകാരനായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനുമായി നല്ല ബന്ധമായിരുന്നു അച്ഛന്. അച്ഛന്റെ അവസാന നാളുകളില്‍ പലരോടായി പറയുമായിരുന്നു. ഈ ചോമ്പാലില്‍ ഞാനല്ലാതെ ഒറ്റ കോണ്‍ഗ്രസ്സുകാരനും ഇല്ലെന്ന്. കാരണം അച്ഛന്‍ പ്രായമായതോടെ കോണ്‍ഗ്രസ്സിനും തളര്‍ച്ച ബാധിച്ചിരുന്നല്ലോ. എന്നെയും കോണ്‍ഗ്രസ്സുകാരനാക്കാനായിരുന്നു തീരുമാനം. എസ്എഫ്ഐയില്‍ സജീവമായതോടെ ആ ആഗ്രഹം ഉപേക്ഷിക്കുകയാണുണ്ടായത്. തളര്‍വാതം പിടിപെട്ട് കിടപ്പിലായി. അവസാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സിനിമാ മോഹവുമായി മദ്രാസിലേക്ക് വണ്ടി കയറുന്നതിന് മുമ്പ് ഞാന്‍ അച്ഛനെ പോയി കണ്ടു. എന്റെ കൈപിടിച്ച് അച്ഛന്‍ പറഞ്ഞ വാചകം ഇന്നും മനസ്സിലുണ്ട്. "ഒരാള്‍ ഒരേ കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാല്‍ അംഗീകാരവും വിജയവും അയാളെ തേടിയെത്തും. അത് അയാള്‍ ആഗ്രഹിച്ചില്ലെങ്കിലും അങ്ങനെതന്നെയെ സംഭവിക്കൂ." ഞാന്‍ മദ്രാസില്‍ എത്തുന്നതിന് മുമ്പെ അച്ഛന്‍ മരിച്ചിരുന്നു. വന്നണഞ്ഞ വിജയത്തിനു മുന്നില്‍ , അച്ഛന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഇന്ന് എന്റെ കണ്ണ് നിറയുന്നു. എന്റെ റോള്‍ മോഡലായിരുന്നു അച്ഛന്‍ . അച്ഛന്റെ ചിന്തകള്‍ക്ക് കടക വിരുദ്ധമായാണ് ഞാന്‍ ജീവിച്ചതെങ്കിലും എനിക്ക് കുറ്റബോധമില്ല.

?- സ്കൂള്‍ ഓഫ് ഡ്രാമയിലെ ജീവിതം.

നാടക സങ്കല്‍പങ്ങള്‍ക്കും ജീവിത വീക്ഷണങ്ങള്‍ക്കും വലിയ സ്വാധീനമാണ് തൃശൂരിലെയും ഡല്‍ഹിയിലെയും നാടക പഠനങ്ങളിലൂടെ ഉണ്ടായത്. നമ്മള്‍ നേരത്തെ ചെയ്ത നാടക രീതികളും മറ്റും ശരിയാംവണ്ണം ബോധ്യപ്പെട്ടത് അവിടെവച്ചാണ്. ലോക നാടകവേദിയെ അറിയാനും പരന്ന വായനയും മാര്‍ക്സിയന്‍ സൗന്ദര്യ ശാസ്ത്രത്തിന്റെ രീതികളും അരങ്ങിന്റെ നൂതനമായ സമ്പ്രദായങ്ങളെല്ലാം പരിശീലിച്ചു. എന്നാല്‍ സാമ്പ്രദായിക ശീലങ്ങളില്‍ മാത്രം തൃപ്തിയടയുന്ന മനസ്സല്ല എന്റേത്. ജി ശങ്കരപിള്ളയുടെ "ഭരതവാക്യം" നേരത്തെ നിരവധി മഹാരഥന്‍മാന്‍ അരങ്ങിലെത്തിച്ചിരുന്നു. എന്നാല്‍ ഞാന്‍ ആ കൃതിയെ വായിച്ചതും വ്യാഖ്യാനിച്ചതും മറ്റൊരു രീതിയിലായിരുന്നു. ഭരതവാക്യം ഏറ്റവും നന്നായി അരങ്ങിലെത്തിച്ചത് സുവീരനാണെന്ന് ശങ്കരപിള്ള പറയുകയുണ്ടായി. സക്കറിയയുടെ "ഭാസ്കരപട്ടേലരും എന്റെ ജീവിതവും" എന്ന കൃതിയെ ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും എന്ന പേരിലാണ് രംഗഭാഷ്യം ഒരുക്കിയത്. അടൂരിന്റെ "വിധേയന്‍" എന്ന സിനിമയെക്കാള്‍ സുവീരന്റെ തൊമ്മിയാണ് മികച്ചതെന്ന് സക്കറിയ പറഞ്ഞുകേട്ടപ്പോള്‍ നല്ല സന്തോഷം തോന്നി. ആന്റിഗണിയും എംപറര്‍ ജോണ്‍സും ചക്രവും തുടങ്ങി സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം വരെ ഞാന്‍ വ്യാഖ്യാനിച്ചെടുത്ത രീതിയിലാണ് അവതരിപ്പിച്ചത്. ആത്യന്തികമായി സംവിധായകന്‍ ഒരു കൃതിയുടെ നല്ല വ്യാഖ്യാതാവായിരിക്കണം. ചരിത്ര ബോധമാണ് കലാകാരനെ വര്‍ത്തമാനകാലത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നത്.

?- സിനിമാ സംവിധായകന്‍ എന്ന നിലയില്‍ അടുത്ത പ്രൊജക്ട്.

രണ്ട് വര്‍ഷം മുമ്പ് ശീനിവാസന്‍ നായകനായി എന്റെ സംവിധാനത്തില്‍ ഒരു പ്രൊജക്ട് നിലവിലുണ്ട്. ശ്രീനിയേട്ടന്റെ അടുത്ത സിനിമ എന്റേതാകുമെന്നാണ് പ്രതീക്ഷ. കൂടാതെ മറ്റൊരു കമേഴ്സ്യല്‍ ചിത്രവും പണിപ്പുരയിലുണ്ട്.

?- മുഖ്യധാരാ സിനിമയില്‍ സജീവമാകാന്‍ താല്‍പര്യമുണ്ടോ.

കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ എന്ന് പറയുന്നത് പണം മുടക്കുന്ന നിര്‍മാതാവ് പറയുന്നതുപോലെ എടുക്കുന്ന ചിത്രം എന്ന അര്‍ഥത്തിലല്ല. ലാറി ബേക്കര്‍ വീട് നിര്‍മിക്കുന്നത് പണം മുടക്കുന്ന ആള്‍ നിര്‍ദേശിക്കുന്ന തരത്തിലല്ല. അയാളുടെ അന്വേഷണത്തിലും പരീക്ഷണത്തിലും നമുക്ക് അനുയോജ്യമായ വീടുകള്‍ പണിത് തരികയാണ് ചെയ്യുന്നത്. നമുക്ക് ഇഷ്ടമുള്ള വീടുകള്‍ പണിയാന്‍ ലാറിബേക്കറോട് ആവശ്യപ്പെടാന്‍ നമുക്ക് കഴിയുമോ. പ്രേക്ഷകന് അനുയോജ്യമായ ചിത്രങ്ങള്‍ ഇതാണെന്ന മട്ടില്‍ പടച്ചുവിടുന്ന രീതി അപകടകരമാണ്.

?- കലയിലെ രാഷ്ട്രീയം, അതിന്റെ സ്വാധീനം.

ഞാന്‍ പറഞ്ഞില്ലേ, എന്റെ പ്രവര്‍ത്തന മേഖല കലയാണ്. ചിലപ്പോള്‍ എന്നെ ഒരു ജാഥയില്‍ കണ്ടില്ലെന്ന് വരാം. എന്നാല്‍ അനിവാര്യമായ ഘട്ടത്തില്‍ ഞാന്‍ ജാഥയിലുണ്ടാകും. അടിസ്ഥാനപരമായി കലാകാരന്മാര്‍ ഇടതുപക്ഷ മനോഭാവമുള്ളവരായിരിക്കും. എന്നെ സംബന്ധിച്ച് സിപിഐ എം അനുഭാവിയാണെന്ന്പറയാന്‍ താല്‍പര്യമുണ്ട്. അതുകൊണ്ടുതന്നെ ചില കൃതികള്‍ എന്നെ ഒരുപാട് ആകര്‍ഷിക്കാറുണ്ട്. ബര്‍ത്തോള്‍ട് ബ്രഹ്ത്തിന്റെയും മറ്റും കൃതികള്‍ എനിക്ക് സര്‍ഗാത്മക ഊര്‍ജം പകര്‍ന്നുതരുന്നതാണ്. സത്യം കണ്ടെത്താനും അത് ആവിഷ്കരിക്കാനും മാര്‍ക്സിയന്‍ ദര്‍ശനം കലാകാരന് കരുത്തു പകരും. ഒരു കഥാപാത്രത്തെ മൂന്ന് ആങ്കിളുകളില്‍ കൂടിയാണ് വിശകലനം ചെയ്യുന്നത്. സോഷ്യോളജി, സൈക്കോളജി, ഫിസിയോളജി. കഥാപാത്രത്തിന്റെ പുനര്‍നിര്‍മിതിക്കും കുറ്റമറ്റ ആവിഷ്കാരത്തിനും മാര്‍ക്സിയന്‍ പഠനം കലാകാരനെ സംബന്ധിച്ച് വിലപ്പെട്ടതാണ്.

?- കുടുംബം കുട്ടികള്‍ .

വിവാഹം കഴിച്ചിട്ടില്ല. രണ്ട് കുട്ടികളുണ്ട്. പ്ലസ് വണ്ണില്‍ പഠിക്കുന്ന കേകയും അഞ്ചാംക്ലാസുകാരി ഐകയും. അമൃതയാണ് ജീവിതസഖി. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് അമൃതയുമായി പരിചയം. പരിചയം വളര്‍ന്ന് ഒന്നിച്ച് ജീവിച്ചു. വിവാഹത്തിന് താലികെട്ടോ രജിസ്ട്രേഷനോ നടന്നിട്ടില്ല. നാടക ക്യാമ്പുകളില്‍ സജീവമായി അമൃത കൂടെയുണ്ടാകും. ബ്യാരിയുടെ സെറ്റിലും അമൃതയുണ്ടായിരുന്നു.

?സിനിമയിലെ പാട്ട്.

ഈ സിനിമയില്‍ ഒരു പാട്ടുണ്ട്. സിനിമയുടെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്ന പാട്ടാണത്. കവി ശിവദാസ് പുറമേരിയാണ് രചയിതാവ്. ലൊക്കേഷനില്‍ കൊണ്ടുപോയി ബ്യാരി ഭാഷയില്‍ സിനിമയുടെ ജീവിത പരിസരങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ് പാട്ടെഴുതിയത്. "മോഡമേ....മോഡമേ (മേഘമേ...മേഘമേ) എന്ന് തുടങ്ങുന്ന പാട്ട് ചലചിത്രഗതിക്ക് അനുസൃതമായിട്ടുതന്നെ നിലനില്‍ക്കുന്നുണ്ട്.

? കേരളത്തില്‍ ബ്യാരി തിയറ്ററില്‍ കാണാനാവുമോ.

അത് തീരുമാനിക്കേണ്ടത് സിനിമ കാണണം എന്നാഗ്രഹിക്കുന്ന പ്രേക്ഷകരാണ്. കഴിഞ്ഞ ദിവസം അവാര്‍ഡ് പ്രഖ്യാപനത്തിന്റെ അന്ന് കോഴിക്കോട് മഹാറാണിയില്‍ വച്ച് അമ്പിളിചേട്ടനെ (ജഗതി ശ്രീകുമാര്‍) കണ്ടിരുന്നു. ദേശീയ അവാര്‍ഡ് ലഭിച്ചതിന് ഒരുപാട് അഭിനന്ദിച്ചു. സംസാരത്തിനിടയില്‍ എന്നോട് ചോദിച്ചു നിന്റെ സിനിമ കാണാനെന്താണ് വഴി. കര്‍ണാടകത്തില്‍ തിയറ്ററുകളില്‍ കളിച്ചിട്ടുണ്ട്. അമ്പിളിച്ചേട്ടന് വേണമെങ്കില്‍ ഡിവിഡിയില്‍ കാണാനുള്ള സൗകര്യം ഒരുക്കിതാരം. അത് കേട്ടതോടെ കയര്‍ക്കുന്ന സ്വരത്തില്‍ എന്നോട് പറഞ്ഞു. "നിന്റെ ഡിവിഡിയും കോപ്പുമൊന്നും എനിക്ക് കേള്‍ക്കേണ്ട" ദേശീയ അവാര്‍ഡ് ലഭിച്ച സിനിമ ഞാന്‍ തിയറ്ററില്‍ മാത്രമേ കാണുന്നുള്ളൂ. അന്ന് പറഞ്ഞ് പിരിഞ്ഞതിന്റെ പിറ്റേദിവസമാണ് ചേട്ടന് അപകടം പറ്റിയത്. യഥാര്‍ഥത്തില്‍ നല്ല സിനിമകള്‍ പ്രേക്ഷകനെ സൗ ജന്യമായി കാണിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് അഭിപ്രായം.

? പുതിയ നാടകം വല്ലതും.

അതെ, ഞാനൊരു നാടകക്കാരനാണല്ലോ. മഹാഭാരതം ആസ്പദമാക്കി അന്ധഭാരതം എന്നൊരു നാടകം മനസ്സിലുണ്ട്. വലിയ ഒരു ക്യാന്‍വാസില്‍ ഇന്റര്‍നാഷനല്‍ ലവലില്‍തന്നെ ചെയ്യണമെന്നുണ്ട്.

*
സുവീരന്‍/സജീവന്‍ ചോറോട് ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അരങ്ങില്‍ അമ്പരപ്പിക്കുന്ന ദൃശ്യ വിന്യാസങ്ങള്‍ ഒരുക്കുന്ന നാടക സംവിധായകനാണ് സുവീരന്‍ . നാടകം എന്ന സംഘര്‍ഷങ്ങളുടെ കലയെ സ്ഫോടനാത്മകമായി തന്നെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിലുള്ള അസാധാരണമായ മെയ്വഴക്കമാണ് ഈ സംവിധായകന്റെ പ്രത്യേകത. ഇതിവൃത്തം ആവശ്യപ്പെടുന്നതിനുമപ്പുറം ക്രിയാംശങ്ങളുടെ വെടിക്കെട്ടുകള്‍ തീര്‍ക്കുന്നുവെന്ന നിരൂപക വിമര്‍ശനങ്ങളൊന്നും സുവീരന്‍ ശ്രദ്ധിക്കാറില്ല. നാടകങ്ങള്‍ സിനിമാറ്റിക് ആകുന്നുവെന്ന പരാതികള്‍ക്ക് അറുതിയില്ല. എന്നാല്‍ "ബ്യാരി" എന്ന ആദ്യ സിനിമയ്ക്കുതന്നെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതോടെ സുവീരനിലെ ചലച്ചിത്രകാരനെ സിനിമാലോകം ഞെട്ടലോടെയാണ് അറിഞ്ഞത്.