സച്ചിന് , ഒടുവിലത് നേടിയിരിക്കുന്നു. ശതകോടി ജനങ്ങളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറാം സെഞ്ചുറി സച്ചിന്‍ തികച്ചിരിക്കുന്നു. ഏറെ കാത്തിരിന്ന് കിട്ടുമ്പോള്‍ മധുരം കൂടുമെന്നാണ്. എങ്കിലും ഇത് അസഹനീയമായിരുന്നു. ഈ കാത്തിരിപ്പ്. പക്ഷേ ഇന്ന്, സച്ചിന്‍ താങ്കളുടെ മുന്നില്‍ ലോകം നമിച്ചിരിക്കുന്നു. ഈ നേട്ടം ബംഗ്ലാദേശിന് എതിരെയാണന്നത് മാറ്റൊട്ടും കുറയ്ക്കുന്നില്ല. ഓസ്ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും വെസ്റ്റിന്‍ഡീസിനെതിരെയുമൊക്കെ ആറു റണ്ണിന്റെയും എട്ടിന്റെയും റണ്ണിന്റെ അകലത്തില്‍ സെഞ്ചുറി കൈവിട്ടപ്പോള്‍ ലോകം ദീര്‍ഘനിശ്വാസം വിട്ടു. ഏകദിനത്തില്‍ നിന്ന് കളമൊഴിയണമെന്ന് ക്രിക്കറ്റ് ബുദ്ധിജീവികളുടെ അടങ്ങാത്ത വിമര്‍ശങ്ങള്‍ . സാങ്കേതിക നഷ്ടപ്പെട്ടു, താളം പോയി, അനായാസമായ ഷോട്ടുകള്‍ പിറക്കുന്നില്ല...അങ്ങനെ എന്തൊക്കെ വാക്ശരങ്ങള്‍ . അപ്പോഴും വാക്കിലും ബാറ്റിലും മൗനം നിറച്ചു സച്ചിന്‍ .
സെഞ്ചുറിയില്ലാത്ത നീണ്ട 12 മാസങ്ങള്‍ (ഒരു വര്‍ഷവും മൂന്നു ദിവസവും). തുടക്കത്തില്‍ മാത്രമായിരുന്നു സച്ചിന്റെ ബാറ്റ് മൂന്നക്കം കാണാതെ ഇത്രയും കാലം നിശബ്ദമായത്. വര്‍ഷത്തില്‍ ഏഴും എട്ടും സെഞ്ചുറികള്‍ പിറന്ന ആ വില്ലോ മിണ്ടാതിരുന്നപ്പോള്‍ എന്തുപറ്റി നമ്മുടെ സച്ചിന് എന്ന് എത്ര തവണ സ്വയം ചോദിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11ന് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 111റണ്‍ നേടി പിന്നെ 80കളിലും 90കളിലും ഇടറിവീണ് ഈ കുറിയ മനുഷ്യന്‍ ക്രിക്കറ്റ് ലോകത്തെ ആശങ്കയിലാക്കി. ലോകകപ്പില്‍ തന്നെ സെമിയില്‍ പാകിസ്ഥാനെതിരെ 85, തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ കെനിങ്ടണ്‍ ഓവലില്‍ 91, വെസ്റ്റിന്‍ഡീസിനെതിരെ ഡല്‍ഹിയില്‍ 76, മുംബൈയില്‍ 94, ഓസ്ട്രേലിയക്കെതിരെ മെല്‍ബണില്‍ 73, സിഡ്നിയില്‍ 80 എന്നിങ്ങനെയായിരുന്ന സച്ചിന്റെ സ്കോറുകള്‍ . ഇതില്‍ പാകിസ്ഥാനോട് ഒഴിച്ചുള്ള മറ്റെല്ലാ മത്സരങ്ങളിലും മികച്ച മനോഹരമായ കളിയായിരുന്നു സച്ചിന്‍ കെട്ടഴിച്ചത്. ആ കളിയിലൊക്കെ പുറത്തായത് ബൗളറുടെ മികവില്‍ കൂടിയായിരുന്നു.
ഓസ്ട്രേലിയക്കെതിരായ ത്രിരാഷ്ട്ര കപ്പിലായിരുന്നു സച്ചിന് ഏറെ വിമര്‍ശമേല്‍ക്കേണ്ടി വന്നത്. ഏഴു കളിയില്‍ നിന്ന് 143 റണ്ണായിരുന്നു ആകെ സമ്പാദ്യം. മികച്ച സ്കോര്‍ 48. ശരാശരിയാകട്ടെ 20.42ഉം. സച്ചിന്റെ ഏകദിന കരിയര്‍ അതിന്റെ അവസാന സമയത്തിലേക്കെത്തിയെന്ന അടക്കംപറിച്ചിലുകള്‍ക്കിടെ ഏഷ്യ കപ്പില്‍ അവസരം നല്‍കി.
സച്ചിന്‍ സെഞ്ചുറിയടിച്ചാല്‍ ടീം തോല്‍ക്കുമെന്ന പല്ലവിക്ക് സച്ചിന്റെ കരിയറിനോളം തന്നെ പ്രായമുണ്ട്. മറ്റൊരു കുറവും കണ്ടെത്താനില്ലാത്തതു കൊണ്ടായിരിക്കണം ക്രിക്കറ്റ് ബുദ്ധിജീവികള്‍ സച്ചിനില്‍ ഈയൊരു "കുറ്റം" കണ്ടെത്തിയത്. ഏതു കാര്യത്തിലും കുറ്റങ്ങള്‍ കണ്ടെത്തി നിര്‍വൃതിയടയുന്നത് നമ്മുടെ ഒരു ശീലമായിപ്പോയിപ്പോയതിനാല്‍ സച്ചിന്റെ കാര്യത്തിലും ഇങ്ങനെ സംഭവിക്കുന്നു എന്നുമാത്രം. എന്നാല്‍ ഈ ആരോപണങ്ങളൊന്നും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് മുന്‍കാല പ്രകടനങ്ങള്‍ നോക്കിയാല്‍ മനസ്സിലാക്കാം.
1990 ല്‍ നേടിയ ആദ്യ സെഞ്ചുറി മുതല്‍ നോക്കിയാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയ ശതകങ്ങളുടെ മാറ്ററിയാം. ഓള്‍ട്രാഡ്ഫോഡില്‍ ഇംഗ്ലണ്ട് 407 റണ്ണിന്റെ കൂറ്റന്‍ ലീഡുയര്‍ത്തിയപ്പോള്‍ തന്നെ ഇന്ത്യ വിയര്‍ത്തു. രണ്ടാമിന്നിങ്ങ്സില്‍ 125 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയെ പുറത്താകാതെ സച്ചിന്‍ നേടിയ 119 റണ്ണാണ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. സച്ചിന്‍ കളിച്ചിട്ടും ഇന്ത്യ തോല്‍ക്കുന്നുണ്ടെങ്കില്‍ അതിന് സച്ചിനെയാണോ കുറ്റപ്പെടുത്തേണ്ടത്. ഇതുവരെയുള്ള കണക്കുകള്‍ ഇങ്ങനെയാണ്. സച്ചിന്‍ ഏകദിനത്തില്‍ നേടിയത് 48 സെഞ്ചുറികളാണ്. അതില്‍ 35 എണ്ണത്തില്‍ ഇന്ത്യക്കായിരുന്നു ജയം. ഒരെണ്ണം ടൈ ആയപ്പോള്‍ , പതിമൂന്നില്‍ തോറ്റു. ഒരു മത്സരം ഉപേക്ഷിക്കുകയും ചെയ്തു. ഇനി ടെസ്റ്റിലേക്ക്. ടെസ്റ്റില്‍ 52 സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്. 20 എണ്ണത്തില്‍ ഇന്ത്യ നേടിയത് ചരിത്ര വിജയങ്ങളാണ്. 20 സമനില. തോല്‍വി 11ല്‍ മാത്രം.
ഇരുപത്തിരണ്ടു വര്‍ഷമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന മഹാമേരു ഇന്ത്യന്‍ ക്രിക്കറ്റിനെ തോളേറ്റാന്‍ തുടങ്ങിയിട്ട്. ഇന്ത്യയുടെ മനസ്സില്‍ ക്രിക്കറ്റെന്ന ഗെയിമിന് ഇടം നല്‍കിയതും ആവേശമാക്കയിതിലും പിന്നില്‍ ഈ ബാറ്റിങ്ങ് ഇതിഹാസത്തിന്റെ പങ്ക് ചെറുതല്ല. 2011 ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോള്‍ വിരാട് കോഹ്ലി പറഞ്ഞത് ഈ കപ്പ് സച്ചിനാണ് എന്നായിരുന്നു. ഇരുപത് വര്‍ഷത്തിലേറെയായി സച്ചിന്‍ ടീമിന്റെ ഭാരം ഒറ്റയ്ക്ക് ചുമക്കുന്നു. ഇനി ഞങ്ങളത് ഏറ്റെടുക്കുന്നുവെന്നായിരുന്നു ലോകകപ്പിന്റെ ആഘോഷങ്ങള്‍ക്കിടെ പുത്തന്‍ തലമുറ കളിക്കാരനായ കോഹ്ലി പ്രതികരിച്ചത്. നേട്ടങ്ങളുടെ അവസാനിക്കാത്ത പ്രവാഹമാണ് സച്ചിന്‍ . റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചും അവ പിന്നെ പുതുക്കിയും സച്ചിന്റെ വില്ലോ സഞ്ചരിച്ചുകാണ്ടിരിക്കുന്നു. ആ യാത്രയിലെ ഏറ്റവും മനോഹരമായ അധ്യമായിരുന്നു 100 സെഞ്ചുറികളെന്ന അനുപമ നേട്ടം.
ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സച്ചിനെന്നും ഒറ്റയ്ക്കായിരുന്നു. പ്രത്യേകിച്ചും ലക്ഷ്മണ്‍ -ദ്രാവിഡ് കാലഘട്ടം വരെ. അതിന് ശരിക്കുമൊരു മാറ്റം വന്നത് സെവാഗിനെയും ഗംഭീറിനെയും പോലുള്ള താരങ്ങള്‍ കടന്നു വന്നതിന് ശേഷമാണ്. എങ്കിലും സച്ചിന്‍ , സച്ചിനായി തന്നെ നിലനില്‍ക്കുന്നു. ഇംഗ്ലണ്ട് മണ്ണില്‍ ആദ്യ സെഞ്ചുറി കുറിച്ച സച്ചിന് അതേ മണ്ണില്‍ 100-ാം നാഴികക്കല്ല് മറികടക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ തകര്‍ന്നതോടെ ഒക്ടോബറിലെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലായി ആരാധകരുടെ കണ്ണ്. നിരാശയായിരുന്നു ഫലം. പരിക്കുമൂലം സച്ചിന്‍ പരമ്പരയില്‍ കളിച്ചില്ല. തുടര്‍ന്ന് വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ പര്യടനത്തിലും സച്ചിന്‍ മൂന്നക്കം കണ്ടില്ല. ഇംഗ്ലണ്ടിനെതിരെ 1990ല്‍ നേടിയ ആദ്യ സെഞ്ചുറിയെ പക്വതയും ഏകാഗ്രതയും സമന്വയിപ്പിച്ച ഇന്നിങ്ങ്സെന്നാണ് വിസ്ഡന്‍ വിശേഷിപ്പിച്ചത്. തോല്‍വിയിലേക്ക് നീങ്ങിയ ടീമിനെ രക്ഷിച്ചെടുക്കാനും ആ ഇന്നിങ്ങ്സിനായി. 1990കളില്‍ വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയുമായിട്ടായിരുന്നു സച്ചിന്റെ മികവിനെ അളന്നത്. പിന്നീട് സമകാലികരായ മാത്യു ഹെയ്ഡന്‍ , റിക്കി പോണ്ടിങ്, രാഹുല്‍ ദ്രാവിഡ് എന്നീ താരങ്ങളുമായും സച്ചിനെ താരതമ്യം ചെയ്തു. നേടിയ റണ്ണുകളില്‍ , സെഞ്ചുറികളില്‍ , മത്സരങ്ങളില്‍ ... എല്ലാ താരതമ്യങ്ങളെയും അപ്രസക്തമാക്കി ഓരോ മത്സരവും സച്ചിന്‍ റെക്കോര്‍ഡ് പുസ്തകത്തിലേക്ക് മാറ്റിയെഴുതി. ഹെയ്ഡനും ലാറയും ദ്രാവിഡും പിന്‍മടങ്ങി. പോണ്ടിങ്ങ് സുവര്‍ണകാലത്തിന്റെ ഓര്‍മകളില്‍ മാത്രമാണ്.
2008 ഒക്ടോബര്‍ പതിനേഴിന് സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നെറുകയിലെത്തി. കാലിപ്സോ താളത്തില്‍ ക്രീസില്‍ നൃത്തം ചവിട്ടിയ ബ്രയാന്‍ ചാള്‍സ് ലാറ കുറിച്ചിട്ട 11000 റണ്ണുകള്‍ സച്ചിന്‍ മറികടന്നു. തുടര്‍ന്ന് 14000 റണ്ണെന്ന അപൂര്‍വനേട്ടത്തിലേക്കും സച്ചിന്‍ കുതിച്ചെത്തി. ഇതിനിടയില്‍ സെഞ്ചുറികളുടെ എണ്ണത്തിലും സച്ചിന്‍ കുതിച്ചുകൊണ്ടിരുന്നു. 2008 ലെ ഗാവസ്കര്‍ -ബോര്‍ഡര്‍ ട്രോഫിയില്‍ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 50 റണ്‍ കടന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് അലന്‍ ബോര്‍ഡറില്‍ നിന്ന് സ്വന്തമാക്കി. നവംബറില്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ലാ സ്റ്റേഡിയത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഒന്നാം ടെസ്റ്റിനിടെ സച്ചിന്‍ ടെസ്റ്റില്‍ 15000 റണ്‍ തികച്ചു.
1973 ഏപ്രില്‍ 24ന് മഹാരാഷ്ട്രയിലെ മുംബൈയില്‍ ജനിച്ച സച്ചിന്‍ 1989 ല്‍ പാക്കിസ്ഥാനെതിരെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ലോകത്തെ ബാറ്റ്സ്മാന്‍മാരടെ പേടിസ്വപ്നമായ വസീം അക്രത്തിന്റെയും, ഇമ്രാന്‍ ഖാന്റെയും മുന്നിലേക്കായിരുന്നു പതിനാറുകാരനായ സച്ചിന്റെ രംഗപ്രവേശം. പില്‍ക്കാലത്ത് ഇന്‍സ്വിങ്ങറിന്റെ സുല്‍ത്താനായി വാഴ്ത്തപ്പെട്ട വഖാര്‍ യൂനിസിന്റെയും അരങ്ങേറ്റമത്സരമായിരുന്നു അത്. കൂട്ടത്തില്‍ സ്പിന്‍ ബൗളിങ്ങില്‍ പാകിസ്ഥാന്റെ ശക്തിയായ അബ്ദുല്‍ ഖാദിറും. ആദ്യ ടെസ്റ്റില്‍ പതിനഞ്ച് റണ്ണിറണ്ണെടുത്ത സച്ചിനെ വഖാര്‍ ബൗള്‍ഡ് ചെയ്തു. മത്സരത്തില്‍ ബൗണ്‍സറുകള്‍ക്കും ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കും മുന്നില്‍ പലതവണവിഷമിച്ചുവെങ്കിലും സച്ചിന്‍ ഭയന്നില്ല. മൂളിപ്പറന്നു വന്ന പന്തുകളിലൊന്ന് സച്ചിന് മൂക്കില്‍ പതിഞ്ഞു. എന്നിട്ടും കളി മതിയാക്കാന്‍ കൂട്ടാക്കാതെ സച്ചിന്‍ തന്റെ ബാറ്റിങ്ങ് തുടര്‍ന്നു. അന്നു തുടങ്ങിയ കളിയോടുള്ള ആത്മാര്‍പ്പണം ഇന്നും നിലനില്‍ക്കുന്നു. ഒരു കുട്ടിയുടെ ആവേശത്തോടെയാണ് സച്ചിന്‍ ഓരോ മത്സരത്തിനും ഇറങ്ങുന്നതെന്ന ദ്രാവിഡിന്റെ പ്രസ്താവന അത്രത്തോളം ശരിയാണ്.
*
ദേശാഭിമാനി १७ മാര്‍ച്ച് २०१२
Friday, March 16, 2012
Subscribe to:
Post Comments (Atom)
1 comment:
സച്ചിന് , ഒടുവിലത് നേടിയിരിക്കുന്നു. ശതകോടി ജനങ്ങളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറാം സെഞ്ചുറി സച്ചിന്‍ തികച്ചിരിക്കുന്നു. ഏറെ കാത്തിരിന്ന് കിട്ടുമ്പോള്‍ മധുരം കൂടുമെന്നാണ്. എങ്കിലും ഇത് അസഹനീയമായിരുന്നു. ഈ കാത്തിരിപ്പ്. പക്ഷേ ഇന്ന്, സച്ചിന്‍ താങ്കളുടെ മുന്നില്‍ ലോകം നമിച്ചിരിക്കുന്നു. ഈ നേട്ടം ബംഗ്ലാദേശിന് എതിരെയാണന്നത് മാറ്റൊട്ടും കുറയ്ക്കുന്നില്ല. ഓസ്ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും വെസ്റ്റിന്‍ഡീസിനെതിരെയുമൊക്കെ ആറു റണ്ണിന്റെയും എട്ടിന്റെയും റണ്ണിന്റെ അകലത്തില്‍ സെഞ്ചുറി കൈവിട്ടപ്പോള്‍ ലോകം ദീര്‍ഘനിശ്വാസം വിട്ടു. ഏകദിനത്തില്‍ നിന്ന് കളമൊഴിയണമെന്ന് ക്രിക്കറ്റ് ബുദ്ധിജീവികളുടെ അടങ്ങാത്ത വിമര്‍ശങ്ങള്‍ . സാങ്കേതിക നഷ്ടപ്പെട്ടു, താളം പോയി, അനായാസമായ ഷോട്ടുകള്‍ പിറക്കുന്നില്ല...അങ്ങനെ എന്തൊക്കെ വാക്ശരങ്ങള്‍ . അപ്പോഴും വാക്കിലും ബാറ്റിലും മൗനം നിറച്ചു സച്ചിന്‍
Post a Comment