സമരങ്ങളില്‍ , സാമൂഹികമുന്നേറ്റങ്ങളില്‍ സ്ത്രീകളുടെ പങ്കും പ്രാധാന്യവും വിശദീകരിക്കുന്ന പോസ്റ്ററുകള്‍ ... അടുക്കളയില്‍നിന്നും അരങ്ങത്തെത്തുക മാത്രമല്ല, തെരുവിലും ജയിലിലും പോര്‍മുഖങ്ങള്‍ തുറന്ന ധീരവനിതാ നേതൃത്വം നമുക്കുണ്ടെന്ന ഓര്‍മപ്പെടുത്തലുകളാണവ. സ്ത്രീ സമര പോരാട്ടങ്ങളെക്കുറിച്ചും അവകാശപ്രക്ഷോഭങ്ങളെക്കുറിച്ചും വനിതാ നേതാക്കളുടെ സമരമാര്‍ഗങ്ങളെക്കുറിച്ചും അറിയാനുള്ള അവസരമാണ് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള ചരിത്ര പ്രദര്‍ശനം. മൂക്കുത്തി ധരിക്കാനും മാറ് മറയ്ക്കാനും നടത്തിയ പോരാട്ടങ്ങളുടെ വിവരം പുതിയ തലമുറയ്ക്ക് പുത്തനറിവ് പകരുന്നു.
1859ല്‍ കായംകുളത്തിനടുത്ത പന്നിയൂര്‍ പ്രദേശത്ത് അച്ചിപ്പുടവ ധരിച്ച് വയല്‍വരമ്പിലൂടെ പോയ ഈഴവ യുവതിയുടെ പുടവ മേല്‍ജാതിക്കാര്‍ പരസ്യമായി ഊരിയെറിഞ്ഞു. ഇതിനെതിരെ സാമൂഹ്യപരിഷ്കര്‍ത്താവായ ആറാട്ട്പുഴ വേലായുധപ്പണിക്കര്‍ ഈഴവ യുവതികളെ അച്ചിപ്പുടവ ഉടുപ്പിച്ച് വരമ്പിലൂടെ നടത്തി പ്രതിഷേധപ്പട നയിച്ചതിന്റെ ചരിത്രം പ്രദര്‍ശനം പറയുന്നു. ജനങ്ങളെ ദുരിതത്തിലാക്കിയ രക്തമൂറ്റുന്ന പിരിവുകളെക്കുറിച്ചുള്ള വിവരണങ്ങളും, ചേര്‍ത്തലയ്ക്കടുത്ത് മുലക്കരം പിരിക്കാനെത്തിയ രാജകിങ്കരന് യുവതി സ്വന്തം മുലയരിഞ്ഞ് ചേമ്പിലയില്‍ വച്ചതും ആ സ്ഥലം മുലച്ചിപ്പറമ്പ് എന്ന് അറിയപ്പെടുന്നതിനെക്കുറിച്ചുമടക്കം അറുപിന്തിരിപ്പന്‍ മാടമ്പിത്തരങ്ങളോട് പ്രതികരിച്ച ഒരു കാലഘട്ടം പ്രദര്‍ശനത്തിലുണ്ട്.
നമ്പൂതിരി സ്ത്രീകളുടെ ഇടയില്‍ നിലനിന്നിരുന്ന മറക്കുട, ഘോഷ(മുഖമടക്കം ശരീരം മൂടുന്ന വസ്ത്രം) എന്നിവയുടെ ബഹിഷ്ക്കരണത്തെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ ഉയര്‍ന്ന സമുദായങ്ങളിലെ സ്ത്രീകളുടെ മുന്നേറ്റങ്ങളെ കാണിക്കുന്നു. അവയെക്കുറിച്ച് വിശദീകരിക്കുന്നതിപ്രകാരമാണ്. "വി ടിയുടെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്" എന്ന നാടകം. ഒരു മറയ്ക്കിരുവശത്തുമായിരുന്ന് സ്ത്രീകളും പുരുഷന്മാരും കാണുന്നു. നാടകം കഴിയുമ്പോഴേക്കും മറ അപ്രത്യക്ഷമാകുന്നു. ഘോഷ ബഹിഷ്ക്കരിക്കുന്നതിന്റെ ആദ്യപടിയായി 1929ലെ യോഗക്ഷേമ സഭ സമ്മേളനത്തില്‍ മറക്കുട കളഞ്ഞ് സാരിയുടുത്ത് പാര്‍വതി മനഴി എത്തി. പാവാടയും ജാക്കറ്റും ധരിച്ച് സുബ്രഹ്മണ്യന്‍ പോറ്റിയുടെ മകള്‍ പ്രാര്‍ഥന ചൊല്ലി."
അവര്‍ണര്‍ക്ക് മൂക്കുത്തി ധരിക്കാന്‍ പന്തളത്ത് നടന്ന പോരാട്ടങ്ങളെക്കുറിച്ചും മാറുമറച്ച് നടന്ന സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന കൈയേറ്റങ്ങളെക്കുറിച്ചും പ്രദര്‍ശനം പ്രതിപാദിക്കുന്നു. ചരിത്രത്തിലാദ്യമായി സ്ത്രീക്ക് തുല്യപദവി നേടിയതിനെക്കുറിച്ചും സമൂഹത്തിനായി സ്ത്രീ അനുഷ്ഠിക്കുന്ന ത്യാഗമായി മാതൃത്വത്തെ സോവിയറ്റ് ഭരണഘടന അംഗീകരിച്ചതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്ത്രീയ്ക്ക് നല്‍കിയ പ്രാധാന്യം സൂചിപ്പിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ വനിതാ പോരാളികളായ പാപ്പാ ഉമാനാഥ്, വിമല രണദിവേ, അഹല്യ രങ്കനേക്കര്‍ , ഗോദാവരി പരുലേക്കര്‍ , സുശീല ഗോപാലന്‍ എന്നിവരെക്കുറിച്ചും വിശദീകരണങ്ങളുണ്ട്.
*
സൗമ്യ സരയൂ ദേശാഭിമാനി 18 മാര്‍ച്ച് 2012
Sunday, March 18, 2012
അടുക്കളയില്‍നിന്നും അരങ്ങത്തെത്തിയതിന്റെ സാക്ഷ്യപ്പെടുത്തലുകള്‍
Subscribe to:
Post Comments (Atom)
1 comment:

Post a Comment